Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണയാത്രയ്ക്ക് വഴിമുടക്കുന്നു

ഓരോ വർഷവും വിളിച്ചുണർത്തി പറഞ്ഞിട്ടും ഈ ഓണത്തിനും മലയാളികൾക്ക് ശുഭയാത്ര സമ്മാനിക്കാൻ ദക്ഷിണ റെയിൽവേ കാര്യമായ മനസ്സു കാണിക്കുന്നില്ല. അയൽസംസ്‌ഥാനങ്ങളിൽ കഴിയുന്ന മലയാളിക്ക് ഓണം കൂടാനായി നാട്ടിലെത്താൻ വേണ്ടത്ര സ്‌പെഷൽ ട്രെയിനുകളടക്കം കാര്യമായ  സൗകര്യങ്ങളൊന്നുമൊരുക്കാൻ റെയിൽവേ തയാറായിട്ടില്ല. ഈ അവസരം മുതലെടുത്ത് ബെംഗളൂരു, ചെന്നൈ നഗരങ്ങളിൽനിന്നു കേരളത്തിലേക്കു കഴുത്തറുപ്പൻ നിരക്കാണു സ്വകാര്യ ബസ് സർവീസുകൾ ഈടാക്കുന്നത്. സംസ്ഥാനത്തു മാത്രമോടുന്ന ട്രെയിനുകളിലാണെങ്കിൽ കാലുകുത്താൻപോലും ഇടമില്ല. മറുനാടൻ മലയാളികളുടെ യാത്രാദുരിതംകൂടിയാവുമ്പോൾ ഈ ആഘോഷകാലം പീഡനകാലം കൂടിയാവുന്നു.

മറുനാട്ടിൽ സ്‌ഥിരതാമസമാക്കിയവർ പോലും ഓണക്കാലത്ത് എങ്ങനെയെങ്കിലും നാട്ടിലെത്തണമെന്ന ആഗ്രഹമുള്ളവരാണെന്നിരിക്കെ, ഇതിനനുസൃതമായ തരത്തിൽ കേരളത്തിനും ഇതരസംസ്‌ഥാന നഗരങ്ങൾക്കുമിടയിലുള്ള ഗതാഗത സൗകര്യങ്ങളിൽ വർധനയുണ്ടായിട്ടില്ല. ആഘോഷ സീസണുകളിലാണ് ഈ അവസ്‌ഥ ഏറ്റവും ഗുരുതരമാവുന്നത്. ബെംഗളൂരു, ചെന്നൈ, ഡൽഹി, മുംബൈ അടക്കമുള്ള എല്ലാ മറുനാടൻ നഗരങ്ങളിൽനിന്നും ആഘോഷവേളകളിൽ നാട്ടിലേക്കു വരാൻ വൻതിരക്കുണ്ട്.

നാട്ടിലെത്താൻ ആഗ്രഹിക്കുന്ന കുറെ മറുനാടൻ മലയാളികൾക്കെങ്കിലും വേണ്ടത്ര യാത്രാസൗകര്യമില്ലാത്തതിനാൽ ഈ ഓണക്കാലത്തു നിരാശപ്പെടേണ്ടിവരുമെന്നു തീർച്ച. ഓണക്കാല പ്രത്യേക ട്രെയിനുകളുടെ കുറവാണു മറുനാടൻ മലയാളികളെ ബുദ്ധിമുട്ടിക്കുന്നത്. ഇത്തവണ മംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നാണ് ഓണം സ്പെഷലുകളുള്ളത്. യാത്രക്കാർക്ക് ആവശ്യമുള്ള ദിവസങ്ങളിലല്ല പല സ്പെഷലുകളും ഓടുന്നതെന്നുമാത്രം. ഓണം സ്പെഷൽ ആയി ചെന്നൈയിൽ നിന്നു റെയിൽവേ ഇത്തവണ ഓടിച്ചത്, കഴിഞ്ഞ വെള്ളിയാഴ്ചത്തെ സുവിധ മാത്രമാണ്. അതുതന്നെ മുൻകൂട്ടി പറയാതെ തലേന്നുമാത്രം പ്രഖ്യാപിച്ചതും. തിരക്കിനനുസരിച്ച് അധികനിരക്ക് ഈടാക്കുന്ന ട്രെയിനാണിത്. എന്നാൽ, ഓണത്തിനുശേഷം ചെന്നൈയിൽനിന്നു കേരളത്തിലേക്കു 11 സ്പെഷൽ സർവീസ് നടത്തുന്നുണ്ടുതാനും.

പ്രതിഷേധം കടുത്തതോടെ ഓണത്തിനു മംഗളൂരുവിൽനിന്നു കേരളത്തിലേക്ക് റെയിൽവേ പ്രത്യേക ട്രെയിൻ അനുവദിച്ചു. എന്നാൽ, ബെംഗളൂരുവിലേക്കുള്ള ട്രെയിനിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഉൽസവസീസണിൽ മാത്രമല്ല, സാധാരണ ദിനങ്ങളിൽ തന്നെ ബെംഗളൂരുവിൽനിന്നു കേരളത്തിലേക്കും തിരിച്ചും ട്രെയിൻ ടിക്കറ്റ് ലഭിക്കുകയെന്നത് എളുപ്പമല്ല. പതിവു യാത്രകൾക്കു തന്നെ ബെംഗളൂരു–കേരള ട്രെയിനുകളിൽ വളരെ നേരത്തേ റിസർവേഷൻ വെയ്‌റ്റ് ലിസ്‌റ്റിലേക്കു നീങ്ങാറുണ്ട്.

ബെംഗളൂരുവിൽ നിന്നുള്ള സ്വകാര്യ ബസുകളുടെ കേരളത്തിലേക്കുള്ള നിരക്ക് ഓണക്കാലത്ത് ഇരട്ടിയിലേറെ വരെയായി. തിരുവനന്തപുരത്തേക്ക് 1200 രൂപയ്ക്കു പകരം 2500 രൂപ വരെ! സൗത്ത് വെസ്റ്റേൺ റെയിൽവേയാണു ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കു ട്രെയിനോടിക്കേണ്ടത്. എന്നാൽ, ബസ് ലോബിയുടെ സമ്മർദം കാരണം ഇവർ സ്പെഷൽ സർവീസുകൾക്കു തയാറാകുന്നില്ലെന്നാണ് ആക്ഷേപം. കാവേരി പ്രശ്നത്തെത്തുടർന്ന് റോഡ് ഗതാഗതവും അനിശ്ചിതത്വത്തിലായതോടെ ബെംഗളൂരുവിലുള്ള മലയാളികളുടെ യാത്രാദുരിതം ഇരട്ടിയായി. ഹൈദരാബാദിൽനിന്നു കൊച്ചുവേളിയിലേക്കും തിരിച്ചും 16 സർവീസുകൾ പ്രഖ്യാപിച്ച സൗത്ത് സെൻട്രൽ റെയിൽവേയാണ് അൽപമെങ്കിലും മനുഷ്യത്വപരമായ സമീപനം മലയാളികളോടു കാണിച്ചത്.

സ്‌പെഷൽ ട്രെയിൻ ഇല്ലാത്ത ദുരവസ്ഥയിൽ, നാട്ടിൽ ഓണം കൂടാൻ ആഗ്രഹിക്കുന്ന കുറെ ഡൽഹി, മുംബൈ മലയാളികളും ഇത്തവണ നിരാശപ്പെടേണ്ടിവരും. ഡൽഹിയിൽനിന്നു പൂജ അവധിക്കു ബംഗാളിലേക്കും നവരാത്രി സമയത്തു മറ്റ് ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിലേക്കും ഒട്ടേറെ സ്‌പെഷൽ ട്രെയിനുകൾ ഓടിക്കുന്നുണ്ടെന്ന വസ്‌തുതകൂടി ഇതോടു ചേർത്തുവായിക്കുമ്പോഴേ അവഗണനയുടെ കയ്‌പു ശരിക്കുമറിയൂ.

മറുനാടൻ മലയാളികളുടെ വികാരം തിരിച്ചറിഞ്ഞ്, ഓണം കഴിഞ്ഞുള്ള മടക്കയാത്രയ്ക്കെങ്കിലും കൂടുതൽ യാത്രാസൗകര്യങ്ങൾ റെയിൽവേ ഒരുക്കിയേ തീരൂ. എന്നുമാത്രമല്ല, ഓണക്കാലങ്ങളിൽ മറുനാടൻ മലയാളിക്കു യാത്രാസൗകര്യം മുൻകൂർ ഉറപ്പാക്കാൻ സ്പെഷൽ ട്രെയിനുകൾ ടൈം ടേബിളിൽതന്നെ ദക്ഷിണ റെയിൽവേ ഉൾപ്പെടുത്തുകയുംവേണം.

Your Rating: