Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമഗ്രക്ഷേമം സാധ്യമാക്കാൻ

labour-welfare

കേരളം കാലങ്ങളായി കാണുന്ന പ്രിയസ്വപ്നം സമഗ്രക്ഷേമം തന്നെയാണ്. ജനങ്ങളുടെ ജീവൽപ്രശ്നങ്ങളും അരികുജീവിതങ്ങളുടെ ആശങ്കകളും പരിസ്ഥിതി പ്രശ്നങ്ങളുമൊക്കെ പരിഹരിക്കപ്പെടുമ്പോൾ മാത്രമേ പുതിയ കാലത്തിലേക്ക് ആത്മവിശ്വാസത്തോടെ നമ്മുടെ നാടിനു നടന്നുപോകാനാവൂ. അതുകൊണ്ടുതന്നെ, സമഗ്ര ക്ഷേമത്തിനുവേണ്ടി ദാഹിക്കുന്ന കേരളം ആശയ, നിർവഹണതലങ്ങളിൽ സർക്കാർസംവിധാനങ്ങളുടെ പൂർണസമർപ്പണം എപ്പോഴും ആവശ്യപ്പെടുന്നു. അടിസ്‌ഥാനപ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടാൽ മാത്രമേ ജനജീവിതത്തിനു നിലവാരം കൈവരികയുള്ളൂ എന്ന തിരിച്ചറിവിൽനിന്നു പിറക്കുന്ന നവീന ആശയങ്ങൾക്കായി ഈ നാട് സദാ കാതോർക്കുന്നതിന്റെ കാരണവും ഇതുതന്നെ.

കേരളത്തെ മറ്റു സംസ്‌ഥാനങ്ങളിൽ നിന്നു വേർതിരിച്ചുനിർത്തുന്ന ദുഃഖകരമായ യാഥാർഥ്യങ്ങൾക്കും പിന്നാക്കാവസ്‌ഥയ്‌ക്കും ഇനിയെങ്കിലും അവസാനമുണ്ടാകേണ്ടതല്ലേ? മാലിന്യക്കൂമ്പാരവും ജലക്ഷാമവും മുതൽ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ നീറുന്ന പ്രശ്നങ്ങൾവരെ കേരളത്തെ അസ്വസ്ഥമാക്കുന്നുണ്ട്. സംസ്‌ഥാനത്തിന്റെ അടിസ്‌ഥാനസമ്പത്തും മനുഷ്യശേഷിയും കണക്കിലെടുത്തും ദൗർബല്യങ്ങളും വീഴ്‌ചകളും വിലയിരുത്തിയും സമഗ്രക്ഷേമപദ്ധതികൾ രൂപപ്പെടുത്തുകയാണ് ഇന്നത്തെ മുഖ്യവെല്ലുവിളി.

ജനങ്ങളുടെ സമഗ്ര പുരോഗതിക്കായി അഞ്ചു വർഷം കൊണ്ടു നാലു വൻകിട കർമപദ്ധതികൾ നടപ്പിലാക്കാനുള്ള മന്ത്രിസഭാ തീരുമാനം വലിയ പ്രതീക്ഷ തരുന്നത് ഈ സാഹചര്യത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതി, ജനസൗഹാർദ സർക്കാർ ആശുപത്രികൾ, സമഗ്രവിദ്യാഭ്യാസ നവീകരണം, ബഹുതല പ്രാധാന്യമുള്ള ഹരിതകേരളം പദ്ധതി എന്നിവയൊക്കെയും സാധാരണക്കാർക്കുവേണ്ടിയാണ് എന്നതുതന്നെയാണ് ഈ കർമപരിപാടിയുടെ പ്രഥമ പ്രാധാന്യം.

കേരളപ്പിറവിദിനത്തിലാണു പദ്ധതികൾക്കു തുടക്കം കുറിക്കുന്നത്. സംസ്ഥാനം അടിയന്തര പരിഹാരം കാണേണ്ട വിഷയങ്ങൾ എന്ന നിലയിൽ ദൗത്യ (മിഷൻ) മാതൃകയിലാണ് ഇവ നടപ്പാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എല്ലാ ഭൂരഹിത, ഭവനരഹിത കുടുംബങ്ങൾക്കും അഞ്ചുവർഷംകൊണ്ടു വീട്, തൊഴിൽ ചെയ്ത് ഉപജീവനം കഴിക്കാനുള്ള സംവിധാനം, സേവന ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കൽ എന്നിവയടങ്ങുന്ന സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയും മാലിന്യ സംസ്കരണം, ശുചിത്വം, കൃഷി വികസനം, ജലസംരക്ഷണം എന്നീ മേഖലകളിൽ ഊന്നൽ നൽകുന്ന ഹരിതകേരളവുമൊക്കെ യാഥാർഥ്യമായാൽ അതു കേരളത്തിനുണ്ടാക്കുന്ന ഉണർവ് കുറച്ചൊന്നുമാവില്ല.

ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെ അഭിസംബോധന ചെയ്തു പദ്ധതികൾ വിഭാവനം ചെയ്യുമ്പോൾ സർക്കാരിൽവന്നുചേരുന്ന ഉത്തരവാദിത്തവും വളരെ കൂടുതലാണ്. ഇപ്പോൾ പ്രഖ്യാപിച്ച പദ്ധതികളുടെ ആസൂത്രണതലത്തിൽ സർക്കാർസംവിധാനങ്ങൾ കാണിച്ച ശ്രദ്ധയാണു നിർവഹണത്തിലും ഉണ്ടാവേണ്ടത്. എത്രയോ പദ്ധതിപ്രഖ്യാപനങ്ങൾ പാഴായി മറയുന്നത് ദശാബ്ദങ്ങളായി കണ്ടുകൊണ്ടിരിക്കുന്ന കേരളത്തെ വീണ്ടും നിരാശപ്പെടുത്താതിരിക്കാനുള്ള ഇച്ഛാശക്തി സർക്കാരിൽനിന്നു ജനം പ്രതീക്ഷിക്കുന്നുമുണ്ട്.

ദീർഘകാലാടിസ്‌ഥാനത്തിൽ ജനകീയക്ഷേമത്തെക്കുറിച്ചു ചിന്തിക്കുന്ന സർക്കാരും ഭരണ– പ്രതിപക്ഷ രാഷ്‌ട്രീയ കക്ഷികളും ആസൂത്രണ, നിർവഹണ വൈഭവമുള്ള വിദഗ്‌ധരും ഉണ്ടാകുന്നതാണ് ഒരു നാടിന്റെ സൗഭാഗ്യം. പ്രഖ്യാപിക്കപ്പെട്ട പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാൻ കഴിയുന്നവിധം ഗൗരവപൂർണമായ സമീപനംകൂടിയുണ്ടായാൽ കേരളം കാലത്തിനൊത്തു കുതിക്കുമെന്നു തീർച്ച.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.