Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമ നിലവാരത്തിലും മുന്നിലെത്തട്ടെ

Print

ലോകത്തിലെ മറ്റു ചലച്ചിത്രമേളകളിൽ നിന്നു കേരള ചലച്ചിത്രമേളയെ വ്യത്യസ്തമാക്കുന്നത് വലിയ തോതിലുള്ള ജനകീയ പങ്കാളിത്തമാണ്. മികച്ച ഒരു മേള തന്നെയാണ് ഈ വർഷം സംഘടിപ്പിക്കപ്പെട്ടത്. ജനകീയ പങ്കാളിത്തത്തിൽ ഏറെ മുന്നിലാണെങ്കിലും നിലവാരത്തിന്റെ കാര്യത്തിൽ ഏഷ്യയിലെ മുൻനിര മേളകളിൽ കേരള മേള ഉൾപ്പെട്ടിട്ടില്ല എന്നതാണു സത്യം. ഏഷ്യയിൽ തന്നെ ജപ്പാൻ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് തുടങ്ങിയ മേളകൾ നമുക്കു മുന്നിലുണ്ട്. ഒന്നുകൂടി ഗൗരവമായി മേളയെ സമീപിച്ചാൽ കേരള ചലച്ചിത്രമേളയ്ക്കും ഈ പറഞ്ഞ മേളകളുടെ നിലവാരത്തിലേക്ക് എത്താൻ സാധിക്കും. 21 വർഷത്തെ മേളയുടെ ചരിത്രം പരിശോധിക്കുമ്പോൾ പരിഹരിക്കപ്പെടേണ്ട കാര്യങ്ങൾ മൂന്നായി തരം തിരിക്കാം. 1. നടത്തിപ്പിനായുള്ള ഭൗതിക സാഹചര്യങ്ങൾ., 2. സിനിമകളുടെ തിരഞ്ഞെടുപ്പ്, സ്ക്രീനിങ്., 3. മേളയുടെ അനുബന്ധ പ്രോഗ്രാമുകൾ.

ഭൗതിക സാഹചര്യങ്ങൾ
പതിനയ്യായിരത്തോളം ഡലിഗേറ്റുകൾ ഒരു ചലച്ചിത്രമേളയിൽ പങ്കെടുക്കാനെത്തുന്നു എന്നതു ലോകത്തു തന്നെ അപൂർവമാണ്. ഇത്രയധികം കാണികൾ എത്തുമ്പോൾ അവരെ ഉൾക്കൊള്ളാനുള്ള ഭൗതികസാഹചര്യം ഒരുക്കേണ്ടതുണ്ട്. ശാശ്വതമായ ഒരു പരിഹാരം ഈ ഡലിഗേറ്റുകളെ മുഴുവൻ ഉൾക്കൊള്ളുന്ന തരത്തിൽ ഒരു ഫെസ്റ്റിവൽ കോംപ്ലക്സ് സ്ഥാപിക്കുക എന്നതാണ്.

കാൻ, വെനീസ്, ബർലിൻ, ജപ്പാൻ തുടങ്ങി ലോകത്തെ പ്രധാന ചലച്ചിത്രമേളകളിൽ ഉള്ളതുപോലെ ഒരു ഫെസ്റ്റിവൽ കോംപ്ലക്സ് എത്രയും വേഗം നമുക്ക് ഉണ്ടാക്കണം. പ്രധാന തിയറ്റർ കുറഞ്ഞത് 2000–2500 ആളുകൾക്ക് എങ്കിലും ഇരിക്കാവുന്ന തരത്തിലുള്ളതാകണം. മൽസര വിഭാഗം ചിത്രങ്ങൾ, കൂടുതൽ കാണികൾ എത്താൻ സാധ്യതയുള്ള ലോക സിനിമകൾ എന്നിവ ഈ തിയറ്ററിൽ കാണിക്കാം. ഇതോടൊപ്പം 500 പേർക്ക് ഇരിക്കാവുന്ന നാലോ അഞ്ചോ തിയറ്ററുകൾ എന്നിവ ഉണ്ടാകണം. കുറഞ്ഞത് 8000–10,000 പേർക്കെങ്കിലും ഇരിപ്പിടം ലഭിക്കാവുന്നത്ര തിയറ്ററുകൾ എണ്ണത്തിൽ ഉണ്ടാകേണ്ടതുണ്ട്. മേളയുടെ പ്രേക്ഷക പ്രാതിനിധ്യത്തെ ഉൾക്കൊള്ളേണ്ടത് ഇത്തരത്തിൽ സൗകര്യങ്ങൾ ഉണ്ടാക്കിയാണ്. അല്ലാതെ പ്രേക്ഷകരുടെ എണ്ണത്തിൽ കുറവു വരുത്തിയല്ല.

ഡലിഗേറ്റുകൾക്കായി പാസ് വിതരണം ചെയ്യുന്നതു കൂടാതെ ഇപ്പോൾ ഒട്ടേറെ പാസുകൾ അക്കാദമിക്ക് പുറത്തു നൽകേണ്ടി വരുന്ന ഒരു സാഹചര്യമുണ്ട്. ഇത് ഒഴിവാക്കണം. മന്ത്രിമാർ, എംഎൽഎമാർ, മാധ്യമങ്ങൾ എന്നിവർക്കു കൊടുക്കാവുന്ന പാസുകളുടെ എണ്ണം കൃത്യമായി നിജപ്പെടുത്തണം.

സിനിമകളുടെ തിരഞ്ഞെടുപ്പ്, സ്ക്രീനിങ്
മേളയിൽ ഈ വർഷം 184 ചിത്രങ്ങൾ ആണ് പ്രദർശിപ്പിച്ചത്. ലോകത്തെ പല ചലച്ചിത്രമേളകളിലും പ്രദർശിപ്പിക്കുന്ന സിനിമകളുടെ എണ്ണം നോക്കിയാൽ ഇതു വളരെ കൂടുതലാണ്. ഉദാഹരണമായി കിം കി ഡുക്കിന്റെ സിനിമകൾ വലിയ ജനത്തിരക്ക് ഉണ്ടാക്കുന്നുണ്ട്. ഇത്തരം സിനിമകൾക്കു സ്ക്രീനിങ് ഫീസ് കൊടുത്താണു നമ്മൾ കാണിക്കുന്നത്. അതുകൊണ്ടു തന്നെ മൂന്നു സ്ക്രീനിങ് ആണ് നടക്കുന്നത്. മൂന്നു സ്ക്രീനിങ്ങുകൾക്കും അനിയന്ത്രിതമായ തിരക്കുണ്ടാകുന്നു. സ്ക്രീനിങ് ഫീസ് കൊടുക്കേണ്ട സിനിമകളുടെ എണ്ണത്തിൽ കുറവുവരുത്തുകയും സിനിമകളുടെ പ്രദർശനങ്ങളുടെ എണ്ണം കൂട്ടുകയും ചെയ്യുക എന്നതാണ് ഇതിനൊരു പരിഹാര മാർഗം. 100 സിനിമകളിൽ താഴെ മാത്രമേ മേളയിൽ തിരഞ്ഞെടുക്കേണ്ടതുള്ളൂ. അങ്ങനെ വരുമ്പോൾ മികച്ച സിനിമകൾ മാത്രം നോക്കി തിരഞ്ഞെടുക്കാനാകും. സിനിമകളുടെ പ്രദർശനം മൂന്നിനു പകരം അഞ്ചെണ്ണം ആക്കുകയും ചെയ്താൽ ജനത്തിരക്ക് ഒരുപരിധി വരെ പരിഹരിക്കാം. ഉപ വിഭാഗങ്ങളിലുള്ള തിരഞ്ഞെടുപ്പ് പരമാവധി കുറയ്ക്കാം. ലോകത്തെ വലിയ ചലച്ചിത്രമേളകളിൽ പോലും ഇവിടത്തെയത്ര ഉപ വിഭാഗങ്ങൾ ഉണ്ടാകാറില്ല.

അനുബന്ധ പ്രോഗ്രാമുകൾ
ലോകത്തെ പ്രധാന മേളകളോടൊപ്പം നമ്മുടെ മേളയും സ്ഥാനം പിടിക്കണമെങ്കിൽ അത്തരം മേളകളിലുള്ളതു പോലെ ഫിലിം മാർക്കറ്റ് ഉൾപ്പെടെയുള്ള അനുബന്ധ പ്രോഗ്രാമുകൾ കൂടി ആരംഭിക്കേണ്ടതുണ്ട്. തദ്ദേശീയമായ മലയാള സിനിമകളെ ലോകത്തിനു മുൻപിലേക്കെത്തിക്കാൻ ഫിലിം മാർക്കറ്റ് കൂടിയേ കഴിയൂ.

Your Rating: