Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസർ രോഗികളെ വലച്ചുകൂടാ

റേഡിയേഷൻ സംവിധാനം നിലച്ചിട്ട് ഒന്നര മാസത്തോളമായിട്ടും അതു നന്നാക്കാതെ കാൻസർ രോഗികൾക്കു ചികിൽസ നിഷേധിക്കുന്നത് ഒരു പരിഷ്കൃതസമൂഹത്തിന് ആലോചിക്കാൻപോലും പറ്റാത്ത കാര്യമാണ്. പക്ഷേ, അതാണിപ്പോൾ തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കുന്നത്.

കാൻസർ ചികിൽസയുടെ നിർണായക ഭാഗമായ റേഡിയേഷനു വേണ്ടി പാലക്കാട്, മലപ്പു‌റം, തൃശൂർ ജില്ലകളിലെ ആയിരക്കണക്കിനു രോഗികൾ ആശ്രയിക്കുന്നത് ഈ മെഡിക്കൽ കോളജിനെയാണ്. ഇവിടെ റേഡിയേഷൻ സംവിധാനം നിലച്ചത് ഇവരെയെല്ലാം സങ്കടകരമായി ബാധിച്ചിരിക്കുന്നു. ഈ ജില്ലകളിലൊന്നും സർക്കാർ നിയന്ത്രണത്തിൽ റേഡിയേഷൻ നൽകുന്ന ആശുപത്രികളില്ലതാനും. ഒരു റേഡിയേഷൻ ചികിൽസയ്‌ക്കു മാത്രം സ്വകാര്യ ആശുപത്രികളിൽ ചുരുങ്ങിയത് 1500 രൂപ വേണമെന്നിരിക്കെ, മെഡിക്കൽ കോളജിലെത്തുന്ന പാവപ്പെട്ട രോഗികൾക്കു സൗജന്യമാണ് റേഡിയേഷൻ. സ്വകാര്യ ആശുപത്രിയിൽ വൻ തുക നൽകി റേഡിയേഷൻ ചികിൽസ നടത്താൻ കഴിയാത്തവരാണ് ഇപ്പോൾ തൃശൂർ മെഡിക്കൽ കോളജിലെത്തുന്ന മിക്ക രോഗികളും.

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ റേഡിയേഷൻ ചികിൽസ നൽകാനുള്ള ഏക യന്ത്രം ഇടയ്‌ക്കിടെ കേടുവരുന്നതു സാധാരണക്കാരായ രോഗികളോടുള്ള സർക്കാർദ്രോഹം തന്നെയായി വേണം കാണാൻ. രോഗം ഗുരുതരാവസ്‌ഥയിലേക്കു കടക്കാതെ പ്രതിരോധിക്കുന്നത് ഈ ചികിൽസയിലൂടെയാണെന്നിരിക്കെ ഇപ്പോഴത്തെ അലംഭാവത്തിനു ന്യായീകരണമില്ല. ഇവിടെയുള്ള രോഗികളെ കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും ഇപ്പോൾ പറഞ്ഞുവിടുകയാണ്. യാത്ര ചെയ്യാൻ വയ്യാത്ത കിടപ്പുരോഗികളാകട്ടെ റേഡിയേഷൻ കിട്ടാതെ അനുദിനം ഗുരുതരാവസ്ഥയിലേക്കു നീങ്ങുന്നു.

തൃശൂർ മെഡിക്കൽ കോളജിൽ 2003ൽ സ്‌ഥാപിച്ച റേഡിയേഷൻ യന്ത്രം പ്രതിദിനം 20 മണിക്കൂർവരെ തുടർച്ചയായി പ്രവർത്തിപ്പിക്കേണ്ടിവരാറുണ്ട്. പത്തു വർഷത്തിനുശേഷം പുതിയ യന്ത്രം വാങ്ങേണ്ടതായിരുന്നുവെങ്കിലും അതുണ്ടായില്ല. ഇപ്പോഴത്തെ യന്ത്രം പഴകിപ്പോയതിനാൽ മുൻപത്തെയത്രയും രോഗികൾക്കു റേഡിയേഷൻ നൽകാനാവാത്ത സാഹചര്യവുമുണ്ട്. രാവിലെ എട്ടുമുതൽ രാത്രി രണ്ടുവരെ പ്രവർത്തിപ്പിച്ചാൽതന്നെ 90 രോഗികൾക്കാണു പരമാവധി ഈ ചികിൽസ ലഭ്യമാകുന്നത്. നിത്യേന ഇവിടെ റേഡിയേഷൻ കാത്തുനിൽക്കുന്നതു ചുരുങ്ങിയതു മുന്നൂറിലേറെ രോഗികളാണെന്നതിനാൽ മാസത്തിൽ മൂന്നു തവണ റേഡിയേഷനു വിധേയരാകേണ്ട രോഗികൾക്ക് ഒരു തവണ മാത്രമാണ് ഈ സൗകര്യം ലഭ്യമാകുന്നത്. അതുപോലും ഇപ്പോൾ നിലച്ചിരിക്കുന്നു.

റേഡിയേഷൻ പോലെ സമയബന്ധിതമായ ചികിൽസ നിഷേധിക്കുന്നതു മനുഷ്യത്വരഹിതമാണെന്ന് അധികൃതർ മറന്നുകൂടാ. തകരാറായ റേഡിയേഷൻ യന്ത്രം നന്നാക്കാനുള്ള തുക അനുവദിച്ച് ഉടൻ ഉത്തരവിറക്കുകയാണ് ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ഉന്നതതലയോഗത്തിൽ സർക്കാർ ചെയ്യേണ്ടത്. ഹൈ എനർജി ലീനിയർ ആക്‌സിലറേറ്റർ എന്ന പുതിയ റേഡിയേഷൻ യന്ത്രം വാങ്ങാൻ തുക അനുവദിച്ചിട്ടുണ്ടെങ്കിലും അതു യാഥാർഥ്യമാകാൻ ഇനിയും സമയമെടുക്കുമെന്നിരിക്കെ, ഇപ്പോഴത്തെ യന്ത്രം എത്രയും പെട്ടെന്നു നന്നാക്കുകയാണ് അടിയന്തരമായി വേണ്ടത്. ഉടനെ അതിനു കഴിഞ്ഞില്ലെങ്കിൽ, സ്വകാര്യ ആശുപത്രികളിൽ റേഡിയേഷൻ നടത്താൻ പാവപ്പെട്ട രോഗികൾക്കു വേണ്ടിവരുന്ന ചെലവ് മെഡിക്കൽ കോളജിലെ യന്ത്രം നന്നാക്കുന്നതുവരെ സർക്കാർ വഹിക്കണം. സാങ്കേതികവിദഗ്ധരുടെ കുറവുകൊണ്ടും മറ്റും റേഡിയേഷൻ സംവിധാനം പൂർണമായി പ്രവർത്തിക്കാത്ത സാഹചര്യം സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിൽ ഉണ്ടാവരുതെന്നും സർക്കാർ ഉറപ്പുവരുത്തണം.

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒന്നര മാസമായി റേഡിയേഷൻ കിട്ടാത്ത പല രോഗികളും അതീവ ഗുരുതരാവസ്ഥയിലേക്കു നീങ്ങുകയാണെന്ന നിർഭാഗ്യ യാഥാർഥ്യം മുന്നിൽവച്ച് എത്രയുംവേഗം സർക്കാർ ഇക്കാര്യത്തിൽ ഇടപെട്ടേ തീരൂ. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.