Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരീരരഹസ്യത്തിലേക്ക് ഒരു താക്കോൽകൂടി

ശാസ്ത്ര ഗവേഷണങ്ങളുടെ അടിസ്ഥാനലക്ഷ്യം മാനവരാശിയുടെ ഉന്നമനമാണ്. ദശാബ്ദങ്ങളോളം പരീക്ഷണശാലയിൽ ജീവിതം സമർപ്പിക്കുന്നവർ മനുഷ്യനുവേണ്ടിയുള്ള നിർണായക കണ്ടെത്തലുകളിലൂടെ  അനശ്വരരാവുന്നു. ടോക്കിയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രഫസറായ യോഷിനോരി ഓസുമി ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനത്തിനർഹനാകുന്നതു കാൻസറും പാർക്കിൻസൺസും പ്രമേഹവുമടക്കമുള്ള പല രോഗങ്ങളുടെയും കാരണത്തിലേക്കു വെളിച്ചം പകർന്നുകൊണ്ടാണെന്നതു ലോകത്തെ മുഴുവൻ പ്രകാശിപ്പിക്കുന്നു.

ശരീരകോശങ്ങളുടെ നാശത്തെക്കുറിച്ചുള്ള പഠനങ്ങൾ നടത്തി നേടിയ കണ്ടെത്തലുകളിലൂടെയാണ് ഓസുമി ഈ വിശിഷ്ട സമ്മാനത്തിന് അർഹനായത്. ഓട്ടോഫജി (കോശങ്ങളുടെ സ്വയംഭോജനം) എന്ന സങ്കീർണമായ ശാരീരികപ്രവർത്തനത്തിൽ അദ്ദേഹം നടത്തിയ പഠനഫലം ആരോഗ്യരംഗത്തു പ്രതീക്ഷാഭരിതമായ പുതിയ കുതിപ്പുകൾക്കു സാധ്യത നൽകുന്നു. പഴകിയതും അപകടകരവുമായ പ്രോട്ടീനുകളെ ഉടച്ച്, കോശങ്ങളുടെ പുനർനിർമാണത്തിനുപകരിക്കുന്ന പുത്തൻ ഘടകങ്ങളാക്കി മാറ്റുന്ന ശാരീരിക പ്രവർത്തനമാണ് ഓട്ടോഫജി. ശരീരം സ്വയം ചെയ്യുന്ന ഈ ജൈവ പുനരുപയോഗ പദ്ധതി സുഗമമായി നടക്കുമ്പോഴാണു സ്വയം നന്നാക്കുന്ന യന്ത്രം പോലെ, ശരീരം രോഗത്തിന്റെ ആക്രമണങ്ങളെ തോൽപിക്കുന്നത്. ഈ പ്രക്രിയ തടസ്സപ്പെടുമ്പോഴാകട്ടെ, ശരീരത്തിൽ നിലനിൽക്കുന്ന പഴയകോശങ്ങൾമൂലം വിവിധ രോഗങ്ങൾ കടന്നുവരികയും ചെയ്യുന്നു.

ശരീരകോശങ്ങളുടെ സ്വയംനാശവും പുനർനിർമാണവും ഗവേഷകരുടെ ശ്രദ്ധ ആകർഷിച്ചുതുടങ്ങിയിട്ട് ഏറെ വർഷങ്ങളൊന്നുമായിട്ടില്ല. പട്ടിണികിടക്കുമ്പോൾ ശരീരം ആ അവസ്ഥയെ പ്രതിരോധിക്കുന്നതെങ്ങനെ എന്നതിന്റെ ഉത്തരമായിരുന്നു ഓട്ടോഫജിയെക്കുറിച്ചുള്ള ആദ്യ കണ്ടെത്തലിലുണ്ടായിരുന്നത്. പിന്നെയാണ്, ശരീരത്തിൽ സുഗമമായി നടക്കേണ്ട ഈ പ്രവർത്തനത്തിലൂടെയാണു പല രോഗങ്ങളെയും നമ്മുടെ ശരീരം ചെറുക്കുന്നതെന്നു മനസ്സിലായത്. പഴയ കോശങ്ങളെ ഇല്ലായ്മ ചെയ്തു പുതിയ കോശങ്ങൾ നിർമിക്കുന്ന പ്രവർത്തനത്തെക്കുറിച്ചു കാൽ നൂറ്റാണ്ടിലേറെയായി യോഷിനോരി ഓസുമി നടത്തുന്ന ഗവേഷണം ഇപ്പോഴിതാ അഭിമാനാർഹമായ നേട്ടത്തിൽ ചെന്നെത്തിയിരിക്കുന്നു. ആരോഗ്യപരിപാലനത്തിലും അണുബാധയെ ചെറുക്കുന്നതിലും കാൻസറടക്കമുള്ള രോഗങ്ങളോടുള്ള യുദ്ധത്തിലും ഈ പഠനഫലം ഇനി നിർണായക പങ്കുവഹിക്കും. 1990 കളിൽ ഓസുമിയുടെ ആദ്യത്തെ ഗവേഷണഫലങ്ങൾ പുറത്തുവരും മുൻപ് ഇതു സംബന്ധിച്ചു കാര്യമായ വിവരങ്ങൾ ആർക്കും അറിയില്ലായിരുന്നു.

ശരീരത്തിലെ കോശങ്ങളുടെയും ജീനുകളുടെയും മറ്റും ഗൂഢരഹസ്യങ്ങൾ തേടി യോഷിനോരി ഓസുമിയെപ്പോലെയുള്ള എത്രയോ ശാസ്ത്രജ്ഞർ ലോകം മുഴുവൻ പരീക്ഷണങ്ങൾ നടത്തുന്നതിന്റെ ഫലശ്രുതിയാണു കാലങ്ങളായി നമ്മുടെ ആരോഗ്യമേഖലയ്ക്കു താങ്ങും തണലുമാകുന്നത്. എത്രയോ രോഗകാരണങ്ങളെക്കുറിച്ചുള്ള അറിവും മരുന്നുകളുമൊക്കെ ഇങ്ങനെയാണു നമുക്കു കൈവന്നത്. മനുഷ്യശരീരത്തിൽ ഉരുളൻവിരകൾ (റൗണ്ട് വേം) ഉണ്ടാക്കുന്ന രോഗങ്ങൾക്കെതിരെ ഫലപ്രദമായ പുതിയ മരുന്നു കണ്ടുപിടിച്ചതിനും മലമ്പനിപ്രതിരോധത്തിനു പുതിയ ചികിൽസാരീതി കണ്ടെത്തിയതിനുമായിരുന്നു കഴിഞ്ഞ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ. 2014ൽ നൊബേൽ ലഭിച്ചതാകട്ടെ, ഓർമനാശത്തിന്റെ കാരണത്തിലേക്കും അൽസ്‌ഹൈമേഴ്‌സ് രോഗത്തിന്റെ നിഗൂഢതകളിലേക്കുമൊക്കെ വെളിച്ചം വീശിയതിനും.

നൊബേൽ സമ്മാനവാർത്ത വരുമ്പോഴും അതിനുശേഷവും ഗവേഷണത്തിൽത്തന്നെ സ്വയം അർപ്പിച്ചിരിക്കുകയാണു യോഷിനോരി ഓസുമി. നൊബേൽ സമിതി സെക്രട്ടറി ഇക്കാര്യം വിളിച്ചുപറഞ്ഞപ്പോഴും കുറച്ചു വാക്കുകളിൽ അളന്നുമുറിച്ച മറുപടി മാത്രമായിരുന്നു അദ്ദേഹത്തിന്റേത്. ലോകമാധ്യമങ്ങളുടെ കാണാമറയത്തിരുന്ന്, ജപ്പാനിലെ റേഡിയോയിൽ മാത്രമാണ് ഈ എഴുപത്തിയൊന്നുകാരൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ആദ്യ പ്രതികരണം അത്രയും ഹ്രസ്വമായിരുന്നു; ഇത്രയും ആഴമുള്ളതും: ഒരു ശാസ്ത്രജ്ഞനെന്നനിലയിൽ ഞാൻ അതിയായി ആദരിക്കപ്പെട്ടിരിക്കുന്നു.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.