Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂരിന്റെ മുറിവുകൾ

കേരളത്തിന്റെയാകെ ആശങ്കയും സങ്കടവുമായി മാറിയിരിക്കുകയാണ് കണ്ണൂർ. ഒരു മൽസരത്തിലെന്നപോലെ എണ്ണം തികയ്ക്കാനായി രാഷ്ട്രീയകക്ഷികൾ പകവഴിയിലേക്കിറങ്ങുമ്പോൾ, കൊന്നും കൊടുത്തും യൗവനങ്ങൾ ഒടുങ്ങുമ്പോൾ കണ്ണൂരിന്റെ മണ്ണ് കണ്ണീരും ചോരയും കൊണ്ടു നനഞ്ഞുതന്നെ കിടക്കുന്നു. ഓരോ രാഷ്ട്രീയ കൊലപാതകത്തെത്തുടർന്നും കേരളത്തിലെ ആയിരമായിരം അമ്മമാരുടെ വിലാപങ്ങൾകൂടി ഉയരാറുണ്ടെന്നു കൊലക്കത്തി വീശുന്നവർ ഓർക്കാറില്ലല്ലോ.

ഇനിയൊരിക്കലും വരാത്ത മകനുവേണ്ടി ചോറു വിളമ്പി കാത്തിരിക്കുന്ന അമ്മമാർ, ചോര പുരണ്ട ദുസ്വപ്നം കണ്ടു ഞെട്ടിയെഴുന്നേൽക്കുന്ന കുരുന്നുകൾ, രാത്രി ഉറങ്ങാൻ പോലും ഭയപ്പെടുന്ന സ്ത്രീകൾ, എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാമെന്ന യുവാക്കളുടെ അരക്ഷിതാവസ്ഥ – നാടിന്റെ കൊടുംവേദന വാക്കുകളിൽ പകർത്താനാവില്ലതന്നെ. അക്രമവും കൊലപാതകവും ഹർത്താലുമൊക്കെയായി കറുത്ത ദിവസങ്ങളെത്തുമ്പോൾ കണ്ണൂരിന്റെ ശാശ്വതസമാധാനത്തിനായി ആഗ്രഹിക്കുകയാണു സംസ്ഥാനം. കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിലിരിക്കുന്ന രണ്ടു പ്രമുഖ പാർട്ടികളാണ് വേട്ടക്കാരുടെയും ഇരകളുടെയും വേഷത്തിൽ മാറിമാറി രംഗത്തുവരുന്നതെന്നത് ഇപ്പോഴത്തെ നിർഭാഗ്യാവസ്ഥയ്ക്കു കൂടുതൽ ഗൗരവം നൽകുന്നു.

എല്ലാവർക്കും, ഏതു കാലത്തും സ്േനഹത്തോടെയും സമാധാനത്തോടെയും കഴിയാനുള്ള സാഹചര്യം കണ്ണൂരിൽ ഉണ്ടായേതീരൂ. പക്ഷേ, അതിനായുള്ള ശ്രമങ്ങൾ ഫലവത്താകാത്തതാണു ദുരന്തം. ഈ സർക്കാർ അധികാരമേറ്റെടുത്തു നാലര മാസം പിന്നിടുമ്പോഴേക്കും കണ്ണൂരിൽ ആറു ജീവനാണു രാഷ്ട്രീയ കൊലക്കത്തിക്ക് ഇരയായത്. അതിൽ മൂന്നു പേരും മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമടം മണ്ഡലത്തിലാണുതാനും. സമാധാന ശ്രമങ്ങൾക്കു മുൻകയ്യെടുക്കാൻ ഇതുവരെ മുഖ്യമന്ത്രി തയാറായിട്ടില്ല എന്ന പരാതി പലർക്കുമുണ്ട്. ഓരോ തവണയും ജില്ലാ ഭരണകൂടം വിളിക്കുന്ന സമാധാന ശ്രമങ്ങൾ പരിഹാസ്യമാകുന്നതും കണ്ണൂരിലെ ജനങ്ങൾ വേദനയോടെയാണു കാണുന്നത്. പ്രാദേശിക നേതാക്കളുടെ വാക്കുകൾക്കപ്പുറം മുഖ്യമന്ത്രി നേരിട്ടു നടത്തുന്ന സമാധാന ശ്രമങ്ങൾക്ക് അതിന്റേതായ വിലയുണ്ടെന്നതു മറന്നുകൂടാ.

അറ്റുതൂങ്ങിയതും വെട്ടിപ്പിളർന്നതുമായ ഭീകര ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർ ചെയ്യുന്നത് എരിതീയിൽ എണ്ണയൊഴിക്കുകതന്നെയാണ്. ആക്രമണം നടന്ന ആദ്യ നിമിഷങ്ങൾക്കുള്ളിൽ ചിത്രങ്ങൾ മൊബൈലിൽ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും പലപ്പോഴും ഏറ്റവും വേണ്ടപ്പെട്ടവർ തന്നെയാണ് എന്നതാണു ദുഃഖകരം. ഇത്തരം കാര്യങ്ങൾക്കു തടയിടുകതന്നെ വേണം. കൊലപാതകത്തിന്റെ ചുവടുപിടിച്ച് എതിർ വിഭാഗത്തിൽ പെട്ടവരുടെ വീടുകൾക്കു നേരെ വ്യാപക അക്രമങ്ങളുണ്ടാകുന്നതും പതിവായിക്കഴിഞ്ഞു. എതിരാളികളെ സാമ്പത്തികമായി തകർക്കുക എന്ന കുടിലബുദ്ധി കൂടി ഈ അതിക്രമങ്ങൾക്കു പുറകിലുണ്ട്. സംഘടനകളുടെ പേരിൽ കൊലപാതകത്തിനും സംഘർഷങ്ങൾക്കും മുന്നിട്ടിറങ്ങുന്നവരെ അതിരുവിട്ടു പാർട്ടികൾ സംരക്ഷിക്കുന്നതും അക്രമം വ്യാപിക്കാൻ കാരണമാകുന്നു.

സാമൂഹിക, സാമ്പത്തിക രംഗങ്ങളിലെ സുസ്ഥിര വികസനമെന്ന വലിയ സ്വപ്നത്തിലേക്കു സംസ്ഥാനം കുതിക്കുമ്പോൾ കണ്ണൂരിന്റെ സംഭാവന അക്രമരാഷ്ട്രീയമെന്ന മാറാപ്പ് ആകരുത്. എന്തൊക്കെ നേട്ടങ്ങൾ കൈപ്പിടിയിലൊതുക്കിയാലും അതിനെല്ലാം മുകളിൽ ചോരകൊണ്ടു കയ്യൊപ്പു ചാർത്താനുള്ള കണ്ണൂരിന്റെ വിധി ഇനിയും തുടർന്നുകൂടാ.

പാർട്ടി കോട്ടകളും സംഘടനാ തുരുത്തുകളും സംരക്ഷിക്കാൻ ചാവേറുകളാകുന്നത് ഓരോ കുടുംബത്തിന്റെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കേണ്ട പാവപ്പെട്ട യുവാക്കളാണ്. കൊല്ലപ്പെട്ടതിനു ശേഷം പാർട്ടികൾ കൊടുക്കുന്ന സഹായ ഫണ്ടിന് ഉറ്റവരുടെ ചുടുകണ്ണീരിനെ തണുപ്പിക്കാനാകില്ലെന്നു തീർച്ച. കണ്ണൂരിൽ സമാധാനം പുലരാൻ എല്ലാ രാഷ്ട്രീയകക്ഷികളും ജനനേതാക്കളും പൊതുസമൂഹവും സർക്കാർസംവിധാനങ്ങളോടൊപ്പം കൈകോർക്കേണ്ട സമയമാണിത്. തീവ്രരാഷ്ട്രീയത്തിന്റെ കൊടി പുതച്ചെത്തുന്ന കുടിപ്പകകൾ ഇനി ഈ മണ്ണിൽ ഉണ്ടായിക്കൂടാ. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.