Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഷ്ടമായത് തനതു ചിത്രകാരനെ

Yousuf Arackal യൂസഫ് അറയ്ക്കൽ

എഴുപതുകളുടെ ആദ്യ പകുതിയിലാണു യൂസഫ് അറയ്ക്കലിനെ പരിചയപ്പെട്ടത്. ബെംഗളൂരു മാക്സ് മുള്ളർ ഭവനിൽ എന്റെ പ്രദർശനം കാണാനെത്തിയതായിരുന്നു അദ്ദേഹം. അന്നു ഹിന്ദുസ്ഥാൻ എയ്‍റനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എഎൽ) ജോലിയുമുണ്ടായിരുന്നു അദ്ദേഹത്തിന്. തനതു ചിത്രകാരനെന്ന നിലയിൽ യൂസഫിനെ ഏറ്റവുമധികം വിലമതിക്കുന്നു. നിറങ്ങളുടെ തിരഞ്ഞെടുപ്പിലെ വൈവിധ്യം അദ്ദേഹത്തെ വേറിട്ടു നിർത്തി. കേന്ദ്ര ലളിതകലാ അക്കാദമി പുരസ്കാരം ലഭിച്ച ശേഷമാണ് എച്ച്എഎല്ലിലെ ജോലി വിട്ടത്.

ഇന്നു പ്രശസ്തരായ പല യുവ കലാകാരന്മാരെയും പ്രോൽസാഹിപ്പിക്കുന്നതിൽ മുന്നിൽ നിന്ന യൂസഫ്, മുതിർന്ന കലാകാരന്മാർ സാമ്പത്തിക പ്രതിസന്ധികൾ നേരിട്ടപ്പോഴെല്ലാം സഹായഹസ്തം നീട്ടി. വിവാദങ്ങൾക്കു പിന്നാലെ പോയതേയില്ല. സൃഷ്ടിപരമായ അദ്ദേഹത്തിന്റെ താൽപര്യങ്ങൾക്കപ്പുറത്തെ കലാ സദസ്സുകളിൽ സജീവമായിരുന്നുമില്ല.

അടുത്ത സുഹൃത്തായിരുന്നെങ്കിലും വളരെ കുറച്ചു മാത്രമേ ആശയവിനിമയം നടത്തിയിരുന്നുള്ളൂ. മദർ തെരേസയ്ക്കു നൊബേൽ പുരസ്കാരം ലഭിച്ചപ്പോൾ അദ്ദേഹം ചെയ്ത ചിത്രപരമ്പരകൾ ഏറെ ശ്രദ്ധേയമായി. ഇങ്ങനെ പൊതുപ്രസക്തമായ വിഷയങ്ങളിലെ കലാസൃഷ്ടികളിലൂടെ യൂസഫ് എന്നും കയ്യടി നേടി. കലാജീവിതവുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങളിലെല്ലാം ഭാര്യ സാറ അറയ്ക്കലായിരുന്നു അദ്ദേഹത്തിന്റെ നെടുംതൂൺ. ആ പിന്തുണ എടുത്തു പറയേണ്ടതാണ്.

(കേന്ദ്ര ലളിതകലാ അക്കാദമി മുൻ ആക്ടിങ് ചെയർമാനായ ലേഖകൻ, പ്രമുഖ ശിൽപിയും രാജാരവിവർമ പുരസ്കാര ജേതാവുമാണ്) 

വേദനയുടെ ഇരുട്ടുപുരണ്ട നിറങ്ങൾ

‌വിധിയോടു തനിച്ചു പോരാടുന്ന സാധാരണ മനുഷ്യരാണ് യൂസഫ് അറയ്ക്കലിന്റെ ചിത്രങ്ങളുടെ കേന്ദ്രം. മീൻപിടിത്തക്കാരൻ, ചായക്കടക്കാരൻ, യാചകൻ... വേദനയുടെ ഇരുട്ടുപുരളാത്ത ഒരു നിറവും അവിടെയില്ല. സംസ്‌ഥാന സർക്കാരിന്റെ രാജാ രവിവർമ പുരസ്‌കാരം ഏറ്റുവാങ്ങി യൂസഫ് പറഞ്ഞു, ‘ഞാനൊരു മനുഷ്യനാണെന്ന് എനിക്കറിയാം. മനുഷ്യരുടെ വേദനയിൽ ഞാനും വേദനിക്കുന്നു. അവരുടെ ദുഃഖങ്ങൾ എന്നെയും വേദനിപ്പിക്കുന്നു.’

ബാംഗ്ലൂരിലെ തെരുവിൽനിന്നു തുടങ്ങുന്നതാണു യൂസഫ് അറയ്ക്കലിന്റെ കാഴ്ച. മാതാപിതാക്കളുടെ വിയോഗത്തെ തുടർന്നു നാടുവിട്ട യൂസഫ് ഒന്നരവർഷം തെരുവിൽ അലഞ്ഞുനടന്നു. പിന്നീടു ഫാക്‌ടറിയിൽ രാത്രി ജോലിചെയ്യാൻ തുടങ്ങി; പകൽ ചിത്രകലാപഠനവും. അക്കാലത്തു യൂസഫിന്റെ രക്ഷകൻ ക്രിസ്‌തുവായിരുന്നു. ക്രിസ്‌തുവിന്റെ ചിത്രങ്ങൾ വിറ്റാണു വിലകൂടിയ നിറങ്ങളും ക്യാൻവാസും അദ്ദേഹം വാങ്ങിയത്. പിന്നീടു ലോകമറിയുന്ന ചിത്രകലാകാരനായശേഷം 15 എണ്ണച്ചായാ ചിത്രങ്ങളുടെ ക്രിസ്തു പരമ്പര അദ്ദേഹം ചെയ്തിരുന്നു. യുകെയിൽ നടന്ന ലേലത്തിൽ ‘ക്രൂസിഫൈഡ്’ എന്ന ക്രിസ്‌തുചിത്രത്തിനു ലഭിച്ചതു 40 ലക്ഷം രൂപ.

ഇരുണ്ട ചരിത്രസന്ദർഭങ്ങളിൽ ക്രോധത്തോടെ നിൽക്കുന്ന ഒരു ആക്ടിവിസ്റ്റും യൂസഫിലുണ്ടായിരുന്നു. ഭോപ്പാൽ വാതകദുരന്തത്തെ ആവിഷ്കരിച്ച ‘ഭോപ്പാൽ 84’ , ഗുജറാത്ത് കലാപത്തെ ചിത്രീകരിച്ച ‘ഗുജേർണിക്ക’ എന്നിവ അതിനുദാഹരണങ്ങൾ. വൈക്കം മുഹമ്മദ് ബഷീറിനോട്  ഇഷ്‌ടം കൂടി അദ്ദേഹം ബഷീർ കഥാപാത്രങ്ങളെയും ബഷീറിനെയും കഥാപാത്രമാക്കി വരച്ചത് ഒൻപതു ചിത്രങ്ങളുടെ പരമ്പര.  ശ്രദ്ധേയമായ ‘പട്ടം’ പരമ്പര 1993ൽ ആണു പ്രദർശിപ്പിച്ചത്. ‘മതിലുകൾ’ എന്ന പരമ്പരയും ശ്രദ്ധേയമായിരുന്നു. അമൂർത്തകല മുതൽ സൂപ്പർ റിയലിസം വരെ വിജയകരമായി പരീക്ഷിച്ച യൂസഫിന് ഒരു ശൈലിയും അന്യമായിരുന്നില്ല. 1970കൾ മുതൽ അരനൂറ്റാണ്ടിലേറെ നീണ്ട ചിത്രകലാജീവിതം നയിച്ച അദ്ദേഹം വിവിധ രാജ്യങ്ങളിൽ ബിനാലെകളുടെയും ചിത്രപ്രദർശനങ്ങളുടെയും ഭാഗമായി. ഒട്ടേറെ പുരസ്‌കാരങ്ങളും നേടി. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.