Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാമൻ മന്ത്രിയായാൽ മരുമകന് എന്തുമാകാം

nepotism-story-image

ബന്ധുനിയമനം വരുത്തിവച്ച പൊല്ലാപ്പിലാണല്ലോ കേരള രാഷ്ട്രീയം. മറ്റു രാജ്യങ്ങളിലെ ചില (കു)പ്രസിദ്ധ ബന്ധുനിയമനങ്ങളിലേക്കും സംഭവങ്ങളിലേക്കും നോക്കാം.

നെപ്പോട്ടിസം എന്ന വാക്ക്

സ്വജനപക്ഷപാതത്തിന് നെപ്പോട്ടിസം എന്നാണു പറയുക. നെവ്യൂ (മരുമകൻ) എന്നതിന്റെ ഇറ്റാലിയൻ വാക്കിൽനിന്നാണു നെപ്പോട്ടിസത്തിന്റെ പിറവി. മധ്യകാലഘട്ടത്തിൽ അടുത്ത ബന്ധുക്കൾക്ക് അർഹിക്കാത്ത സ്ഥാനമാനങ്ങൾ നൽകിയ ചില മാർപാപ്പമാരുടെ നടപടിയിൽനിന്നാണു പ്രയോഗമുണ്ടായതെന്നും പിന്നീട് ഒരു പോപ്പ് തന്നെ ഇടപെട്ടാണ് ഇക്കാര്യത്തിൽ നിയന്ത്രണം കൊണ്ടുവന്നതെന്നും ‘വിക്കീപീഡിയ’ പറയുന്നു.

ജെഎഫ്കെയും ആർഎഫ്കെയും

ലോകം കണ്ട മികച്ച ഭരണാധികാരിയും നയതന്ത്രജ്ഞനുമായാണ് അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡി വാഴ്ത്തപ്പെട്ടത്. 1961ൽ ജോൺ സഹോദരൻ റോബർട്ട് കെന്നഡിയെ യോഗ്യത കണക്കിലെടുക്കാതെ അറ്റോർണി ജനറലാക്കി. 1967ൽ സ്വജനനിയമനം തടയാൻ അമേരിക്കൻ നിയമപുസ്തകത്തിൽ പുതിയ നിയമം എഴുതിച്ചേർക്കുന്നതിനുവരെ ഇതു പരോക്ഷ കാരണമായി.

ശ്രീലങ്കൻ രാജഹംസം!

2005 മുതൽ 2015 വരെ ശ്രീലങ്കൻ പ്രസിഡന്റായിരുന്നു മഹീന്ദ രാജപക്സെ. ഇതേ കാലയളവിൽ ശ്രീലങ്കൻ ഭരണത്തിലെ പ്രധാന സ്ഥാനം വഹിച്ചിരുന്നവർ ഇങ്ങനെ: ചമാൽ രാജപക്സെ– പാർലമെന്റ് സ്പീക്കർ, ബേസിൽ രാജപക്സെ– ധനമന്ത്രി, ഗൊടാബ രാജപക്സെ– പ്രതിരോധ സെക്രട്ടറി, ഇതും പോരാഞ്ഞ് മുപ്പതോളം രാജപക്സെ കുടുംബാംഗങ്ങൾ വിവിധ ഗവൺമെന്റ് സ്ഥാപനങ്ങളുടെയും പൊതുഭരണസ്ഥാപനങ്ങളുടെയും സംസ്ഥാനങ്ങളുടെയും തലപ്പത്തുണ്ടായിരുന്നു. ഭരണം പോയതിനുശേഷം രാജപക്സെയ്ക്കു കേസൊഴിഞ്ഞ നേരമേ ഉണ്ടായില്ല.

ആംബുലൻസോ? മോള് പോയിട്ടു വിടാം

2005ലാണു സംഭവം. യുകെയിലെ യോർക്ക് നഗരത്തിലെ അടുത്തടുത്തുള്ള ഒൻപതു ട്രാഫിക് സിഗ്നലുകളിൽ നൂറുകണക്കിനു വാഹനങ്ങളെ കാത്തുനിർത്തിച്ച് അഞ്ചേ അഞ്ചു വാഹനങ്ങൾ കടന്നുപോയി. യോർക് നഗരത്തിലെ കൗൺസിലർ ആയിരുന്ന ആൻ റീഡിന്റെ മകൾ ഹന്നയുടെ വിവാഹസംഘമായിരുന്നു അത്. മകളും സംഘവും പള്ളിയിലെത്താൻ താമസിക്കേണ്ടെന്നു കരുതി അമ്മ ട്രാഫിക് പരിഷ്കരിച്ചതാണ്.

ബോബമ്മാവനുണ്ടെങ്കിൽ !

വിക്ടോറിയൻ കാലഘട്ടത്തിലെ ബ്രിട്ടിഷ് പ്രധാനമന്ത്രി ലോർഡ് സാലിസ്ബറി അഥവാ റോബർട്ട് സിസിൽ 1887ൽ സഹോദരീപുത്രൻ ആർതർ ബെൽഫോറിനെ അയർലൻഡിന്റെ ചീഫ് സെക്രട്ടറി ആക്കി. അമ്മാവനുശേഷം ബെൽഫോർ പ്രധാനമന്ത്രിയുമായി. റോബർട്ട് എന്നതിന്റെ ചുരുക്കപ്പേരാണു ബോബ്. ബോബ് അമ്മാവനാണെങ്കിൽ പിന്നൊന്നും പേടിക്കാനില്ല എന്ന അർഥത്തിൽ ഇംഗ്ലിഷിൽ ഒരു ചൊല്ലുതന്നെയുണ്ടായി (bob's your uncle).

ഫ്രഞ്ച് കാക്കയ്ക്കും  തൻകു‍ഞ്ഞ് പൊന്ന്

2009ൽ ഇരുപത്തിമൂന്നുകാരൻ ഷാങ് സർക്കോസി ഫ്രഞ്ച് പ്രതിരോധ മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേഷൻ മാനേജർ ആയി. രണ്ടാം വർഷ നിയമ വിദ്യാർഥിയായ ഷാങ് ഒരു സാധാരണക്കാരൻ, ഒരു കാര്യം ഒഴിച്ചുനിർത്തിയാൽ–അദ്ദേഹത്തിന്റെ അച്ഛന്റെ പേര് നിക്കോളാസ് സർക്കോസി എന്നാണ്, അന്നത്തെ ഫ്രാൻസിന്റെ പ്രസിഡന്റ് !

∙ അലി

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.