Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുനഃസംഘടനാ ശൈലിയിലേക്കോ?

pinarayi-cartoon

ഉയർന്നുവന്ന ആക്ഷേപത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കെ, അതു പൂർത്തിയാകും മുൻപ് ഇ.പി. ജയരാജൻ ഒഴിയേണ്ടതുണ്ടായിരുന്നോ? സിപിഎമ്മിലും എൽഡിഎഫിലും ഭൂരിപക്ഷവും രാജി അനിവാര്യം എന്നു ചിന്തിച്ചുവെങ്കിൽ ഈ സംശയം നേതൃത്വത്തോട് ഉന്നയിച്ച ഒരു ചെറുവിഭാഗം മുന്നണിയിലുണ്ട്. സിപിഎമ്മിലും ഘടകകക്ഷികളിലും പെട്ട ചില മന്ത്രിമാർ! സഹോദരതുല്യനായി കാണുന്ന ജയരാജനെ മുഖ്യമന്ത്രി കൈവിടുമെങ്കിൽ നാളെ തങ്ങളുടെ കാര്യം എന്താകും എന്ന വലിയ ആശങ്ക ഇടതുമന്ത്രിസഭയ്ക്കു മീതെ അദൃശ്യമായി രൂപപ്പെട്ടിരിക്കുന്നു.

സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റാൽ സാധാരണഗതിയിൽ മന്ത്രിക്കസേരയിൽ അഞ്ചുവർഷം എന്ന സ്ഥിതി പിണറായി വിജയൻ മാറ്റിമറിക്കാൻ പോകുകയാണോ? ജയരാജനെപ്പോലെ ഒരു നേതാവിന്റെ രാജി ഉന്നത അധികാരകേന്ദ്രങ്ങളിൽ വഴിതുറന്നിരിക്കുന്നത് ആ വഴിക്കുള്ള ചർച്ചയ്ക്കു കൂടിയാണ്. കേന്ദ്രസർക്കാരിൽ അടിക്കടി ഉണ്ടാകുന്ന പ്രക്രിയയാണു മന്ത്രിസഭാ പുനഃസംഘടന. 2014 മേയ് 26ന് അധികാരമേറ്റ നരേന്ദ്ര മോദി അതേ നവംബറിൽ തന്നെ മനോഹർ പരീക്കറെയും സുരേഷ് പ്രഭുവിനെയും മന്ത്രിസഭയിലേക്കു കൊണ്ടുവന്ന് ആദ്യ അഴിച്ചുപണിക്കു മുതിർന്നു.

ഈ ജൂലൈയിൽ പുതുതായി സത്യപ്രതി‍ജ്ഞ ചൊല്ലിയത് 19 മന്ത്രിമാർ! അഞ്ചുപേർ പുറത്തുമായി. ഉത്തർപ്രദേശ് നിയമസഭാതിരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള രാഷ്ട്രീയക്കളിക്കു കൂടി മുതിർന്ന മോദി ആ സംസ്ഥാനത്തുനിന്നു മൂന്നുപേരെ മന്ത്രിസഭയിലെടുത്തു. പിണറായി ആ മാതൃക പിന്തുടർന്നാലോ? അടുത്ത ലോക്സഭാതിരഞ്ഞെടുപ്പു മുന്നിൽ കണ്ടു മുഖം മിനുക്കാൻ തീരുമാനിച്ചാലോ? ജയരാജന്റെ രാജിയോടെ ആദ്യ അഴിച്ചുപണി ഉടൻ തന്നെ എന്ന സൂചനകൾ ഇതിനകം ഉയർന്നുകഴിഞ്ഞു.

സ്വാതന്ത്ര്യത്തിനുശേഷം പണ്ഡിറ്റ് നെഹ്‌റുവിന്റെ നേതൃത്വത്തിൽ അധികാരമേറ്റ 15 അംഗ മന്ത്രിസഭയുടെ കാലം തൊട്ടു മന്ത്രിസഭാ പുനഃസംഘടന കേന്ദ്രസർക്കാരുകൾക്കു ശീലമാണ്. നെഹ്‌റു തൊട്ടു മോദി വരെയുള്ളവർക്കും ഇവിടെ പിണറായിക്കും കിട്ടുന്നത് ഒരുപോലെ അഞ്ചു വർഷവും. എന്തുകൊണ്ടു പക്ഷേ സംസ്ഥാനങ്ങൾ പൊതുവേ, പ്രത്യേകിച്ചു കേരളം ഈ ശീലത്തിൽ നിന്നു മാറിനിൽക്കുന്നു? രാഷ്ട്രീയവിവാദങ്ങളുടെ പേരിൽ ഒരു മന്ത്രിക്കു സ്ഥാനം നഷ്ടപ്പെട്ടാൽ മാത്രമേ ഇവിടെ പുതിയൊരാൾക്കു കടന്നുവരാൻ കഴിയൂ.

അല്ലെങ്കിൽ മുഖ്യമന്ത്രി തന്നെ രാജിവച്ചുകൊണ്ട് പുതിയ ടീം വരണം. പ്രവർത്തനമികവ് ഒരു മാനദണ്ഡമാകുന്നില്ല. ഒരു വിവാദവും സൃഷ്ടിക്കാതെയും പ്രത്യേകിച്ചൊന്നും ചെയ്യാതെയും നിസ്സംഗനായി തുടർന്നാലും അഞ്ചുവർഷവും മന്ത്രിപദവിയുടെ സൗഭാഗ്യങ്ങൾ അനുഭവിക്കാം.
ഇതിൽ നിന്നൊരു മാറ്റം പിണറായി ആഗ്രഹിക്കുന്നു എന്ന സൂചന അധികാരമേറ്റപ്പോൾ മുതലുണ്ട്. മന്ത്രിമാരുടെ പ്രകടനം നിരീക്ഷിക്കാൻ കൃത്യമായ സംവിധാനം അദ്ദേഹം ഏർപ്പെടുത്തിയിട്ടുണ്ട്. ആ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള അഭിപ്രായങ്ങൾ അദ്ദേഹം മന്ത്രിമാരെ അറിയിക്കുന്നുമുണ്ട്.

പ്രധാനമന്ത്രിമാർക്കു കൽപിക്കപ്പെട്ടിരിക്കുന്ന കരുത്തും അധികാരവുമാണു കേന്ദ്രമന്ത്രിസഭാ പുനഃസംഘടനകൾ ചോദ്യം ചെയ്യലിന് അതീതമാക്കുന്നത്. മന്ത്രിസഭയിൽ എന്തു മാറ്റത്തിനും പ്രധാനമന്ത്രിക്ക് അധികാരമുണ്ട്. യുപിഎയുടെ കാലത്തു സോണിയാഗാന്ധിയുടെ ഉപദേശം മൻമോഹൻസിങ് തേടിയിരുന്നു എന്നതു യാഥാർഥ്യം. എങ്കിലും, മന്ത്രിസഭയുടെ അമരക്കാരൻ എന്ന ആദരം മൻമോഹനോടു നിലനിർത്തിയുള്ള ഇടപെടലുകൾക്കേ അവരും മുതിർന്നുള്ളൂ.

പ്രധാനമന്ത്രിയുടെ അതേ അധികാരം സംസ്ഥാനത്തു മുഖ്യമന്ത്രിക്കുമുണ്ടെങ്കിലും ഇവിടെ കൂട്ടുകക്ഷി സർക്കാരിന്റെ പരിമിതികൾ രണ്ടും കൽപിച്ചുള്ള നടപടികൾക്കു തടസ്സമായിരുന്നു. മുന്നണികളെ നയിക്കുന്ന കോൺഗ്രസോ സിപിഎമ്മോ മാത്രം മന്ത്രിമാരെ മാറ്റിയിട്ടു കാര്യമില്ല. മുസ്‌ലിം ലീഗും സിപിഐയും കൂടി വിചാരിക്കണം. കോൺഗ്രസിലാണെങ്കിൽ ഇരു ഗ്രൂപ്പുകളും യോജിച്ചു തീരുമാനത്തിലെത്തണം.

പുതിയ ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതിൽ തന്നെ അറച്ചുനിൽക്കുന്ന പാർട്ടിക്ക് ഒരു സെറ്റ് പുതിയ മന്ത്രിമാരെ നിർദേശിക്കുക എന്നത് ഒട്ടും എളുപ്പമല്ല. ഉൾപാർട്ടി പ്രശ്നങ്ങൾ അലട്ടുന്ന സിപിഎമ്മിനും സമാനമായ ദൗർബല്യങ്ങളുണ്ട്.
ഇതിൽ നിന്നൊക്കെ മാറിയ രാഷ്ട്രീയ കാൻവാസാണു പിണറായി വിജയനു ലഭിച്ചിരിക്കുന്നത്. പാർട്ടിയിൽ അദ്ദേഹം ഇന്നു ചോദ്യം ചെയ്യപ്പെടാത്ത നേതാവാണ്.

സിപിഐ ഒഴികെയുള്ള എല്ലാ ഘടകകക്ഷികളും കൽപനയനുസരിച്ചു താളം ചവിട്ടാൻ മടിയില്ലാത്തവരാകുന്നു. വെളിയം ഭാർഗവന്റെ കാലത്തെപ്പോലെ സിപിഐയെയും അദ്ദേഹത്തിനു കൈകാര്യം ചെയ്യാൻ പ്രയാസമില്ല. കേന്ദ്രത്തിൽ മോദിക്കുള്ള അതേ ആധിപത്യവും സ്വാധീനവും പാർട്ടിയിലും എൽഡിഎഫിലും പിണറായിക്കുണ്ടെങ്കിൽ മന്ത്രിമാരേ, നിങ്ങൾ ഒരുപക്ഷേ സുരക്ഷിതരാകില്ല.

ഇതിനകം വിടപറഞ്ഞിരിക്കുന്നത് ഇ.പി. ജയരാജൻ തന്നെയാണ്. രണ്ടുവർഷവും ഒരു ദിവസവും പ്രവർത്തിച്ചാലേ പഴ്സനൽ സ്റ്റാഫിനു പെൻഷൻ ലഭിക്കൂ എന്ന സഹാനുഭൂതിയൊന്നും മുഖ്യമന്ത്രി പ്രകടിപ്പിക്കണം എന്നില്ല. കേന്ദ്രമന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിനു പെൻഷൻ തന്നെയില്ല എന്നതും അദ്ദേഹത്തിന് അറിയാം.

മാതൃകകൾക്കായി മുഖ്യമന്ത്രിക്കു ഡൽഹിയിലേക്കു തന്നെ നോക്കണം എന്നുമില്ല. അദ്ദേഹത്തിനൊപ്പം അധികാരമേറ്റ ജയലളിത മൂന്നാംമാസം മന്ത്രിസഭയിൽ ആദ്യമാറ്റം വരുത്തി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആദ്യത്തെ 22 മാസത്തിനിടയിൽ ജയലളിത മന്ത്രിസഭ അഴിച്ചുപണിതത് എട്ടുതവണയും!

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.