Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാനവികതയുടെ വിളംബരം

Mideast Saudi Arabia Hajj മക്കയിലെ പുണ്യ കഅബാലയത്തിന്റെ കിസ്‌വ (കഅബയെ മൂടുന്ന പട്ടുതുണി) മാറ്റി പുതിയത് അണിയിക്കുന്നു. ഹജ് തീർഥാടനത്തിലെ ഏറ്റവും പ്രധാന അനുഷ്‌ഠാനമായ അറഫ സംഗമത്തിനായി തീർഥാടകർ പോയിക്കഴിയുമ്പോഴാണ് കിസ്‌വ മാറ്റുന്ന ചടങ്ങ് നടക്കുന്നത്. ചിത്രം: എപി

ത്യാഗത്തിന്റെ കനൽപഥങ്ങളിലൂടെ സഞ്ചരിച്ചു ജീവിതം ചരിത്രമാക്കിയ ഇബ്രാഹിം പ്രവാചകന്റെ തപിക്കുന്ന ഓർമകൾ അയവിറക്കി ഇന്ന് ഈദുൽ അസ്‌ഹാ. ത്യാഗസ്‌മരണകൾകൊണ്ടു മനസ്സിനെയും ശരീരത്തെയും നവീകരിക്കാനുള്ള അവസരമാണു ബലിപെരുന്നാൾ. ഇബ്രാഹിം പ്രവാചകന്റെ ഉജ്വലമായ ജീവിതത്തെക്കുറിച്ചു ചിന്തിക്കാനും ത്യാഗത്തിലൂടെ വിജയമെന്ന പാഠം ഓർമിക്കാനും ബലിപെരുന്നാൾ അവസരം നൽകുന്നു. സെമിറ്റിക് മതങ്ങൾക്കെല്ലാം പ്രിയപ്പെട്ട പ്രവാചകപിതാവാണ് ഇബ്രാഹിം നബി. പരീക്ഷണങ്ങളുടെ തീച്ചൂളയിൽ സ്ഫുടം ചെയ്‌തെടുത്ത അനിതര വ്യക്തിത്വം. അല്ലാഹുവിന്റെ ചങ്ങാതിയെന്ന വിശേഷണമാണ് ഇബ്രാഹിം പ്രവാചകനെ വ്യത്യസ്തനാക്കുന്നത്. ഭൂമിയിലെ ഒന്നാമത്തെ ആരാധനാമന്ദിരമായ കഅ്‌ബയിലേക്കു തീർഥാടനത്തിനായി വിളംബരം ചെയ്യേണ്ട ചുമതല അല്ലാഹു ഏൽപിക്കുന്നത് ഇബ്രാഹിം പ്രവാചകനെയാണ്. ‘നാം ഇബ്രാഹിമിനോടു പറഞ്ഞു: ജനങ്ങൾക്കിടയിൽ നീ തീർഥാടനത്തെപ്പറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്തുകയറിയും അവർ നിന്റെയടുത്തു വന്നുകൊള്ളും’ (ഖുർആൻ 22:27).

പ്രതിസന്ധികളുടെ ചുരവക്കിലൂടെയും ദുർഘടമായ പാതകൾ താണ്ടിയും വിശ്വാസിലക്ഷങ്ങൾ ഈ വിളംബരത്തിന് ഉത്തരം നൽകി വിശുദ്ധമക്കയിലെത്തുന്നു. യുദ്ധംകൊണ്ടും പട്ടിണികൊണ്ടും പൊറുതിമുട്ടുന്ന രാജ്യങ്ങളിൽനിന്നുപോലും ആയിരങ്ങൾ ഹജ്ജിനായി എത്തിയിട്ടുണ്ട്. വേർതിരിവിന്റെ അടയാളങ്ങളായി മനുഷ്യർ കാണുന്ന വർഗം, വർണം, ദേശം, ഭാഷ എന്നിവയെല്ലാം റദ്ദുചെയ്‌തുകൊണ്ടു വിശ്വമാനവികതയുടെ നേർക്കാഴ്ചയാവുകയാണു ഹാജിമാർ. അഹങ്കാരത്തിന്റെ അടയാളങ്ങൾ കുടഞ്ഞുകളഞ്ഞ്, അഹംബോധത്തിന്റെ വേഷങ്ങൾ അഴിച്ചുമാറ്റി, വിനയത്തിന്റെ പര്യായമാവുകയാണവർ. ശുഭ്രവസ്‌ത്രം ധരിച്ച് ഒരേലക്ഷ്യത്തിലേക്ക് അവർ നീങ്ങുന്നു. മരണാനന്തരജീവിതത്തിൽ മനുഷ്യരെല്ലാം ഒരുമിച്ചുകൂടുന്ന മഹാദിനത്തെക്കുറിച്ചുള്ള ഓർമകൾ മനസ്സിൽ നിറയുന്നു. തമ്പുകളുടെ നഗരമായ മിനായിൽനിന്ന് അറഫമൈതാനിയിലേക്കു നീങ്ങുന്ന വിശ്വാസിലക്ഷങ്ങൾ കീർത്തനങ്ങളും പ്രാർഥനകളുമായി അവിടെ സൂര്യോദയംവരെ നിൽക്കുന്നു. ഹാജിമാരോടും മുസ്‌ലിംലോകത്തോടുമായി ഇമാം നിർവഹിക്കുന്ന പ്രസംഗം, പ്രവാചകൻ മുഹമ്മദ് നബിയുടെ വിടവാങ്ങൽ പ്രഭാഷണത്തെ അനുസ്‌മരിപ്പിക്കുന്നു.

മുഹമ്മദ് നബി അറഫയിൽ നിർവഹിച്ച പ്രഭാഷണം മനുഷ്യാവകാശ പ്രഖ്യാപനമായിരുന്നു. ‘ജനങ്ങളേ നിങ്ങളുടെ രക്തവും സ്വത്തുക്കളും ഈ ദിവസത്തിന്റെ പവിത്രതപോലെ, ഈ മാസത്തിന്റെ പവിത്രതപോലെ, നിങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുംവരെ നിങ്ങൾക്കു പരസ്‌പരം നിഷിദ്ധമാണ്. നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടും. അവൻ നിങ്ങളുടെ പ്രവൃത്തികളെ സംബന്ധിച്ചു നിങ്ങളോടു ചോദിക്കും. ആരുടെയെങ്കിലും വശം ആർക്കെങ്കിലും കൊടുത്തുവീട്ടേണ്ട വല്ല അമാനത്തുമുണ്ടെങ്കിൽ (വിശ്വസിച്ചേൽപിക്കപ്പെട്ടത്) അത് കൊടുത്തുവീട്ടട്ടെ. എല്ലാ പലിശയും ചവിട്ടിത്താഴ്‌ത്തപ്പെട്ടിരിക്കുന്നു. എന്നാൽ നിങ്ങളുടെ മൂലധനം നിങ്ങൾക്കുണ്ട്. നിങ്ങൾ അക്രമിക്കാൻ പാടില്ല. അക്രമത്തിനിരയാകാനും പാടില്ല. ജാഹിലിയ്യ കാലത്തെ (അജ്‌ഞാനകാലത്തെ) എല്ലാ പ്രതികാര പ്രവർത്തനങ്ങളും ദുർബലമാക്കപ്പെട്ടിരിക്കുന്നു. ജനങ്ങളേ, നിങ്ങളുടെ സ്‌ത്രീകൾക്കു നിങ്ങളോടു ചില കടമകളുണ്ട്. നിങ്ങൾക്ക് അവരോടും ചില കടമകളുണ്ട്. ജനങ്ങളേ, നിങ്ങളുടെയെല്ലാം ദൈവമൊന്ന്, പിതാവ് ഒന്ന്, എല്ലാവരും ആദമിൽനിന്ന്. ആദമോ, മണ്ണിൽനിന്നും.  നിങ്ങളിൽ ഏറ്റവും ഭക്തനാണ് ഏറ്റവും മാന്യൻ. അറബിക്ക് അറബിയല്ലാത്തവരെക്കാൾ ജീവിതത്തിലെ സൂക്ഷ്‌മതകൊണ്ടല്ലാതെ യാതൊരു ശ്രേഷ്‌ഠതയുമില്ല’.

abdullakkoya-11 ടി.പി. അബ്‌ദുല്ലക്കോയ മദനി

വിവേകത്തിന്റെ മഹത്തായ പാഠങ്ങളാണ് ഇബ്രാഹിം പ്രവാചകനിലൂടെ പഠിപ്പിക്കപ്പെട്ടത്. ഒന്നിനു പുറകെ ഒന്നായി പരീക്ഷണങ്ങളെ അഭിമുഖീകരിക്കുമ്പോഴും വിവേകമെന്ന സ്വഭാവം ഇബ്രാഹിം നബി കൈവിടുന്നില്ല. സത്യസന്ധതയും വിനയവും ഇബ്രാഹിം പ്രവാചകന്റെ അടയാളമായിരുന്നു. സദ്‌ഗുണങ്ങളുടെ വലിയ പാഠങ്ങളാണ് ഇബ‌്രാഹിം നബി ജീവിതത്തിലൂടെ പ്രസരിപ്പിച്ചത്. ബലിപെരുന്നാൾ ആഘോഷങ്ങൾക്കിടയിൽ ഇബ്രാഹിം പ്രവാചകന്റെ ജീവിതം പഠിക്കാനും പകർത്താനും ശ്രമം വേണം. മുഴുവൻ മനുഷ്യർക്കും ആഹ്ലാദിക്കാൻ കഴിയുന്ന ആഘോഷങ്ങളാണു നമുക്കു വേണ്ടത്. സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും തെളിനീർ ഒഴുകേണ്ട ആഘോഷവേളകളെ അംഗീകരിക്കാൻ തയാറില്ലാത്ത അസഹിഷ്‌ണുത ആപത്താണ്. നിർമലമായ സ്‌നേഹത്തിന്റെ വിനിമയമാണ് എല്ലാ ആഘോഷവേളകളിലും നടക്കേണ്ടത്. സ്വയം നിർമിക്കുന്ന ഇടുങ്ങിയ ഇടങ്ങളിലേക്കു ചുരുങ്ങിക്കൂടരുത്. ആഘോഷങ്ങൾ നൽകുന്ന മാനവിക പാഠങ്ങൾ ജീവിതത്തിലൂടെ മനുഷ്യരിലെത്തിക്കാൻ ശ്രമിക്കുക. ദൈവത്തിന്റെ മഹത്വം നിരന്തരം വാഴ്‌ത്തുക. അല്ലാഹു അക്‌ബർ... അല്ലാഹു അക്‌ബർ... 

(കേരള നദ്‌വത്തുൽ  മുജാഹിദീൻ പ്രസിഡന്റാണ് ലേഖകൻ) 

Your Rating: