Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടതിവാർത്തകൾ‍ മൂടിവയ്ക്കാനുള്ളതല്ല

നിയമസഭയിലും കോടതിയിലുമൊക്കെ നടക്കുന്നതെന്താണെന്നറിയാൻ ജനത്തിനു തീർച്ചയായും അവകാശമുണ്ട്. അത് അവരിലെത്തിക്കാനുള്ള ഉത്തരവാദിത്തം മാധ്യമങ്ങൾക്കുമുണ്ട്. അതുകൊണ്ടുതന്നെ, ഹൈക്കോടതിയിൽ മാധ്യമപ്രവർത്തകർക്കുള്ള തടസ്സം തുടരുന്നതു ജനാവകാശത്തിനുനേരെയുള്ള വെല്ലുവിളിതന്നെയാകുന്നു. വാർത്ത അറിയിക്കേണ്ട ധർമത്തിൽനിന്നു മാധ്യമങ്ങളെയും വാർത്ത അറിയാനുള്ള അവകാശത്തിൽനിന്നു ജനങ്ങളെയും മാറ്റിനിർത്താൻ ആർക്കും അവകാശമില്ലതന്നെ.

ചിലരുടെ വാശികൊണ്ട് കോടതിയിൽനിന്നു രണ്ടരമാസത്തോളം അകറ്റിനിർത്തപ്പെട്ട മാധ്യമപ്രവർത്തകർ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വീണ്ടും റിപ്പോർട്ടിങ് ജോലിക്കായി എത്തിയപ്പോൾ അവരെ തടഞ്ഞതും ഭീഷണി മുഴക്കിയതും അങ്ങേയറ്റം അപലപനീയമാണ്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹൻ എം. ശാന്തന ഗൗഡറുടെ അധ്യക്ഷതയിൽ രണ്ടാമത്തെ അനുരഞ്ജനയോഗത്തിൽ  ധാരണയുണ്ടായതിന്റെ പിറ്റേന്നായിരുന്നു ഈ നിർഭാഗ്യനടപടി എന്നത് ഇക്കാര്യത്തെ കൂടുതൽ ഗൗരവമുള്ളതാക്കുന്നു.  മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആ യോഗത്തിൽ ആവശ്യമുയർന്നപ്പോൾ അധികൃതർ അത് ഉറപ്പുനൽകിയിരുന്നതും അഭിഭാഷകരുടെ സഹകരണം ഉറപ്പാക്കിയതുമാണ്. ഈ ഉറപ്പിന്റെ ബലത്തിൽ ചീഫ് ജസ്റ്റിസിന്റെ കോടതിയിലെത്തിയ മാധ്യമപ്രവർത്തകർക്കാണു റിപ്പോർട്ട് ചെയ്യാനാകാതെ  പൊലീസ് സംരക്ഷണത്തിൽ മടങ്ങേണ്ട ദുരവസ്ഥയുണ്ടായത്.

വ്യാഴാഴ്ച പത്രാധിപന്മാരുടെയും അഭിഭാഷകരുടെയും പത്രപ്രവർത്തക യൂണിയന്റെയും പ്രതിനിധികളുടെ യോഗത്തിൽ ഉണ്ടാക്കിയ ധാരണ തെറ്റിച്ച ചില അഭിഭാഷകർക്കു നീതിയേയും ന്യായത്തേയും പറ്റി പറയാൻ എന്ത് അവകാശമാണുള്ളത്? അഭിഭാഷക അസോസിയേഷന്റെ പ്രതിനിധിയായി പങ്കെടുത്ത മുതിർന്ന അഭിഭാഷകൻ എം.കെ. ദാമോദരന്റെ ഉറപ്പനുസരിച്ചാണു മാധ്യമ പ്രവർത്തകർക്കു കോടതിയിൽ വരാൻ ചീഫ് ജസ്റ്റിസ് അനുവാദം നൽകിയതെന്നും ഇതുപ്രകാരം എത്തിയവരെയാണ് അഭിഭാഷകർ വീണ്ടും തടഞ്ഞതെന്നും പറഞ്ഞ കേരള പത്രപ്രവർത്തക യൂണിയൻ, ചീഫ് ജസ്റ്റിസിന്റെ നിർദേശം അഭിഭാഷകർ അംഗീകരിക്കുന്നില്ലെന്ന് ഇതോടെ വ്യക്തമായെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. കോടതിയിൽ ആർക്കും ആരെയും പേടിക്കാതെ എത്താമെന്ന് ഉറപ്പാക്കാൻ ചീഫ് ജസ്റ്റിസിനു സാധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെടണമെന്നും യൂണിയൻ ആവശ്യപ്പെടുകയും ചെയ്തു.

ഹൈക്കോടതി അഭിഭാഷകനായ ധനേഷ് മാത്യു മാഞ്ഞൂരാൻ പൊതുവഴിയിൽ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പൊലീസ് കേസുമായി ബന്ധപ്പെട്ട റിപ്പോർട്ടിനെച്ചൊല്ലിയാണു ചില അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിൽ കഴിഞ്ഞ ജൂലൈ 19നു പ്രശ്നങ്ങളുണ്ടായതും പ്രതിസന്ധി ഉടലെടുത്തതും. അനിഷ്ടസംഭവങ്ങളെത്തുടർന്നുണ്ടായ അനുരഞ്ജനയോഗങ്ങളെക്കൂടി നിഷ്ഫലമാക്കുന്നതായി ഇപ്പോൾ ചില അഭിഭാഷകരുടെ ഭാഗത്തുനിന്നുണ്ടായ അമാന്യ നടപടികൾ. പ്രശ്നങ്ങളുടെ കനൽ കെടാനുള്ള സമയം ഇക്കഴിഞ്ഞ രണ്ടര മാസംകൊണ്ട് ഉണ്ടായിരുന്നെങ്കിലും അതല്ല സംഭവിച്ചതെന്നു വെള്ളിയാഴ്ച ഹൈക്കോടതിയിലുണ്ടായ അനിഷ്ടസംഭവങ്ങൾ വ്യക്തമാക്കുന്നു. സത്യത്തിന്റെയും നീതിയുടെയും കൃത്യമായ മൂല്യമറിയാവുന്ന വലിയ അഭിഭാഷക സമൂഹത്തിലെ ന്യൂനപക്ഷം മാത്രമാണു പ്രശ്നങ്ങളുണ്ടാക്കുന്നത് എന്നത് ഇതോടുചേർത്തോർമിക്കുകയും വേണം.

നീതിന്യായ നിർവഹണ നടപടികൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകരെ അനുവദിക്കേണ്ടതു ജനാധിപത്യ വ്യവസ്ഥയിൽ സുപ്രധാനമാണെന്ന് ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐപിഐ) ഹൈക്കോടതി ചീഫ് ജസ്റ്റിസിനയച്ച കത്തിൽ വ്യക്തമാക്കുകയുണ്ടായി. സ്വതന്ത്രമായ നീതിന്യായ സംവിധാനവും സ്വതന്ത്രമായ മാധ്യമരംഗവും ജനാധിപത്യ വ്യവസ്ഥയുടെ ഏറ്റവും പ്രധാനമായ രണ്ടു ഘടകങ്ങളാണ്; ഇവ രണ്ടും അഭംഗുരം സംരക്ഷിക്കപ്പെടേണ്ടതുമാണ്. ഇതു നിഷേധിക്കപ്പെടുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാകുന്നു. കേരളത്തിൽ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാൻ പത്രലേഖകർക്കു നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ ആഗോള പത്രസംഘടനയായ വേൾഡ് അസോസിയേഷൻ ഓഫ് ന്യൂസ്പേപ്പേഴ്സ് ആൻഡ് ന്യൂസ് പബ്ലിഷേഴ്സും (വാൻ–ഇഫ്ര) ഉത്കണ്ഠ പ്രകടിപ്പിക്കുകയുണ്ടായി.  ഇതിനിടെ, സംസ്ഥാനത്തെ കോടതി പരിസരങ്ങളിൽ റിപ്പോർട്ടിങ്ങിനും വിവര ശേഖരണത്തിനുമായി മാധ്യമങ്ങൾ പ്രവേശിക്കുന്നതിനു വിലക്ക് ഇല്ലെന്നു ഹൈക്കോടതി റജിസ്ട്രാർ ജനറൽ രണ്ടു തവണ അറിയിച്ചെങ്കിലും അതല്ല സംഭവിച്ചത്.

സത്യത്തിന്റെ കാവലാൾ എന്ന വിശേഷണം ഒപ്പമുള്ള നീതിപീഠവും മാധ്യമവും എക്കാലവും പരസ്പരപൂരകമായി സഹയാത്ര ചെയ്യേണ്ടവരാകുന്നു. അതിനുപകരം, അന്യോന്യമുള്ള അകലം വർധിപ്പിക്കാൻ ചില കേന്ദ്രങ്ങളിൽനിന്നുണ്ടാവുന്ന ശ്രമം ചോദ്യം ചെയ്യപ്പെടേണ്ടതും ചെറുത്തുതോൽപിക്കേണ്ടതുമാണ്. ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും കാത്തുസൂക്ഷിക്കുന്ന മാധ്യമങ്ങൾക്കു പൂർണസംരക്ഷണവും പ്രവർത്തനസ്വാതന്ത്ര്യവും ഉറപ്പാക്കിയേതീരൂ. കോടതിയിൽനിന്നു മാധ്യമങ്ങളെ മാറ്റിനിർത്തുമ്പോൾ സമൂഹത്തെത്തന്നെയാണു നീക്കിനിർത്തുന്നതെന്ന ബോധ്യത്തോടെ ചിന്താശേഷിയും വിവേചനബുദ്ധിയുമുള്ള കേരളീയസമൂഹംതന്നെയാണ് ഇതിനായി മുന്നിട്ടിറങ്ങേണ്ടത്. ഫലപ്രദമായ ഇടപെടലുകളിലൂടെ ജൂലൈ 19നു മുൻപുള്ള സ്ഥിതി പുനഃസ്ഥാപിക്കണമെന്നാണു കേരളത്തിന്റെ ആവശ്യം. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.