Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഴിവുകേടുകളുടെ ഘോഷയാത്ര

by രമേശ് ചെന്നിത്തല (പ്രതിപക്ഷ നേതാവ്)
Ramesh Chennithala and Pinarayi Vijayan

നൂറു ദിവസം തികയുന്നതിനു മുൻപുതന്നെ ജനവിരുദ്ധമായി മാറി എന്നതാണു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാരിന്റെ നേട്ടം. ഏതു സർക്കാർ അധികാരത്തിലേറിയാലും ആറുമാസത്തെ മധുവിധുകാലം അനുവദിച്ചുകൊടുക്കാറുള്ളതാണ്. പുതിയ ഗവൺമെന്റിനു പ്രവർത്തിച്ചുതുടങ്ങാനുള്ള സാവകാശം നൽകാനാണിത്. പക്ഷേ, ആറുമാസമല്ല, രണ്ടുമാസമെത്തുംമുൻപുതന്നെ ഇടതു സർക്കാർ ജനവിരുദ്ധത പുറത്തെടുത്തു.

പിടിപ്പുകേട്, മണ്ടത്തരം, ധാർഷ്ട്യം, ഏകാധിപത്യ പ്രവണത, അസഹിഷ്‌ണുത തുടങ്ങിയവയാണ് ഈ സർക്കാരിന്റെ മുഖമുദ്രകൾ. തുടക്കത്തിലാണെങ്കിലും ജനവിരുദ്ധത അതിരുകടന്നാൽ കയ്യുംകെട്ടി നോക്കിനിൽക്കാൻ ഉത്തരവാദിത്തമുള്ള പ്രതിപക്ഷത്തിനു കഴിയില്ല. അതിനാലാണു നൂറുദിവസമെത്തുന്നതിനു മുൻപുതന്നെ സമരരംഗത്തിറങ്ങാൻ യുഡിഎഫ് നിർബന്ധിതമായത്. എന്താണു നൂറുദിവസംകൊണ്ട് ഈ സർക്കാരിന്റെ നേട്ടം? ഒന്നുമില്ല. പകരം, മുല്ലപ്പെരിയാർ മുതൽ സ്വാശ്രയ പ്രവേശനം വരെ അബദ്ധങ്ങളുടെയും കഴിവുകേടുകളുടെയും ഘോഷയാത്ര മാത്രം.

മുല്ലപ്പെരിയാറിൽ കേരളത്തിന്റെ ദീർഘകാല പോരാട്ടത്തെ ഒറ്റിക്കൊടുക്കുന്ന പ്രസ്‌താവനയോടെയാണു ഭരണത്തിനു തുടക്കം കുറിച്ചത്. കേരളത്തിലെ മൂന്നു ജില്ലകളിലെ ജനങ്ങളുടെമേൽ ഏതുനിമിഷവും പതിക്കാവുന്ന ജലബോംബ് എന്ന നിലയ്‌ക്കാണു കേരളീയർ  മുല്ലപ്പെരിയാറിനെ കാണുന്നത്. എന്നാൽ, ഡാം സുരക്ഷിതമാണെന്ന വിദഗ്‌ധസമിതിയുടെ റിപ്പോർട്ടും കണക്കിലെടുക്കണമെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. എന്തിനാണ് അദ്ദേഹമതു പറഞ്ഞതെന്നത് ഇപ്പോഴും ദുരൂഹമാണ്. ഒരുപക്ഷേ, അദ്ദേഹത്തിന്റെ പാർട്ടിയിലെ മുഖ്യ രാഷ്ട്രീയ എതിരാളിയായ വി.എസ്.അച്യുതാനന്ദൻ മുല്ലപ്പെരിയാർ സമരത്തിൽ മുൻനിരയിൽ നിൽക്കുന്നതുകൊണ്ടാകാം.  പിന്നീടു മുഖ്യമന്ത്രി അതു തിരുത്തിയെങ്കിലും തമിഴ്‌നാട് അതിന്മേൽ മുതലെടുപ്പു നടത്തിക്കഴിഞ്ഞിരുന്നു.

കുടുംബാംഗങ്ങൾ തമ്മിലുള്ള സാമ്പത്തിക ഇടപാടില്ലാത്ത ഭാഗപത്ര റജിസ്‌ട്രേഷന്റെ ഫീസ് കുത്തനെ ഉയർത്തിയതോടെ ഈ സർക്കാർ സാധാരണക്കാരുടെ കൂടെയല്ലെന്നു തെളിയിച്ചു. അച്ഛൻ മകന് 20 ലക്ഷം രൂപയുടെ സ്വത്തു കൈമാറുമ്പോൾ നേരത്തെ 1000 രൂപ റജിസ്‌ട്രേഷൻ മതിയായിരുന്നെങ്കിൽ ഇപ്പോൾ 59000 രൂപ വേണം. കനത്ത പ്രതിഷേധമുയർന്നിട്ടും തെറ്റു തിരുത്താൻ സർക്കാർ തയാറായിട്ടില്ല.

സ്വാശ്രയ മെഡിക്കൽ, ഡന്റൽ പ്രവേശനം അലങ്കോലമാക്കിയതു സർക്കാരിന്റെ പിടിപ്പുകേടിന്റെയും ധാരണക്കുറവിന്റെയും ഫലമായിട്ടാണ്. ഡന്റൽ കോളജ് ഫീസ് ഏകീകരിച്ചതു മണ്ടത്തരമാണെന്നു പ്രതിപക്ഷം ചൂണ്ടിക്കാണിച്ചപ്പോഴാണു സർക്കാരിനു ബോധ്യപ്പെട്ടത്. തുടന്ന് അതു തിരുത്തിയെങ്കിലും മെഡിക്കൽ സീറ്റുകളെല്ലാം ഏറ്റെടുക്കുന്ന മണ്ടത്തരം പിന്നാലെ കാണിച്ചു. അതു കോടതി റദ്ദാക്കി. ആയിരക്കണക്കിനു കുട്ടികളും രക്ഷിതാക്കളുമാണ് ഈ സർക്കസ് കാരണം തീതിന്നുന്നത്.

ഓണപ്പരീക്ഷ എത്തിയിട്ടും പാഠപുസ്‌തകങ്ങൾ കിട്ടിയില്ലെന്നു പറഞ്ഞു കഴിഞ്ഞ വർഷം ഈ സമയം ഇടതുപക്ഷ യുവജനസംഘടനകൾ കേരളത്തെ കീഴ്‌മേൽമറിക്കുകയായിരുന്നു. എന്നിട്ടിപ്പോഴോ? പാഠപുസ്‌തകങ്ങൾ കിട്ടിയിട്ടില്ല. അന്നു സമരം ചെയ്‌തവരെ മഷിയിട്ടു നോക്കിയിട്ടും കാണാനില്ല.

യുഡിഎഫ് സർക്കാർ അറുതിവരുത്തിയ രാഷ്ട്രീയ കൊലപാതക പരമ്പര ഇരട്ടി ശക്തിയോടെ മടങ്ങിയെത്തി എന്നതാണ് ഇടതു സർക്കാർ വഴി സമൂഹത്തിനു ലഭിച്ച ഏറ്റവും വലിയ ആഘാതം. ഇടയ്‌ക്കു നിലച്ചിരുന്ന സിപിഎം–ബിജെപി കൊലക്കളി വീണ്ടും പൊട്ടിപ്പുറപ്പെട്ടു. നാദാപുരത്തു കോടതി വെറുതെവിട്ട ലീഗ് പ്രവർത്തകനെയാണു സിപിഎമ്മുകാർ പാർട്ടിക്കോടതി വിധി അനുസരിച്ചു കൊലക്കത്തിക്ക് ഇരയാക്കിയത്. ഈ ഭ്രാന്തൻ കളി മൂത്തു സിപിഎമ്മുകാർ സിപിഎമ്മുകാരനെത്തന്നെ അടിച്ചുകൊല്ലുന്ന കാഴ്‌ച പൂഞ്ഞാറിൽ കണ്ടു. ആലപ്പുഴയിൽ കാർത്തികപ്പള്ളിയിൽ മുഖ്യമന്ത്രിക്കു കത്തെഴുതിവച്ചിട്ടാണു സിപിഎം പ്രവർത്തകൻ ആത്മഹത്യ ചെയ്‌തത്. പറവൂർ മൂത്തകുന്നത്ത് മുൻ സിപിഎമ്മുകാരനായ ബിഡിജെഎസ് നേതാവ് സിപിഎം ഓഫിസിൽ തൂങ്ങിമരിച്ചു.

കൊലപാതകികൾക്ക് ഒത്താശചെയ്യുന്ന തരത്തിലേക്കു പൊലീസിന്റെ പ്രവർത്തനം മാറി. കൊലപാതകക്കേസുകളിൽ പാർട്ടി ഓഫിസിൽനിന്നു കൊടുക്കുന്ന പ്രതികളുടെ ലിസ്റ്റ് സ്വീകരിക്കാൻ മടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നു. പാർട്ടി ഓഫിസുകളിൽനിന്നു നിശ്ചയിച്ചു നൽകുന്ന ‘കൂലിപ്രതികളെ’ പിടികൂടുന്ന സമ്പ്രദായം അവസാനിപ്പിച്ച് യഥാർഥ പ്രതികളെ പിടികൂടിത്തുടങ്ങിയതോടെയാണു യുഡിഎഫ് സർക്കാരിനു രാഷ്‌ട്രീയ കൊലപാതകങ്ങൾക്കു കടിഞ്ഞാണിടാനായത്. പാടത്തുപണിക്കു വരമ്പത്തുകൂലി എന്നുപറഞ്ഞു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അക്രമരാഷ്ട്രീയത്തിന് ആഹ്വാനം നൽകുകയും ചെയ്‌തു.

കവർച്ചയും പിടിച്ചുപറിയും അക്രമവും വർധിച്ചതായാണു കണക്കുകൾ കാണിക്കുന്നത്. പൊലീസിനെ പാർട്ടിവൽക്കരിക്കുന്നതിനാൽ അവർക്കു സ്വതന്ത്രമായി പ്രവർത്തിക്കാനാകുന്നില്ല. അന്യരാജ്യക്കാർക്കുപോലും കേരളം കവർച്ചയ്‌ക്കു പറ്റിയ ഭൂമിയായി മാറിയെന്നാണ് എടിഎം കൊള്ള തെളിയിക്കുന്നത്. ഇതിൽ വിദേശിയായ ഒരു പ്രതിയെ പിടിച്ചതിനപ്പുറം കൂട്ടുപ്രതികളെ കുടുക്കാൻ കഴിയാതെ പൊലീസ് ഇരുട്ടിൽത്തപ്പുന്നു.

സെക്രട്ടേറിയറ്റിൽ ഫയലുകൾ നീങ്ങുന്നില്ല. എകെജി സെന്ററിന്റെ അംഗീകാരം ഉണ്ടെങ്കിൽ മാത്രമേ ഫയലുകൾക്കു ചലനം ഉണ്ടാകുകയുള്ളു. മുഖ്യമന്ത്രിയാകട്ടെ ജീവനക്കാരുടെ ആത്മവീര്യം തകർക്കുന്ന രീതിയിലാണ് അവരെ ഭർത്സിക്കുന്നത്. മുഖ്യമന്ത്രിയിൽ അധികാരമെല്ലാം കേന്ദ്രീകരിക്കുന്ന ഏകാധിപത്യ പ്രവണതയാണു കാണുന്നത്. മന്ത്രിമാർ ഏറാൻമൂളികളായി മാറുന്നു. സുതാര്യതയെക്കുറിച്ചു വാതോരാതെ പ്രസംഗിച്ചവർ ഇപ്പോൾ എല്ലാം അടച്ചുമൂടിവയ്‌ക്കുകയാണ്. മന്ത്രിസഭാ തീരുമാനങ്ങൾ മാധ്യമങ്ങൾക്കു നൽകുന്ന രീതി അവസാനിപ്പിച്ചു. മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുകയോ കാര്യങ്ങൾ വിശദീകരിക്കുകയോ ചെയ്യുന്നില്ല. വിവരാവകാശ നിയമപ്രകാരംപോലും മന്ത്രിസഭാവിവരങ്ങൾ ജനങ്ങൾക്കു നൽകില്ല എന്ന വാശിയിലാണു സർക്കാർ.

വിപണിയിൽ ഫലപ്രദമായി ഇടപെടാൻ സർക്കാരിനു കഴിയുന്നില്ല. നഷ്‌ടമെന്നു പറഞ്ഞു നന്മ സ്റ്റോറുകൾ അടച്ചുപൂട്ടി. ലാഭനഷ്‌ടം നോക്കിയല്ല മാവേലി സ്റ്റോറുകളും നന്മ സ്റ്റോറുകളും നടത്തേണ്ടത്. വില പിടിച്ചുനിർത്തുന്നതിനുള്ള ഉപാധികളാണ് അവ. കഴിഞ്ഞതവണ 25 ദിവസത്തിലേറെ ഓണച്ചന്ത നടത്തിയെങ്കിൽ ഇത്തവണ 10 മുതൽ 12 ദിവസംവരെ മാത്രമേ ഉള്ളൂ.

ഉപദേശി വിവാദമാണു സർക്കാരിന്റെ മറ്റൊരു സംഭാവന. സർക്കാരിനെതിരായ കേസുകളിൽ ഹാജരാകുന്ന അഭിഭാഷകനെയാണു മുഖ്യമന്ത്രി നിയമോപദേഷ്ടാവായി വച്ചത്. വൻപ്രതിഷേധത്തെ തുടർന്ന് ആ നീക്കം പൊളിഞ്ഞെങ്കിലും ഭരണക്കാരുടെ മനസ്സിലിരിപ്പ് അതുവഴി പുറത്തുവന്നു. നാഴികയ്‌ക്കു നാൽപതുവട്ടം മുതലാളിത്തത്തെ തള്ളിപ്പറയുന്ന വിപ്ലവകാരികൾ മുതലാളിത്തത്തിന്റെ ഏജന്റായ സാമ്പത്തിക വിദഗ്‌ധയെ ഉപദേഷ്ടാവായി വച്ചതു മറ്റൊരു തമാശ. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തുനിന്നു പ്രശസ്ത സ്‌പോർട്‌സ് താരം അഞ്ജു ബോബി ജോർജിനെ അപമാനിച്ച് ഇറക്കിവിട്ടത്, രാഷ്‌ട്രീയ പരിഗണനവച്ചു മാത്രം സർക്കാർ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റിയത് തുടങ്ങി ഒട്ടേറെയുണ്ട് വെറെയും ‘നേട്ടങ്ങൾ’. കഴിഞ്ഞ സർക്കാർ തുടങ്ങിവച്ച മെഡിക്കൽ കോളജുകൾ രാഷ്‌ട്രീയതാൽപര്യംകൊണ്ടു മാത്രം അട്ടിമറിച്ചതു മാപ്പർഹിക്കാത്ത ദ്രോഹമാണ്.

വി.എസ്.അച്യുതാനന്ദനെ ഭരണപരിഷ്കാര ചെയർമാനാക്കി മൂലയ്‌ക്ക് ഒതുക്കി ഇരുത്തി എന്നതാണ് ഈ സർക്കാരിന്റെ ഏറ്റവും വലിയ ‘നേട്ടം’. പക്ഷേ, അതിനു സംസ്ഥാനം നൽകേണ്ട വില വളരെ വലുതാണ്. വിഎസിനു കാബിനറ്റ് പദവി നൽകിയെന്നുമാത്രമല്ല, ചീഫ് സെക്രട്ടറി റാങ്കിൽ റിട്ടയർ ചെയ്‌ത രണ്ട് ഐഎഎസുകാരെ അംഗങ്ങളാക്കുകയും ചെയ്‌തു. വൻ തുകയാണു ഖജനാവിൽനിന്ന്  ഈവഴിക്കു മാസാമാസം ഒഴുകിപ്പോവുക. പാർട്ടിയിലെ ഒരു ശല്യക്കാരനെ ഒതുക്കാനാണു സർക്കാർ ചെലവിൽ ഈ ധൂർത്ത്.

Your Rating: