Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിൽ മെല്ലെപ്പോക്ക്

വ്രതശുദ്ധിയുടെ വൃശ്ചികം അരികിലെത്തിനിൽക്കുകയാണ്. ശബരിമല തീർഥാടനത്തിനായി നവംബർ 16നു ന‌ട തുറക്കും. മുൻവർഷങ്ങളെ അപേക്ഷിച്ച് അധിക സൗകര്യങ്ങൾ കാര്യമായി ഏർപ്പെടുത്താൻ കഴിയാത്ത തീർഥാടനമാകും ഇത്തവണ.

ഒരു മാസമാകുമ്പോഴേക്കും ശരണം വിളികളിലേക്കുണരേണ്ട ഇവി‌ടെ ഒരുക്കങ്ങൾക്ക് ഒന്നിനും വേഗമില്ല. മിക്ക വർഷങ്ങളിലും അങ്ങനെയായിരുന്നു. എന്നാൽ, സർക്കാരിനും ദേവസ്വം ബോർഡിനും ഇച്‌ഛാശക്‌തിയുണ്ടെങ്കിൽ സുഗമ തീർഥാടനം സാധ്യമാക്കാമെന്നു മുൻപു ചിലപ്പോഴെങ്കിലും നാം കണ്ടതാണ്. കൈകാലുകൾ കെട്ടിയ നിലയിലാണു ദേവസ്വം ബോർഡെ‌ന്നും സർക്കാരും ശബരിമല ഉന്നതാധികാര സമിതിയും വേണ്ടത്ര താൽപര്യം കാണിക്കാത്തതിനാൽ ഒരുക്കങ്ങളൊന്നും പ്രതീക്ഷിച്ച രീതിയിൽ നടക്കുന്നില്ലെന്നുമാണ് ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറയുന്നത്.

സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും എല്ലാ ഏജൻസികളും ഉണരേണ്ട സമയത്താണ് ഈ നിഷ്ക്രിയത്വം. ഓഗസ്റ്റ് 18ന് പമ്പയിൽ ചേർന്ന ശബരിമല അവലോകന യോഗത്തിൽ മുഖ്യമന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും തമ്മിലുണ്ടായ തർക്കങ്ങൾക്കു ശേഷം സർക്കാർ സംവിധാനങ്ങൾ കാര്യമായി ചലിക്കുന്നില്ലെന്നൊരു സംസാരവുമുണ്ട്. അവലോകന യോഗങ്ങൾ ചേരുന്നുണ്ടെങ്കിലും തീരുമാനങ്ങൾ പലതും നടപ്പാകുന്നില്ല. നിസ്സാര കാര്യങ്ങൾക്കു പോലും വനം വകുപ്പ് ഉടക്കുന്നു എന്നതാണു മറ്റൊരു ആരോപണം. പമ്പയിൽ സുരക്ഷാ പരിശോധനയ്ക്കുള്ള കെട്ടിട നിർമാണം തർക്കം മൂലം തുടങ്ങിയിട്ടില്ല. വനം മന്ത്രിക്കു ദേവസ്വം ബോർഡ് നൽകിയ പരാതിയിലും തുടർനടപടിയില്ല.

മാസ്റ്റർ പ്ലാനിലെ എല്ലാ നിർമാണങ്ങളും ഉന്നതാധികാര സമിതി വഴി വേണമെന്നാണു സർക്കാർ നിർദേശം. പക്ഷേ, ഒന്നും സമയബന്ധിതമായി നടക്കുന്നില്ല. പൂർത്തിയായതൊന്നും വേണ്ടവിധം പ്രയോജനപ്പെടുന്നുമില്ല. സന്നിധാനത്തിൽ പുതിയ അന്നദാന മണ്ഡപത്തിന്റെ പണി തുടങ്ങിയിട്ടു നാലു വർഷമായി. രണ്ടു നിലയുടെ കോൺക്രീറ്റ് ജോലികൾ കഴിഞ്ഞു. ഭിത്തികെട്ടൽ നടക്കുന്നു. തീർഥാടനം തുടങ്ങും മുൻപ് കെട്ടിടം പൂർത്തിയായാലേ കൂടുതൽ പേർക്ക് ഒരേസമയം ഭക്ഷണം നൽകാൻ കഴിയൂ. സന്നിധാനത്തിൽ കഴിഞ്ഞ വർഷം 23.5കോടി രൂപ ചെലവിൽ നിർമിച്ച മാലിന്യ സംസ്കരണശാലയുടെ പോരായ്മകളും പരിഹരിക്കേണ്ടതുണ്ട്. ബാക്ടീരിയ ഉപയോഗിച്ചുള്ള മാലിന്യ സംസ്കരണമാണിത്. പൈപ്പുകൾ പൊട്ടിയൊഴുകി ശുചിമുറിമാലിന്യം കഴിഞ്ഞ വർഷം വനത്തിലേക്ക് ഒഴുകിയിരുന്നു.

പതിനെട്ടാംപടി കയറാൻ ക്യൂ നിന്നു തളരുന്ന തീർഥാടകർക്ക് ഇരുന്നു വിശ്രമിക്കാൻ മരക്കൂട്ടത്തിനും ശരംകുത്തിക്കും മധ്യേ കഴിഞ്ഞ വർഷം ആറു ക്യൂ കോംപ്ലക്സുകൾ നിർമിച്ചു. എന്നാൽ, തിരക്കു നിയന്ത്രിക്കുന്ന പൊലീസ് ക്യൂ കോംപ്ലക്സിലേക്ക് അയ്യപ്പഭക്തന്മാരെ തിരിച്ചുവിടാഞ്ഞതിനാൽ വേണ്ടവിധം പ്രയോജനപ്പെടുത്താനായില്ല. പ്ലാസ്റ്റിക് നിരോധനം കർശനമാക്കിയ ഹൈക്കോടതി പമ്പയിലും സന്നിധാനത്തും നിലയ്ക്കലും കുപ്പിവെള്ളം വിതരണം തടഞ്ഞിട്ടുണ്ടെങ്കിലും ബദൽ സംവിധാനം ഒരുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. 50,000 ലീറ്റർ വെള്ളം ശുദ്ധീകരിച്ച് 150 കിയോസ്ക്കുകൾ വഴി വിതരണം ചെയ്യുമെന്നാണു പറയുന്നത്. പക്ഷേ, വിരലിൽ എണ്ണാവുന്നവ മാത്രമാണു സ്ഥാപിച്ചത്.

അഴുത, കരിമല വഴിയുള്ള കാനനപാതയിലൂടെ കാൽനടയായി ഒട്ടേറെ തീർഥാടകർ എത്തും. ഈ വഴിയിൽ വെളിച്ചമില്ലാത്തതു പ്രധാന പ്രശ്നമാണ്. തീർഥാടകർ വിശ്രമിക്കുന്ന പ്രധാന കേന്ദ്രങ്ങളിലെങ്കിലും വെളിച്ചമെത്തിക്കണം. ഇടത്താവളങ്ങളിലെല്ലാം തീർഥാടകർക്കു വേണ്ട സൗകര്യങ്ങൾ ഉറപ്പാക്കേണ്ടതുമുണ്ട്. സന്നിധാനത്തിൽ പുതിയ ആശുപത്രിക്കു കഴിഞ്ഞ മകരവിളക്കിനു തറക്കല്ലിട്ടെങ്കിലും പണി തുടങ്ങിയില്ല. കരിമല പാതയിലും വൈദ്യസഹായം ഏർപ്പെടുത്തണം. നഷ്ടത്തിൽ വലയുന്ന കെ‌എസ്ആർടിസി തീർഥാടന ഒരുക്കങ്ങൾ ഇതുവരെ തുടങ്ങിയിട്ടില്ല. മുൻവർഷങ്ങളിൽ നാലു മാസം മുൻപേ തിരക്കിട്ട ഒരുക്കങ്ങൾ നടത്തുന്ന സ്ഥാനത്ത് ആദ്യത്തെ ആലോചനായോഗം ഇന്നു തിരുവനന്തപുരത്തു ചേരുന്നതേയുള്ളൂ. ഇനിയുള്ള ദിവസങ്ങളിൽ ഒത്തുപിടിച്ചാലേ തീർഥാടക സൗകര്യങ്ങളെല്ലാം ഉറപ്പാക്കാനാവൂ. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.