Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂർ ഇനിയും കരയരുത്

orumikkam-hridhayapoorvam-logo

‘എന്തിനാണവർ അച്ഛനെ കൊന്നത്? അവർക്കതു പറഞ്ഞുതീർക്കാമായിരുന്നില്ലേ?’ – പയ്യന്നൂരിൽ ഈയിടെ വെട്ടേറ്റു മരിച്ച രാഷ്ട്രീയ പ്രവർ‌ത്തകന്റെ വിധവയോടു പതിമൂന്നുകാരനായ മകൻ ചോദിച്ച ഈ ചോദ്യം കേരളം മുഴുവൻ കേൾക്കേണ്ടതാണ്; നമ്മുടെ രാഷ്ട്രീയനേതൃത്വങ്ങൾ മറുപടി പറയേണ്ടതുമാണ്.

മരണപ്പട്ടികയിലെ കക്ഷിയെണ്ണിയുള്ള കണക്കെടുപ്പിനോ നേട്ടകോട്ടങ്ങളുടെ ബാക്കിപത്രത്തിൽ ആരു മുമ്പിലെന്ന അവലോകനത്തിനോ ചോര പുരണ്ട ചരിത്രം ചികഞ്ഞെടുത്തു പരസ്പരം പഴിചാരി ഒഴിഞ്ഞുമാറുന്നതിനോ കാണിച്ചുതരാനാവില്ല, കണ്ണൂരിന്റെ സങ്കടത്തിന്റെ ആഴം. പുതിയ കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാൻ കഴിയാതെ, പ്രാകൃതമായ അക്രമവഴിയിലേക്കു നീങ്ങിയ രാഷ്ട്രീയ കക്ഷികൾ കണ്ണൂരിനുണ്ടാക്കിയ മുറിവുകളുടെ വേദന കേരളമാകെ പങ്കിടുകയാണ്. കണ്ണൂർ വീണ്ടും കേരളത്തിന്റെ കണ്ണീരാവുമ്പോൾ അതു സമൂഹമനസ്സാക്ഷിക്കു കേട്ടു മറക്കാനുള്ള കാര്യമല്ലതന്നെ. കണ്ണൂർ ജില്ലയുടെ രാഷ്ട്രീയ–സാമൂഹിക–സാംസ്കാരിക പൈതൃകത്തിനു കളങ്കമേൽപിക്കുന്ന രാഷ്ട്രീയ അതിക്രമങ്ങൾ ഇടക്കാലത്തെ താൽക്കാലിക ആശ്വാസങ്ങൾക്കുശേഷം പൂർവാധികം ശക്തിയായി തുടരുന്നു എന്നതു മുഴുവൻ മലയാളികളുടെയും ആശങ്കയായി മാറിയിരിക്കുന്നു. പ്രാകൃതമായ പ്രതികാര സംസ്കാരത്തിലേക്കു രാഷ്ട്രീയകക്ഷികൾ തിരിച്ചുപോവുമ്പോൾ കേരളത്തിനതു വെറുതെ കണ്ടിരിക്കാനാവുന്നതല്ല.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നശേഷം മാത്രം കണ്ണൂർ ജില്ലയിൽ ആറുപേരാണു കക്ഷിരാഷ്ട്രീയ പ്രവർത്തനവുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ കൊല്ലപ്പെട്ടത്. സംസ്ഥാന–ജില്ലാ–പ്രാദേശിക തലങ്ങളിലായി പലതവണ ഹർത്താലുകൾ  നടത്താനും അക്രമങ്ങൾ കാരണമായി. ജില്ലയുടെ പലഭാഗങ്ങളിലും ഇന്നും സംഘർഷാവസ്ഥ തുടരുകയാണ്. ഏതു നിമിഷവും ചീറിപ്പാഞ്ഞുവന്നേക്കാവുന്ന കൊലക്കത്തിയുടെയോ നാടൻബോംബിന്റെയോ ഭീതിയിൽ ഉള്ളുരുകി കഴിയുകയാണു പല കുടുംബങ്ങളും. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആത്മാർഥമായി ഇടപെടാതെ സംഘർഷാവസ്ഥ ശാശ്വതമായി പരിഹരിക്കാനാവില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സമാധാനശ്രമങ്ങളിൽ പങ്കെടുക്കാൻ തയാറാണെന്ന് അവകാശപ്പെടുമ്പോഴും പരസ്യമായ പോർവിളികൾ തുടരുകയാണ്.

വികസന ഭൂപടത്തിൽ കണ്ണൂർ ഇടംപിടിച്ചു തുടങ്ങാൻ ഏറെ വൈകിയെങ്കിലും ഇതിപ്പോൾ പ്രത്യാശയുടെ കാലമാണ്. ഏതാനും വർഷങ്ങളായി വിദ്യാഭ്യാസരംഗത്തു കണ്ണൂർ അസൂയാവഹമായ മുന്നേറ്റമാണു നടത്തുന്നത്. കണ്ണൂർ വിമാനത്താവളവും അഴീക്കൽ തുറമുഖവും ഇരിണാവിലെ തീരസംരക്ഷണ അക്കാദമിയും ഉൾനാടൻ ജലപാതയുമുൾപ്പെടെയുള്ള  ബൃഹദ്പദ്ധതികൾ വലിയ പ്രതീക്ഷകളിലേക്കു വാതിൽതുറക്കുകയുമാണ്. സമീപകാല ചരിത്രത്തിലെ കളങ്കങ്ങൾ മായ്ച്ച്, സാംസ്കാരിക–സാമൂഹിക പൈതൃകത്തിന്റെ സമ്പന്നതയിലേക്കു തിരിച്ചുപോകാനൊരുങ്ങുമ്പോൾ കണ്ണൂർ നെഞ്ചുരുകി ആവശ്യപ്പെടുന്നത് ഒന്നു മാത്രം: സമാധാനം.

ആശയവിനിമയത്തിന് അപാരസാധ്യതകളുള്ള ഇക്കാലത്ത്, പറഞ്ഞുതീർക്കാവുന്നതേയുള്ളൂ, എന്തു പ്രശ്നവും. പക്ഷേ, കണ്ണൂരിൽ സമാധാനശ്രമങ്ങൾക്ക് ആരു മുൻകയ്യെടുക്കുമെന്ന ചോദ്യമാണിപ്പോൾ കേരളം കേൾക്കുന്നത്. തർക്കിച്ചുകളയാൻ ഇനിയും സമയമില്ലെന്ന തിരിച്ചറിവുനേടി, ദുരഭിമാനം വെടിഞ്ഞ്, ബന്ധപ്പെട്ട കക്ഷികളെല്ലാം ഒരുമിച്ചിരുന്നു ചർച്ച ചെയ്യാനുള്ള വേദി എത്രയും വേഗം ഒരുക്കിയേതീരൂ. ആ സമാധാനദൗത്യത്തിനു നേതൃത്വം നൽകാൻ കേരളം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതു മുഖ്യമന്ത്രി പിണറായി വിജയനെയാണ്. കണ്ണൂരിൽ ശാശ്വതശാന്തി  ഉറപ്പുവരുത്താൻ അദ്ദേഹത്തിന്റെ  നേതൃത്വത്തിനു കഴിയുമെന്നു കേരളത്തിലെ സമാധാന പ്രേമികൾ വിശ്വസിക്കുന്നു. ജില്ലാതല ചർച്ച അടക്കമുള്ള സമാധാനശ്രമങ്ങൾ നടത്തുമെന്നു മുഖ്യമന്ത്രി ഇന്നലെ നിയമസഭയിൽ അറിയിച്ചതു പ്രതീക്ഷ നൽകുന്നുണ്ട്. രാഷ്ട്രീയ അക്രമങ്ങൾക്കെതിരെ അതിശക്തമായ വികാരമാണു സമൂഹത്തിലുള്ളത്. സമാധാനത്തിലേക്കു വഴിയൊരുക്കാനായി, മലയാള മനോരമ കണ്ണൂരിൽ പ്രസിദ്ധീകരിച്ചുവരുന്ന  ‘ഒരുമിക്കാം  ഹൃദയപൂർവം’ നാടുണർത്തലിനു ലഭിക്കുന്ന െഎക്യദാർഢ്യം അതിന്റെ പ്രതിഫലനമാണ്.

രാഷ്ട്രീയ അക്രമങ്ങളാൽ നിരാലംബമായ കുടുംബങ്ങളും അകാലവൈധവ്യം അടിച്ചേൽപിക്കപ്പെട്ട ഭാര്യമാരും അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങളും ഇനി ഇവിടെയുണ്ടായിക്കൂടാ. സമാധാനം കണ്ണൂരിന്റെയും അവകാശമാണെന്ന ബോധ്യത്തോടെയുള്ള ദൃഢശ്രമങ്ങൾക്കായാണ് ഈ നാടും കേരളമാകെത്തന്നെയും കാത്തിരിക്കുന്നത്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.