Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീരയുടെ മധുരം നഷ്ടമായിക്കൂടാ

കേരകർഷകർക്കു പ്രതീക്ഷ നൽകി, മലയാളനാട് അടുത്തകാലത്തു നടത്തിയ വലിയ യത്നങ്ങളിലൊന്നായിരുന്നു നീരയ്ക്കുവേണ്ടി അരങ്ങേറിയത്. കേരളം താലോലിച്ച ഈ സ്വപ്നത്തിനുവേണ്ടി വളരെയധികം പണവും അധ്വാനവും ഇവിടത്തെ കൃഷിക്കാരും സർക്കാരും മുടക്കുകയും ചെയ്തു. ടി.കെ.ജോസ് നാളികേരവികസന ബോർഡ് െചയർമാനായിരിക്കെ നൽകിയ മാർഗനിർദേശങ്ങളും സജീവപിന്തുണയുമാണ് കോടികൾ മുടക്കി ഇത്ര വലിയ സംരംഭത്തിനു തുനിയാൻ കേരളത്തിലെ ചെറുകിട നാളികേര കർഷകർക്കു ധൈര്യം പകർന്നത്. നാളത്തെ കേരളത്തിന്റെ ‘അമുൽ’ ആയി നാളികേര കമ്പനികളെ മാറ്റാനാഗ്രഹിച്ചു നമ്മുടെ കൃഷിക്കാർ. അമുലിന്റെ സമാനമായ ഭാഗ്യം പക്ഷേ, േകരളത്തിലെ നാളികേര ഉൽപാദകർക്കു നുകരാനാവുമോ എന്നതാണ് ഇപ്പോഴത്തെ ആശങ്ക.

അഞ്ചു ലക്ഷത്തോളം കൃഷിക്കാരാണു സംരംഭകരുടെ കുപ്പായമണിഞ്ഞു കോടികൾ മുടക്കി 11 നീരസംസ്കരണ ശാലകൾ ആരംഭിച്ചിരിക്കുന്നത്. അവരുടെ പണം നഷ്ടപ്പെടാതിരിക്കാൻ മാത്രമല്ല ഉപജീവനമാർഗം ഉറപ്പാക്കുന്നതിനും നീരവ്യവസായം ഇവിടെ നല്ലരീതിയിൽ വളരേണ്ടതുണ്ട്. ടെക്നീഷ്യന്മാരുടെ ക്ഷാമവും വിപണനത്തിലെ തടസ്സങ്ങളും മൂലമാണ് േകരളത്തിലെ നീര വ്യവസായത്തിന്റെ വളർച്ച തടസ്സപ്പെട്ടിരിക്കുന്നത്. ഇപ്പോഴുള്ള നീരസംസ്കരണശാലകൾ പൂർണ കാര്യശേഷിയിൽ പ്രവർത്തിക്കണമെങ്കിൽ ഇപ്പോഴുള്ളതിന്റെ എത്രയോ മടങ്ങ് ടെക്നീഷ്യന്മാർ ആവശ്യമായി വരും. വലിയതോതിലുള്ള പരിശീലനപരിപാടികൾക്കു േശഷവും  ഇത്രയും പേരെ കണ്ടെത്താൻ നീര ഉൽപാദക കമ്പനികൾക്കു കഴിഞ്ഞിട്ടില്ല. വരുമാനത്തിനൊപ്പം സാമൂഹിക അംഗീകാരവും  ഉറപ്പാക്കിയാൽ മാത്രമേ ഇതൊരു തൊഴിൽമേഖലയായി വളർത്തിയെടുക്കാനാവൂ.

കൃഷിക്കാർതന്നെ സ്വന്തം തെങ്ങിൽനിന്നു നീര ചെത്തി സംസ്കരണത്തിനു നൽകുന്ന രീതിയാണ് ഇതിനൊരു പരിഹാരം. കണ്ണൂരിലെ ചെറുപുഴയിലുള്ള തേജസ്വിനി കമ്പനി നടപ്പാക്കിയ ഈ ആശയം എല്ലാ കർഷക കുടുംബങ്ങളും ഏറ്റെടുത്താൽ വലിയ വരുമാനത്തിനൊപ്പം നീരവ്യവസായത്തിന്റെ നിലനിൽപും ഉറപ്പാക്കാം. ഉയരം കുറഞ്ഞ തെങ്ങുകൾ നീരയുൽപാദനത്തിനായി കണ്ടെത്തിയാൽ കൂടുതൽപേരെ ഈ െതാഴിലിലേക്ക് ആകർഷിക്കാനുമാവും. നഗരങ്ങളിലെ വീട്ടുവളപ്പുകളിൽ പതിനായിരക്കണക്കിനു തെങ്ങിൻ തൈകൾ കഴിഞ്ഞ പത്തുവർഷത്തിനിടെ നട്ടിട്ടുണ്ട്. നീര ചെത്താനായി ഇവ കൂടി ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചും ആലോചിക്കണം.

മെട്രോ നഗരങ്ങളിലേക്കു നീരവിപണനം വ്യാപിപ്പിക്കുന്നതിനും മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണത്തിനുമൊക്കെ പണം മാത്രമല്ല കച്ചവടസാമർഥ്യവും േവണം. ശരിയായ ബിസിനസ് തന്ത്രങ്ങളിലൂടെ നീരയെ രാജ്യാന്തരനിലവാരമുള്ള ബ്രാൻഡായി വളർത്താൻ പണച്ചെലവേറെയാണ്. ശരിയായ സാമ്പത്തിക, വിപണന പിന്തുണ കിട്ടിയില്ലെങ്കിൽ നാട്ടിൻപുറത്തെ  നാരങ്ങാവെള്ളക്കച്ചവടത്തിന്റെ നിലവാരത്തിലേക്കു നീര മാറും. അതിനുവേണ്ടിയല്ല നാം ഈ വ്യവസായത്തിൽ നിക്ഷേപമിറക്കിയത്. സ്റ്റാർട്ട് അപ് സംരംഭമെന്ന പരിഗണനയോടെ സ്വന്തം കാലിൽ നിൽക്കാനാവുന്നതുവരെ നീരവ്യവസായത്തിൽ സർക്കാർ പണമിറക്കണം. എങ്കിലേ ഖജനാവിലേക്കു പണമൊഴുക്കുന്ന വരുമാനസ്രോതസ്സായി നീര മാറുകയുള്ളൂ.

അഞ്ചു െസന്റ് ഭൂമിയെങ്കിലുമുള്ള എല്ലാ മലയാളിക്കും ഒരു തെങ്ങെങ്കിലുമുണ്ടാവും. അത്രയും ജനകീയമായ നാളികേരത്തോടു സംസ്ഥാന സർക്കാരിന്റെ പ്രതിബദ്ധത തെളിയിക്കാനുള്ള അവസരമാണിത്. രാ‍ജ്യാന്തരനിലവാരമുള്ള ബ്രാൻഡ് സൃഷ്ടിക്കാൻ കഴിയുന്ന ഒരു വിപണന കമ്പനി അടിയന്തരമായി ഉണ്ടാവേണ്ടിയിരിക്കുന്നു. അതോടൊപ്പം, നീരയുൽപന്നങ്ങളുടെ നിലവാരവും ൈവവിധ്യവും െമച്ചപ്പെടുത്തുന്നതിനുള്ള ഗവേഷണ, വികസന പ്രവർത്തനങ്ങളും വേണം. കടമെടുത്ത പണമെല്ലാം സംസ്കരണശാലകളിൽ മുടക്കിയ നാളികേര ഉൽപാദക കമ്പനികൾക്ക് അതിനുള്ള ശേഷിയില്ല. ഈ സാഹചര്യത്തിൽ, ഇതിനുവേണ്ട ആളും അർഥവും കണ്ടെത്താൻ സംസ്ഥാന സർക്കാരിനു കഴിയണം.

Your Rating: