Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടിക്കുന്ന നായ്ക്ക് തർക്കം തടയാവില്ല

ആർക്കറിയാം, നിങ്ങൾ ഈ മുഖപ്രസംഗം വായിക്കുന്ന നേരത്തുപോലും കേരളത്തിലെവിടെയെങ്കിലും ചോരകൊതിച്ചൊരു തെരുവുനായ് ഒരു പിഞ്ചുകുഞ്ഞിനെയോ വഴിയാത്രക്കാരനെയോ വളർത്തുമൃഗത്തെയോ ആക്രമിക്കുകയായിരിക്കും. പക്ഷേ, ഈ സംസ്ഥാനം അഭിമുഖീകരിക്കുന്ന ഏറ്റവും കൊടിയ വിപത്തിനു മുന്നിൽ ഇപ്പോഴും നാം ആലോചിച്ചുനിൽക്കുന്നു: വളർത്തണോ, കൊല്ലണോ?

തെരുവുനായ് പ്രശ്‌നത്തിനു പരിഹാരം അവയെ കൊല്ലുകയാണെന്ന അഭിപ്രായം ശക്തമായി ഉയരുന്നുണ്ട്. അതേസമയം, തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നതു പ്രശ്‌നത്തിനു പരിഹാരമല്ലെന്നു മൃഗസ്‌നേഹികളും വെറ്ററിനറി ഡോക്ടർമാരും കേന്ദ്ര സർക്കാരും ആവർത്തിച്ചു പറയുകയും ചെയ്യുന്നു. കേരളത്തിൽ തെരുവുനായ്ക്കളെ കൊന്നൊടുക്കുകയാണെന്ന ആരോപണം സുപ്രീം കോടതി ഇന്നു പരിഗണിക്കുകയാണ്. മനുഷ്യജീവനാണോ നായ്ക്കളുടെ ജീവനാണോ കൂടുതൽ വില എന്ന പ്രശ്നം കേരളത്തെ ചൂടുപിടിപ്പിക്കുമ്പോൾ, ഒരിക്കലെങ്കിലും നായയുടെ കടിയേറ്റവർ ആ മുറിവു തൊട്ടു ചോദിക്കുന്നതും കേൾക്കണം: ഞങ്ങൾക്കുവേണ്ടതു തെരുവുനായ്ക്കളുടെ ആക്രമണത്തിനുള്ള ശാശ്വതപരിഹാരമാണ്.

മുംബൈ മുനിസിപ്പാലിറ്റി കഴിഞ്ഞവർഷം ഹൈക്കോടതിയിൽ വ്യത്യസ്തമായ ഒരു കണക്കു സമർപ്പിച്ചു, നഗരത്തിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതിനെക്കാൾ ആളുകൾ തെരുവുനായ് ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന്. ഗ്ലോബൽ അലയൻസ് ഫോർ റാബീസ് കൺട്രോളിന്റെ കണക്കു പ്രകാരം ലോകത്തിൽ തെരുവുനായ കടിച്ചു മരിക്കുന്നവരിൽ 35 ശതമാനവും ഇന്ത്യക്കാരാണ്. ഇതിൽ ഒന്നാം സ്ഥാനവും നമ്മുടെ രാജ്യത്തിനുതന്നെ. ഈ വർഷം മാത്രം നായ്ക്കൾക്കെതിരെ ഒരുലക്ഷം പരാതികളാണു സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. ഓരോവർഷവും ശരാശരി ഒരുലക്ഷത്തോളംപേർക്കു നായയുടെ കടിയേൽക്കുന്ന, 2012നുശേഷം അൻപതോളം പേർ നായയുടെ കടിയേറ്റു മരിക്കേണ്ടിവന്ന കേരളത്തിന്റെ ഭീതിക്കും വേവലാതിക്കും  ഇനി എന്നാണ് ഉത്തരം കിട്ടുക?

ഇരുചക്രവാഹനത്തിൽ സഞ്ചരിക്കാൻപോലും തെരുവുനായ്ക്കൾ സമ്മതിക്കാത്ത മറ്റൊരു നാട് ലോകത്തുണ്ടാവുമോ? ഇക്കഴിഞ്ഞ ശനിയാഴ്ചമാത്രം നാം പത്രത്തിൽ വായിച്ച മൂന്നു വാർത്തകൾ ഒരുമിച്ചെടുത്തുവയ്ക്കാം. കൊല്ലം ജില്ലയിലെ ചാത്തന്നൂരിൽ തെരുവുനായ് കുറുകെച്ചാടിയതിനെത്തുടർന്നു നിയന്ത്രണംവിട്ട ബൈക്കിൽനിന്നു തെറിച്ചു സർവേക്കല്ലിൽ നെഞ്ചിടിച്ചുവീണു പരുക്കേറ്റ ചാത്തന്നൂർ കൊച്ചാലുംമൂട് പ്രദീപിന്റെ (27) മരണവാർത്തയാണ് അതിലേറ്റവും ഹൃദയഭേദകം. 31നു രാത്രി പ്രദീപ് ജോലികഴിഞ്ഞു വീട്ടിലേക്കു പോകുമ്പോൾ നായ് കുറുകെച്ചാടുകയായിരുന്നു. കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിൽ തെരുവുനായ്ക്കളെ തട്ടി മറിഞ്ഞ് സ്കൂട്ടർ യാത്രക്കാരനായ അധ്യാപകനു ഗുരുതര പരുക്കേറ്റ വാർത്തയും കോട്ടയം ജില്ലയിലെതന്നെ കറുകച്ചാലിൽ തെരുവുനായ്ക്കൾ കുറുകെച്ചാടി ബൈക്ക് മറിഞ്ഞു ഹോട്ടൽ ജീവനക്കാരനു പരുക്കേറ്റ വാർത്തയും പത്രത്തിൽ വന്നത് ഇതേ ദിവസമാണ്. കൊച്ചി പച്ചാളത്തിനു സമീപം, തെരുവുനായ്ക്കൾ കുറുകെച്ചാടിയതിനെത്തുടർന്ന് അപകടത്തിൽപ്പെട്ട ഓട്ടോ ഡ്രൈവറുടെ വൃക്ക തകർന്നത് ഇതിനു കുറച്ചുദിവസം മുൻപാണ്.

ജനങ്ങൾ നായ്ക്കളുടെ കടി കൊള്ളേണ്ടതു പേവിഷ വാക്സിൻ മാഫിയയുടെ ആവശ്യമാണെന്നും അതേ മാഫിയതന്നെയാണു തെരുവുനായ്ക്കളെ കൊല്ലരുതെന്നു പ്രചാരണം നടത്തുന്ന സംഘടനകൾക്കു രഹസ്യവഴികളിലൂടെ സഹായം നൽകുന്നതെന്നുമുള്ള ആരോപണങ്ങളും നാം കേട്ടുവരുന്നുണ്ട്. തെരുവുനായ് ശല്യം നിയന്ത്രിക്കാൻ പ്രായോഗികമായും ശാസ്ത്രീയമായും തെളിയിക്കപ്പെട്ടിട്ടുള്ള ഫലപ്രദമായ മാർഗം വന്ധ്യംകരണമാണ്. പക്ഷേ, അതത്ര എളുപ്പമല്ല. വന്ധ്യംകരിച്ച നായ്ക്കൾ കടിക്കില്ല എന്ന വാദം തെറ്റാണെന്നും അതുമൂലം കൂടുതൽ ആക്രമണോത്സുകരാകാനിടയുണ്ടെന്നും പറയുന്നവരും ഇവിടെയുണ്ട്.

നായ്പ്രശ്നത്തിൽ വാദമോ പ്രതിവാദമോ കേട്ടുനിൽക്കാൻ ഇനി കേരളത്തിനു സമയമില്ല; കാരണം, ചാടിവീഴാൻ തക്കംപാർത്ത് ലക്ഷക്കണക്കിനു നായ്ക്കൾ നമ്മെ കാത്തുനിൽക്കുകയാണ്. തെരുവുകളിൽ നായ്ക്കൾ പെരുകുന്നതിനു മുഖ്യകാരണമായ മാലിന്യങ്ങൾ യഥാവിധി നീക്കം ചെയ്യാനും സംസ്കരിക്കാനും സംവിധാനങ്ങൾ ഒരുക്കുന്നതിലുള്ള കേരളത്തിന്റെ തുടർപരാജയം പേവിഷബാധയോളം തന്നെ ഭയാനകമാണു താനും. 

Your Rating: