Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിളയ്ക്കുന്ന ജാതി ‌രാഷ്ട്രീയം

raghubar-das-laxman-guluwa-and-marandi- രഘുബാർദാസ്, ലക്ഷ്മൺ ഗുലുവ, തലാ മറാൻഡി

ജാതിരാഷ്ട്രീയത്തിന് ഏറെ വേരുകളുള്ള ജാർഖണ്ഡിൽ ഭരണകക്ഷിയായ ബിജെപി മുന്നണി സർക്കാർ കടന്നുപോവുന്നതു കടുത്ത വെല്ലുവിളികളിലൂടെ. സംസ്ഥാനത്തേക്കു വ്യവസായികളെ കൂട്ടത്തോടെ ആകർഷിക്കാനായി കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസിന്റെപേരിൽ രഘുബാർദാസ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷവും അവരോടൊപ്പം ചേരാൻ ശ്രമിക്കുന്ന ബിജെപിയിലെ ആദിവാസി എംഎൽഎമാരും ഒരു വശത്ത്. പിന്തുണ പിൻവലിക്കാൻ നല്ലസമയം നോക്കി സഖ്യകക്ഷിയായ ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ മറുവശത്ത്; ജാർഖണ്ഡ് രാഷ്ട്രീയം ചൂടുപിടിക്കുകയാണ്. ജനസംഖ്യയിൽ 28 ശതമാനവും ആദിവാസികളുള്ള സംസ്ഥാനത്ത് ആദിവാസിയല്ലാത്ത ആദ്യമുഖ്യമന്ത്രിയെന്ന പേരും പെരുമയുമായെത്തിയ രഘുബർദാസിനു കാര്യങ്ങൾ നേരായവഴിക്കെത്തിക്കാൻ അധികാരത്തിലെത്തി ഒന്നരവർഷമായിട്ടും കഴി‍ഞ്ഞില്ലെന്നതാണു വസ്തുത. വിവാദങ്ങളും ഉദ്യോഗസ്ഥ തലത്തിലെ അഴിമതിയും ക്രമസമാധാന പ്രശ്നങ്ങളും തീർത്തിട്ട് ഒന്നും ചെയ്യാനാവാത്ത അവസ്ഥ.

സംസ്ഥാനത്തിന്റെ ധാതു നിക്ഷേപം കാട്ടി വ്യവസായികളെ കൂട്ടത്തോടെ വിളിച്ചുകൊണ്ടുവരാനായി ഇറക്കിയ ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസാണു ബിജെപിക്കു പുലിവാലായത്. ആദിവാസി ഭൂമി കൃഷി ഇതര ആവശ്യങ്ങൾക്കായി യഥേഷ്ടം ഏറ്റെടുക്കാമെന്ന വ്യവസ്ഥയാണു ബില്ലിലൂടെ നടപ്പാക്കുന്നത്. ബ്രിട്ടിഷ് ഭരണകാലം മുതൽ സംസ്ഥാനത്തു നിലനിന്നിരുന്ന വ്യവസ്ഥയെ ഓർഡിനൻസിലൂടെ മറികടക്കാനുള്ള ശ്രമത്തെ പ്രതിപക്ഷത്തോടൊപ്പം ഭരണകക്ഷിയിലെ ആദിവാസി എംഎൽഎമാരും എതിർത്തിട്ടും മുന്നോട്ടുവച്ചകാൽ പിന്നോട്ടില്ലെന്ന നിലപാടിലാണു മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ കാരണം വ്യവസായങ്ങൾ ഇല്ലാത്തതാണെന്നും ഇതു നീക്കാൻ കാലഹരണപ്പെട്ട നിയമങ്ങൾ പൊളിച്ചെഴുതണമെന്നും പറയുന്ന രഘുബർദാസിന്റെ ‘കച്ചവടമനസ്സി’നെ കണ്ണുമടച്ചു വിശ്വസിക്കാൻ ബിജെപിയിലെ ആദിവാസി നേതാക്കൾക്കു ധൈര്യമില്ല. നിയമസഭയുടെ വർഷകാലസമ്മേളനം പ്രതിപക്ഷ ബഹളത്തെത്തുടർന്നു തുടർച്ചയായി 16 ദിവസവും മുടങ്ങിയതോടെ ഭൂമി ഏറ്റെടുക്കൽ ബിൽ സഭയിൽ അവതരിപ്പിക്കാനുള്ള നീക്കം ഉപേക്ഷിച്ച് ഓർഡിനൻസ് ഇറക്കുകയായിരുന്നു.

വിഘടിച്ചുനിന്ന പ്രതിപക്ഷകക്ഷികളെല്ലാം രാഷ്ടപതിയുടെ പരിഗണനയിലിരിക്കുന്ന ബില്ലിന് അംഗീകാരം നൽകരുതെന്നാവശ്യപ്പെട്ട് ഒന്നിച്ചതോടെ വെട്ടിലായ ഭരണകക്ഷി മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ്. ഇതിനിടെ സർക്കാർ ഇറക്കിയ ഓർഡിനൻസിനെതിരെ പരസ്യമായി പ്രതികരിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ തലാ മറാൻഡിയുടെ കസേരയും തെറിച്ചു. ഓർഡിനൻസ് ആദിവാസി വിരുദ്ധമാണെന്നും വ്യവസായത്തിന്റെ മറവിൽ നിരക്ഷരരായ ആദിവാസികളുടെ ഭൂമി മാഫിയകൾക്കു തട്ടിയെടുക്കാൻ അവസരമൊരുക്കുമെന്നും മറാൻഡി പറഞ്ഞതാണു കസേര തെറിക്കാൻ കാരണമായത്. ആദിവാസിയല്ലാത്ത മുഖ്യമന്ത്രിക്കു പകരമായി ആദിവാസി നേതാവിനെ പാർട്ടി അധ്യക്ഷനാക്കി ന്യൂനപക്ഷപ്രേമം കാട്ടിയ ബിജെപിക്കു മറാൻഡിയുടെ വാക്കുകൾ മുറിവിൽ മുളകുതേയ്ക്കുന്നതിനു തുല്യമായിരുന്നു. പാർട്ടി അധ്യക്ഷന്റെ വാക്കുകൾ മുഖ്യപ്രതിപക്ഷമായ ജെഎംഎമ്മും കോൺഗ്രസും ഏറ്റെടുത്തതോടെ മുഖ്യമന്ത്രിക്കും കൂട്ടാളികൾക്കും നിൽക്കക്കള്ളിയില്ലാതായി.

ഓർഡിനൻസിനെ എതിർത്ത് ബിജെപിയിലെ എട്ട് ആദിവാസി എംഎൽഎമാർ മറാൻഡിയുടെ പിൻബലത്തിൽ സംഘടിക്കുന്നതായുള്ള വിവരം മണത്തറിഞ്ഞ മുഖ്യമന്ത്രിക്കു വെറുതെ ഇരിക്കാനാകുമായിരുന്നില്ല. കേന്ദ്ര നേതൃത്വത്തിന്റെ പൂർണപിന്തുണയോടെ കരുക്കൾ നീക്കിയ രഘുബർദാസ് തലാ മറാൻഡിയെ താഴെയിറക്കി ആദിവാസിയും എംപിയുമായ ലക്ഷ്മൺ ഗുലുവയെ വാഴിച്ചു. ആദിവാസി ജനസംഖ്യയിൽ വെറും രണ്ടു ശതമാനം മാത്രമുള്ള ഹോ വിഭാഗത്തിൽപ്പെട്ട ഗുലുവ ജനപ്രീതിയുടെ കാര്യത്തിൽ മറാൻഡിയുടെ മുട്ടോളം മാത്രമേയുള്ളു.

ഒപ്പം മറാൻഡിക്കു പകരക്കാരിയായി പരിഗണിച്ചിരുന്ന സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ലൂയീസ് മറാൻഡിയെ അവസാന നിമിഷം തള്ളിയതു പാർട്ടിയിൽ പുതിയ വിവാദത്തിനും വഴിയിട്ടു. പതിനെട്ടുമാസത്തിനുള്ളിൽ സംസ്ഥാനത്തേക്ക് 23,000 കോടി രൂപയുടെ നിക്ഷേപകരെ ആകർഷിക്കാനായെന്ന് അവകാശപ്പെടുന്ന ബിജെപി സർക്കാർ ജാർഖണ്ഡിനെ മറ്റൊരു ഗുജറാത്താക്കാനാണു ലക്ഷ്യമിടുന്നത്. ഇതിനായി കൊൽക്കത്തയിലും ബെംഗളൂരുവിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കോടികൾ മുടക്കി റോഡ്ഷോകൾ സംഘടിപ്പിച്ചു വ്യവസായികളെ ചാക്കിലാക്കാൻ ശ്രമം നടത്തിയിരുന്നു.

ആദിവാസി ഭൂമി വ്യവസായത്തിന് ഉപയോഗിക്കാനുള്ള നിയന്ത്രണവും വർഷങ്ങളായി തുടരുന്ന മാവോയിസ്റ്റ് ഭീഷണിയുമാണു നിക്ഷേപകരെ പ്രധാനമായും പിന്നോട്ടുവലിക്കുന്നത്. ഓർഡിനൻസിനു രാഷ്ട്രപതി അംഗീകാരം നൽകിയാൽ ആ നിമിഷം പിന്തുണ പിൻവലിച്ചു സഖ്യംവിട്ടു പുറത്തുചാടുമെന്നു ഭീഷണി മുഴക്കുന്ന അഞ്ച് അംഗങ്ങളുള്ള സഖ്യകക്ഷിയായ ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ (എജെഎസ്‌യു) ഉയർത്തുന്ന വെല്ലുവിളികളെ എങ്ങനെ അതിജീവിക്കാൻ കഴിയുമെന്ന ആലോചനയിലാണ് ഇപ്പോൾ ഭരണകക്ഷി. 81 അംഗ നിയമസഭയിൽ ബിജെപി മുന്നണിക്കു 41 അംഗങ്ങൾ മാത്രമേയുള്ളു.

കാണാപ്പുറം: ജാർഖണ്ഡ് സംസ്ഥാനം രൂപീകൃതമായതിനുശേഷം അധികാരത്തിലെത്തിയ സർക്കാരുകൾക്കൊന്നും തുടർച്ചയായി 28 മാസത്തിൽ കൂടുതൽ ഭരണത്തിൽ ഇരിക്കാൻ കഴി‍ഞ്ഞിട്ടില്ല. വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും മുമ്പ് മുഖ്യമന്ത്രിക്കസേരയിൽ എത്തിയ അഞ്ചുപേർക്കും പാതിവഴിയിൽ പദവി ഒഴിയേണ്ടിവന്നു. 

Your Rating: