Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹിയിൽനിന്നു ഗോവ വഴി കോഴിക്കോട്ടേക്ക്

BJP Flag

അരുണാചൽപ്രദേശിൽ 43 കോൺഗ്രസ് എംഎൽഎമാരും ബിജെപി പാളയത്തിലെത്തിയത് കോഴിക്കോട്ടു നടക്കാനിരിക്കുന്ന ബിജെപി ദേശീയ കൗൺസിൽ യോഗത്തെ ഉത്തേജിപ്പിക്കുമെങ്കിൽ അവരെ ഞെട്ടിച്ച ഒരു സംഭവം തൊട്ടുമുൻപു ഗോവയിൽ നടന്നു. ആർഎസ്എസോ ക്രൈസ്തവസഭയോ എന്ന ചോദ്യം വന്നപ്പോൾ ബിജെപിയുടെ കേന്ദ്ര, സംസ്ഥാനനേതൃത്വങ്ങൾ വരിച്ചത് സഭയെയാണ്. ഗോവയിൽ സഭയുടെ 125 ഇംഗ്ലിഷ് മീഡിയം സ്കൂളുകളിൽ പഠനഭാഷ കൊങ്കിണിയോ മറാഠിയോ ആക്കണം എന്നാവശ്യപ്പെട്ടുള്ള ഭാരതീയ ഭാഷാ സുരക്ഷാമഞ്ചിന്റെ സമരത്തോട് ബിജെപിയുടെ സംസ്ഥാനസർക്കാർ മുഖംതിരിച്ചു.

മാത്രമല്ല, സമരനായകനായ ഗോവയിലെ ആർഎസ്എസ് മേധാവി സുഭാഷ് വെലിങ്കറെ ആ പദവിയിൽ നിന്നു തന്നെ തെറിപ്പിച്ചു. തോൽക്കാൻ കൂട്ടാക്കാതെ ‘ഗോവ ആർഎസ്എസ്’ രൂപീകരിച്ച് വെലിങ്കർ പ്രക്ഷോഭപാതയിൽ തുടരുന്നു. നരേന്ദ്ര മോദി സർക്കാർ കൃത്യം രണ്ടരവർഷം പൂർത്തിയാക്കുമ്പോൾ അദ്ദേഹത്തിന്റെ പാർട്ടിയുടെ ദേശീയകൗൺസിലിന് ആതിഥ്യമൊരുക്കാൻ തിരഞ്ഞെടുക്കപ്പെട്ട കേരളഘടകത്തിനു ചില ദൗത്യങ്ങൾ കേന്ദ്രനേതൃത്വം കൈമാറിയിട്ടുണ്ട്.

2019ലെ ലോക്സഭാതിരഞ്ഞെടുപ്പിൽ നിലവിലുള്ള ചില സീറ്റുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്നിരിക്കെ അതു നികത്താൻ ബാധ്യതയുള്ള സംസ്ഥാനങ്ങളിലൊന്നാണു കേരളം. അതിനായി നിങ്ങൾ ‘ഗോവ മാതൃക’ പിന്തുടരണം. അതായത് ക്രൈസ്തവസഭയുടെ വിശ്വാസം പിടിച്ചുപറ്റണം. ആ പശ്ചാത്തലം ഒരുക്കുന്നതിൽ കേന്ദ്രവും പങ്കാളിയായിരിക്കും എന്ന തീരുമാനത്തിന്റെ ഭാഗമായിട്ടാണ് മദർതെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിനുള്ള കേന്ദ്രസംഘത്തെ നയിക്കാൻ സുഷമ സ്വരാജ് മുന്നിട്ടിറങ്ങിയത്.

എംപിമാരായ കെ.വി. തോമസും ആന്റോ ആന്റണിയും ജോസ് കെ. മാണിയും അടങ്ങിയ 11 അംഗ കേന്ദ്രസംഘത്തിൽ ഏറിയ പങ്കും മലയാളികളായിരുന്നു. ഇനിയൊരാൾ നേരത്തേ പറഞ്ഞ ഗോവയിലെ ഉപമുഖ്യമന്ത്രി ഫ്രാൻസിസ് ഡിസൂസയും. വത്തിക്കാനിൽ ഇവർക്കും വൈദികശ്രേഷ്ഠർക്കുമായി കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ സംഘടിപ്പിച്ച വിരുന്ന് തിരക്കിട്ടുള്ളതായിരുന്നുവെങ്കിലും സുഷമ സ്വരാജ് അതിൽ പങ്കുകൊണ്ടു.

കാര്യം ലളിതമാണ്. ബിജെപിക്കു മാത്രമായി കേരളത്തിൽ മുന്നേറാമെന്നു കേന്ദ്രനേതൃത്വം കരുതുന്നില്ല. ഒരു പാർട്ടിയെ രക്ഷപ്പെടുത്താനായി മറ്റൊരു പാർട്ടി സ്ഥാപിക്കുക എന്ന നാട്ടുനടപ്പില്ലാത്ത കാര്യം ബിഡിജെഎസ് രൂപീകരണത്തിലൂടെ കേന്ദ്രം ചെയ്തു. അതുവഴി 4% വോട്ടു വർധിച്ച് 15 ശതമാനത്തിലെത്തി. ലോക്സഭാതിരഞ്ഞെടുപ്പിൽ ഇത് 20 ശതമാനം കടന്നെങ്കിലേ സീറ്റുകൾ ലഭിക്കൂ. അതിനു ന്യൂനപക്ഷപിന്തുണ വേണം. എങ്കിൽ കെ.എം. മാണിയെ പിടിച്ചേക്കാം എന്നതല്ല കേന്ദ്രലൈൻ. പകരം ക്രൈസ്തവസഭയെ കയ്യിലെടുക്കാൻ നോക്കണം.

ശേഷം അവരുടെ വിശ്വാസവും പിന്തുണയും ഉള്ള ഒരു രാഷ്ട്രീയശക്തിയെ എൻഡിഎയുടെ ഭാഗമാക്കണം. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു സ്വതന്ത്രമായി നിൽക്കുന്നതു ഭാവിയിൽ പ്രയോജനമുണ്ടാക്കും എന്നു മാണി കരുതുന്നുവെങ്കിൽ, കേന്ദ്രവുമായി നല്ല ബന്ധം എന്നതു സഭയുടെയും ആവശ്യമാകാം. ഇതിലൊക്കെ ചില പൊതുതാൽപര്യങ്ങളും ലക്ഷ്യങ്ങളും ഒളിഞ്ഞുകിടക്കുന്നു എന്നു വിശ്വസിക്കാനാണു പരിവാർബുദ്ധിജീവികൾക്ക് ഇഷ്ടം.

മോദി സർക്കാർ 70 ദിവസം പ്രായമായപ്പോഴത്തെ ഡൽഹി ദേശീയകൗൺസിൽ യോഗത്തിൽ കശ്മീർ മുതൽ കേരളം വരെ ബിജെപി, അഥവാ പാർട്ടിക്കു പങ്കാളിത്തമുള്ള സർക്കാർ എന്ന ആഹ്വാനമാണ് അമിത് ഷാ നൽകിയത്. കശ്മീരിൽ സാധ്യമായെങ്കിൽ കേരളത്തിൽ ആകെ കിട്ടിയത് ഒരു നിയമസഭാംഗത്തെ. ഇടതു–വലതു മുന്നണികൾ ശക്തമായ ഇവിടെ ഒന്നിനെ പിന്നിലാക്കി രണ്ടാമത്തെ രാഷ്ട്രീയശക്തിയാകുക എന്നാണ് കേന്ദ്രം നൽകിയിരിക്കുന്ന ‘ടാർഗറ്റ്’.

അതിനു മതനിരപേക്ഷകാർഡൊന്നും അവരുടെ കൈവശമില്ല. കേരളം –2016 വിശകലനം ചെയ്ത ഡൽഹിയിലെ സിഎസ്ഡിഎസ് (സെന്റർ ഫോർ സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസ്) സർവേ പ്രകാരം എൻഡിഎ വോട്ടിന്റെ വിഭജനം ഇങ്ങനെ–: നായർ–34%, ഈഴവ–18, ദലിത്–23, ക്രിസ്ത്യൻ–10. ബിഡിജെഎസ് ഉണ്ടായിട്ടും ഈഴവവോട്ടുകൾ 18% എന്നതു നിരാശരാക്കുന്നുവെങ്കിൽ ഒടുവിലത്തെ 10% ബിജെപിയെ പ്രതീക്ഷാഭരിതരാക്കുന്നു. വെള്ളാപ്പള്ളി നടേശന്റെ പതിവു കരണംമറിച്ചിലുകൾക്കിടയിലും തുഷാർ വെള്ളാപ്പള്ളി അമിത് ഷായെ കണ്ടിരുന്നു.

അവർ ആഗ്രഹിക്കുന്ന കേന്ദ്രപദവികൾക്കായുള്ള ചർച്ചകൾക്കായി വി. മുരളീധരനെയും സുഭാഷ് വാസുവിനെയും ചുമതലപ്പെടുത്തിയതിനൊപ്പം മാണിയെ അടുപ്പിച്ചുനിർത്താൻ ബിഡിജെഎസ് മുൻകൈ എടുക്കണം എന്നും നിഷ്കർഷിക്കപ്പെട്ടിരിക്കുന്നു. അതിനാലാണ് മാണിക്കായി പ്രസ്താവനകളുമായി തുഷാർ രംഗത്തുള്ളത്. എസ്എൻഡിപി– കേരള കോൺഗ്രസ് അച്ചുതണ്ട് മധ്യ–തെക്കൻകേരളത്തിൽ അത്ഭുതങ്ങൾ വിരിയിക്കുമെന്ന കിനാവു കണ്ടുതുടങ്ങിയവർ ബിജെപിയിലുണ്ട്.

നരേന്ദ്ര മോദിയും അമിത് ഷായും അടക്കം ബിജെപിയുടെ ദേശീയനേതൃനിര അപ്പാടെ ഡൽഹിയിൽ നിന്നു കോഴിക്കോട്ടു വിമാനമിറങ്ങുമ്പോൾ ഈ കേരളലക്ഷ്യങ്ങളാണ് സിപിഎമ്മും കോൺഗ്രസും കണക്കിലെടുക്കേണ്ടിവരിക. 50 വർഷം മുൻപു കോഴിക്കോട്ടെ വേദിയിൽ ജനസംഘം അധ്യക്ഷനായ ദീനദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദി എന്നതു പുറമേ നിന്നു നോക്കുമ്പോൾ ശരിയാണ്. താൻ ബിജെപി അധ്യക്ഷനായതും ദീനദയാൽജി ജനസംഘം അധ്യക്ഷനായതും അൻപതാം വയസ്സിലാണ് എന്ന ഗൂഢമായ അഭിമാനം അതേസമയം അമിത് ഷായ്ക്ക് ഉണ്ടായിരിക്കുകയും ചെയ്യും.

Your Rating: