Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുന്നണികൾക്കു കോഴിക്കോടൻ മുന്നറിയിപ്പ്

keraleeyam-image-26-09-2016

ബിജെപിയുടെ മുൻ അധ്യക്ഷൻ വെങ്കയ്യ നായിഡു കോഴിക്കോട്ട് കടപ്പുറത്തെ സമ്മേളനത്തിൽ പതിവു വാഗ്‌വിലാസം പ്രകടിപ്പിക്കുന്നതിനിടയിൽ ഒരു കാര്യം വളച്ചുകെട്ടില്ലാതെ പറഞ്ഞു. താൻ ഒരുപാടുകാലമായി കേരളത്തിൽ വരുന്നു. പക്ഷേ, ബിജെപിക്ക് ഇതു പഴയ കേരളമല്ല. അമിത് ഷാ സൃഷ്ടിച്ച മാറ്റം. കേരളം ഒപ്പം വരുമെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നു. പറയുന്നതു പ്രവൃത്തിയിൽ കൊണ്ടുവരുന്നതാണു ഷായുടെ രീതി.

ഇതിലടങ്ങുന്നതു കേരളത്തിലെ ഇരുമുന്നണികൾക്കും, പ്രത്യേകിച്ച് യുഡിഎഫിനു മുന്നിൽ ബിജെപി വയ്ക്കുന്ന വെല്ലുവിളിയാണ്. അതിനുവേണ്ടി മാത്രമാണു പാർട്ടിയുടെ ദേശീയ കൗൺസിൽ യോഗം കേരളത്തിലാക്കിയത്. ദക്ഷിണേന്ത്യയിൽ ആദ്യം കർണാടക, ശേഷം കേരളം എന്നതാണ് ഉന്നം. പതനങ്ങളിൽനിന്നു കരകയറി സംസ്ഥാനഭരണം പിടിച്ച് സിപിഎം തൽക്കാലത്തേക്കെങ്കിലും  നില ഭദ്രമാക്കിയിരിക്കുന്നു. പരിവാർ പ്രസ്ഥാനങ്ങൾക്കെതിരെ നിറയൊഴിക്കുന്നതിൽനിന്നു പിന്നോട്ടില്ലെങ്കിലും ബിജെപി കയറിവരുന്നത്, അവർക്കു തൽക്കാലത്തേക്കെങ്കിലും ഗൂഢസന്തോഷം നൽകും. ഭരണവിരുദ്ധ വികാരം അപ്പോൾ രാഷ്ട്രീയമായി വിഭജിച്ചുപോകും. പ്രധാന എതിരാളിയായ യുഡിഎഫിനൊപ്പം ബിജെപിക്കുമുണ്ടാകും അതിന്റെ വിഹിതം. ആ വിഭജനത്തിന്റെ ഉൽപന്നമാണു വോട്ടുവിഹിതം കുറഞ്ഞിട്ടും 91 സീറ്റോടെ കുതിച്ചുകയറിയ ഇടതുസർക്കാരും.

കഴിഞ്ഞ യുഡിഎഫ് യോഗത്തിനുശേഷമുള്ള വാർത്താസമ്മേളനത്തിൽ അബദ്ധത്തിലാണെങ്കിലും കൺവീനർ പി.പി.തങ്കച്ചൻ ഒരു ആശങ്ക വെളിപ്പെടുത്തി. ബിജെപിയും സിപിഎമ്മും ഏറ്റുമുട്ടി ഞങ്ങളെ അപ്രസക്തമാക്കാമെന്നു കരുതേണ്ട. അങ്ങനെയൊന്നും യുഡിഎഫ് കേരളത്തിൽ ഒലിച്ചുപോകില്ല. മുന്നണി യോഗത്തിൽ ആർഎസ്പി തുടങ്ങിവയ്ക്കുകയും ദളും സിഎംപിയും മുസ്‌ലിം ലീഗും ഏറ്റുപിടിക്കുകയും ചെയ്ത ചർച്ചയുടെ ഫലമായിരുന്നു അത്. പാമ്പും കീരിയും പോലെ സിപിഎമ്മും ബിജെപിയും ഏറ്റുമുട്ടുന്നതിനിടയിൽ കോൺഗ്രസും യുഡിഎഫും ഗാലറിയിലിരുന്നു കളി കാണുന്നവരായി മാറുന്നോ? എങ്കിൽ അതു വിപൽസൂചനയാണ്.

പുരോഗമന, മതേതരപ്രസ്താവനകളിലൂടെയും നടപടികളിലൂടെയും സർക്കാരും സിപിഎമ്മും ന്യൂനപക്ഷത്തെ കയ്യിലെടുക്കാൻ ശ്രമിക്കുകയാണെങ്കിൽ ഭൂരിപക്ഷത്തിന്റെ വക്താക്കളായി ബിജെപി രംഗപ്രവേശം ചെയ്യുന്നു. ഇതിലെ രാഷ്ട്രീയലാഭം ഇരുകൂട്ടരും വീതിച്ചെടുക്കുമ്പോൾ നാലുമാസം മുമ്പുവരെ നാടു ഭരിച്ച മുന്നണി പൊടുന്നനെ പിന്നോട്ടടിക്കപ്പെടുന്നോ എന്ന രോദനമാണു യോഗത്തിൽ മുഴങ്ങിയത്.

ഇതേ വികാരം കോൺഗ്രസിന്റെ രാഷ്ട്രീയകാര്യസമിതിയിലും ഉയർന്നു. പാർട്ടിയും മുന്നണിയും ഒരു തിരിച്ചറിവിലാണെന്നു വ്യക്തം. ഈ രാഷ്ട്രീയസാഹചര്യം അവലോകനം ചെയ്ത് യുഡിഎഫിനു റിപ്പോർട്ട് സമർപ്പിക്കാൻ ഒരു ഉപസമിതിയെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുൻകയ്യെടുത്തു നിയോഗിച്ചിരിക്കുന്നു. 29നു സമിതിയുടെ ആദ്യയോഗം ചേരും. പരസ്പരം കൊമ്പുകോർക്കുന്നതിനിടയിൽ എൽഡിഎഫും എൻഡിഎയും നേടിയെടുക്കാൻ നോക്കുന്ന രാഷ്ട്രീയലക്ഷ്യം തുറന്നുകാട്ടാനാണു യുഡിഎഫിന്റെ ശ്രമം. കണ്ണൂരിലെ സമാധാനസംഗമം ആ നിലയ്ക്കുള്ള നല്ല തുടക്കമായിരുന്നു. ജില്ലാകേന്ദ്രങ്ങളിലെ സമരങ്ങളിലും പ്രതീക്ഷയ്ക്കപ്പുറമുള്ള പങ്കാളിത്തം ഉണ്ടായി. പ്രവർത്തകർ നിരാശരല്ല, നേതൃത്വം പക്ഷേ വഴികാട്ടണം.

കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ രണ്ടായിരത്തോളം ബൂത്തുകളിലാണു യുഡിഎഫ് മൂന്നാംസ്ഥാനത്തായത്. അതായതു പത്തിലൊന്നു ബൂത്തുകളിൽ. അതിനു വഴിവച്ച വർഗീയ ചേരിതിരിവുകൾ നിയമസഭാ തിരഞ്ഞെടുപ്പായപ്പോൾ കടുത്തു. ഉദാഹരണത്തിന് എ.സി.മൊയ്തീനും സി.പി.ജോണും ബി.അനീഷ്കുമാറും കുന്നംകുളത്തു മത്സരിച്ചപ്പോൾ മുസ്‌ലിം വോട്ട് മൊയ്തീനും ക്രിസ്ത്യൻ വോട്ട് ജോണിനും ഭൂരിപക്ഷത്തിന്റേത് അനീഷിനും കിട്ടും എന്നു  പ്രചരിക്കപ്പെട്ടു. ബിജെപിയെപ്പോലും അദ്ഭുതപ്പെടുത്തി മുപ്പതിനായിരത്തിലേറെ വോട്ട് അനീഷ് പിടിച്ചു. ഏറിയാൽ ഇരുപതിനായിരം വോട്ട് അവർക്കു കൂട്ടിയ ജോൺ 7782 വോട്ടിനു പൊട്ടി. യുഡിഎഫ് അപ്രതീക്ഷിതമായി തോറ്റ മിക്ക മണ്ഡലങ്ങളിലും അവരെ പറ്റിച്ചതു ബിജെപി പിടിച്ച അധിക വോട്ടാണ്. അതിലേറെയും യുഡിഎഫിനു ലഭിച്ചുവന്ന മതേതരഭൂരിപക്ഷത്തിന്റെ വോട്ടുകളായിരുന്നു.

അവരെ ഇനിയും കൂടെ കൊണ്ടുവരാനാണു ഷായും കുമ്മനവും നോക്കുന്നത്. കുമ്മനം പ്രസിഡന്റായതോടെ ഹിന്ദു ഐക്യവേദി, ക്ഷേത്രസംരക്ഷണസമിതി, വിശ്വഹിന്ദു പരിഷത്, ബാലഗോകുലം തുടങ്ങിയവയെല്ലാം പാർട്ടിയുമായുള്ള ചില്ലറ നീരസങ്ങളെല്ലാം മാറ്റിവച്ചിരിക്കുന്നു. ബിഡിജെഎസിന് ഒന്നും കിട്ടുന്നില്ലെന്നു പരിഭവിച്ചു പറഞ്ഞാൽ അതിന്റെ യഥാർഥ ഗുണഭോക്താവു മകൻ തുഷാർ തന്നെ എന്നു വെള്ളാപ്പള്ളി നടേശനറിയാം. അങ്ങനെ രണ്ടു വർത്തമാനം ബിജെപിക്കെതിരെ പറയുന്നതുകൊണ്ടു സർക്കാരിനും സിപിഎമ്മിനും തന്നോടുള്ള രോഷം തണുക്കുന്നുവെങ്കിൽ അതുമാകട്ടെ.

അതുകൊണ്ടു മോദിയുടെ മുന്നറിയിപ്പു പാക്കിസ്ഥാനോടാണെങ്കിൽ ഷാ അതു പുറമേ സിപിഎമ്മിനും ഉള്ളാലെ കോൺഗ്രസിനുമാണു നൽകുന്നത്. കോൺഗ്രസ് മരിച്ചുകഴിഞ്ഞു എന്ന പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ വാചകം അദ്ദേഹം ആവർത്തിക്കുന്നതു കേരള നേതാക്കളുമായുള്ള സമ്പർക്കത്തിലാണ്. ആ മോഹം കോഴിക്കോട്ടെ കടലിലൊഴുക്കിയാൽ മതി എന്നു പറയാനുള്ള രാഷ്ട്രീയ ഉദ്യമമാണ് യുഡിഎഫ് ഏറ്റെടുക്കുന്നത്. നിയമസഭാസമ്മേളനം ഇന്ന‍് ആരംഭിക്കാനിരിക്കെ അകത്തു പിണറായി വിജയനെയും പുറത്ത് കോഴിക്കോട്ടെ കടലിരമ്പത്തെയും കോൺഗ്രസിന് ഒരുപോലെ നേരിടാനുണ്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.