Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു മൈനർ സെറ്റ് ബന്ധുകഥ

ep-jayarajan

പുത്തൂരംവീട്ടിൽ പിറന്നോരെല്ലാം പൂപോലഴകുള്ളോരായിരുന്നു എന്നു പറ‍ഞ്ഞതുപോലെ ചില തറവാടുകൾ കണ്ണൂരിൽ ഉണ്ട്. ഇടവൻ പുതിയവീട്ടിൽ, പുതുശേരി കോറോത്ത് തറവാടുകൾ അക്കൂട്ടത്തിൽപെട്ടവയാണ്. അവിടെ പിറക്കുന്നവരെല്ലാം പ്രഗൽഭൻമാരാണ്. അക്കൂട്ടത്തിൽപെട്ട രണ്ടു ചെറുകിട പ്രഗൽഭരാണ് ഇ.പി.ജയരാജനും പി.കെ.ശ്രീമതിയും. ഇവരെ തറവാട്ടിലെ മൈനർ സെറ്റ് ആയാണു കണക്കാക്കുന്നതെങ്കിൽ ബാക്കിയുള്ളവരുടെ പ്രാഗൽഭ്യം എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ശാസ്ത്രം, ശസ്ത്രക്രിയ, സാമ്പത്തികം, കല, സാഹിത്യം, നിയമം തുടങ്ങിയ സമസ്ത മേഖലകളിലും ഈ തറവാട്ടുകാരായ പ്രഗൽഭർ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും മേഖലകളിൽ ഈ തറവാട്ടുകാർ ഇല്ലെങ്കിൽ അതിനെ ഗൗരവമായ ഒരു മേഖലയായി ആരും പരിഗണിക്കാറില്ല. ഈ തറവാടുകളിലെ കുശിനിക്കാർക്കു ഹോംസയൻസിൽ പിഎച്ച്ഡി നിർബന്ധമാണ്. കാര്യസ്ഥൻമാരാകട്ടെ അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് എംബിഎ പാസായവരാണ്.

ശ്രീമതി ടീച്ചർ മന്ത്രിയായിരുന്നപ്പോൾ മരുമകളെ പാചകക്കാരിയായി പഴ്സനൽ സ്റ്റാഫിൽ നിയമിച്ചതിനെ ചിലർ കുറ്റപ്പെടുത്തിയിരുന്നു. മരുമകളുടെ കൈപ്പുണ്യം ശരിക്കും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. അവരെ പിന്നീടു ഗസറ്റഡ് പദവിയിൽ വച്ചെന്നതു മറ്റൊരു ആക്ഷേപം. പാചകക്കാർക്കു പ്രമോഷൻ പാടില്ലെന്നു കേരള സർവീസ് റൂൾസിൽ ഇല്ല.

പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തു നിയമിക്കപ്പെടുന്നവർ പ്രഗൽഭരായിരിക്കണം എന്നാണ് ഇടതുമുന്നണിയുടെ പ്രഖ്യാപിതനയം. അവർ മന്ത്രിബന്ധുക്കൾ ആകാൻ പാടില്ലെന്നു നയത്തിൽ ഒരിടത്തും പറഞ്ഞിട്ടില്ല. പ്രഗൽഭൻമാരാണെങ്കിൽ മന്ത്രിമാരുടെ മക്കളും ബന്ധുക്കളുമായതുകൊണ്ട് അവർക്കു നിയമനം നിഷേധിക്കുകയാണെങ്കിൽ അതു സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന് ഏതു കോടതിയും കണ്ണുംപൂട്ടി വിധിക്കും. പിന്നെ ചീഫ് സെക്രട്ടറി കോട്ടും സൂട്ടുമിട്ടു കോടതിയിൽ പോയി പഞ്ചപുച്ഛമടക്കി നിൽക്കേണ്ടിവരും.

ശ്രീമതി ടീച്ചറുടെ മകനായിപ്പോയതുകൊണ്ടു മാത്രം സുധീർ നമ്പ്യാർക്ക് ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ മേധാവി ആകുന്നതിൽ വിലക്കു കൽപിക്കുന്നതു കഷ്ടമാണ്. ശ്രീമതി ടീച്ചർ ജയരാജൻ സഖാവിന്റെ ബന്ധുവായതിനെ വിധിനിശ്ചയമെന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാനാവില്ല. ജയരാജൻ സഖാവിന്റെ ചേട്ടന്റെ മരുമകളായതുകൊണ്ടു കളിമണ്ണു ഫാക്ടറിയുടെ ജനറൽ മാനേജർ സ്ഥാനം വഹിക്കാൻ അയോഗ്യതയാകുന്നില്ല. കളിമണ്ണിന്റെ കച്ചവടത്തിനു ബികോം തന്നെ അധികയോഗ്യതയാണ്.

വ്യാപാരവും വ്യവസായവും നടത്താൻ ബിരുദവും ബിരുദാനന്തര ബിരുദവുമൊന്നും ആവശ്യമില്ല. ബാബാ രാംദേവിന്റെ യോഗ്യത എട്ടാം ക്ലാസും യോഗയുമാണ്. അദ്ദേഹത്തിന്റെ പതഞ്ജലി കമ്പനിയുടെ കച്ചവടം പതിനായിരം കോടി കടക്കാൻ പോകുകയാണ്. പണ്ടൊക്കെ പത്തും ഗുസ്തിയുമുണ്ടെങ്കിൽ ഒരുവിധം പോസ്റ്റിലെല്ലാം നിയമനം കിട്ടുമായിരുന്നു. അതുകൊണ്ട് ഒരിടത്തും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. അത്താഴപ്പട്ടിണി മാറ്റാൻ ആഴക്ക് അരി എവിടെനിന്നു കടം വാങ്ങണമെന്ന് അറിയാൻ കവടി നിരത്തേണ്ട ഗതിയുള്ള ഏതെങ്കിലും സ്ഥാപനത്തിൽ മന്ത്രിയുടെ ബന്ധുക്കളെ വച്ചതുകൊണ്ട് ആകാശം ഇടിഞ്ഞുവീഴാനൊന്നും പോകുന്നില്ല. പിണറായി സർക്കാർ‍ ഇതുകൊണ്ടു വച്ച കാൽ പിന്നോട്ടു വയ്ക്കരുത്. ധൈര്യമായി മുന്നോട്ടു പോകണം. എല്ലാം ശരിയാകും.

കുന്നെടുക്കുന്ന തുമ്പി

ഹിസ്റ്ററി വിൽ അബ്സോൾവ് മീ (ചരിത്രം ഞാൻ കുറ്റക്കാരനല്ലെന്നു വിധിക്കും) എന്ന ഗ്രന്ഥം രചിച്ചതു ഫിദെൽ കാസ്ട്രോയാണ്. ഇപ്പോൾ കേരളത്തിലും ആ മട്ടിലുള്ള ഒരു ഗ്രന്ഥത്തിന്റെ രചന തുടങ്ങിക്കഴിഞ്ഞു. കേരള കാസ്ട്രോയെന്നു പുകഴ്പെറ്റ വിഎസ് സഖാവാണു ഗ്രന്ഥകാരൻ. പാർട്ടി ചരിത്രം എഴുതാനുള്ള കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനം കൂടി സഖാവിന്റെ തലയിൽ അടിച്ചേൽപിച്ച സാഹചര്യത്തിലാണ് ഈയിനത്തിൽപെട്ട ഒരു പുസ്തകത്തിന്റെ ആശയം ഉരുത്തിരിഞ്ഞത്.

ഭരണപരിഷ്കാരമെന്ന എടുത്താൽ പൊന്താത്ത പണി ചുമക്കാൻ വിധിച്ചതിനു പിന്നാലെയാണു സഖാവിന്റെ തലയിൽ അധികഭാരം അടിച്ചേൽപിക്കാൻ പാർട്ടി തീരുമാനിച്ചത്. തുമ്പി കല്ലെടുക്കുമെന്നു കരുതി അതിനോടു കുന്നെടുപ്പിക്കാൻ കൽപിക്കുന്നതു മിനിമം വാക്കുകളിൽ പറഞ്ഞാൽ കൊടുംക്രൂരതയാണ്. വയോജനങ്ങളോടു ക്രൂരത കാട്ടുന്നതായി കാണിച്ച് ആരെങ്കിലും ആർഡിഒയ്ക്കു പരാതി നൽകിയാൽ കോടിയേരി സഖാവ് സുയിപ്പാകുന്ന ലക്ഷണമാണ്. യുവജന കമ്മിഷൻ, വനിതാ കമ്മിഷൻ, ബാലാവകാശ കമ്മിഷൻ തുടങ്ങിയവയുടെ മാതൃകയിൽ വയോജന കമ്മിഷൻ ഉണ്ടായിരുന്നെങ്കിൽ അവർ സ്വമേധയാ നടപടി എടുക്കുമായിരുന്നു എന്നതു മൂന്നുതരം.

പാർട്ടിയുടെ ചരിത്രരചന എവിടെനിന്നു തുടങ്ങണമെന്ന കാര്യത്തിൽ വിഎസിന് ആശങ്കയുണ്ട്. പിണറായി പാറപ്രത്തുനിന്നു തുടങ്ങിയാൽ സംഗതി കുഴപ്പമാകും. പുന്നപ്ര–വയലാറിൽനിന്നാണെങ്കിൽ പ്രശ്നമില്ല. പക്ഷേ അപ്പോഴും പ്രശ്നമുണ്ട്. പുന്നപ്ര–വയലാർ നടക്കുമ്പോൾ സഖാവ് പൂഞ്ഞാറിലായിരുന്നു എന്നു പ്രചരിപ്പിക്കുന്ന വിരുദ്ധൻമാരും പാർട്ടിയിൽ ഉണ്ട്. ഏതായാലും ഇക്കാര്യത്തിൽ തീർച്ചമൂർച്ച വരുത്തിയശേഷമായിരിക്കും ചരിത്രം തന്നെ കുറ്റമുക്തനാക്കുമെന്ന ഗ്രന്ഥം എഴുതിത്തുടങ്ങുക. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്ന പ്രമേയം നിലനിൽക്കുന്നതാണ് ഇക്കാര്യത്തിലുള്ള മറ്റൊരു തടസ്സം. അതിനാൽ പിബി കമ്മിഷന്റെ റിപ്പോർട്ടു കൂടി വന്നശേഷമേ പുസ്തകം പൂർത്തിയാക്കൂ. അതുവരെ ഉള്ളടക്കം പുറത്തു പോകാതിരിക്കാൻ സഖാവിന്റെ ഔദ്യോഗിക വസതിയിൽ കാവൽ ശക്തമാക്കിയിട്ടുണ്ട്.

ചുടുചോറു വാരൽ

ഒരു നിരാഹാരവും അനുഭാവ സത്യഗ്രഹവും ഗതികിട്ടാ പ്രേതങ്ങളായി നിയമസഭാ വളപ്പിൽ അലഞ്ഞുതിരിയാൻ തുടങ്ങിയിട്ടു കുറച്ചുനാളായി. നട്ടപ്പാതിരയ്ക്ക് ഈ പ്രേതങ്ങളുടെ അട്ടഹാസം കേട്ടു വാച്ച് ആൻഡ് വാർഡുകാർ ഞെട്ടിത്തെറിക്കാറുണ്ട്. ഒരു പ്രേതത്തിനു താടിയുണ്ടെന്നാണു നേരിട്ടു കണ്ടവർ പറഞ്ഞത്. രണ്ടാമത്തെ പ്രേതം ക്ലീൻ ഷേവാണ്. ബൽറാം, റോജി എന്നെല്ലാം പ്രേതങ്ങൾ പരസ്പരം വിളിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. മറ്റു രണ്ടു പ്രേതങ്ങൾ ജിന്ന്, ശെയ്ത്താൻ തുടങ്ങിയ ഇനത്തിൽപെട്ടവയാണ്. പച്ചക്കൊടിയും വീശിയാണ് ഇവയുടെ എതിർപോക്ക്.

സ്വാശ്രയ മെഡിക്കൽ കോളജ് പ്രശ്നത്തിലാണു യുഡിഎഫുകാർ നിരാഹാരവും അനുഭാവ സത്യഗ്രഹവും പ്രഖ്യാപിച്ചത്. ഒരു മൂച്ചിനു കിണറ്റിൽ ചാടിയതുപോലെയായി. ഇനിയിപ്പോൾ നൂറു മൂച്ചിനും അതിൽനിന്നു കയറാൻ പറ്റുന്ന ചേലില്ല. ‘മേഡിക്കൽ കോളജുകാർ’ പാതിരാനേരം നോക്കി ഇരുട്ടിന്റെ മറവിൽ മേടിക്കാനുള്ളതെല്ലാം മേടിച്ചുകഴിഞ്ഞു. അടുത്ത തിങ്കളാഴ്ച നിയമസഭ വീണ്ടും തുടങ്ങുമ്പോൾ സത്യഗ്രഹികൾ മുൻകാല പ്രാബല്യത്തോടെ സമരം തുടരുമോ എന്നതാണു ചോദ്യം.

ആറ്റിലേക്കച്യുതാ ചാടൊല്ല, ചാടൊല്ല എന്നു പലരും പറഞ്ഞതാണ്. എന്നാൽ യഥാർഥ പ്രതിപക്ഷത്തിന്റെ ശക്തി കാണിച്ചു കൊടുക്കാമെന്നു കരുതിയാണു നേതാക്കൾ നിരാഹാരം പ്രഖ്യാപിച്ചത്. എന്നാൽ നിരാഹാരം കിടക്കാൻ അവരെയൊന്നും കണ്ടില്ല. യുവപ്രതിഭകളെയാണു പട്ടിണി കിടക്കാൻ അയച്ചത്. എന്നാൽ നിയമസഭാ കന്റീനിൽനിന്നു മൂക്കുമുട്ടെ തട്ടിവിട്ട് ഏമ്പക്കം വിട്ടു ചാനലുകളിൽ മുഖംകാണിച്ചു മുതിർന്ന നേതാക്കൾ സമരമുഖത്തു സജീവമായിരുന്നു. കുട്ടിക്കുരങ്ങുകളുടെ വിധി എക്കാലത്തും ഇതുതന്നെയാണ്–ചുടുചോറു വാരൽ.

സ്റ്റോപ് പ്രസ്: മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നു മന്ത്രി ഇ.പി.ജയരാജൻ.
ശരിയാണ്. പണ്ടു മുഹമ്മദലിയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയാതിരുന്നെങ്കിൽ എത്ര നന്നായേനെ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.