Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂത്തതാകേണ്ട, യൂത്താകേണ്ട, കുട്ടിയോ കുഞ്ഞോ ആകാം...

by ആഴ്‌ചക്കുറിപ്പുകൾ ∙ വിമതൻ
azchakuripukal-image-29

കോൺഗ്രസിൽ ഇപ്പോൾ എല്ലാവരും കുട്ടികളാകാനുള്ള തയാറെടുപ്പിലാണ്. മുൻപെല്ലാം പാർട്ടി നേതാക്കൾ യൗവനം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലായിരുന്നു. മുടി കറുപ്പിച്ചും ഫേഷ്യൽ ചെയ്തുമെല്ലാം ഒരുവിധം പിടിച്ചു നിൽക്കുമ്പോഴാണു പാർട്ടിയിൽ തലമുറമാറ്റം വരാൻ പോകുന്നുവെന്നു കേട്ടത്. അതോടെ ജവാഹർ ബാലവേദിയിൽ അംഗത്വമെടുക്കാൻ നേതാക്കൾ തമ്മിൽ മൽസരം തുടങ്ങി. 10 മുതൽ 17 വയസ്സു വരെയുള്ളവർക്കാണു ബാലവേദിയിൽ അംഗത്വത്തിന് അർഹത. എന്നാൽ, ജനനത്തീയതി തിരുത്തിയിട്ടാണെങ്കിലും വേദിയിൽ അംഗമാകുമെന്ന വാശിയിലാണു നേതാക്കൾ.

പത്മജ വേണുഗോപാൽ മുതൽ പി.സി.വിഷ്ണുനാഥ് വരെയുള്ളവർ വേദിയുടെ പ്രവർത്തനം വിജയിപ്പിക്കുന്നതിനു വേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങിക്കഴിഞ്ഞു. തെന്നല ബാലകൃഷ്ണപിള്ള, സി.വി. പത്മരാജൻ, വയലാർ രവി, എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി എന്നിവരും വൈകാതെ ബാലവേദിയിൽ അംഗത്വമെടുക്കുമെന്നാണു കേൾക്കുന്നത്.

ബാലവേദിയിൽ അംഗങ്ങളാകുന്നവർ കിളിത്തട്ട്, തലപ്പന്ത് തുടങ്ങിയ കളികളിൽ പ്രാവീണ്യം നേടണമെന്നു വ്യവസ്ഥയുണ്ട്. കുട്ടിയും കോലും കളിയിൽ മിനിമം യോഗ്യത മതി. കടംകഥ പറയുന്നതിൽ ലോവർ ഗ്രേഡും അക്ഷരശ്ലോകം ചൊല്ലുന്നതിൽ ഹയർ ഗ്രേഡും പാസാകണം. കോൺഗ്രസ് നേതാക്കൾ ഇതിനകം തന്നെ ഇത്തരം കലാ–കായിക പരിപാടികളിൽ പരിശീലനം ആരംഭിച്ചു കഴിഞ്ഞു.

തലമുറമാറ്റം വരുമ്പോൾ യുവാക്കൾ പോലും പിൻതള്ളപ്പെട്ടു പോകുമെന്നാണു ഡൽഹിയിൽ നിന്നുള്ള വാർത്തകൾ. അതുകൊണ്ടാണു യൗവനത്തിനു കോൺഗ്രസുകാർക്കിടയിൽ മാർക്കറ്റ് ഇടിഞ്ഞത്. ബാല്യത്തിനാണു വരാൻ പോകുന്ന കാലത്തു വിപണി. ബാല്യമല്ല, ശൈശവമാണു വരാൻ പോകുന്ന കാലത്തിന്റെ മുഖമുദ്രയെന്നു വിശ്വസിക്കുന്ന കോൺഗ്രസുകാരും കുറവല്ല. അത്തരക്കാർ ചേർന്നു ജവാഹർ ബാലവേദിക്കു ബദലായി ഇന്ദിരാ ശിശുവേദി രൂപീകരിക്കുന്ന കാര്യം ഗൗരവമായി ആലോചിക്കുന്നുണ്ട്. 

ഇത് ഗൂഢാലോചനയാണ്, ഗൂഢാലോചന തന്നെയാണ്!

നാലു വർഷത്തിൽ ഒരിക്കൽ രാജ്യാന്തര തലത്തിൽ ഇന്ത്യയ്ക്കെതിരെ ഒരു ഗൂഢാലോചന അരങ്ങേറുന്ന പതിവുണ്ട്. കാര്യവിവരമുള്ളവർ ഇതിനെ ഒളിംപിക്സ് എന്നാണു വിളിക്കുന്നത്. ഇടവപ്പാതിയും തുലാവർഷവും ചിലപ്പോൾ വൈകുകയും വരാതിരിക്കുകയും ചെയ്യാറുണ്ട്. എന്നാൽ, ഈ ഗൂഢാലോചന ഒരു കാരണവശാലും വൈകാറും വരാതിരിക്കാറുമില്ല. അതിനു കാരണം ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത് അമേരിക്കൻ ബുദ്ധിയായതു കൊണ്ടായിരിക്കണം. മാധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിൽ അടികലശൽ ഉണ്ടായപ്പോൾ അതിനു പിന്നിലും അമേരിക്കൻ ബുദ്ധി കണ്ടുപിടിച്ച നാട്ടിൽ ഈ ഗൂഢാലോചനയ്ക്കു പിന്നിൽ അമേരിക്കയുടെയും സിഐഎയുടെയും സാന്നിധ്യം ഇല്ലെന്നു പറയുന്നതു തന്നെ മാപ്പർഹിക്കാത്ത കുറ്റമാണ്.

ഇന്ത്യയെ രാജ്യാന്തര തലത്തിൽ അപകീർത്തിപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യമേ ഈ ഗൂഢാലോചനക്കാർക്കുള്ളൂ. ഇക്കാര്യത്തിൽ മാത്രം അമേരിക്കയും ചൈനയും ഒറ്റക്കെട്ടാണ്. ഒട്ടുമുക്കാലും മെഡലുകൾ അവർ തന്നെ പങ്കുവച്ചെടുക്കും. പോരാത്തതിനു ബ്രിട്ടനാണ് ഇക്കാര്യത്തിൽ ഒരേ വാശി. മുൻ കോളനിയാണെന്നു കരുതി ഇപ്പോഴും പക മനസ്സിൽ സൂക്ഷിക്കേണ്ട കാര്യമുണ്ടോ? അവരും മെഡലുകൾ ചാക്കിൽ കെട്ടി കൊണ്ടുപോകും.

എന്നുവച്ചു മറ്റു രാജ്യങ്ങൾക്കൊന്നും ഇതിൽ പങ്കില്ലെന്നു ധരിക്കരുത്. ഇന്ത്യയെ അവഹേളിക്കുന്നതിൽ കമ്യൂണിസ്റ്റ് ചേരി, മുതലാളിത്ത ചേരി, മൂന്നാം ലോക ചേരി എന്ന വേർതിരിവൊന്നും ഇല്ല. ജമൈക്ക, ബഹാമസ് എന്നു വേണ്ട ബുറുൻഡി, ബുർക്കിനഫാസോ തുടങ്ങിയ കുഞ്ഞൻ രാജ്യങ്ങളും ഈ ഗൂഢാലോചനയിലെ കണ്ണികളാണ്. എന്തിനേറെപ്പറയുന്നു, നമ്മൾ പിടിയരി സംഭരിച്ചും പാട്ടപ്പിരിവു നടത്തിയും തീറ്റിപ്പോറ്റിയ വിപ്ലവ ക്യൂബ പോലും ഇന്ത്യയെ അവഹേളിക്കാൻ  മാത്രം നേടിയത് അഞ്ചു സ്വർണ മെഡലുകളാണ്. വട്ടച്ചെലവിനു കാശില്ലാതെ ആൽത്തറ ജംക്‌ഷനിലെ എടിഎമ്മിൽ നിന്നു നക്കാപ്പിച്ച തട്ടാൻ വന്ന റുമേനിയക്കാരും ഇക്കാര്യത്തിൽ ഇന്ത്യയെ അവഹേളിച്ചു. സ്വർണവും വെള്ളിയും വെങ്കലവുമായി അ‍ഞ്ചു മെഡലുകളാണ് അവർ അടിച്ചുമാറ്റിയത്. നമുക്കു കിട്ടിയ വെള്ളിയും ഓടും സ്വർണം മുക്കിയെടുക്കാനുള്ള സാങ്കേതിക വിദ്യ ഇന്ത്യയ്ക്കു സ്വന്തമല്ലാഞ്ഞിട്ടല്ല. വേണ്ടെന്നു വച്ചിട്ടാണ്.

ഇനിയിപ്പോൾ രാജ്യാന്തര ഗൂഢാലോചന എന്തെങ്കിലും കാരണവശാൽ നടന്നില്ലെങ്കിൽ തന്നെ ആഭ്യന്തരതലത്തിൽ വേണ്ടുവോളം ഗൂഢാലോചന നടക്കുമെന്നു മൂന്നു തരം. മരുന്നടിച്ചോ അത്‌ലറ്റിക് ഫെഡറേഷനെയും കോച്ചിനെയും കുറ്റം പറഞ്ഞോ, പിന്നെ അതു തിരിച്ചും മറിച്ചും പറഞ്ഞോ ദേശീയ നിലവാരത്തിലുള്ള ഗൂഢാലോചനകൾ ആവശ്യത്തിലേറെ നടക്കും. അതുകൊണ്ടു നാണക്കേടു പൂർണമായില്ലെങ്കിൽ മാത്രമാണു രാജ്യാന്തര ഗൂഢാലോചനയ്ക്കു ഗ്ലോബൽ ടെൻഡർ ക്ഷണിക്കുക. 

കുഞ്ഞുമോൻ എന്ന സ്റ്റാർടപ്

ചവറ മുതൽ ചവറ വരെയുള്ള വിസ്തൃതമായ ഭൂപ്രദേശത്തു നിർണായക സ്വാധീനം ചെലുത്തുന്ന കക്ഷിയെന്നൊരു വിശേഷണം ആർഎസ്പിയെക്കുറിച്ച് ഉണ്ടായിരുന്നു. അതൊക്കെ ശ്രീകണ്ഠൻ ചേട്ടന്റെയും കണ്ണന്തോടത്തു ജനാർദനൻ നായരുടെയും ബേബിസാറിന്റെയും കാലം. ഇപ്പോൾ അത്തരമൊരു ആരോപണം ആർഎസ്പിയുടെ ബദ്ധശത്രുക്കൾ പോലും ആ പാർട്ടിയെക്കുറിച്ച് ഉന്നയിക്കുമെന്നു തോന്നുന്നില്ല. ചവറയിലെന്നല്ല ചൊവ്വയിൽ പോയാലും ആർഎസ്പിയുടെ സാന്നിധ്യം കണ്ടുപിടിക്കുക പ്രയാസമാണ്. ചൊവ്വയിൽ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നത് അതിലും എളുപ്പമാണ് എന്നാണു നാസയിലെ ശാസ്ത്രജ്ഞൻമാർ വെളിപ്പെടുത്തുന്നത്. എന്നാൽ, കോവൂർ കുഞ്ഞുമോന്റെ നേതൃത്വത്തിൽ ആർഎസ്പി (ലെനിനിസ്റ്റ്) രൂപീകൃതമായതോടെ ആ ചീത്തപ്പേരിൽ നിന്നു പാർട്ടിക്കു മോചനം കിട്ടാൻ പോകുകയാണ്. പാർട്ടി ചവറയുടെ അക്ഷാംശവും രേഖാംശവും കടന്നു രാജ്യാന്തര നിലവാരത്തിലേക്കു വളർന്നു പടർന്നു പന്തലിച്ചു തുടങ്ങി.

വിപ്ലവ സോഷ്യലിസവും ലെനിനിസവും ഒരു കാരണവശാലും കുന്നത്തൂർ താലൂക്കിൽ ഒതുങ്ങേണ്ട പ്രത്യയശാസ്ത്രമല്ല. സാർവദേശീയതയാണ് അതിന്റെ മുഖമുദ്ര. അതു തിരിച്ചറിഞ്ഞതു കൊണ്ടാണു കുഞ്ഞുമോൻ ആർഎസ്പി (എൽ) ഗ്ലോബൽ കമ്മിറ്റി രൂപീകരിച്ചത്. ആദ്യഘട്ടത്തിൽ ഗൾഫ് മേഖലയിലാണു പാർട്ടി വളർത്താൻ തീരുമാനിച്ചിരിക്കുന്നത്. അവിടത്തെ വിളവെടുപ്പു കണക്കിലെടുത്തായിരിക്കും യൂറോപ്, അമേരിക്ക, വിദൂര പൗരസ്ത്യ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കു പാർട്ടിയുടെ പ്രവർത്തനം വ്യാപിപ്പിക്കുക. എന്നിട്ടു വേണം ചൊവ്വയിൽ പാർട്ടി ഘടകം സ്ഥാപിക്കാൻ. അതോടെ ചവറ മുതൽ ചവറ വരെ എന്ന ചീത്തപ്പേരു തീർന്നു കിട്ടും. കുഞ്ഞുമോൻ പേരിൽ മാത്രമാണു കുഞ്ഞ്. ആളൊരു സ്റ്റാർടപ് സംരംഭമാണ്. ആഗോള ഭീമൻമാർ കോടികൾ മുടക്കി ഏറ്റെടുക്കാൻ സർവ സാധ്യതയുമുള്ള സ്റ്റാർടപ്. 

കളി വേണ്ട, മാവേലിയോട്

ഓഫിസ് സമയത്തു പൂക്കളം ഇടേണ്ടെന്നും ഓണക്കച്ചവടം ഓഫിസിൽ വേണ്ടെന്നും പിണറായി സഖാവു കൽപിച്ചതു കൊണ്ടു മാത്രം ഈ പ്രക്രിയകളൊന്നും സർക്കാർ ഓഫിസുകളിൽ നിന്ന് അപ്രത്യക്ഷമാകാൻ പോകുന്ന പ്രശ്നമില്ല. പ്രത്യേകിച്ചു സെക്രട്ടേറിയറ്റിൽ നിന്ന്. അത്തപ്പൂക്കളമിടലും ഓണം ഡിസ്കൗണ്ട് സെയിലും സർക്കാർ ഉദ്യോഗസ്ഥരുടെ ജന്മാവകാശമാണെന്നു കേരള സർവീസ് ചട്ടങ്ങളിൽ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. ആരുടെയെങ്കിലും കണ്ണിൽ പെടാതെ പോയാലോ എന്നു കരുതിയിട്ടാകണം ഈ വകുപ്പു പ്രത്യേകം അടിവരയിട്ടാണു രേഖപ്പെടുത്തിയിരിക്കുന്നത്.

മാവേലി എല്ലാ വീടുകളിലും എത്തുന്നതു തിരുവോണനാളിൽ ആണെങ്കിൽ അതിന് എത്രയോ മുൻപു തന്നെ സർക്കാർ ഓഫിസുകളിലെത്തും. കാരണം ഇത്തവണ സർക്കാർ അവധികൾ തിരുവോണത്തിനു മുൻപും അതിനു ശേഷവും അങ്ങനെ നീണ്ടു പരന്നു കിടക്കുകയാണ്. മാവേലിയെ സ്വീകരിക്കാൻ അവധി ദിനങ്ങളിൽ ഓഫിസിൽ ഹാജരാകണമെന്ന് ഉത്തരവിറക്കിയാൽ ഒരാളും തിരിഞ്ഞു നോക്കാൻ പോകുന്നില്ല. എന്നാൽ, എല്ലാ ദിവസവും ഓഫിസ് സമയത്തു പൂക്കളം ഇടണമെന്നു നിർദേശിച്ചാൽ വള്ളിപുള്ളിവിസർഗം വിടാതെ അനുസരിക്കാൻ കടുത്ത മൽസരമാകും.

വർഷാവർഷം മാവേലി വന്നുപോകുന്നതു കൊണ്ടാണു സർക്കാർ ഓഫിസുകളിൽ കള്ളവും ചതിയും പൊളിവചനവും ഇല്ലാതാകുന്നതെന്നു പിണറായി സഖാവിന് അറിയില്ലെന്നു തോന്നുന്നു. ഏറ്റവും ചുരുങ്ങിയത് എൻജിഒ യൂണിയൻ, ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ നേതാക്കളെ വിളിച്ചു ചോദിച്ചിരുന്നെങ്കിൽ ഇത്തരമൊരു നിർദേശം സഖാവു നൽകില്ലായിരുന്നു എന്നു തീർച്ച.

പിണറായിക്കു മുൻപും കേരളത്തിൽ മുഖ്യമന്ത്രിമാർ ഉണ്ടായിരുന്നു. അതിനു ശേഷവും ഉണ്ടാകും. എന്നാൽ മാവേലിക്കു മുൻപും അതിനു ശേഷവും കേരളത്തിൽ എന്നല്ല, ലോകത്ത് ഒരിടത്തും മാവേലി ഉണ്ടായിട്ടില്ല. ഉണ്ടാകാൻ പോകുന്നുമില്ല. അതുകൊണ്ടു പാവം സാധു (പാ.സാ:) പിണറായിയുടെ കളി മാവേലിയോടു വേണ്ട. 

സ്റ്റോപ് പ്രസ്: കണ്ണൂരിൽ സിപിഎം ഘോഷയാത്രയിൽ തിടമ്പുനൃത്തം അവതരിപ്പിച്ചതിനെതിരെ പ്രതിഷേധം.

തിടമ്പും അതു ചുമക്കുന്ന കഴുതയുമെല്ലാം സിപിഎമ്മിൽ പണ്ടേ ഉള്ളതാണെന്ന് പി.ജയരാജൻ സഖാവിനറിയാം.

Your Rating: