Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവത്വം പകർന്ന വീര്യത്തിൽ കോൺഗ്രസ്

keraleeyam-image-03-10-2016

ലോക്കൽ സെക്രട്ടറി മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ വരെയുള്ളവർക്കു യൂത്ത് കോൺഗ്രസിനെ പരിഹസിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കാം. പക്ഷേ, കോൺഗ്രസിന്റെ ബൂത്ത് പ്രസിഡന്റ് മുതൽ എഐസിസി അധ്യക്ഷ വരെയുള്ളവർ ആഗ്രഹിച്ചതും നേടിയെടുക്കാൻ കഴിയാതെ പോയതുമായ കാര്യം ആ സംഘടന ഇപ്പോൾ കേരളത്തിൽ നടപ്പാക്കിയെടുത്തിരിക്കുന്നു: കോൺഗ്രസിലെ ഐക്യം, അതുവഴി പാർട്ടിക്കും മുന്നണിക്കും ആത്മവീര്യം.

നേതൃത്രയത്തിനെതിരെ ആഞ്ഞടിക്കും മുമ്പ് വി.ഡി. സതീശന്റെ മറ്റൊരു ആവശ്യം വിവാദമായിരുന്നു: തലമുറ മാറ്റം. ആഗ്രഹിച്ച അർഥത്തിൽ നടപ്പായില്ലെങ്കിലും നിയമസഭയ്ക്ക് അകത്തും പുറത്തുമുള്ള സമരമുഖത്ത് ആ മാറ്റം പ്രകടം. സ്വാശ്രയ സമരത്തിലൂടെ യൂത്ത് കോൺഗ്രസും കെഎസ്‌യുവും കോൺഗ്രസിന് ഒരിക്കൽ കൂടി പുതുജീവൻ കുത്തിവച്ചിരിക്കുന്നു. 35 വയസ്സുള്ള ഡീൻ കുര്യാക്കോസ്, സി.ആർ. മഹേഷ്, മുപ്പത്തിമൂന്നുകാരായ ഹൈബി ഈഡൻ, ഷാഫി പറമ്പിൽ എന്നിവരോട് അതിനു കോൺഗ്രസ് കടപ്പെട്ടിട്ടുണ്ട്. തങ്ങളുടേതായ ലക്ഷ്യങ്ങളുണ്ടാകാമെങ്കിലും നിരാഹാരം എന്ന വജ്രായുധം ഉപയോഗിക്കാൻ ഇവർ സ്വയം മുന്നോട്ടുവരികയായിരുന്നു.

അതോടെ കോൺഗ്രസിനു പൊടുന്നനെ ചെറുപ്പം വന്നു, ഉശിരുണ്ടായി. യഥാർഥത്തിൽ യുവജനങ്ങളോടു മാവോ പറഞ്ഞതാണ് മാർക്സിസ്റ്റ് പാർട്ടിയുടെ സർക്കാരിനെതിരെ ഇവരെല്ലാം ചേർന്നു പ്രാവർത്തികമാക്കിയത്. ലോകം ഞങ്ങളുടേതും നിങ്ങളുടേതുമാണ്, പക്ഷേ, അന്തിമവിശകലനത്തിൽ അതു നിങ്ങളുടേതാണ് എന്നു മനസ്സിലാക്കി പോരാടൂ എന്നാണു ചൈനയുടെ ഇതിഹാസം യുവാക്കളെ ഒരിക്കൽ ഉത്തേജിപ്പിച്ചത്.

ഇതിനെല്ലാം വഴിവച്ച ആ നിർണായകദിനം സെപ്റ്റംബർ 18 ആയിരുന്നു. സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാരത്തിനുള്ള അനുമതിക്കായി അന്നാണ് ഡീനും മഹേഷും ഉമ്മൻ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും വി.എം. സുധീരനോടും പ്രത്യേകം ചർച്ച നടത്തുന്നത്. സെപ്റ്റംബർ ഒന്നിനു സർക്കാരും സ്വാശ്രയ മാനേജ്മെന്റുകളും കരാറിൽ ഏർപ്പെട്ടതുവഴി ഉണ്ടായ ഫീസ് വർധനയ്ക്കെതിരെ ഉടൻ സമരം ആരംഭിച്ചെങ്കിലും ആരും കാര്യമായി ഗൗനിച്ചിരുന്നില്ല. തിരുവോണനാളിൽ നിരാഹാരസമരം എന്ന ആശയം ഉദിച്ചുവെങ്കിലും പ്രവർത്തക – മാധ്യമ പിന്തുണ അവധിദിനങ്ങളിൽ കിട്ടാനിടയില്ല എന്നതു പിറകോട്ടു വലിച്ചു.

അവധി പിന്നിട്ടതോടെ നിരാഹാരമാർഗം എന്നതിൽ ഉറച്ചുനിന്നതോടെ നേതാക്കളുടെ പച്ചക്കൊടിയായി. എട്ടാം ദിവസം ഇരുവരെയും ആശുപത്രിയിലേക്കു മാറ്റിയപ്പോൾ ആ പന്തലിൽ ചേർന്ന യൂത്ത് കോൺഗ്രസ് നേതൃയോഗം യുവജന എംഎൽഎമാർ തന്നെ സമരം തുടരണം എന്ന ആവശ്യം അവരുടെ അനുവാദത്തോടെ ഉയർത്തി. ഇതിനിടയിൽ മുന്നണിയുടെ പിന്തുണയാർജിക്കാനായതുവഴി യുഡിഎഫ് തന്നെ ഏറ്റെടുത്തു. അങ്ങനെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസിനു പിന്നിൽ അറച്ചറച്ചു നിന്ന ഘടക കക്ഷികൾ ആവേശത്തോടെ അതിനു തയാറായി. ആദ്യം മുതൽ വിഷയത്തെ നിശ്ചയദാർഢ്യത്തോടെ കൈകാര്യം ചെയ്ത രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവിന്റെ ആധികാരികതയും ഉറപ്പിച്ചു.

ചെറുപ്പത്തിന്റെ ഈ ഉന്മേഷക്കാറ്റടിച്ച രമേശും ഉമ്മൻ ചാണ്ടിയും സഭയിൽ അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിക്കാൻ ഷാഫിക്കും ശേഷം വി.ടി. ബൽറാമിനും അവസരം നൽകി. ആദ്യ അടിയന്തരപ്രമേയ നോട്ടിസ് അവതരണം എന്ന വെല്ലുവിളി അവർ ഭംഗിയായി നിറവേറ്റി. എങ്ങനെ അവസാനിപ്പിക്കാൻ കഴിയും എന്നതിൽ ആശയക്കുഴപ്പം അവശേഷിക്കുമ്പോഴും സമരനേട്ടമായി അഞ്ചു കാര്യങ്ങൾ കോൺഗ്രസ് വിലയിരുത്തുന്നു. 1. ദേശീയസമ്മേളനം വരെ ഇവിടെ നടത്തി മുഖ്യ പ്രതിപക്ഷത്തിന്റെ ഇടംപിടിക്കാനുള്ള ബിജെപി ശ്രമം പ്രതിരോധിക്കപ്പെടുകയും ഇടത് – വലത് ഒത്തുകളി എന്ന അവരുടെ പ്രചാരണത്തിൽ വിള്ളൽ വീഴ്ത്തുകയും ചെയ്തു. 2. ഇക്കാലമത്രയും യുഡിഎഫിനെതിരെ ഉയർത്തിവന്ന ‘സ്വാശ്രയ മുദ്രാവാക്യം’ ഇടതുമുന്നണിക്കു നഷ്ടപ്പെട്ടു. 3. മുഖ്യമന്ത്രിയുടെ കർക്കശശൈലിയോടു മുന്നണിയിലും പാർട്ടിയിലും എതിർപ്പുകളുണ്ട് എന്ന ചിന്താഗതിയെ സമരം ബലപ്പെടുത്തിയതു വഴി വിഎസ് തന്നെ സമരത്തിനു പിന്തുണ പ്രഖ്യാപിക്കുന്ന സ്ഥിതിയുണ്ടായി. 4. നൂറു ദിവസത്തിനുള്ളിൽ പല സമരങ്ങളുണ്ടായെങ്കിലും താഴേത്തട്ടിൽ നിന്നു സ്വമേധയാ പിന്തുണ ഇതാദ്യമായി രൂപപ്പെട്ടു. 5. പ്രത്യേക ബ്ലോക്കായി നിന്ന് ഇടങ്ങേറിലാക്കുമെന്നു കരുതിയിരുന്ന മാണി വിഭാഗത്തിന് ഒരു തരത്തിൽ യുഡിഎഫിന്റെ ഭാഗംപോലെ തന്നെ നിലകൊള്ളേണ്ടിവന്നു.

തിരഞ്ഞെടുപ്പു പോരാട്ടത്തിൽ തോൽവി പിണഞ്ഞ യുവനേതാക്കളായ പി.സി. വിഷ്ണുനാഥും എം. ലിജുവും ഇതിനിടയിൽ നേതൃഫോറമായി രൂപംകൊണ്ട രാഷ്ട്രീയകാര്യ സമിതിയിൽ ഇടംകണ്ടു. ചെറുപ്പക്കാരുടെ ആശയാഭിലാഷങ്ങൾ കോൺഗ്രസ് ഏറ്റെടുക്കാനുള്ള നിർദേശങ്ങൾ നിരന്തരമായി നൽകുക എന്നതാണ് ഇവരിൽ നിക്ഷിപ്തമായ ദൗത്യം. കടന്നുകൂടിയ 22 കോൺഗ്രസ് എംഎൽഎമാരിൽ ഐ.സി.ബാലകൃഷ്ണൻ, ഷാഫി പറമ്പിൽ, വി.ടി.ബൽറാം, അനിൽ അക്കര, ഹൈബി ഈഡൻ, റോജി എം.ജോൺ, എൽദോസ് കുന്നപ്പള്ളി, അൻവർ സാദത്ത്, കെ.എസ്.ശബരീനാഥൻ, എം.വിൻസന്റ് എന്നീ പത്തു പേരും യുവപ്രാതിനിധ്യം അവകാശപ്പെടാവുന്നവരാണ്.

ഡിസിസി പ്രസിഡന്റ് പദത്തിലേക്കു യുവാക്കൾക്കു മുൻഗണന നൽകിയേ തീരൂ എന്നു ഹൈക്കമാൻഡ് ഇതിനകം ആവശ്യപ്പെട്ടുകഴിഞ്ഞു. പാർലമെന്ററി – പാർലമെന്റേതര രംഗങ്ങളിൽ ചോരത്തിളപ്പ് കോൺഗ്രസിന് ആവശ്യമുള്ള സമയമാണ് ഇത്. അനുഭവസമ്പത്തിന്റെ അടിത്തറ ഇവിടെ ഭദ്രമായുണ്ട്. അതിൽ വിജയഗോപുരങ്ങൾ തീർക്കാൻ, പക്ഷേ ചെറുപ്പത്തിന്റെ മിശ്രണം കൂടിയ അളവിൽ വേണ്ടിവരും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.