Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീകരതയ്ക്കെതിരെ ദൃഢപ്രഖ്യാപനം

രാജ്യസുരക്ഷ സംബന്ധിച്ച ഒരു ദിശാസൂചിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോഴിക്കോട് പ്രസംഗം. പതിനഞ്ചു വർഷം മുൻപു ഡൽഹിയിൽ നടന്ന പാർലമെന്റ് ആക്രമണത്തിന്റെയും 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെയും ഓർമകൾ ഇന്നും ഇന്ത്യ–പാക്ക് ബന്ധത്തിൽ ഉണങ്ങാമുറിവായി അവശേഷിക്കുന്നു. വ്യാപ്‌തിയിലും ഗൗരവത്തിലും സമാനമല്ലെങ്കിലും, അതിന്റെ ചോരപുരണ്ട ആവർത്തനമാണ് ഉറിയിലുണ്ടായ ആക്രമണം. ബിജെപി ദേശീയ കൗൺസിലിനോടനുബന്ധിച്ച പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാനു കടുത്ത ഭാഷയിൽ നൽകിയ മുന്നറിയിപ്പ് അതുകൊണ്ടുതന്നെ ഏറെ പ്രസക്തമാകുന്നു.

ഉറി സംഭവത്തിനുശേഷം പ്രധാനമന്ത്രിയുടെ ആദ്യത്തെ പൊതുപ്രസംഗമാണിത്. ദേശീയ കൗൺസിലിൽനിന്നുണ്ടായ പ്രസ്താവനയും ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പ്രസംഗവുമൊക്കെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ചുവടുപിടിച്ചുള്ളതായി. ഭീകരത പ്രോൽസാഹിപ്പിക്കാനും രക്തപ്പുഴകൾ സൃഷ്ടിക്കാനുമുള്ള പാക്കിസ്ഥാന്റെ നിലപാടിനെ മോദി രൂക്ഷമായാണു വിമർശിച്ചത്.  പാക്കിസ്ഥാനുമായുള്ള യുദ്ധം ഇന്ത്യയുടെ അജൻഡയിലില്ലെന്നും നയതന്ത്രമാർഗമാകും ഇന്ത്യ സ്വീകരിക്കുകയെന്നും മോദിയുടെ പ്രസംഗത്തിൽനിന്നു വായിച്ചെടുക്കാം.

എപ്പോഴെല്ലാം ഇന്ത്യ–പാക്ക് സമാധാനശ്രമങ്ങൾ സജീവമായിട്ടുണ്ടോ, അപ്പോഴെല്ലാം അതിർത്തി കൂടുതൽ അശാന്തമായിട്ടുണ്ട് എന്നതാണു ചരിത്രം. ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിൽ സമാധാനം പുലരുന്നത് ആഗ്രഹിക്കാത്ത ഭീകരരാണ് ഇതിനു പിന്നിൽ. ഇവരെ നിലയ്‌ക്കുനിർത്തി സമാധാനത്തിനു പ്രാമുഖ്യം നൽകാൻ ജനാധിപത്യപാത കാര്യമായി പിൻതുടരാത്ത പാക്ക് രാഷ്‌ട്രീയനേതൃത്വത്തിനു പലപ്പോഴും കഴിയുന്നുമില്ല. അതുകൊണ്ടാവണം, ഭീകരവാദത്തിനെതിരെ പൊരുതാൻ പാക്കിസ്ഥാൻ ജനതതന്നെ മുന്നോട്ടുവരണമെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്.

ഉറി ആക്രമണത്തെ അപലപിച്ച കൗൺസിലിൽ ദേശീയ അധ്യക്ഷൻ അമിത് ഷായും ഭീകരതയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നീങ്ങണമെന്ന് ഓർമിപ്പിച്ചു. ഇന്ത്യയുടെ അവിഭാജ്യഘടകമായ കശ്മീരിനെ ഇവിടെനിന്നു വേർപെടുത്താമെന്ന് ആരും വിചാരിക്കേണ്ടെന്ന് ഉറപ്പിച്ചുപറഞ്ഞ അദ്ദേഹം, കശ്മീർ പ്രശ്നത്തിൽ ഭരണഘടനയെ മാനിക്കുന്നവരുമായി മാത്രമേ ചർച്ച നടത്തുകയുള്ളൂവെന്നും വ്യക്തമാക്കി. അതെന്തായാലും, കശ്മീർ പ്രശ്നം എത്രയുംവേഗം ഏറ്റവും മാന്യമായി പരിഹരിച്ചേതീരൂ എന്ന കാര്യം കേന്ദ്ര സർക്കാരിന്റെ മുന്നിലുണ്ടാവണം. മൂന്നാം ശക്തിയുടെ ഇടപെടൽ ഇല്ലാതെ, ഇന്ത്യയും പാക്കിസ്ഥാനും നേരിട്ടുള്ള ചർച്ചവഴിവേണം പ്രശ്നം പരിഹരിക്കേണ്ടത്.

ജനസംഘം സ്ഥാപക നേതാവ് ദീൻദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്കു ബിജെപി ദേശീയ കൗൺസിൽ തുടക്കംകുറിക്കുകയും ചെയ്തു. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടയാളുടെ പുരോഗതി എന്ന ലക്ഷ്യത്തോടെ അരനൂറ്റാണ്ടു മുൻപു ദീൻദയാൽ ഉപാധ്യായ വിഭാവനം ചെയ്ത അന്ത്യോദയ രാജ്യത്തു ലക്ഷ്യം കാണുമെന്നു പ്രധാനമന്ത്രി പൊതുസമ്മേളനത്തിൽ പറയുകയുണ്ടായി. ദേശീയ കൗൺസിലിൽ ഇന്നലെ പ്രഖ്യാപിക്കപ്പെട്ട, ദരിദ്രക്ഷേമ പദ്ധതി (ഗരീബ് കല്യാൺ) രാജ്യത്തുണ്ടായ ഏറ്റവും സമഗ്ര ക്ഷേമപദ്ധതികളിലൊന്നായി മാറാനുള്ള ശ്രദ്ധയാണു കേന്ദ്ര സർക്കാരിൽനിന്നും ബിജെപി നേതൃത്വത്തിൽനിന്നും രാജ്യം പ്രതീക്ഷിക്കുന്നത്.

കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച് ഇന്ത്യ ഒപ്പുവച്ച പാരിസ് ഉടമ്പടി ഒക്ടോബർ രണ്ടിനു രാജ്യത്തു നടപ്പാക്കുമെന്നു ബിജെപി ദേശീയ കൗൺസിലിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചപ്പോൾ ഭൂമിയുടെ രക്ഷയ്ക്കായി ഇന്ത്യയുടെ കയ്യൊപ്പ് ഉറപ്പാകുകയാണ്. ഫോസിൽ ഇന്ധനയുഗത്തിനു സമാപ്‌തി കുറിക്കാൻ ആഹ്വാനം ചെയ്യുന്ന കരാർ ഭൗമതാപനിലയിലെ വർധന ഒന്നര ഡിഗ്രി സെൽഷ്യസിൽ കൂടാതിരിക്കാനുള്ള നടപടികൾക്കു പ്രാധാന്യം നൽകുന്നു. രാജ്യത്തിനുവേണ്ടിയും ജനങ്ങൾക്കുവേണ്ടിയും ബിജെപി ദേശീയ കൗൺസിലുമായി ബന്ധപ്പെട്ടു കോഴിക്കോട്ടുണ്ടായ  പ്രഖ്യാപനങ്ങൾ സമയബന്ധിതമായി നടപ്പാക്കുക എന്ന വെല്ലുവിളിയാണു കേന്ദ്ര സർക്കാർ ഇനി ഏറ്റെടുക്കേണ്ടത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.