Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബന്ധുനിയമനങ്ങൾ എന്ന അപമാനം

സ്വജനപക്ഷപാതവും പിൻവാതിൽനിയമനങ്ങളും  അധികാരരാഷ്ട്രീയത്തോടൊപ്പം ചേർന്നുനിൽക്കാൻ തുടങ്ങിയിട്ടു ദശാബ്ദങ്ങളായി. പക്ഷേ, ബന്ധുനിയമനങ്ങളുടെ പേരിൽ ഇപ്പോഴുണ്ടായ ലജ്ജാകരമായ വെളിപ്പെടലുകൾ കേരളത്തിനു കാര്യമായി പരിചയമില്ലാത്തതാണ്. അതുകൊണ്ടുതന്നെ, അധികാരത്തിലെത്തി വെറും നാലര മാസം കഴിഞ്ഞപ്പോഴേക്കും സിപിഎമ്മിനും ഇടതു സർക്കാരിനുമുണ്ടായ പ്രതിച്ഛായാനഷ്ടം ചെറുതല്ല. ഇതാണോ അധികാരത്തിലേറിയപ്പോൾ സിപിഎമ്മും മുന്നണിയും വാഗ്ദാനം ചെയ്ത അഴിമതിമുക്തഭരണം?

സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യയുടെ സഹോദരിയും കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ.ശ്രീമതി എംപിയുടെ മകൻ പി.കെ.സുധീർ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് (കെഎസ്ഐഇ) മാനേജിങ് ഡയറക്ടറായി നിയമിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു റദ്ദാക്കിയെങ്കിലും അത് സിപിഎമ്മിനു നൽകിയ കളങ്കം അത്ര പെട്ടെന്നു റദ്ദാവുന്നതല്ല. കഴിഞ്ഞ ഇടതു സർക്കാരിൽ ശ്രീമതി ആരോഗ്യമന്ത്രിയായപ്പോൾ മകൻ സുധീറിന്റെ ഭാര്യ ധന്യയെ പാചകക്കാരിയായി നിയമിച്ചിരുന്നതിനെ ചൊല്ലിയുള്ള വിവാദവും ഈ ദിവസങ്ങളിൽ ഒപ്പം ഉയരുകയുണ്ടായി. ഇത്തവണ, പല പാർട്ടി നേതാക്കളുടെയും അടുത്ത ബന്ധുക്കളുടെ പിൻവാതിൽനിയമനമാണു പുറത്തുവന്നിരിക്കുന്നത്. വിവാദ നിയമന ഉത്തരവുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാത്ത കള്ളക്കളിയും വെളിപ്പെട്ടുകഴിഞ്ഞു.

ഇതിനിടെ, വ്യവസായ വകുപ്പിലെ വിവാദ നിയമനങ്ങളുടെ ചുവടുപിടിച്ചു മറ്റു പല വകുപ്പുകളിലും കായികരംഗത്തും പാർട്ടിക്കാരെ കുത്തിനിറയ്ക്കുന്നതും  ജനശ്രദ്ധയിലെത്തുകയുണ്ടായി. വിവിധ സ്റ്റേഡിയങ്ങളിൽനിന്നും ജില്ലാ സ്പോർട്സ് കൗൺസിലുകളിൽനിന്നുമായി നാൽപതോളം കരാർ ജീവനക്കാരെ പിരിച്ചുവിട്ട സ്പോർട്സ് കൗൺസിൽ, പകരം ആളുകളെ നിയമിക്കാൻ അഭിമുഖം നടത്തിയതു മാനദണ്ഡങ്ങളെല്ലാം അട്ടിമറിച്ചാണെന്നാണു പരാതി.

തൊഴിലില്ലാത്ത ജനകോടികളെ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്നവർ അധികാരത്തിലേറിയാൽ ആദ്യം തൊഴിൽ കൊടുക്കുന്നതു സ്വന്തം കുടുംബാംഗങ്ങൾക്കാണെന്നതു പാർട്ടിയുടെ വിശ്വാസ്യതയെ തകർക്കുമെന്നാണു സിപിഎം കേന്ദ്രനേതൃത്വംതന്നെ ചൂണ്ടിക്കാട്ടുന്നത്. ഇഎംഎസ് നമ്പൂതിരിപ്പാടും സി.അച്യുതമേനോനും ഉൾപ്പെടെ കേരളത്തിലെ കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തിന്റെ മുൻനിര നേതാക്കളിൽ പലരും പാർട്ടിയിലൂടെ എന്തു നേടാം എന്നല്ല, പാർട്ടിക്കും നാടിനും എന്തു നൽകാമെന്ന് ആലോചിച്ചും അതിനൊത്തു ജീവിച്ചും മാതൃകകാട്ടിയവരാണ്. ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും നിസ്വാർഥതയുടെയും പഴയകാല മുദ്രകൾ പാർട്ടിക്കു നഷ്ടപ്പെടുന്നത് ഇപ്പോഴത്തെ നേതാക്കൾ എങ്ങനെ നോക്കിക്കാണുന്നു എന്നതറിയാൻ തീർച്ചയായും കേരളത്തിലെ പൊതുസമൂഹത്തിന് അവകാശമുണ്ട്.

മറ്റു കക്ഷികളുടെ അഴിമതി രാഷ്‌ട്രീയത്തിനും സ്വജനപക്ഷപാതത്തിനുമെതിരെ ദേശീയതലത്തിൽ എപ്പോഴും കർശന നിലപാടെടുത്തിട്ടുള്ള പാർട്ടിയാണ് സിപിഎം. നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി വ്യക്‌തികൾക്കു താൽപര്യപൂർവം നൽകുന്ന അനർഹമായ ആനുകൂല്യങ്ങളെയും ഉൾപ്പെടുത്തി അഴിമതിയുടെ നിർവചനം വിപുലമാക്കണമെന്നാണ് ലോക്‌പാൽ ബിൽ ചർച്ചയുടെ കാലത്ത് സിപിഎം ആവശ്യപ്പെട്ടത്. വാജ്‌പേയി സർക്കാരിന്റെ കാലത്ത് പെട്രോൾ പമ്പ് വിതരണം ചെയ്യപ്പെട്ടത് ആർഎസ്‌എസ്, ബിജെപി നേതാക്കളുടെ കുടുംബാംഗങ്ങൾക്കാണെന്ന് ആരോപണമുണ്ടായി സർക്കാരിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. റദ്ദാക്കൽ മാത്രം പോരാ, ഉന്നതതല അന്വേഷണവും ഉത്തരവാദിത്തപ്പെട്ട മന്ത്രിയുടെ രാജിയും വേണമെന്ന അന്നത്തെ സിപിഎം നിലപാട് കേരളത്തിലെ ബന്ധുനിയമന വിവാദത്തിന്റെ പശ്ചാത്തലത്തോടു ചേർത്തുവയ്ക്കുന്നതു കൗതുകകരമായിരിക്കും.

അല്ലെങ്കിൽതന്നെ നഷ്ടത്തിലായ നമ്മുടെ പല പൊതുമേഖലാ സ്ഥാപനങ്ങളും കർമശേഷിയുള്ള നേതൃത്വത്തെ തേടുമ്പോഴാണ് രാഷ്ട്രീയക്കാരെയും നേതാക്കളുടെ ബന്ധുക്കളെയും കുത്തിനിറയ്ക്കുന്നത് എന്നതു വ്യവസായകേരളത്തിന്റെ കഠിന ദുർവിധിയായി കാണാം. പരാതികളുടെ അടിസ്ഥാനത്തിൽ, ബന്ധുനിയമന വിവാദത്തിൽ വിജിലൻസ് എന്തു നടപടി സ്വീകരിക്കുമെന്ന് ഉറ്റുനോക്കുകയാണു ജനം. ഈ നിയമനവിവാദങ്ങളുടെ പേരിൽ സിപിഎമ്മിന്റെ ചില ജില്ലാ സെക്രട്ടേറിയറ്റ് – ജില്ലാ കമ്മിറ്റി യോഗങ്ങളിൽതന്നെ രൂക്ഷവിമർശനമുയർന്നുകഴിഞ്ഞു. വ്യവസായമന്ത്രി ഇ.പി.ജയരാജൻ വകുപ്പിൽ നടത്തിയ വഴിവിട്ട നിയമനങ്ങൾ പാർട്ടി അതീവഗൗരവമായി പരിശോധിക്കുമെന്നും സർക്കാർ തിരുത്തൽനടപടിയെടുക്കുമെന്നും പറയുന്നുണ്ടെങ്കിലും വിശ്വാസ്യത വീണ്ടെടുക്കാനുള്ള നടപടികളും ഇനിയൊരിക്കലും ഇത്തരം കാര്യങ്ങൾ ആവർത്തിക്കപ്പെടില്ലെന്ന ഉറപ്പുമാണ് സർക്കാരിൽനിന്നും സിപിഎമ്മിൽനിന്നും ഇടതുമുന്നണിയിൽനിന്നും കേരളം പ്രതീക്ഷിക്കുന്നത്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.