Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപകടംപിടിച്ച പാക്ക് കളി

ജമ്മു–കശ്മീരിലെ ഉറിയിൽ പാക്കിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണം ഇന്ത്യ–പാക്ക് ബന്ധത്തെ വളരെ അപകടകരമായ വിധത്തിൽ വീണ്ടും പിടിച്ചുലച്ചിരിക്കുകയാണ്. നേരത്തേതന്നെ അശാന്തമായിരുന്ന അന്തരീക്ഷത്തിൽ സംഘർഷത്തിന്റെയും കാലുഷ്യത്തിന്റെയും കുറെക്കൂടി ഇരുണ്ട കാർമേഘങ്ങൾ ഉരുണ്ടുകൂടാൻ ഇതു കാരണമായിരിക്കുന്നു.

ഉറിയിലെ കരസേനാതാവളത്തിൽ നടന്ന ഭീകരാക്രമണത്തിൽ നമ്മുടെ 17 വീരജവാന്മാരാണ് കൊല്ലപ്പെട്ടത്. ഇരുപതോളം ജവാന്മാർക്കു പരുക്കേൽ‌ക്കുകയും ചെയ്തു. ഇത്രയേറെ സൈനികർ പാക്ക് ഭീകരാക്രമണത്തിൽ കൊ‌ല്ലപ്പെടുന്നത് ഒരു പതിറ്റാ‌ണ്ടിനിടയിൽ ഇതാദ്യമാണ്. ഇന്ത്യയെ ഇതു നടുക്കുന്നതോടൊപ്പം രോഷാകുലമാക്കുകയും ചെയ്യുന്നു. ഇത്തരം സംഭവങ്ങൾ ഇനിയുമുണ്ടാകാതിരിക്കാൻ പാക്കിസ്ഥാനു മനസ്സിലാകുന്ന ഭാഷയിൽ മറുപടി നൽകാൻ നരേന്ദ്ര മോദി ഗവൺമെന്റിന്റെമേൽ സമ്മർദം ഏറുകയാണ്.

വടക്കൻ കശ്മീരിലെ ബാരാമുല്ല ജില്ലയിൽ ഝലം നദിക്കടുത്തുള്ള പട്ടണമാണ് ഉറി. അവിടെ നിയന്ത്രണരേഖയ്ക്കടുത്തുള്ള സൈനികകേന്ദ്രത്തിൽ ഇന്നലെ പുലർച്ചെ അഞ്ചരമണിക്കാണ് ഭീകരർ ആക്രമണം തുടങ്ങിയത്. അതിനു മുൻപു തന്നെ അവർ അവിടെ നുഴഞ്ഞുകയറിയതാകാമെന്നു സംശയിക്കപ്പെടുന്നു. എങ്കിൽ അതു ഗുരുതരമായ സുരക്ഷ‌ാ വീഴ്ചയിലേക്കു വിരൽചൂണ്ടുന്ന‌ു. നാലു ഭീകരർ കൊല്ലപ്പെട്ടുവെങ്കിലും കൂടുതൽ ഭീകരർ നുഴഞ്ഞുകയറിയിട്ടുണ്ടാകാമെന്ന സംശയത്തിൽ സൈന്യം തിരച്ചിൽ തുടരുകയായിരുന്നു.

കശ്മീരിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ ചില മാസങ്ങളായി പാക്ക് ഭീകരരുടെ നുഴഞ്ഞുകയറ്റവും ആക്രമണവും നടന്നുവരികയായിരുന്നു. ഈ മാസംതന്നെയാണ് പൂഞ്ചിലും പുൽവാമയിലും ആക്രമണമുണ്ടായത്. പുൽവാമയിൽ ഓഗസ്റ്റിൽ രണ്ടു തവണയും ആക്രമണമുണ്ടായി. ശ്രീനഗർ, കുപ്‌വാര, പാംപോർ, അനന്ത്നാഗ് എന്നിവയും ഭീകരാക്രമണം നടന്ന സ്ഥലങ്ങളിൽ ഉൾപ്പെടുന്നു. ഇവയിൽ പല സംഭവങ്ങളും കശ്മീർ താഴ്‌വരയിൽ വിഘടനവാദികൾ അഴിച്ചുവിട്ട കലാപത്തിനിടയ‌ിലായിരുന്നു. കലാപത്തെ സഹായിക്കുകയും അങ്ങനെ അതിൽനിന്നു മുതലെടുക്കുകയും ചെയ്യാനുള്ള പാക്ക് ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ ആക്രമണങ്ങൾ.

ഉറിയിൽ ആക്രമിക്കപ്പെട്ടത് സൈനികതാവളമാണെന്നതു സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഈ വർഷം ജനുവരിയിൽ പഞ്ചാബിലെ പഠാൻകോട്ട് വ്യോമസേനാതാവളത്തിനു നേരെ നടന്ന ഭീകരാക്രമണവുമായാണ് ഇതു താരതമ്യം ചെയ്യപ്പെടുന്നത്. ഏഴ് ഇന്ത്യൻ സൈനികരാണ് അന്നു പഠാൻകോട്ട് കൊല്ലപ്പെട്ടത്. പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫിനു ജന്മദിനാശംസകൾ‍ നേരാൻ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലഹോറിൽ നട‌ത്തിയ മിന്നൽ സന്ദർശനത്തിനു ശേഷം ഏതാനും ദിവസം മാത്രം കഴിഞ്ഞപ്പോഴാണ് പഠാൻകോട്ട് ആക്രമണം. ഇന്ത്യയുടെ സൗഹൃദ ഹസ്തം സ്വീ‌കരിക്കാൻ പാ‌ക്കിസ്ഥാൻ സന്നദ്ധമാണോ എന്ന കാ‌ര്യത്തിൽ കടുത്ത സംശയമാണ് അതിനെ തുടർന്നുണ്ടായത്.

കഴിഞ്ഞ ചില മാസങ്ങൾക്കിടയിലുണ്ടായ സംഭവങ്ങൾ ആ സംശയം വർധിപ്പിക്കുകയേ ചെയ്തിട്ടുള്ളൂ. പ്രത്യേകിച്ചും കശ്മീർ താഴ്‌വരയിൽ ജൂലൈയിൽ പൊട്ടിപ്പുറപ്പെട്ട കലാപം ആളിക്കത്തിക്കാൻ പാക്കിസ്ഥാൻ എല്ലാ വിധത്തിലും ശ്രമിച്ചു. കശ്മീർ പ്രശ്നം രാ‌ജ്യാന്തരവൽക്കരിക്കാനുള്ള വ്യക്തമായ നീക്കങ്ങളുമുണ്ടായി. കശ്മീരിലെ സ്ഥിതിഗതികൾക്ക് ഇന്ത്യയെ പഴിചാരാനുള്ള ദൗത്യവുമായി 22 രാജ്യങ്ങളിലേക്കു പ്രത്യേക ദൂതന്മാരെ അയയ്ക്കാനുള്ള നവാസ് ഷരീഫ് ഗവൺമെന്റിന്റെ തീരുമാനം അതിന്റെ ഭാഗമായിരുന്നു.

ഷരീഫിന്റെ സഹകരണത്തോടെ ഇന്ത്യ–പാക്ക് ബ‌ന്ധം മെച്ചപ്പെടുത്താനാവുമെന്ന പ്രതീക്ഷ ഇന്ത്യയ്ക്കു നഷ്ട‌പ്പെട്ടുകഴിഞ്ഞുവെന്നതാണ് വാസ്തവം. കശ്മീരിലെ സ്ഥിതിഗതികളിൽ നിന്നു മുതലെടുക്കാനുള്ള പാക്ക് തന്ത്രങ്ങൾക്കു മറുപടിയായി ബലൂചിസ്ഥാൻ, പാക്ക് അധീന കശ്മീർ, ഗിൽഗ‍ിത്–ബാൽതിസ്ഥാൻ എന്നിവിടങ്ങളിലെ പ്രശ്നങ്ങൾ തുറന്നുകാട്ടാനുള്ള ഇന്ത്യയുടെ നീക്കം ഇതാണ് കാണിക്കുന്നത്. ഈയിടെ ൈചനയിലെ ഹാങ്സൂവിൽ നടന്ന ജി–20 ഉച്ചകോടിയിൽ നരേന്ദ്ര മോദി പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചതും ശ്രദ്ധേയമായിരുന്നു.

ദക്ഷിണേഷ്യയിൽ ഭീകരത വ്യാപിപ്പിക്കുന്നത് ഒരേയൊരു രാജ്യമാണെന്നാണ് പാക്കിസ്ഥാന്റെ പേരു പറയാതെ അദ്ദേഹം കുറ്റപ്പെടുത്തിയത്. േകന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഇന്നലെ ഒരടികൂടി മുന്നോട്ടുപോവുകയും പാക്കി‌സ്ഥാനെ ഭീകരരാഷ്ട്രമെന്നു വിളിക്കുകയും ചെയ്തു. പാക്കിസ്ഥാനോടുള്ള സമീപനത്തിൽ ഇന്ത്യയുടെ ഭാഗത്ത് അത്രയേറെ മടുപ്പും നിരാശയും വന്നുകഴിഞ്ഞു. ഇനിയെന്ത് എന്ന ചോദ്യം ആശങ്ക ജനിപ്പിക്കുന്നു. 

Your Rating: