Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനുഷ്യസ്നേഹത്തിന്റെ വിശുദ്ധ പ്രതീകം

അനുപമമായ മനുഷ്യസ്നേഹത്തിന്റെയും അളവില്ലാത്ത കരുണയുടെയും മാതൃകയായി സ്വന്തം ജീവിതം അഗതികൾക്കും അനാഥർക്കുമായി വിട്ടുനൽകിയ മദർ തെരേസയെ കത്തോലിക്കാ സഭ നാളെ വിശുദ്ധരുടെ ഗണത്തിലേക്കുയർത്തുകയാണ്. സകലരാലും ഉപേക്ഷിക്കപ്പെട്ട്, ജീവിതത്തിന്റെ പുറമ്പോക്കിലേക്കു വലിച്ചെറിയപ്പെട്ട അനേകർക്കു മദർ തെരേസ അമ്മയായി; നിത്യരോഗികൾക്കു മുന്നിൽ സാന്ത്വനത്തിന്റെ മാലാഖയായി; ദരിദ്രരിൽ ദരിദ്രരായവർക്കു ദൈവത്തിന്റെ പ്രതിരൂപമായി.

അഗതികളുടെ അമ്മയെ നാളെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോൾ ആ സുമുഹൂർത്തം ഭാരതത്തിന് അഭിമാനവേള കൂടിയാവുകയാണ്. അൽഫോൻസാമ്മയ്ക്കും ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനും എവുപ്രാസ്യമ്മയ്ക്കും ശേഷം ഭാരത കത്തോലിക്കാസഭയിൽനിന്ന് വിശുദ്ധപദവിയിലെത്തുകയാണു മദർ തെരേസ.

അസാധാരണവും ത്യാഗനിർഭരവുമായിരുന്നു മദറിന്റെ ജീവിതം. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ലോകം മദറിന്റെ ജീവിതവിശുദ്ധിയുടെ സുഗന്ധമറിഞ്ഞു. അൽബേനിയൻ ദമ്പതികളുടെ മകളായി മാസിഡോണിയയിൽ ജനിച്ച ആഗ്നസ് ബൊജക്സ്യു, തെരേസയെന്നു പേരു സ്വീകരിച്ചു കന്യാസ്ത്രീയായതും കൊൽക്കത്തയിൽ അധ്യാപികയായി എത്തിയതുമെല്ലാം ദൈവനിയോഗമായിരുന്നുവെന്നു പറയണം. തെരുവിൽ ഉപേക്ഷിക്കപ്പെട്ട അനാഥ വാർധക്യങ്ങൾക്കും മാലിന്യക്കുപ്പയിലേക്കു വലിച്ചെറിയപ്പെട്ട കുഞ്ഞുങ്ങൾക്കും അവർ മാതൃത്വത്തിന്റെ മധുരം പകർന്നു; സകലരും അറപ്പോടെ മാറ്റിനിർത്തിയ കുഷ്ഠരോഗികളെ കെട്ടിപ്പുണർന്നു; അവരുടെ മുറിവുകൾ വച്ചുകെട്ടി ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്നു.

മദർ തെരേസയുടെ മഹത്വത്തെ ആദ്യം കൊൽക്കത്ത തിരിച്ചറിഞ്ഞു. വൈകാതെ ഇന്ത്യ മുഴുവനും പിന്നീടു ലോകമൊട്ടാകെയും ആ മഹത്വം വ്യാപിച്ചു. 1948ൽ ഇന്ത്യൻ പൗരത്വം ലഭിച്ച് ഈ രാജ്യക്കാരിയായി. സമാധാനത്തിനുള്ള നൊബേൽ പുരസ്കാരമടക്കം ഒട്ടേറെ അംഗീകാരങ്ങൾ മദറിനെ തേടിയെത്തി. 1997ൽ മദർ തെരേസ വിടപറയുമ്പോഴേക്കും അവർ രൂപം നൽകിയ മിഷനറീസ് ഓഫ് ചാരിറ്റി (ഉപവിയുടെ സഹോദരിമാർ) എന്ന സന്യാസസമൂഹം ലോകം മുഴുവൻ പടർന്നു പന്തലിച്ചു കഴിഞ്ഞിരുന്നു.

വിശുദ്ധ പദവിയിലേക്കുള്ള നടപടിക്രമങ്ങൾ കത്തോലിക്കാ സഭയിൽ ദൈർഘ്യമേറിയതാണ്. എന്നാൽ, ദിവംഗതയായി പത്തൊൻപതു വർഷങ്ങൾക്കുള്ളിൽതന്നെ മദർ തെരേസയെ വിശുദ്ധയെന്നു പേരുവിളിക്കുന്നതു പോലും ആ മഹതിയുടെ പുണ്യജീവിതത്തിനുള്ള ആഗോള അംഗീകാരമാകുന്നു. തേജോമയമായ ആ ജീവിതത്തിന്റെ വെളിച്ചം കത്തോലിക്കാ സഭയ്ക്കു മാത്രമല്ല, ലോകത്തിനു മുഴുവൻ ഇന്നു മാർഗദീപമാണ്. മദറിന്റെ സ്നേഹത്തിനും കാരുണ്യത്തിനും ജാതിയുടെയോ മതത്തിന്റെയോ വേർതിരിവുകളില്ലായിരുന്നു. മനുഷ്യൻ എന്ന ഒറ്റജാതിയുടെ സങ്കടങ്ങളും വേദനകളും വിശപ്പുമാണ് മദർ കണ്ടത്. ‘ദൈവത്തിന്റെ കയ്യിൽ സ്നേഹവചനം എഴുതുന്ന കുഞ്ഞുപെൻസിലാണു ഞാൻ’ എന്ന് മദർ എപ്പോഴും പറഞ്ഞു. ഒരു ആയുഷ്കാലംകൊണ്ട് ആ പെൻസിലിന് എഴുതാൻ കഴിഞ്ഞതത്രയും നന്മയുടെ വലിയ പാഠങ്ങളായി ലോകത്തിനു മുന്നിലുണ്ട്.

മനുഷ്യസ്നേഹവും സേവനവും ജീവിതമാർഗമാക്കി ലോകം മുഴുവൻ സഞ്ചരിച്ച മദർ, അതിനിടെ പലവട്ടം കേരളത്തിലുമെത്തിയിട്ടുണ്ട്. ഈ യാത്രകൾക്കിടയിൽ, 1974ൽ മദറിന്റെ പുണ്യസാന്നിധ്യം മലയാള മനോരമയെയും അനുഗ്രഹിച്ചിട്ടുണ്ടെന്ന ഓർമ ഞങ്ങൾക്ക് അഭിമാനവും പ്രചോദനവുമാണ്. നമ്മുടെ കാലത്തു നമ്മിലൊരാളായി ജീവിച്ചു മരിച്ച മദർ തെരേസ നാളെ മുതൽ കത്തോലിക്കാ സഭയിൽ അൾത്താര വണക്കത്തിനും മാധ്യസ്ഥത്തിനും യോഗ്യയായിത്തീരുകയാണ്. സഹജീവി സ്നേഹത്തിന്റെ പര്യായപദമായി മനുഷ്യജീവിതത്തിന്റെ നിഘണ്ടുവിലെഴുതപ്പെട്ട മദർ തെരേസ എന്ന പേര് എല്ലാക്കാലത്തും തലമുറകൾക്കു പ്രചോദനദീപമായി പ്രകാശിക്കട്ടെ.

Your Rating: