Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാടിനു വേണ്ടാത്ത ഹർത്താൽശാപം

മഹാത്മാഗാന്ധിയുടെ സമരസങ്കൽപത്തിന് അഹിംസയുടെ ശാന്തമുഖമായിരുന്നു. അവകാശം നേടിയെടുക്കാനും പ്രതിഷേധം പ്രകടിപ്പിക്കാനും സ്വന്തം ജോലിയിൽനിന്നു വിട്ടുനിൽക്കുമ്പോൾത്തന്നെ ആ സമരം മറ്റുള്ളവരുടെ മേൽ അടിച്ചേൽപിക്കാതിരിക്കാൻ  ശ്രദ്ധവച്ചിരുന്നവരെയും പഴയകാലത്തു നാം കണ്ടിട്ടുണ്ട്. എന്നാൽ, ഇപ്പോൾ ഹർത്താൽ എന്ന പേരിൽ ഇവിടെ നടന്നുവരുന്ന പ്രാകൃതസമരം ജനജീവിതത്തിന് ഒരു ദിവസത്തെ തടവുശിക്ഷയും നരകജീവിതവും വിധിച്ചുകൊണ്ടിരിക്കുകയാണ്. ഹർത്താൽ ആര്, എപ്പോൾ, എന്തിന്റെപേരിൽ നടത്തിയാലും അതു സമൂഹത്തിനെതിരെയുള്ള അക്രമമാണ്; ജനാധിപത്യത്തോടുള്ള വെല്ലുവിളിയും.

ഹർത്താൽ– പൊതുപണിമുടക്കു വേളകളിൽ ജനജീവിതം സാധാരണനിലയിലാക്കാനും അവരുടെ ജീവനും സ്വത്തിനും പൊതുമുതലിനും സംരക്ഷണം നൽകാനും ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ള സർക്കാരുകൾതന്നെ ഇത്തരം സ്തംഭനസമരങ്ങൾ ഏറ്റെടുത്തുനടത്താറുണ്ട്. ഈ മാസം രണ്ടിന് അഖിലേന്ത്യാ പണിമുടക്കിനെ പിന്തുണച്ചു സംസ്ഥാന സർക്കാർതന്നെ കേരളത്തെ നിശ്ചലമാക്കാൻ മുന്നിട്ടിറങ്ങി. തങ്ങളുടെ ഹർത്താൽ വിരുദ്ധസമീപനം കാലങ്ങളായി പ്രഖ്യാപിച്ചുപോരുന്ന യുഡിഎഫ് ഇന്നലെ തിരുവനന്തപുരം ജില്ലയിൽ നടത്തിയ ഹർത്താൽകൂടി അനുഭവിച്ച ജനം ഒരേസ്വരത്തിൽ പറയുന്നു: നിങ്ങൾ ഭരണപക്ഷവും പ്രതിപക്ഷവും കനിഞ്ഞുനൽകുന്ന ഈ ശിക്ഷയിൽനിന്ന് ഇനിയെങ്കിലും ഞങ്ങളെ ഒഴിവാക്കണം.

ഹർത്താലിന് അനുകൂലമായി സംസാരിക്കുന്ന ഭരണാധികാരികൾകൂടിയാകുമ്പോൾ കേരളത്തിന്റെ ദുരന്തം പൂർത്തിയാവുന്നു. ഹർത്താലുകൾ പൂർണമായി ഒഴിവാക്കാൻ കഴിയില്ലെന്നാണ് ഇക്കഴിഞ്ഞദിവസം കൊച്ചിയിൽ കേരള ട്രാവൽ മാർട് ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഹർത്താലുകൾ പെട്ടെന്ന് അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കിൽത്തന്നെ പലവിധകാരണങ്ങൾകൊണ്ടു മന്ദീഭവിച്ച നമ്മുടെ ടൂറിസം മേഖലയ്ക്ക് ഉണർത്തുപാട്ടാവേണ്ട ട്രാവൽ മാർട്ടിൽ ഇങ്ങനെയൊരു ഹർത്താൽ അനുകൂലനിലപാട് മുഖ്യമന്ത്രി സ്വീകരിച്ചതു നിർഭാഗ്യകരമായി; ഓരോ ഹർത്താലും നമ്മുടെ ടൂറിസം മേഖലയ്ക്കും മറ്റു മേഖലകൾക്കുമുണ്ടാക്കുന്ന ദോഷം ചെറുതല്ലാത്ത സാഹചര്യത്തിൽ വിശേഷിച്ചും. കഴിഞ്ഞ അഖിലേന്ത്യാ പണിമുടക്കുമൂലം രാജ്യത്തു 18,000 കോടിയുടെ നഷ്ടം കണക്കാക്കുന്നതായി വ്യവസായ സംഘടനയായ ‘അസോചം’ അറിയിച്ചിരുന്നു.

ടൂറിസത്തെ ഹർത്താലുകൾ ബാധിക്കില്ലെന്ന കാര്യത്തിൽ എല്ലാ രാഷ്ട്രീയകക്ഷികളും തമ്മിൽ ധാരണയുണ്ടെന്ന് ആ യോഗത്തിൽ പറഞ്ഞ മുഖ്യമന്ത്രി, അത് എത്രത്തോളം ഇപ്പോഴത്തെ അവസ്ഥയിൽ പ്രായോഗികമാണെന്നുകൂടി പറയേണ്ടതായിരുന്നു. അൻപതിലേറെ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന ട്രാവൽ മാർട്ടിന്റെ ശുഭാരംഭത്തിലാണു സർക്കാരിന്റെ ഹർത്താൽതാൽപര്യം പറഞ്ഞതെന്നുകൂടി ഓർമിക്കേണ്ടതുണ്ട്. ഹർത്താലിനെതിരെ നിലപാടെടുക്കരുതെന്നു വ്യവസായികൾക്കു കേരള വ്യവസായ മന്ത്രി ഇ.പി. ജയരാജൻ ഈയിടെ ഉപദേശം നൽകിയതുകൂടി ഇതിനോടു ചേർത്തുവായിക്കാം.

ഹർത്താലുകൾക്കെതിരെ എത്രയോകാലമായി പ്രസംഗിച്ചുകൊണ്ടിരിക്കുന്ന യുഡിഎഫ് നേതാക്കളെക്കുറിച്ചും  ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല കഴിഞ്ഞ സർക്കാരിന്റെകാലത്തു മുന്നോട്ടുകൊണ്ടുവന്ന ഹർത്താൽ നിയന്ത്രണ ബില്ലിനെക്കുറിച്ചും ഹർത്താലിനെതിരെയുള്ള വികാരത്തിന്റെ കാഹളം മുഴക്കി കോൺഗ്രസ് നേതാവ് എം.എം. ഹസൻ നടത്തിയ നിരാഹാരത്തെക്കുറിച്ചുമൊക്കെ ഇന്നലെ ഹർത്താൽ നടത്തിയവർ മറന്നു. ബസുകൾ തടയുമ്പോഴും ആളുകളെ വഴിയിലിറക്കിവിടുമ്പോഴും എടിഎം കൗണ്ടർപോലും അടപ്പിക്കുമ്പോഴുമൊക്കെ അവർ തങ്ങളുടെ ഹർത്താൽവിരുദ്ധനിലപാടുതന്നെ പെരുവഴിയിലാക്കുകയായിരുന്നില്ലേ?

ഹർത്താലിനെതിരെ പൊതുസമൂഹത്തിൽനിന്ന് ഉയർന്നുവരുന്ന അഭിപ്രായങ്ങളും ഹർത്താൽ നിയന്ത്രണത്തെക്കുറിച്ചുള്ള ഹൈക്കോടതി പരാമർശവും പരിഗണിച്ചാണ് അന്നത്തെ സർക്കാർ അങ്ങനെയൊരു ബില്ലിനെക്കുറിച്ച് ആലോചിച്ചത്. മൂന്നു ദിവസം മുൻകൂട്ടി ഹർത്താൽ പ്രഖ്യാപിക്കുക, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കുക, ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും സ്ഥാപനങ്ങൾ അടപ്പിക്കുന്നതു കുറ്റകരമാക്കുക തുടങ്ങിയ കാര്യങ്ങൾക്കുള്ള വ്യവസ്ഥകൾ ബില്ലിലുണ്ടായിരുന്നു.

അക്രമസാധ്യതയുണ്ടെങ്കിൽ സർക്കാരിനു ഹർത്താലിനുള്ള അനുമതി നിഷേധിക്കാനുള്ള വ്യവസ്ഥകൂടി ഉണ്ടായിരുന്ന ആ ബിൽ എവിടെയുമെത്താതെപോയതിന്റെ കാരണം ഇടതുപക്ഷത്തിന്റെ എതിർപ്പായിരുന്നുവെന്ന് ഇന്നലെയും ഒരു കോൺഗ്രസ് നേതാവ് ഓർമിപ്പിച്ചുവെങ്കിലും ഇന്നലത്തെ ഹർത്താൽപീഡനം അനുഭവിച്ച തലസ്ഥാന ജില്ലക്കാരുടെ ഹൃദയവികാരം അദ്ദേഹമോ പാർട്ടിയോ ഓർമിച്ചുകാണാൻ വഴിയില്ല. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.