Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാശു ചോർത്താൻ അനുവദിക്കരുത്

സർക്കാർ സേവനങ്ങൾ ഏറ്റവും ഫലപ്രദമായി ജനങ്ങളിലെത്തിക്കുന്നതിനും കൃഷി, വ്യവസായം, സേവനം തുടങ്ങിയ മേഖലകളിൽ മെച്ചപ്പെട്ട നേട്ടം കൈവരിക്കുന്നതിനുമാണു സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത്. എന്നാൽ ഇന്ന്, നമ്മുടെ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെയും ബോർഡുകളെയും കോർപറേഷനുകളെയും വിലയിരുത്തിയാൽ  മിക്കയിടത്തുനിന്നുമുണ്ടാകുന്ന പ്രധാന ‘ഉൽപന്ന’ങ്ങൾ അഴിമതിയും നഷ്ടക്കണക്കുകളും കെടുകാര്യസ്ഥതയും ആണെന്നു കാണാം.

പൊതുമേഖലയിൽ കോർപറേഷനുകളും ബോർഡുകളുമടക്കം സംസ്ഥാനത്തു ഇരുനൂറിലേറെയുള്ള ഇത്തരം സ്ഥാപനങ്ങളെ അടുത്തുനിന്നു വിലയിരുത്തുന്നതായിരുന്നു മലയാള മനോരമ പ്രസിദ്ധീകരിച്ച ‘കാശു ചോർത്താൻ, കീശ വീർക്കാൻ’ എന്ന പരമ്പര. രാഷ്ട്രീയക്കാരുടെ പുനരധിവാസത്തിനും പിണിയാളുകൾക്ക് ഇഷ്ടദാനത്തിനുമുള്ള ഈ കേന്ദ്രങ്ങൾകൊണ്ടു പൊതുസമൂഹത്തിന് എന്തു ഗുണം എന്ന ചോദ്യത്തിന് ഉത്തരംതേടി നടത്തിയ അന്വേഷണത്തിൽ വ്യക്തമായതു കേരളത്തെ അസ്വസ്ഥമാക്കേണ്ട കുറെ യാഥാർഥ്യങ്ങളാണ്. കശുവണ്ടി വികസന കോർപറേഷന്റെ കാര്യംതന്നെ ഏറ്റവും വലിയ ഉദാഹരണം. അഴിമതിയുടെ ഞെട്ടിക്കുന്ന കണക്കുകളാണ് അവിടെനിന്ന് ഓരോ സർക്കാരിന്റെ കാലത്തും പുറത്തുവരുന്നത്. ഒടുവിൽ, സിബിഐ അന്വേഷണം വരെ എത്തിനിൽക്കുന്നു കാര്യങ്ങൾ. കൺസ്യൂമർഫെഡും അഴിമതിയുടെ കൂത്തരങ്ങായി മാറി.

പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രമല്ല, വിവിധ കമ്മിഷനുകൾ, ഫെഡറേഷനുകൾ, അതോറിറ്റികൾ തുടങ്ങി ജനങ്ങൾക്കു ക്ഷേമവും നീതിയും ഉറപ്പാക്കാൻ കൊണ്ടുവന്ന മിക്ക സമിതികളിൽനിന്നും ഏറ്റവും ഗുണമുണ്ടാകുന്നതു ചില രാഷ്ട്രീയക്കാർക്കുതന്നെയാണെന്നു പറയാം. സർക്കാരിന്റെ കാര്യക്ഷമ പ്രവർത്തനത്തിനു നിർദേശങ്ങൾ സമർപ്പിക്കാൻ രൂപീകരിച്ച ഭരണപരിഷ്കാര കമ്മിഷന്റെതന്നെ ഒരുമാസത്തെ ചെലവു രണ്ടുകോടിയിലേറെ വരുമെന്നാണു സ്പീക്കർക്ക് ഒരു നിയമസഭാ സാമാജികൻ നൽകിയ പരാതിയിൽ ആരോപിക്കുന്നത്.

വികസനത്തിനു വേഗംകൂട്ടാൻ അതതു മേഖലയിൽ പൊതുമേഖലാ സ്ഥാപനങ്ങളും വികസന ബോർഡുകളും ആവശ്യംതന്നെയാണെന്നു വാദിച്ചേക്കാം. എന്നാൽ, ഒരു മേഖലയിൽത്തന്നെ ഒരുപാടു ബോർഡുകളുടെയും സമിതികളുടെയും ഒക്കെ ആവശ്യമുണ്ടോ? എല്ലാവരും ചെയ്യുന്നതാകട്ടെ ഒരേ പ്രവൃത്തിയും. സർക്കാർ നൽകുന്ന സബ്സിഡി ഇടനിലക്കാർക്കു തട്ടിയെടുക്കാൻ കഴിയാത്തവിധം ഫലപ്രദമായി ജനങ്ങളിലെത്തിക്കുന്നതിനാണു ചില ഏജൻസികൾ പ്രവർത്തിക്കുന്നത്. എന്നാൽ, ആരുടെയും സഹായമില്ലാതെ സബ്സിഡി തുക ജനങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ എത്തിക്കുന്നതരത്തിൽ സാങ്കേതിക വിദ്യ പുരോഗമിച്ച കാലമാണിതെന്നു സൗകര്യപൂർവം നാം മറക്കുകയും ചെയ്യുന്നു. ഒരേകാര്യത്തിനു പല സർക്കാർ സ്ഥാപനങ്ങൾ രംഗത്തെത്തുമ്പോൾ എങ്ങനെ ഒരു വലിയ സ്വപ്നംതന്നെ തടസ്സപ്പെടുന്നു എന്നതിന്റെ ഉദാഹരണമായി നീരയുടെ കാര്യം പരമ്പരയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

മാറ്റത്തിനൊത്തു മാറാൻ ഭരണരംഗത്തും പരിഷ്കാരങ്ങൾ ആവശ്യമാണ്. ഒരേമേഖലയിൽ ഒരേലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരുഡസൻ സ്ഥാപനങ്ങളെയെങ്കിലും ഒറ്റസ്ഥാപനമാക്കി മാറ്റിയാൽത്തന്നെ സർക്കാരിനു പ്രതിമാസം ലാഭിക്കാനാകുന്നതു കോടികളാണ്. ക്ഷേമനിധി ബോർഡുകൾതന്നെ പല തൊഴിൽരംഗങ്ങൾക്കും വെവ്വേറെയുണ്ട്. ഒരേഗണത്തിൽപെടുന്ന തൊഴിലാളികൾക്കായി ഒറ്റക്ഷേമനിധി ബോർഡ് എന്ന ആശയം നടപ്പാക്കാൻ വലിയ ബുദ്ധിമുട്ടുമുണ്ടാകില്ല. ഇതിനകം പ്രസക്തി നഷ്ടപ്പെട്ട പൊതുമേഖല സ്ഥാപനങ്ങൾക്കു ദയാവധം നൽകുകയോ മറ്റുള്ളതുമായി ലയിപ്പിക്കുകയോ വേണമെന്നതും ആലോചിക്കേണ്ട കാര്യം.

ഓരോ സർക്കാർ വരുമ്പോഴും ബോർഡുകളിലെയും കോർപറേഷനുകളിലെയും ചെയർമാൻ‌മാരെയും അംഗങ്ങളെയും നിർണയിക്കുന്നതു കൂടുതൽ സങ്കീർണമായി മാറുകയാണ്. ഇത്തരം സ്ഥാനങ്ങളിൽ രാഷ്ട്രീയക്കാരെ നിയമിക്കേണ്ടിവരുന്നതു  മനസ്സിലാക്കാം. പക്ഷേ, അങ്ങനെ നിയമിക്കപ്പെടുന്നവർ ആ സ്ഥാപനത്തിന്റെ  ലക്ഷ്യങ്ങൾക്കൊപ്പം നിൽക്കാൻ യോഗ്യരും അനുയോജ്യരുമാണോ എന്നു നോക്കാൻ സർക്കാരുകൾ മനസ്സുകാട്ടിയിരുന്നെങ്കിൽ നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ജാതകംതന്നെ മാറിയേനെ. ടെക്നോക്രാറ്റുകൾ നേതൃത്വത്തിൽ വരേണ്ട സ്ഥാപനങ്ങളിൽ രാഷ്ട്രീയക്കാരെ നിയമിക്കുന്നത് ആ സ്ഥാപനങ്ങളെ തകർക്കുന്നതിനു തുല്യമാണെന്നതും മറന്നുകൂടാ. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.