Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ആയാറാം ഗയാറാ’മും ഒരു ആത്മഹത്യയും

CPM FLAG

സിപിഎം വിട്ടവരെ സിപിഐ സ്വാഗതം ചെയ്തതിനു വേദിയൊരുക്കിയതിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന എറണാകുളം ജില്ലയിലെ ഉദയംപേരൂരിന് ഏറെ അകലെയല്ലാത്ത, സിപിഎം മൂത്തകുന്നം ലോക്കൽകമ്മിറ്റി ഓഫിസിൽ കഴിഞ്ഞ തിങ്കളാഴ്ച ഒരു ദാരുണ സംഭവമുണ്ടായി. സിപിഎമ്മിൽ നിന്നു മാറി ബിഡിജെഎസിന്റെ നിയോജകമണ്ഡലം സെക്രട്ടറിയായ എം.സി.വേണു എന്ന നാൽപത്തിയൊമ്പതുകാരൻ താൻ മൂന്നുപതിറ്റാണ്ടോളം പ്രവർത്തിച്ച പാർട്ടി ഓഫിസിലെ ഫാനിൽ ഒരു കുരുക്കിട്ട് ജീവിതം അവസാനിപ്പിച്ചു.

ഈ രീതിയിൽ ഒരു സംഭവം സിപിഎമ്മിനെ ഇന്നോളം ഞെട്ടിച്ചിട്ടുണ്ടാകില്ല. ഭാര്യയും രണ്ടു മക്കളുമുള്ള കുടുംബത്തെ അനാഥമാക്കി പാതിവഴിയിൽ ജീവിതം സ്വയം തീർക്കാനും അതിനു തന്റെ പഴയ പാർട്ടിയുടെ ഓഫിസ് തന്നെ തിരഞ്ഞെടുക്കാനും വേണുവിനെ പ്രേരിപ്പിച്ചത് എന്തായിരിക്കാം? എന്തായാലും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വടക്കേക്കര 16–ാം വാർഡിൽ അദ്ദേഹം മത്സരിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും പകരം സീറ്റ് കിട്ടിയയാൾ പഞ്ചായത്ത് പ്രസിഡന്റായി എന്നതും അഭ്യൂഹമല്ല. വൈകാതെ ബിഡിജെഎസിലേക്കു ചേക്കേറിയ വേണു അതോടെ പഴയ സഹപ്രവർത്തകരുടെ നോട്ടപ്പുള്ളിയായി. ചില ചെറിയ സംഘർഷങ്ങൾ ഉണ്ടായി. പിണറായി വിജയനെ ‘ലീഡറായി’ വെള്ളാപ്പള്ളി നടേശൻ വാഴ്ത്തുമ്പോൾ സിപിഎമ്മിനും ബിഡിജെഎസിനും ഇടയിൽപ്പെട്ട് ഒരു മനുഷ്യൻ, സാധാരണ രാഷ്ട്രീയപ്രവർത്തകൻ, എരിഞ്ഞുതീർന്നു.

ഒരാഴ്ചപോലും കഴിഞ്ഞില്ല, ബിജെപിയുടെ മുൻ സംസ്ഥാന സെക്രട്ടറി എ.ജി.ഉണ്ണിക്കൃഷ്ണൻ അടക്കമുള്ളവരെ സിപിഎമ്മിലേക്ക് കോടിയേരി ബാലകൃഷ്ണൻ തന്നെ ചെന്നുനിന്നു സ്വീകരിച്ചു. സിപിഎം വിട്ടു വരുന്നവരെ ഒപ്പം കൂട്ടിയിരിക്കണം എന്ന രാഷ്ട്രീയതീരുമാനം തന്നെ എടുത്തു നീങ്ങുന്നു സിപിഐ. തങ്ങൾക്കിടയിലെ സംഘടനാ മതിൽക്കെട്ടുകൾ ഇടതുപക്ഷം തന്നെ പൊളിക്കുന്നു. ഉത്തരേന്ത്യയിൽ നിയമസഭാംഗങ്ങളുടെ ‘ആയാറാം ഗയാറാം’ ശൈലി ഇവിടെ സംഘടനാതലത്തിൽ ഇടതുപാർട്ടികളും പ്രാവർത്തികമാക്കുന്നു. റസ്റ്ററന്റുകൾക്കു മുന്നിൽ ആളെ പിടിക്കാൻ ബോർഡുമായി നിൽ‍ക്കുന്ന രീതിയിലേക്ക് രാഷ്ട്രീയപ്പാർട്ടികൾ മാറുകയാണോ?

ഉദയംപേരൂരിലേക്കു തന്നെ മടങ്ങിപ്പോകാം. അവിടെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരിട്ടു സിപിഎമ്മുകാരെ വരവേൽക്കാൻ എത്തി എന്നതാണ് പി.രാജീവിനെയും കൂട്ടരെയും പ്രകോപിപ്പിച്ചത്. അതു വേണോ എന്നു തിരുവനന്തപുരത്തു നടന്ന ഉഭയകക്ഷി ചർച്ചയിൽ പിണറായിയും കോടിയേരിയും കാനത്തോടു ചോദിച്ചിരുന്നു. രാജീവിന് എറണാകുളം ജില്ലാസെക്രട്ടറി പി.രാജു നൽകിയ ഉറപ്പും കാനം വരില്ല എന്നായിരുന്നു. ഈ നിലയിലേക്കു പ്രശ്നം വളരും എന്നു വിചാരിക്കാതെയും ചിലർക്കു നൽകിയ ഉറപ്പു പാലിക്കാനുമായി കാനം സന്നിഹിതനായി. പിണറായിയും കോടിയേരിയും നേരിട്ടു നടത്തിയ ശ്രമം തള്ളി തൊട്ടുപിന്നാലെ കാസർകോട്ടെ ബേഡകത്ത് പാർട്ടി കെട്ടിപ്പെടുത്ത പി.ഗോപാലനും കൂട്ടരും കൂടി സിപിഐയിലേക്കു  ചേക്കേറി. തിരഞ്ഞെടുപ്പു പ്രവർത്തനത്തിനും മറ്റുമായി സിപിഐ നേതാക്കൾ ചെന്നാൽ താമസിക്കാൻ സിപിഎമ്മുകാരുടെ വീടുകളെ ആശ്രയിക്കേണ്ടിവരാറുള്ള സ്ഥലമാണു ബേഡകം. ഇടതുപക്ഷം വിട്ടൊരു കളി വേണ്ട എന്ന തീരുമാനമാണ് പി. ഗോപാലനെ സിപിഐയിൽ ഉറപ്പിച്ചത്.

പത്തുവർഷം മുമ്പ് ആലപ്പുഴയിൽ ടി.ജെ.ആഞ്ചലോസിനെ നയിച്ചതും ഇതേ വികാരമാണ്. ജെഎസ്എസിലേക്കു പോകാൻ ആലോചിച്ചുവെങ്കിലും ഈ മുൻ സിപിഎം എംപിക്കു സിപിഐ വാതിൽ തുറന്നുകൊടുത്തത് സി.കെ.ചന്ദ്രപ്പനാണ്. ഇന്ന് ആഞ്ചലോസ് സിപിഐയുടെ ജില്ലാസെക്രട്ടറി. എസ്എഫ്ഐയുടെ ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ ജോയിന്റ് സെക്രട്ടറിയായിരുന്ന സജി ചെറിയാൻ സിപിഎമ്മിന്റെ ജില്ലാസെക്രട്ടറിയും. മുൻ എസ്എഫ്ഐ നേതാവായ സ്വരാജിന് ഓർമിച്ചുവയ്ക്കാവുന്ന കാര്യം. അദ്ദേഹത്തിനെതിരെയുള്ള ‘ജനയുഗം’ ലേഖനത്തിന്റെ ഭാഷ ആ പാർട്ടിനേതൃത്വത്തിനു തന്നെ രുചിച്ചിട്ടില്ല. പക്ഷേ, കാരണഭൂതൻ സ്വരാജാണെന്നും നിയന്ത്രിക്കണം എന്നുമാണ് സിപിഎം നേതൃത്വത്തോട് സിപിഐ ആവശ്യപ്പെട്ടത്. ഇരുവർക്കുമിടയിൽ ഏറെ വിള്ളൽ വീഴ്ത്തിയ കാര്യം ഇതൊന്നുമല്ല. അതു പേയ്മെന്റ് സീറ്റ് വിവാദത്തിൽപ്പെട്ട് സിപിഐ നടപടിയെടുത്ത തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി പി.രാമചന്ദ്രൻനായരെ പിണറായി  താൽപര്യമെടുത്ത് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതാണ്.

ബെന്നറ്റ് ഏബ്രഹാമിന്റെ സ്ഥാനാർഥിത്വത്തിനെതിരെയുള്ള സിപിഐയുടെ അന്വേഷണത്തോടും നടപടിയോടുമുള്ള പുച്ഛവും വിയോജിപ്പും പ്രകടിപ്പിച്ചിരിക്കണം എന്ന തീരുമാനമാണ് ഒരു നേതാവിനെ ആദ്യമായി നേരിട്ടു ജില്ലാകമ്മിറ്റിയിലേക്ക് എടുക്കുന്ന ചരിത്രമെഴുതാൻ സിപിഎമ്മിനു പ്രേരണയായത്. ശേഷം സിപിഐക്ക് ഉൾപ്പാർട്ടി പ്രശ്നങ്ങളുള്ള തിരുവനന്തപുരത്ത് സാധ്യമായത്രയും പേരെ സിപിഎം പിടിക്കാൻ തുടങ്ങി.

ഇതോടെയാണു രണ്ടും കൽപിച്ചുള്ള  വ്യാപക ‘സിപിഎം പുനരധിവാസ’ത്തിനു സിപിഐയും തുനിഞ്ഞത്. പാർട്ടിവിടുന്നവരെ ഇടതുപക്ഷത്തു തന്നെ ഉറപ്പിച്ചുനിർത്താനുള്ള തന്ത്രം  എന്നാണ് ഈ അഭിനവ ‘ആയാറാം ഗയാറാ’മിന് ഇരു പാർട്ടികളും പറയുന്ന താത്വിക ന്യായം. ആയിക്കോട്ടെ, ഇതിനിടയിൽ ആർഎസ്എസ് നേതാവായ സുധീഷ് മിന്നി സിപിഎമ്മിന്റെ പ്രധാന പ്രഭാഷകനായും ബിജെപി നേതാവായ എ. അശോകൻ സിപിഎം നോമിനിയായി  കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി മാറിക്കൊള്ളട്ടെ. ആരോരുമറിയാത്ത വേണുവിനെപ്പോലുള്ളവർക്കും  ഈ സ്വാതന്ത്ര്യങ്ങളൊക്കെ അനുവദിച്ചാൽ മതി. അങ്ങനെയുള്ളവരെയും ജീവിതവും രാഷ്ട്രീയവും  തുടരാൻ എല്ലാ രാഷ്ട്രീയപ്പാർട്ടികളും സമ്മതിച്ചാൽ മതി.

Your Rating: