Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിവൃത്തിയില്ലാതെ രാജി

അഴിമതിയെ വേരോടെ പിഴുതെറിയുമെന്നു പ്രഖ്യാപിച്ച് അധികാരത്തിലേറിയ ഇടതുമുന്നണി സർക്കാരിനു കനത്ത പ്രഹരമായി ബന്ധുനിയമനപാപഭാരവും വ്യവസായ മന്ത്രിയുടെ ലജ്ജാകരമായ രാജിയും.

പിണറായി മന്ത്രിസഭയിലെ രണ്ടാമനും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി. ജയരാജൻ പടിയിറങ്ങുന്നത് അധികാരമേറ്റ് വെറും 142 ദിവസത്തിനുള്ളിലാണ്. ബന്ധുനിയമനം നടത്തിയതിന്റെ പേരിൽ രാജിവയ്ക്കേണ്ടിവരുന്ന ആദ്യ മന്ത്രിയുടെ പേരിൽ പിണറായി സർക്കാരും രാഷ്ട്രീയ ചരിത്രത്തിലെത്തുന്നു.

ജയരാജന്റെ ഭാര്യയുടെ സഹോദരിയും കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ.ശ്രീമതി എംപിയുടെ മകൻ പി.കെ.സുധീർ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് (കെഎസ്ഐഇ) മാനേജിങ് ഡയറക്ടറായി നിയമിച്ചത് മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നതിനെത്തുടർന്ന് പാർട്ടി അണികളിൽനിന്നുപോലും രൂക്ഷമായ പ്രതിഷേധം ഉയർന്നു. വിജിലൻസ് അന്വേഷണംകൂടി വന്നതോടെ ജയരാജനു രാജിയല്ലാതെ മറ്റു വഴിയില്ലാതായി. പാർട്ടിയുടെയും സർക്കാരിന്റെയും പ്രതിച്ഛായ സംരക്ഷിക്കാൻ, മൂല്യങ്ങളുയർത്തിപ്പിടിച്ചാണ് ജയരാജന്റെ രാജി എന്ന ന്യായത്തിനു തീരെ ബലമില്ല.

ഒട്ടേറെ അഴിമതിയാരോപണങ്ങൾ കേൾപ്പിച്ചിട്ടുണ്ടെങ്കിലും മുൻ സർക്കാരുകൾക്കൊന്നും ഇതുപോലെയൊരു ആരോപണത്തിനുമുന്നിൽ തലതാഴ്ത്തേണ്ടിവന്നിട്ടില്ല. ബന്ധുനിയമനങ്ങളുടെ പട്ടിക ‘ബന്ധുക്കളേ, നിങ്ങൾക്കുവേണ്ടി’ എന്ന അന്വേഷണപരമ്പരയിലൂടെ മലയാള മനോരമ കേരളത്തിനു മുന്നിൽവച്ചിരുന്നു. ഇത് പൊതുമേഖലാ സ്ഥാപനങ്ങളിൽമാത്രം ഒതുങ്ങുന്നില്ല. സ്വന്തക്കാർക്കുവേണ്ടി സംസ്ഥാന താൽപര്യങ്ങൾ അടിയറവയ്ക്കുന്ന ശൈലി ഒരു ജനാധിപത്യഭരണ സംവിധാനത്തിനും ഭൂഷണമല്ല.

ഇ.പി. ജയരാജനെതിരായുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, പൊതുമേഖലാ സ്ഥാപനങ്ങളിലേത് ഉൾപ്പെടെയുള്ള നിയമനങ്ങളിലെ സ്വജനപക്ഷപാതം തടയാൻ നിയമനിർമാണത്തിനും മറ്റു നടപടികൾക്കും മന്ത്രിസഭ തീരുമാനമെടുത്തെങ്കിലും അതുകൊണ്ടുമാത്രമാകുന്നില്ല. ആരു ഭരിച്ചാലും അഴിമതിക്കു പഴുതുകളുണ്ട് എന്ന നാട്ടുനടപ്പ് എന്നെന്നേക്കുമായി അവസാനിക്കുകയാണു വേണ്ടത്.

ഇന്നലെ രാവിലെ, തിരുവനന്തപുരം വിജിലൻസ് കോടതിയിൽ മാധ്യമപ്രവർത്തകർക്കു നേരെയുണ്ടായ അതിക്രമവും ഇതോടുചേർത്തുവായിക്കേണ്ടതുണ്ട്. കോടതികളിൽനിന്നു വാർത്ത ശേഖരിക്കാനുള്ള മാധ്യമപ്രവർത്തകരുടെ അവകാശത്തിനെതിരെ മൂന്നു മാസമായി അഭിഭാഷകർ നടത്തുന്ന കടന്നാക്രമണത്തിന്റെ പുതിയ അധ്യായം മാത്രമായി ഇതിനെ കാണാനാവില്ല. ഇ.പി. ജയരാജനും ഉദ്യോഗസ്ഥർക്കുമെതിരെ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന ഹർജി വിജിലൻസ് കോടതി പരിഗണിക്കുമ്പോൾ ജഡ്ജിയുടെ മുന്നിൽവച്ച് ചില അഭിഭാഷകർ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തു പുറത്താക്കുകയായിരുന്നു. ജയരാജനുമായി ബന്ധപ്പെട്ട ഹർജിക്കുമുൻപ് പല ഹർജികളും കോടതി പരിഗണിക്കുന്നതു തടസ്സമില്ലാതെ കേട്ട മാധ്യമ പ്രവർത്തകരെ കൃത്യം ആ വേളയിൽ ചില അഭിഭാഷകർ പുറത്താക്കിയതിൽ രാഷ്ട്രീയലക്ഷ്യമില്ലെന്നു പറയാനാകുമോ?

അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുണ്ടായ പ്രശ്നത്തെ തുടർന്ന് 2016 ജൂലൈ 19നു ശേഷം കോടതികളിൽ നിന്നു നേരിട്ടുള്ള വാർത്താശേഖരണം സാധ്യമായിരുന്നില്ല. മുഖ്യമന്ത്രിയിൽനിന്നടക്കമുള്ള പല ഉറപ്പുകളും പാഴായതിന്റെ തെളിവുകൂടിയാണ് ഇന്നലെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ കണ്ടത്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.