Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ട് ആഘോഷം; ഒരേ ശുഭസന്ദേശം

ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും നിസ്വാർഥതയുടെയും മഹനീയസന്ദേശവുമായി രണ്ട് ആഘോഷദിനങ്ങൾ ഒരുമിച്ചെത്തുന്നു. അനശ്വരമൂല്യങ്ങളുടെ കാലാതീത പ്രസക്തി വീണ്ടും ഓർമിപ്പിച്ച് ഇന്ന് ഈദുൽ അസ്‌ഹായും (ബലിപെരുന്നാൾ) ബുധനാഴ്ച തിരുവോണവും വന്നണയുമ്പോൾ ഒരേ ലിപിയിലുള്ള സ്നേഹസന്ദേശം തന്നെയാണു നാം കേൾക്കുന്നത്.

സമഭാവനയുടെ സന്ദേശം നൽകുന്ന, വിശ്വാസവും അനുഷ്‌ഠാനവും ഇഴചേർന്നു നിൽക്കുന്ന വലിയ ആഘോഷമാണ് ബലിപെരുന്നാൾ. ത്യാഗത്തിന്റെ ചരിത്രവും തീർഥാടനത്തിന്റെ അനുഭവവുമായി ഇതു ലയിച്ചുകിടക്കുന്നു. ഞാനെന്ന ഭാവം പൂർണമായി ഇല്ലാതാകുന്നിടത്താണു തീർഥാടനത്തിന്റെ തുടക്കം; വേഷത്തിലും പ്രാർഥനയിലും യാത്രയിലും താമസത്തിലുമെല്ലാം എല്ലാവരും ഒന്നുപോലെ. അഹങ്കാരമോ അലങ്കാരങ്ങളോ ഇല്ല. ‘ഞാൻ’ എന്ന ചിന്തയിൽനിന്ന് എല്ലാ അർഥത്തിലും വിടുതൽ നേടിയ തീർഥാടകർ, ദൈവത്തിനു മുന്നിൽ എല്ലാവരും തുല്യർ എന്ന സത്യമാണു മിനായിലും അറഫയിലും പ്രഖ്യാപിക്കുന്നത്.

ഇബ്രാഹിം നബിയുടെ സമർപ്പണം, ഇസ്‌മായിൽ നബിയുടെ അനുസരണ, ഹാജറ ബീവിയുടെ ത്യാഗം– ഹജ് തീർഥാടകരുടെ മനസ്സിൽ എപ്പോഴും ആവർത്തിക്കപ്പെടുന്നത് ഇവ മൂന്നുമാണ്. ഒന്നും സ്വന്തമല്ലെന്ന ലാളിത്യത്തിന്റെ വലിയ പാഠമാണ് ഓരോ ബലിപെരുന്നാളും വിശ്വാസിയെ ഓർമിപ്പിക്കുന്നത്.

മത– ജാതി ഭേദങ്ങളൊന്നുമില്ലാതെ തിരുവോണം കാലങ്ങളായി മലയാളക്കരയെ സമഭാവനയുടെ മൂല്യം അറിയിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിന്റെ ഏതു കോണിലുമുള്ള മലയാളികൾ ജീവിതത്തിന്റെ ഏതവസ്‌ഥയിലും ഒരുമിച്ചാഘോഷിക്കുന്ന ഒരുമയുടെയും ഓർമയുടെയും പിറന്നാൾ ആണിത്. ഒരേ ഭാഷ സംസാരിക്കുന്നവർ ഒരുമിച്ചുകാണുന്ന ഒരേ സ്വപ്‌നം. നന്മയുടെ ഒരേ സംഗീതം കേൾക്കാനാവുന്ന ആ ഒരുമ നാം മറന്നുതുടങ്ങിയിട്ടുണ്ടോ എന്ന ആത്മപരിശോധനയ്ക്കുള്ള അവസരം കൂടിയാണിത്. ഒരു മതിലിനപ്പുറത്തുള്ളവരിലേക്കുപോലും കടലകലം സൂക്ഷിക്കുന്നവരായി മാറുകയാണോ മലയാളി? സമൂഹത്തിന്റെ പ്രശ്‌നങ്ങൾക്കൊപ്പം തുടിക്കുന്ന മനസ്സിലെ ആ സ്‌പർശിനികൾ നാം തിരിച്ചെടുത്തേ തീരൂ. ഓണം ഓർമയുടെ ആഘോഷമാവുന്നതിനോടൊപ്പം ഇത്തരം തിരിച്ചറിവുകളിലേക്കുള്ള ഉണർത്തുപാട്ടുകൂടിയാവുന്നു.

കാരുണ്യവും ദാനശീലവും സമർപ്പണത്തിനുള്ള സന്നദ്ധതയും മാവേലിയോർമയുടെ പൂവിതളുകളിലുണ്ട്. എത്ര നീണ്ട ഇരുട്ടിനുശേഷവും വെളിച്ചം വന്നെത്തുമെന്നും ഏതു സങ്കടത്തിനുശേഷവും സന്തോഷത്തിന്റെ പൂ വിരിയുമെന്നും ആ സന്ദേശത്തിൽ വായിച്ചെടുക്കാം.

എത്രയോ കാലമായി വിവിധ മതങ്ങളുടെയും സമുദായങ്ങളുടെയും സ്‌നേഹസുഗന്ധങ്ങൾ അണിഞ്ഞുനിൽക്കുന്ന നന്ദനോദ്യാനമാണു നമ്മുടെ കേരളം. വേദമന്ത്രങ്ങളും പള്ളിമണികളും ബാങ്കുവിളിയുമൊക്കെ പരസ്‌പരസ്‌നേഹത്തോടെ നമ്മുടെ വിശ്വാസ സംഗീതത്തിൽ ഒന്നായി ലയിച്ചുചേരുന്നു. അതുകൊണ്ടാണ്, ഒരേ വേളയിലുള്ള ബലിപെരുന്നാളും തിരുവോണവും മലയാളിക്കു സ്നേഹ സൗഹാർദങ്ങളുടെ നിത്യശോഭയുള്ള ഓർമപ്പെടുത്തലാവുന്നത്.

‘എനിക്കുണ്ടൊരു ലോകം, നിനക്കുണ്ടൊരു ലോകം, നമുക്കില്ലൊരു ലോകം’ എന്ന കുഞ്ഞുണ്ണിക്കവിതയെ ‘നമുക്കുണ്ടൊരു ലോകം’ എന്നു സ്‌നേഹപൂർവം തിരുത്തേണ്ട സമയമായെന്നു പറയുന്നു ഈ ആഘോഷങ്ങൾ.

ലോകമെങ്ങുമുള്ള മലയാളികൾക്കു ബലിപെരുന്നാൾ– പൊന്നോണ ആശംസകൾ.

Your Rating: