Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണൽത്തരിയിലും അഴിമതി

leader-sketch-sep-30

ഡാമിൽനിന്നു മണൽ ഖനനം ചെയ്ത് കുറഞ്ഞ വിലയ്ക്കു ബിപിഎൽ കുടുംബങ്ങൾക്കു നൽകും–കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തു കേരളത്തെയാകെ കോരിത്തരിപ്പിച്ച ഇൗ പ്രഖ്യാപനം മന്ത്രി തോമസ് ഐസക്കിന്റേതായിരുന്നു. ഡാമുകളുടെ ആഴം കൂട്ടി ജലസംഭരണശേഷി വർധിപ്പിക്കാം. കിട്ടാക്കനിയായ മണൽ തുച്ഛവിലയ്ക്കു ജനങ്ങൾക്കു നൽകാം. മന്ത്രിയുടെ ഉദ്ദേശ്യശുദ്ധിയെ ആരും ചോദ്യം ചെയ്യുന്നില്ല. പക്ഷേ, പ്രഖ്യാപനം പോലെ കാര്യങ്ങളൊന്നും നടന്നില്ലെന്നതു ചരിത്രം. 

മണൽ ഖനനം ചെയ്തു സംസ്കരിച്ചു വിൽക്കാൻ ചുമതലപ്പെടുത്തിയത് ഒരു പൊതുമേഖലാ സ്ഥാപനത്തെ – കേരള സ്റ്റേറ്റ് മിനറൽ ഡെവല്മെന്റ് കോർപറേഷൻ. അവർ മലമ്പുഴ, ചുള്ളിയാർ, വാളയാർ എന്നിവിടങ്ങളിൽനിന്നു മണലെടുത്തു. 2010 ഫെബ്രുവരി മുതൽ മേയ് വരെ മൂന്നു ലക്ഷം ക്യുബിക് മീറ്റർ മണൽ വാരിയെടുത്തു. ഇതിൽ 1.35 ലക്ഷം ക്യുബിക് മീറ്റർ മണൽ വിറ്റു. 1.65 ലക്ഷം ക്യുബിക് മീറ്റർ മണൽ ബാക്കി വന്നു.

ഖനനത്തിലും വിൽപനയിലും അഴിമതിയുണ്ടെന്ന ആരോപണം വന്നതോടെ വിജിലൻസ് അന്വേഷണമായി. ഖനനവും വിതരണവും അവതാളത്തിലായി. അന്വേഷണം കഴിഞ്ഞ് മണൽ അളന്നപ്പോൾ 58,000 ക്യുബിക് മീറ്റർ മാത്രം. 1.07 ലക്ഷം ക്യുബിക് മീറ്റർ മണൽ കാണാനില്ല. 6.42 കോടി രൂപയാണ് കോർപറേഷനും ജില്ലാ ഭരണകൂടങ്ങളുമൊക്കെ ചേർന്നുണ്ടാക്കിയ നഷ്ടം.

മാർക്കറ്റ് ഫെഡ് അഥവാ കേരള സ്റ്റേറ്റ് കോ–ഓപ്പറേറ്റിവ് മാർക്കറ്റിങ് ഫെഡറേഷൻ പ്രാഥമിക സഹകരണ ബാങ്കുകളുടെ അപക്സ് സ്ഥാപനമാണ്. സഹകരണ ബാങ്കുകൾ വഴി കാർഷികോൽപന്നങ്ങൾ സംഭരിക്കുകയും, കർഷകർക്ക് രാസവളം സബ്സിഡി നിരക്കിൽ വിതരണം ചെയ്യുകയുമാണു ലക്ഷ്യം. എന്നാൽ ഇവിടെ ഇപ്പോൾ നടക്കുന്നത് ഇതൊന്നുമല്ല.

തട്ടിപ്പിന് വളക്കൂറുള്ള മണ്ണ് !

ടണ്ണിന് ഉദ്ദേശം 28,000 രൂപയാണു യൂറിയയുടെ വില. 22,000 രൂപ സബ്സിഡി കഴിച്ച് ആറായിരം രൂപയ്ക്കാണു മാർക്കറ്റ് ഫെഡ് വഴി സർക്കാർ സഹകരണ ബാങ്കുകൾക്കും അതുവഴി കർഷകർക്കും വിതരണം ചെയ്യുന്നത്. തൃശൂർ ജില്ലയ്ക്കു നീക്കിവച്ച യൂറിയ പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികൾക്കു മറിച്ചുവിറ്റ് 2015-16ൽ മാത്രം ഒരു ഓഫിസറും സംഘവും നടത്തിയതു രണ്ടരക്കോടി രൂപയുടെ ഇടപാടാണ്.

കൂട്ടുനിന്നതു സഹകരണ മേഖലയിലെ വളം നിർമാണ കമ്പനിയായ ഇന്ത്യൻ ഫാർമേഴ്സ് ആൻഡ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിലെ ഉദ്യോഗസ്ഥനും. ഈ കമ്പനിയാണു മാർക്കറ്റ് ഫെഡിനു സബ്സിഡി നിരക്കിൽ വളം നൽകുന്നത്. ഈ വളം സഹകരണബാങ്കുകൾക്കു കൈമാറിയെന്നു രേഖയുണ്ടാക്കി നേരെ പ്ലൈവുഡ് കമ്പനികൾക്കു മറിച്ചുവിൽക്കുകയാണു ചെയ്തുകൊണ്ടിരുന്നത്.

തൃശൂരിലെ 38 ബാങ്കുകൾക്ക് 50-60 ടൺ വീതം വളം നൽകിയെന്നായിരുന്നു രേഖ. എന്നാൽ അന്വേഷണത്തിൽ നാലും അഞ്ചും ടൺ വീതം മാത്രമാണു ബാങ്കുകൾക്കു നൽകിയതെന്നു വ്യക്തമായി. സിബിഐ കേസെടുത്തതിന്റെ പേരിൽ ഒന്നരമാസത്തേക്കു ഫെഡറേഷന്റെ വളം ലൈസൻസ് കൃഷിവകുപ്പ് റദ്ദാക്കിയിരുന്നു.

എലിക്കു തിന്നാൻ കൊപ്ര; ചെയർമാനു വാടക

ഏഴുകോൺ മാർക്കറ്റിങ് സൊസൈറ്റിയുടെ പ്രതിനിധി എന്ന നിലയിലാണ് ഐഎൻടിയുസി നേതാവ് മാർക്കറ്റ് ഫെഡിന്റെ ചെയർമാനായത്. ആർബിട്രേഷൻ കേസിൽ കുടുങ്ങിക്കിടക്കുന്ന സംഘമാണിത്. ഇങ്ങനെയുള്ള സംഘങ്ങൾക്കു മാനദണ്ഡപ്രകാരം മാർക്കറ്റ് ഫെഡിൽ അംഗത്വം നൽകാൻ പാടില്ലെന്നിരിക്കെയാണ് ഇതിന്റെ പ്രതിനിധി ചെയർമാനായത്. ഈ സൊസൈറ്റിയുടെ അടഞ്ഞുകിടക്കുന്ന ഗോഡൗൺ തുറക്കാനും വാടക ലഭിക്കാനുമായി ചെയർമാന്റെ കണ്ണുടക്കിയതു മാർക്കറ്റ് ഫെഡിന്റെ കൊപ്രയിലാണ്.

കൊപ്ര സൂക്ഷിക്കാനായി ഈ ഗോഡൗൺ 19,000 രൂപ മാസവാടകയ്ക്കു മാർക്കറ്റ് ഫെഡിനെക്കൊണ്ട് എടുപ്പിച്ചു. ഇതുൾപ്പെടെ നാലു ജില്ലകളിലെ ഗോഡൗണുകളിലായി 1200 ടൺ കൊപ്രയാണു മാസങ്ങളോളം സൂക്ഷിച്ച് ഒടുവിൽ വിൽക്കാതെ പോയത്. കുറെ എലി തിന്നുപോയെന്നും പറയുന്നു. മാർക്കറ്റ് ഫെഡിനു നഷ്ടമുണ്ടായെങ്കിലെന്താ, ചെയർമാന്റെ ഗോഡൗണിനു പതിനായിരങ്ങൾ വാടക കിട്ടി.

ലാഭം വിദൂരമായ ഒരോർമ മാത്രം !

പ്രവർത്തനമാരംഭിച്ച് നാലു പതിറ്റാണ്ടു പിന്നിട്ടിട്ടും ഒരേയൊരു വർഷം (1986ൽ) മാത്രം ലാഭം രേഖപ്പെടുത്തിയ ചരിത്രമാണു കോഴിക്കോട് കൊളത്തറയിലെ സ്റ്റീൽ കോംപ്ലക്സിനുള്ളത്. പ്രവർത്തനം നിലച്ചിട്ടും സ്റ്റീൽ കോംപ്ലക്സിനു പ്രതിമാസം ഒന്നരക്കോടി രൂപയുടെ ചെലവുണ്ട്; തൊഴിലാളികൾക്കു കൂലി കൊടുക്കാനും വായ്പ തിരിച്ചടയ്ക്കാനും വൈദ്യുതി ബില്ലടയ്ക്കാനുമായി. ഇത്രയും പണം സർക്കാർ ഖജനാവിൽനിന്നു വാങ്ങി ചെലവഴിക്കുന്ന നിലയിലേക്കാണ് ഈ സ്ഥാപനം ഇന്നു വളർന്നിരിക്കുന്നത്.

സ്വകാര്യമേഖലയിൽനിന്നു സർക്കാർ മേഖലയിലേക്കു വളർന്ന് സ്റ്റീൽ ബില്ലറ്റ് മാത്രം നിർമിച്ചുവന്ന സ്റ്റീൽ കോംപ്ലക്സ് 2008ലാണ് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേർന്നു സംയുക്തസംരംഭമായി മാറുന്നത്. ഇതോടെ മുഖംമാറി സെയിൽ–എസ്‌സിഎൽ കേരള ലിമിറ്റഡ് എന്നായി. 65 കോടി രൂപ ചെലവിൽ റോളിങ് മിൽ സ്ഥാപിക്കാൻ തീരുമാനിച്ചതോടെ സ്റ്റീൽ കോംപ്ലക്സിന്റെ ദോഷമെല്ലാം മാറുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ അതു നഷ്ടത്തിന്റെ പുതിയൊരു അക്കൗണ്ട് തുറക്കലായിരുന്നു.

45.33 കോടി രൂപ ബാങ്ക് വായ്പയും, 19.42 കോടി രൂപ സംസ്ഥാന സർക്കാർ ധനസഹായവും ചേർത്തു സ്ഥാപിച്ച റോളിങ് മില്ലിൽ 2016 ജനുവരിയിൽ ഉൽപാദനമാരംഭിച്ചു. എന്നാൽ പ്രതീക്ഷകളും ലക്ഷ്യങ്ങളുമൊന്നും ഫലപ്രാപ്തിയിലെത്തിയില്ല. ഓഗസ്റ്റ് രണ്ടാംവാരത്തിൽ ഉൽപാദനം നിർത്തി. വായ്പയുടെ പേരിൽ ബാങ്കിലേക്കു പ്രതിമാസം തിരിച്ചടയ്ക്കേണ്ടത് 85 ലക്ഷം രൂപയാണ്. നാലു മാസമായി ഈ തുക അടയ്ക്കുന്നില്ല. ഉൽപാദനം നടക്കാത്ത സ്ഥാപനത്തിൽനിന്ന് എന്തെടുത്ത് അടയ്ക്കാൻ? തൊഴിലാളികൾക്കു ശമ്പളം, വൈദ്യുതിബിൽ, ബാങ്ക് പലിശ എന്നീയിനങ്ങളിലായി പ്രതിമാസം 1.50 കോടിയോളം രൂപയാണു ചെലവ്. 

ഒന്നായ നിന്നെയിഹ...

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് റബർ മാർക്കറ്റിങ് ഫെഡറേഷൻ എന്ന റബർ മാർക്കും മാർക്കറ്റ് ഫെഡും തമ്മിൽ പേരിലൊഴികെ വലിയ വ്യത്യാസങ്ങളില്ല. രണ്ടും ഒരു കിലോമീറ്ററിനുള്ളിൽ സ്ഥിതിചെയ്യുന്ന സ്ഥാപനങ്ങൾ. രണ്ടിടത്തും നടക്കുന്നതു സഹകരണ ബാങ്കുകൾക്കുള്ള രാസവള വിതരണം. അതും ഒരേ കമ്പനി മുഖേന സർക്കാർ സബ്സിഡിയോടെ. ചെറിയൊരു വ്യത്യാസമുള്ളത്, മാർക്കറ്റ് ഫെഡ് സർക്കാർ പദ്ധതി അനുസരിച്ചു കൊപ്ര സംഭരിക്കുമ്പോൾ, റബർ മാർക്ക് ഇതേരീതിയിൽ റബർ സംഭരിക്കുമെന്നതു മാത്രം.

രണ്ടിടത്തും ചെയർമാൻ സ്ഥാനത്തേക്കും ഭരണസമിതിയിലേക്കും രാഷ്ട്രീയ നിയമനം. ഇരു സ്ഥാപനങ്ങളും വെള്ളാനകൾ. കർഷകർക്കു ലാഭമുണ്ടാക്കിക്കൊടുക്കാനെന്ന പേരിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന മാർക്കറ്റ് ഫെഡിന്റെ സഞ്ചിത നഷ്ടം 138 കോടി രൂപയാണ്. രാഷ്ട്രീയക്കാരും അവരുടെ താളത്തിനു തുള്ളുന്ന എംഡിമാരും കൂടി ഭരിച്ചതിന്റെ ബാക്കിപത്രം.

റിയൽ എസ്റ്റേറ്റിലും ഒരുകൈ

കഴിഞ്ഞമാസം ചെറുകിട വ്യവസായ അസോസിയേഷന്റെ ചടങ്ങിൽ പങ്കെടുത്തു മന്ത്രി ഇ.പി.ജയരാജൻ പ്രസ്താവിച്ചത് ഇനി വ്യവസായവകുപ്പ് ഓരോ ജില്ലയിലും പരമാവധി സ്ഥലം വാങ്ങിക്കൂട്ടുമെന്നാണ്. വ്യവസായപുരോഗതിക്കും മറ്റും ഇതാവശ്യമാണെന്നും ഭാവിയിലെ ആവശ്യംകൂടി കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ സ്ഥലം കിട്ടാനില്ലെന്നിരിക്കെ തീരുമാനത്തെ എതിർക്കേണ്ടതില്ല.
എന്നാൽ, വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾക്കായി പതിറ്റാണ്ടുകൾക്കു മുൻപ് വാങ്ങിവച്ചിരുന്ന സ്ഥലം കഴിഞ്ഞ ഇടതുഭരണകാലത്ത് എന്തിനാണു വിറ്റഴിച്ചത്? ടെക്സ്റ്റൈൽ കോർപറേഷൻ ഉദുമയിൽ വാങ്ങിയ അഞ്ചേക്കർ, സ്റ്റീൽ കോംപ്ലക്സിനു വേണ്ടി വെണ്ണിയൂരിൽ വാങ്ങിയ സ്ഥലം, കേരള സോപ്സിന്റെ ഉടമസ്ഥതയിൽ എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തെ സ്ഥലം എന്നിവ എളമരം കരീം വ്യവസായമന്ത്രിയായ കാലത്തു വിൽപന നടത്തിയവയാണ്.

പുതിയ തീരുമാനപ്രകാരം ഇനി സ്ഥലം വാങ്ങാൻ പോയാൽ എത്രയിരട്ടി പണം നൽകേണ്ടിവരും? ഇത് ദീർഘവീക്ഷണമില്ലായ്മയാണോ അതോ എന്തെങ്കിലും മുന്നിൽ കണ്ടിട്ടാണോ?

പൊതുമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്തുകൊണ്ടാണ് നഷ്ടം മാത്രം ഉത്പാദിപ്പിക്കുന്നത്? അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും മാത്രമാണോ കാരണം. കൃഷി, വ്യവസായ വകുപ്പുകളുടെ കീഴിൽ പ്രവർത്തിക്കുന്ന അനുബന്ധ സ്ഥാപനങ്ങളുടെ എണ്ണമെടുത്താൽ മാത്രം മതി. തലതിരിഞ്ഞ ആസൂത്രണത്തിന്റെ വികൃതമുഖം മനസ്സിലാക്കാൻ. ഒരേകാര്യത്തിനു പല ഏജൻസികളെ ചുമതലപ്പെടുത്തി പണം പാഴാക്കാൻ കേരളത്തിൽ ഇന്നു മൽസരമാണ്. 

അതേപ്പറ്റി നാളെ: വല വീശി കാത്തിരിക്കുന്നവർ

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.