Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമാധാനം എത്തിക്കട്ടെ ഈ നൊബേൽ

ജനഹിതപരിശോധനയിൽ തള്ളപ്പെട്ടുപോയെങ്കിലും ആ സമാധാനദൗത്യത്തിന്റെ പേരിലാണ് കൊളംബിയ പ്രസിഡന്റ് ഹുവാൻ മാനുവൽ സാന്തോസിലേക്ക് നൊബേൽ സമാധാന സമ്മാനം എത്തുന്നത്. അതുകൊണ്ടുതന്നെ, ആ വൈരുധ്യവും ചരിത്രമാകുന്നു. അര നൂറ്റാണ്ടിലേറെയായി കൊളംബിയ അനുഭവിച്ചുപോരുന്ന ആഭ്യന്തരയുദ്ധക്കെടുതിക്കൊടുവിൽ ശാശ്വതസമാധാനം വന്നെത്തുമെന്ന പ്രത്യാശ തരുന്നതാണ്, ആറു ദിവസം മുൻപുവരെ പ്രതീക്ഷിതവും ഇപ്പോൾ അപ്രതീക്ഷിതവുമായ ഈ വലിയ സമ്മാനം. കൊളംബിയ സർക്കാരും ഇടതുഗറിലകളായ റവല്യൂഷനറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയയും (ഫാർക്) തമ്മിലുള്ള സമാധാനക്കരാറിനുവേണ്ടി നിരന്തരവും അക്ഷീണവുമായ ശ്രമം നടത്തിയതിന്റെ പേരിലാണ് കൊളംബിയ പ്രസിഡന്റ് സമ്മാനിതനാവുന്നത്.

ശാശ്വതസമാധാനത്തിനായി കൊളംബിയയോളം ആഗ്രഹിക്കുന്ന ഏറെ രാജ്യങ്ങളുണ്ടാവില്ലെന്നു തീർച്ച. 52 വർഷത്തെ ആഭ്യന്തരയുദ്ധംകൊണ്ട് ആ രാഷ്ട്രത്തിന്റെ ശരീരത്തിനും മനസ്സിനുമേറ്റ മുറിവുകൾ കുറച്ചൊന്നുമല്ല. സാമ്പത്തികമായി കൊളംബിയ പാടേ തളരുകയും ചെയ്തു. യുനിസെഫും റെഡ്ക്രോസും കൊളംബിയൻ സർക്കാരും തയാറാക്കിയ യുദ്ധക്കെടുതിക്കണക്കുകൾ വലിയ നഷ്ടങ്ങളുടെ സങ്കടസമാഹാരമാണ്. 2,60,000 പേർ കൊല്ലപ്പെടുകയും 45,000 പേരെ കാണാതാവുകയും 68 ലക്ഷം പേർ നാടുവിട്ടോടുകയും ചെയ്ത ഒരു രാഷ്ട്രം ലോകഭൂപടത്തിൽ കടലാഴമുള്ള കണ്ണുനീർത്തുള്ളിയായി മാറിയതിൽ അത്ഭുതമില്ല. യുദ്ധകാലത്ത് ഏകദേശം 14,000 സ്ത്രീകളും കുട്ടികളും ലൈംഗികപീഡനത്തിനിരയാവുകയും 2,30,000 കുട്ടികൾ നാടുവിട്ടോടുകയും ചെയ്തു.

കൊളംബിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഗറില വിഭാഗമായി 1957ൽ രൂപം കൊണ്ട ഫാർക്കിൽ 1990കളുടെ ഒടുവിൽ 17,000 അംഗങ്ങളുണ്ടായിരുന്നു. 2002ൽ അൽവാരോ ഉറിബെ പ്രസിഡന്റായിരിക്കെ യുഎസ് പിന്തുണയോടെ നടത്തിയ സൈനികനടപടികളിൽ ഒട്ടേറെ നേതാക്കൾ കൊല്ലപ്പെട്ടതോടെ സംഘടനയ്ക്കു ക്ഷയമുണ്ടായി. ഇപ്പോഴത്തെ പ്രസിഡന്റ് സാന്തോസ് പ്രതിരോധമന്ത്രിയായിരുന്ന 2006–2009 കാലയളവിലും ഗറിലകൾക്കു കനത്ത പരാജയം സംഭവിച്ചു. ഇതാണു സർക്കാരുമായി ഒത്തുതീർപ്പിലേക്കു വരാൻ സംഘടനയെ പ്രേരിപ്പിച്ചത്.

സെപ്റ്റംബർ ഇരുപത്തിയാറിനു കരീബിയൻ നഗരമായ കാർത്തജിനയിൽ സമാധാനക്കരാർ ഒപ്പിടുന്ന ചടങ്ങ് ലോകംമുഴുവൻ ആശ്വാസത്തോടെയും പ്രതീക്ഷയോടെയും കാത്തിരുന്ന മുഹൂർത്തമായിരുന്നു. നാലുവർഷം നീണ്ട ചർച്ചകൾക്കൊടുവിൽ രൂപംകൊണ്ട കരാർ കൊളംബിയയുടെ ചരിത്രം മാറ്റിമറിക്കുമെന്നുതന്നെ എല്ലാവരും കരുതി. പ്രസിഡന്റ് സാന്തോസും ഫാർക് മേധാവി ടെമോഷെൻകോയും ചരിത്രരേഖയിൽ ഒപ്പുവച്ച പേന യഥാർഥ ബുള്ളറ്റുകൾ ഉപയോഗിച്ചു നിർമിച്ചതാണെന്നത് കൊടുംകയ്പുള്ള യുദ്ധസ്മൃതികളുടെ പ്രതീകവുമായി. ലോകനേതാക്കൾക്കൊപ്പം സമാധാന ശ്രമങ്ങൾക്കു മുൻകയ്യെടുത്ത ആർട് ഓഫ് ലിവിങ് ആചാര്യൻ ശ്രീശ്രീ രവിശങ്കറും ചടങ്ങിൽ പങ്കെടുത്തിരുന്നു.

മുൻപുണ്ടാക്കിയ മൂന്നു സമാധാനക്കരാറുകളും പരാജയമായ സാഹചര്യത്തിലായിരുന്നു പുതിയ കരാറിന്റെ പിറവി. സ‌മാധാനത്തിനുള്ള നൊബേൽ സമ്മാന സാധ്യത ഉണ്ടെന്ന് അന്നേ കരുതപ്പെട്ടിരുന്നെങ്കിലും കരാറിന്റെ ഭാവി പക്ഷേ മറ്റൊന്നായി. ഇക്കഴിഞ്ഞ രണ്ടിനു ഹിതപരിശോധനയിൽ ചെറിയ വ്യത്യാസത്തിനു കരാർ തള്ളപ്പെടുകയായിരുന്നു. കരാർ വിരുദ്ധപക്ഷത്തെ നയിച്ച മുൻ പ്രസിഡന്റ് അൽവാരോ ഉറിബെയ്ക്ക് അനുകൂലമായിരുന്നു ജനനിലപാട്. ഗറിലകൾക്ക് ഒട്ടേറെ ഇളവുകൾ അനുവദിച്ചെന്ന ആക്ഷേപം ഹിതപരിശോധനയിൽ ജനങ്ങളെ സ്വാധീനിച്ചതായും വിലയിരുത്തപ്പെട്ടു.

സമാധാനത്തിനുവേണ്ടി കൊളംബിയയിൽ നീതിയെ ബലികഴിക്കുന്നുവെന്ന ആരോപണം ശക്തമാണ്. രാഷ്ട്രീയത്തിലിറങ്ങാൻ ഗറിലകളെ അനുവദിക്കരുതെന്നും ചെയ്ത കുറ്റകൃത്യങ്ങൾക്ക് അവരെ ജയിലിൽ‌ അടയ്ക്കണമെന്നുമുള്ള അൽവാരോ ഉറിബെയുടെ വാദഗതി പിൽക്കാല കൊളംബിയൻ ചരിത്രമാണു വിലയിരുത്തേണ്ടതും. ഹിതപരിശോധനയിൽ തിരിച്ചടി നേരിട്ടെങ്കിലും എതിർപക്ഷവുമായി ഒത്തുതീർപ്പു ചർച്ച നടത്തി സമാധാനക്കരാർ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുമെന്നു പ്രസിഡന്റ് സാന്തോസും ചർച്ചകളിലൂടെ സമാധാനം എന്ന നിലപാട് ഉപേക്ഷിക്കില്ലെന്ന് ഫാർക് മേധാവിയും പറഞ്ഞതിന് ഇനി തുടർച്ച ഉണ്ടാകേണ്ടതുണ്ട്. കൊളംബിയയുടെ ശാശ്വതസമാധാനമാണ് ആ രാഷ്ട്രവും ലോകവും ആഗ്രഹിക്കുന്നത്. സമാധാനസ്ഥാപനത്തിനുള്ള ആത്മവിശ്വാസം ഈ നൊബേൽ കൊളംബിയയ്ക്കു സമ്മാനിക്കട്ടെ. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.