Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പ്രിയപ്പെട്ടവർ

by ദേശീയം ∙ സച്ചിദാനന്ദമൂർത്തി
vohra-and-singhvi-29 എൻ.എൻ. വോറ, എൽ.എം. സിങ്‍വി

മൻമോഹൻ സിങ് നൽകിയ ഒരു വാഗ്ദാനം ലംഘിക്കാനൊരുങ്ങുകയാണു നരേന്ദ്ര മോദി. 2013ൽ പ്രധാനമന്ത്രി ആയിരുന്ന മൻമോഹൻ സിങ് ജമ്മു കശ്മീർ ഗവർണർ എൻ.എൻ. വോറയ്ക്ക് ശ്രീനഗർ, ജമ്മു രാജ്ഭവനുകളിലെ അദ്ദേഹത്തിന്റെ രണ്ടാം ഊഴത്തിനിടെ തടസ്സമുണ്ടാക്കില്ല എന്ന വാഗ്ദാനമാണു നൽകിയത്. എന്നാൽ, കശ്മീർ താഴ്‍വരയെ അൻപതു ദിവസത്തിലേറെ നിശ്ചലമാക്കിയ ഇപ്പോഴത്തെ സംഘർഷസ്ഥിതി എൺപതുകാരനായ വോറയ്ക്കു നൽകിയ വാഗ്ദാനം ലംഘിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാൻ ഇപ്പോഴത്തെ പ്രധാനമന്ത്രി മോദിയെ പ്രേരിപ്പിക്കുന്നു. വോറയുടെ രണ്ടാം ഊഴം തീരാൻ ഇനി രണ്ടു വർഷമാണുള്ളത്.

താഴ്‍വരയിലെ സുരക്ഷാസേനയുടെ ഏകീകൃത നേതൃത്വ പദവി കൂടിയുള്ള ഗവർണർക്ക് ഇപ്പോഴത്തെ സംഘർഷത്തിന് അയവു വരുത്താൻ ഒന്നും ചെയ്യാനാവുന്നില്ല. ചർച്ചയുടെ വഴി തുറക്കാൻ പോലുമാവാതെ വിഷമിക്കുന്ന എൺപതുകാരനായ വോറയ്ക്കു പകരം കുറെക്കൂടി ചെറുപ്പവും ഊർജസ്വലതയുമുള്ള വിരമിച്ച സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാനാണു മോദിയുടെ നീക്കം. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, പ്രതിരോധ, ആഭ്യന്തര വകുപ്പുകളിൽ സെക്രട്ടറി തുടങ്ങി ഒട്ടേറെ സുപ്രധാന ചുമതലകൾ കാര്യക്ഷമമായി വഹിച്ചിട്ടുള്ള ഐഎഎസുകാരനാണു വോറ. എന്നിട്ടും അദ്ദേഹത്തിന് ഏഴാഴ്ച പിന്നിട്ട സംഘർഷത്തിൽ കശ്മീരിലെ ജനങ്ങൾക്ക് ആശ്വാസമേകാൻ കഴിയുന്നില്ല.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ രാഷ്ട്രീയക്കാരും കുറ്റവാളികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടു സംബന്ധിച്ച സ്ഫോടനാത്മകമായ റിപ്പോർട്ടു തയാറാക്കിയ വോറയെ 2008 ജൂണിലാണു മൻമോഹൻ സിങ് ജമ്മു കശ്മീർ ഗവർണർ സ്ഥാനത്തേക്കു നിയോഗിച്ചത്. മൻമോഹനെപ്പോലെ പഞ്ചാബുകാരനായ വോറ ഗവർണർ പദവി അവസാനിക്കാൻ അഞ്ചു മാസമുള്ളപ്പോൾ 2013 ജനുവരിയിൽ പ്രധാനമന്ത്രിയെ കണ്ടു വിരമിക്കലിനുശേഷമുള്ള തന്റെ പദ്ധതികളെക്കുറിച്ചു പറഞ്ഞു. അപ്പോഴാണു വോറയ്ക്കു രണ്ടാമതൊരു ഊഴം കൂടി നൽകാനുള്ള തന്റെ മനസ്സിലിരിപ്പ് മൻമോഹൻ സിങ് വെളിവാക്കിയത്. അഞ്ചു വർഷം മുഴുവൻ തുടരാൻ കഴിയുമെന്ന ഉറപ്പു ലഭിച്ചാലേ താൽപര്യമുള്ളൂ എന്നായിരുന്നു വോറയുടെ മറുപടി. പ്രധാനമന്ത്രിപദത്തിൽ ഒന്നര വർഷം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളുവെങ്കിലും മൻമോഹൻ മാറ്റില്ലെന്ന വാഗ്ദാനം നൽകി. ആദ്യ ഊഴം തീരും മുൻപു രണ്ടാം ഊഴം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവണമെന്ന വ്യവസ്ഥയും പാലിച്ചു. ഇതാദ്യമായി ഒരു ഗവർണർ പദവിയിൽ നിന്നു വിരമിക്കുന്നതിന് 58 ദിവസം മുൻപുതന്നെ അദ്ദേഹത്തിനു രണ്ടാമതൊരു ഊഴം കൂടി നൽകി രാഷ്ട്രപതി ഭവൻ വിജ്ഞാപനമിറങ്ങി.

അന്നത്തെ മുഖ്യ പ്രതിപക്ഷമായ ബിജെപിയുടെ അനുമതി കൂടി തേടണമെന്ന വോറയുടെ ആവശ്യവും മൻമോഹൻ സാധിച്ചുകൊടുത്തു. എൻഡിഎ വർക്കിങ് ചെയർമാൻ എൽ.കെ. അഡ്വാനിയും ബിജെപി പ്രസിഡന്റ് രാജ്നാഥ് സിങ്ങുമായി മൻമോഹൻ സംസാരിച്ച് അവർക്ക് എതിർപ്പില്ല എന്നത് ഉറപ്പാക്കി. അമർനാഥ് യാത്ര എല്ലാ വർഷവും സുഗമമായി നടത്താൻ സൗകര്യമൊരുക്കണമെന്ന ബിജെപിയുടെ മുഖ്യ ആവശ്യം വോറ ഭംഗിയായി നടപ്പാക്കുകയും ചെയ്തു.

എൻഡിഎ അധികാരത്തിലെത്തിയപ്പോൾ ആഭ്യന്തരമന്ത്രിയായ രാജ്നാഥ് സിങ്ങുമായി വോറ നല്ല ബന്ധം തുടർന്നു. പ്രധാനമന്ത്രി മോദിയുമായും വോറ നല്ല ബന്ധം സ്ഥാപിച്ചെടുത്തു. യുപിഎ സർക്കാർ നിയമിച്ച ഡസനിലേറെ ഗവർണർമാരെ മോദിയും രാജ്നാഥും മാറ്റിയപ്പോഴും വോറയും മറ്റു ചിലരും സ്ഥാനത്തു തുടർന്നു.

‌രാഷ്ട്രീയമായി നിയമിക്കപ്പെട്ടയാൾ പ്രതിപക്ഷ പാർട്ടിയുമായി കൂടിയാലോചിച്ചു സ്ഥാനം ഭദ്രമാക്കാൻ മുൻകരുതലെടുത്തതു മുൻപൊരിക്കലും നടന്നിട്ടുണ്ട്. പ്രമുഖ അഭിഭാഷകനും വലതുപക്ഷക്കാരനുമായ എൽ.എം. സിങ്‍വിയെ ബ്രിട്ടനിലെ ഹൈക്കമ്മിഷണറായി പ്രധാനമന്ത്രി പി.വി. നരസിംഹറാവു തിരഞ്ഞെടുത്തപ്പോഴായിരുന്നു അത്. ലോക്സഭയിലെ അന്നത്തെ പ്രതിപക്ഷനേതാവ് അടൽ ബിഹാരി വാജ്പേയിയുടെ കൂടി സമ്മതത്തോടെയേ താൻ പദവി സ്വീകരിക്കാനുള്ളൂ എന്നു സിങ്‍വി റാവുവിനെ അറിയിച്ചു. നേരിയ ഭൂരിപക്ഷത്തിൽ ഭരിച്ചിരുന്ന റാവുസർക്കാരിനെക്കുറിച്ചുള്ള ആശങ്കയാവും സിങ്‍വിയെ ഇതിനു പ്രേരിപ്പിച്ചതെന്നു സംശയിച്ചവർ ഏറെ. ഏതായാലും റാവു സർക്കാർ കാലാവധി പൂർത്തിയാക്കി. സിങ്‍വിക്കു രണ്ടാമതൊരു ഊഴം കൂടി റാവു നൽകുകയും ദേവെ ഗൗഡയുടെ കാലത്ത് അദ്ദേഹം അതു പൂർത്തിയാക്കുകയും ചെയ്തു.

പിന്നീടു ബിജെപിയിൽ ചേർന്ന സിങ്‍വി രാജ്യസഭാംഗമായി എന്നതു മറ്റൊരു കൗതുകം. അദ്ദേഹത്തിന്റെ മകൻ അഭിഷേക് മനു സിങ്‍വി പ്രമുഖ അഭിഭാഷകനും ഇപ്പോൾ കോൺഗ്രസിന്റെ പ്രധാന വക്താക്കളിലൊരാളുമാണ്.

Your Rating: