Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് ആഘോഷമല്ല, അരാജകത്വം

സമർപ്പണത്തിന്റെയും നിസ്വാർഥതയുടെയും ആത്മബലിയുടെയും സന്ദേശമാണ് ഓരോ ഓണക്കാലവും നൽകുന്നത്. പക്ഷേ, ഓണാഘോഷത്തിന്റെ പേരിൽ തിരുവനന്തപുരം നഗരത്തിലെ വൻ തിരക്കുള്ള എംജി റോഡ് വ്യാഴാഴ്ച ഒരു മണിക്കൂറിലേറെ സ്തംഭിപ്പിച്ച ഒരു കൂട്ടം വിദ്യാർഥികൾ കാലങ്ങളായി കേരളം കാത്തുവച്ച ആ സ്നേഹസന്ദേശത്തിൽ നിഴൽവീഴ്ത്തുകയായിരുന്നില്ലേ?

റോഡിലെ ആഘോഷത്തിനിടെ, യാത്രക്കാരെയും വാഹനങ്ങളെയും ബന്ദികളാക്കിയപ്പോൾ എത്രയോ അത്യാവശ്യക്കാരുടെ കാലുകൾ അവർ കെട്ടിയിടുകയായിരുന്നു. റോഡിൽ ഇറങ്ങിയുള്ള വിദ്യാർഥികളുടെ ആഘോഷം പൊടിപൊടിച്ചപ്പോൾ ആംബുലൻസുകൾ ഉൾപ്പെടെയാണു വഴിയിൽ കാത്തുകിടന്നത്. ആ ആംബുലൻസുകൾക്കുള്ളിൽ തങ്ങളുടെ അച്ഛനോ അമ്മയോ മറ്റു പ്രിയപ്പെട്ടവരോ ആണ് ഉണ്ടായിരുന്നതെങ്കിൽ ഇവർ ഈ ‘സ്തംഭിപ്പിക്കൽ ആഘോഷ’ത്തിന് ഇറങ്ങുമായിരുന്നോ? മാനവികതയുടെയും പരസ്പരസ്നേഹത്തിന്റെയും കാലാതീത സന്ദേശം ഓർമിപ്പിച്ച് വന്നണയുന്ന ഓണത്തിന് ഇങ്ങനെയാണോ നാം സ്വാഗതവചനം പറയേണ്ടത്?

ഓണാഘോഷത്തിന്റെ നിറപ്പകിട്ടിലാണ് ഇപ്പോൾ കേരളം. ആഘോഷവേളകളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന നമ്മുടെ യുവത, അതു കൈവിട്ടുപോകാതിരിക്കാൻകൂടി ശ്രദ്ധവയ്‌ക്കണമെന്ന് ഒരിക്കൽകൂടി ഓർമിപ്പിക്കുന്നതായി എംജി റോഡിലെ സ്തംഭനം. ജോലിസമയത്ത് ഓണാഘോഷം പാടില്ലെന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ മൂക്കിനു കീഴിൽ, തലസ്ഥാന നഗരത്തിലെ മുഖ്യ റോഡ് യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥികൾ കയ്യടക്കി ഗതാഗതം സ്തംഭിപ്പിച്ചതു കേരളം മുഴുവൻ പ്രതിഷേധത്തിനു കാരണമായിരിക്കുകയാണ്.

എസ്എഫ്ഐയുടെ കൊടിയും ഉയർത്തിപ്പിടിച്ചായിരുന്നു നൃത്തവും ബഹളവും. പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനു കണ്ടാലറിയുന്ന ആയിരത്തോളം വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. റോഡിൽ ആഘോഷം നടത്തുന്നതിനെക്കുറിച്ചു മുൻകൂട്ടി പൊലീസിനെ അറിയിക്കാതിരുന്നതിനാൽ വിരലിലെണ്ണാവുന്ന പൊലീസുകാർ മാത്രമാണ് ഈ ഭാഗത്തു ഗതാഗതം നിയന്ത്രിക്കാൻ ഉണ്ടായിരുന്നത്. അപ്രതീക്ഷിതമായി ഉണ്ടായ കുരുക്ക് ആയതിനാൽ വാഹനങ്ങൾ വഴിതിരിച്ചുവിടാൻ പൊലീസിനും കഴിയാതെ പോയി. ആംബുലൻസ് കാത്തുകിടക്കുന്നത് അറിയിച്ചിട്ടും സംഘാടകർക്ക് ഒരു കുലുക്കവുമില്ലാതിരുന്നത് അരാജകത്വം പൂർണമാക്കുകയും ചെയ്തു.

ക്യാംപസിലെ ഓണാഘോഷത്തിന്റെ പരിധിയും പരിമിതിയും തിരിച്ചറിയാത്തതുകൊണ്ടുള്ള ദുരന്തം ഇതിനുമുൻപു നാം കണ്ടിട്ടുള്ളതാണ്. തിരുവനന്തപുരത്ത്, കോളജ് ഓഫ് എൻജിനീയറിങ് (സിഇടി) ക്യാംപസ് കഴിഞ്ഞ വർഷം ഇതുപോലൊരു ഓണക്കാലത്ത് ഹൃദയഭേദകമായ ഒരു സംഭവത്തിനു സാക്ഷ്യം വഹിക്കുകയുണ്ടായി. വൈകിട്ട് ഓണാഘോഷ ലഹരിയിൽ പാഞ്ഞ വിദ്യാർഥിസംഘത്തിന്റെ ജീപ്പിടിച്ച് തസ്നി ബഷീർ എന്ന ആറാം സെമസ്റ്റർ വിദ്യാർഥിനി മരിച്ചത് ഈ ഓണക്കാലത്തും ഓർമയുടെ വലിയ മുറിവായി കേരളത്തിന്റെ മനസ്സിലുണ്ട്. സിഇടി മെൻസ് ഹോസ്‌റ്റലിലെ വിദ്യാർഥികൾക്ക് ഓണാഘോഷത്തിനു വ്യവസ്‌ഥകളോടെയാണ് കോളജ് അധികൃതർ അനുമതി നൽകിയതെങ്കിലും ‘ചെകുത്താൻ’ എന്ന ലോറിയിലും ജീപ്പിലും ഒട്ടേറെ ബൈക്കുകളിലുമായി വിദ്യാർഥികളുടെ വൻസംഘം കോളജിനകത്തേക്ക് ഇരമ്പിയെത്തുകയായിരുന്നു. ക്യാംപസിലൂടെ നടന്നുപോകുകയായിരുന്ന തസ്‌നിയെ ഇതിനിടെയാണ് ജീപ്പ് ഇടിച്ചിട്ടത്. ഇതേ ക്യാംപസിൽ, അമിതവേഗത്തിലോടിച്ച ബൈക്കിടിച്ച് അമിത ശങ്കർ എന്ന വിദ്യാർഥിനി മരിച്ചതു പതിനാലു വർഷം മുൻപാണ്.

ഭാവികേരളത്തെ രചിക്കേണ്ടവരാണു നമ്മുടെ യുവത. അതുകൊണ്ടുതന്നെ മനുഷ്യത്വത്തിന്റെയും സഹിഷ്‌ണുതയുടെയും സഹജാവബോധത്തിന്റെയും പാഠങ്ങൾ പകരുന്ന വെളിച്ചമാണ് അവർക്കൊപ്പം എപ്പോഴും വേണ്ടത്. ചില വിദ്യാർഥികൾക്കൊപ്പമെങ്കിലുമുള്ള ആപൽക്കരമായ അക്രമ, അരാജകത്വ വാസനകളിൽനിന്നും അവരെ മോചിപ്പിക്കാൻ അധ്യാപകർക്കും രക്ഷിതാക്കൾക്കുമൊപ്പം രാഷ്‌ട്രീയ നായകരും മുന്നിട്ടിറങ്ങിയേ തീരൂ. ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ തണലിലുള്ള വിദ്യാർഥികളാണ് ഇത്തരം നിർഭാഗ്യസംഭവങ്ങൾക്കു കാരണക്കാരാവുന്നതെങ്കിൽ, ആ കക്ഷിക്കുള്ള ഉത്തരവാദിത്തം നേതാക്കൾ മറന്നുകൂടാ. 

Your Rating: