Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളെ കണ്ണീർ കുടിപ്പിക്കരുത്

കെടുകാര്യസ്ഥതയുടെ ദുർമുഖവുമായി സംസ്ഥാനത്തെ മിക്ക സർവകലാശാലകളും വിദ്യാർഥികളുടെ ഭാവി പന്താടുകയാണെന്ന യാഥാർഥ്യം കേരളത്തെ അസ്വസ്ഥമാക്കേണ്ടതുതന്നെ. ഉത്തരക്കടലാസ് മറിച്ചുനോക്കുക പോലും ചെയ്യാതെ മൂല്യനിർണയം നടത്തുക, മാർക്ക് കൂട്ടിയെഴുതുമ്പോൾ തെറ്റു വരുത്തുക തുടങ്ങിയ വൻ ചതികളാണ് ഒരു വിഭാഗം അധ്യാപകർ വിദ്യാർഥികളോടു ചെയ്യുന്നത്. വിദ്യാർഥികളുടെ കണ്ണുനീരിനു നേരെ മുഖം തിരിച്ചും, ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും വൈകിച്ചും സർവകലാശാലകൾ ക്രൂരത തുടരുന്നു.

സർവകലാശാലകൾ വിദ്യാർഥികളെ ചതിക്കുന്നതിന്റെ നേർചിത്രങ്ങൾ വരച്ചുകാട്ടിയ മലയാള മനോരമ പരമ്പര ‘കണ്ണീർ കുടിപ്പിക്കും സർവകലാശാലകൾ’, ഈ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ പൊളിച്ചെഴുത്തിനു സമയമായെന്നു ചൂണ്ടിക്കാട്ടുന്നു. എൺപതിൽ 80 മാർക്കും ലഭിക്കേണ്ട വിദ്യാർഥിനിക്ക് 30 മാർക്ക് മാത്രം ലഭിച്ച സംഭവം പരമ്പരയിൽ പറഞ്ഞിരുന്നു. ഇക്കാര്യം പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ഈ വിദ്യാർഥിനിക്കു നീതി ലഭിക്കുകയുണ്ടായി. ഇതു പോലെ, മറ്റു പല വിദ്യാർഥികളുടെയും മൂല്യനിർണയത്തിൽ വന്ന പിഴവുകളും പരമ്പരയെ തുടർന്ന് അധികൃതർ പരിഹരിച്ചു. 59 മാർക്ക് കിട്ടേണ്ട വിദ്യാർഥിനിക്ക് മാർക്ക് കൂട്ടിയെഴുതിയതിലെ പിഴവു മൂലം 19 മാർക്ക് ആയ സംഭവവും പരമ്പരയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

പുനർമൂല്യനിർണയത്തിന്റെ മറവിൽ ഇഷ്ടക്കാർക്കു ചിലർ മാർക്ക് വർധിപ്പിക്കുന്നതും പാരിതോഷികം വാങ്ങി മാർക്ക് കൂട്ടിയിടുന്നതുമെല്ലാം ഈ രംഗത്തെ അഴിമതിയുടെ വ്യാപ്തി വ്യക്തമാക്കുന്നു. കോളജുകൾ തമ്മിലുള്ള കിടമൽസരം മൂലം പ്രാക്ടിക്കൽ പരീക്ഷയിൽ ഒരു കോളജിലെ വിദ്യാർഥികൾക്കു കൂട്ടത്തോൽവി പിണഞ്ഞ സംഭവവുമുണ്ടായി.

ഒട്ടേറെ വിദ്യാർഥികളുടെ ഉത്തരക്കടലാസ് കാണാതാവുന്നുമുണ്ട്. പലപ്പോഴും ഇവ കണ്ടുപിടിക്കാൻ കഴിയാറില്ല. നഷ്ടപ്പെട്ട ഉത്തരക്കടലാസ് കണ്ടെത്തണമെന്നു കോടതി ഉത്തരവിട്ടിട്ടും സർവകലാശാലയ്ക്ക് അതു കണ്ടെത്താനാവാത്ത സംഭവവുമുണ്ടായി. ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ ഉത്തരക്കടലാസ് സൂക്ഷിക്കുമ്പോഴും നഴ്സിങ് കോഴ്സിനു പഠിക്കുന്ന വിദ്യാർഥികൾക്ക് എംബിബിഎസ് സർട്ടിഫിക്കറ്റ് കൊടുക്കുമ്പോഴുമൊക്കെ വിദ്യാർഥികളുടെ നെഞ്ചിടിക്കുകയാണ്.

പരാതിയുമായി വരുന്ന വിദ്യാർഥികളോടു സർവകലാശാലകൾ മുഖം തിരിക്കുക കൂടി ചെയ്യുമ്പോൾ അവഗണനയുടെ കയ്പ് കൂടുന്നു. ഏത് അപേക്ഷയും നിരസിച്ച് അപേക്ഷയുടെ മുകളിൽ ‘റിജക്ടഡ്’ എന്ന് എഴുതിവിടുമ്പോൾ സർവകലാശാലാ ജീവനക്കാരുടെ നിരുത്തരവാദിത്തമല്ലേ പ്രകടമാവുന്നത്? തൊട്ടപ്പുറത്തെ സെക്‌ഷനിൽ നിന്ന് ഒരു ഫയൽ എത്താൻ പോലും മാസങ്ങളെടുക്കുന്ന അവസ്ഥയുണ്ട്. ജോലി സ്ഥലത്തു കൃത്യസമയത്ത് എത്താത്തവർ, പഞ്ച് ചെയ്തശേഷം പുറത്തുപോയി മണിക്കൂറുകൾ കഴിഞ്ഞു തിരിച്ചുവരുന്നവർ തുടങ്ങി ജീവനക്കാരിൽ ചിലരുടെ അലസതയ്ക്ക് ഉദാഹരണങ്ങൾ ഏറെയാണ്.

പരീക്ഷ തന്നെ താമസിച്ചു നടത്തിയും ഫലം പറയാൻ വീണ്ടും വൈകിച്ചും സർവകലാശാലകൾ വിദ്യാർഥികളുടെ ഭാവിയാണ് അവതാളത്തിലാക്കുന്നത്. മറ്റൊരിടത്തും യഥാസമയത്ത് തുടർപഠനത്തിനോ ജോലിക്കോ പോകാൻ സാധ്യമല്ലാത്ത അവസ്ഥ ഇതുമൂലം വന്നുചേരുന്നു. സർട്ടിഫിക്കറ്റ് കിട്ടാനും വലിയ കാലതാമസം വരുത്തുന്നതു വിദ്യാർഥികളെ ഒട്ടൊന്നുമല്ല വലയ്ക്കുന്നതെന്നു സർവകലാശാലകൾ തിരിച്ചറിയണം. ജോലിക്കും മറ്റും അപേക്ഷിക്കാനും ഇന്റർവ്യൂവിനു ഹാജരാക്കാനുമൊക്കെ അത്യാവശ്യം വന്നാൽ സർട്ടിഫിക്കറ്റ് പെട്ടെന്നു നൽകാനുള്ള ‘ഫാസ്റ്റ് ട്രാക്ക്’ സംവിധാനം കൊണ്ടുവന്നിട്ടും സർട്ടിഫിക്കറ്റ് കിട്ടാൻ ഏഴു മുതൽ 10 മാസം വരെയെടുക്കുന്നു എന്ന യാഥാർഥ്യം ഞെട്ടിക്കുന്നതാണ്.

പോരായ്മകൾ മുന്നിൽവച്ച്, നമ്മുടെ സർവകലാശാലകൾ ആത്മപരിശോധന നടത്തിയേ തീരൂ. ഇതിനകമുണ്ടായ കോട്ടങ്ങൾ നേട്ടങ്ങളാക്കാൻ ഇച്ഛാശക്തി മാത്രം മതിയാവുമെന്നതു മറന്നുകൂടാ. 

Your Rating: