Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടു ‘സെക്രട്ടേറിയറ്റുകളും’ ഒരു വിഎസും

v-s-achuthananthan

ക്ലിഫ് ഹൗസിൽനിന്നു കന്റോൺമെന്റ് ഹൗസിലേക്കും ശേഷം കവടിയാർ ഹൗസിലേക്കും വി.എസ്. അച്യുതാനന്ദൻ മാറുന്നതിനിടയിൽ സംഘടനാപരമായ ഒരു രാസമാറ്റം കൂടി സിപിഎമ്മിൽ സംഭവിക്കുകയാണ്. കേരളത്തിലെ പാർട്ടിയിൽ ഒരു പതിറ്റാണ്ടിലേറെ അതിശക്ത സ്വാധീനമായിരുന്ന വിഎസ് പക്ഷം ഈ വീടുമാറ്റങ്ങൾക്കിടയിൽ ക്രമേണ മൃതിയടയുന്നു. പിണറായി വിജയനും വി.എസ്.അച്യുതാനന്ദനും 17ന് ആരംഭിക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിനു വിമാനം കയറുമ്പോൾ ചോദ്യം ഒന്നേയുള്ളൂ: വിഎസുമായി ബന്ധപ്പെട്ട പൊളിറ്റ്ബ്യൂറോ (പിബി) കമ്മിഷൻ റിപ്പോർട്ട് ചർച്ചയ്ക്കെടുത്തുകൊണ്ടു സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് അദ്ദേഹത്തെ പുനരധിവസിപ്പിക്കുമോ?

താൻ രാഷ്ട്രീയപ്രവർത്തനം ആരംഭിക്കുമ്പോൾ പിച്ചവച്ചുനടന്നവർ കൂടി അംഗങ്ങളായ സെക്രട്ടേറിയറ്റിലേക്കു മടങ്ങിവന്നേ തീരൂ എന്നു സ്ഥാപകനേതാക്കളിലൊരാളായ വിഎസ് ശഠിക്കുന്നത് എന്തുകൊണ്ടാണ്? അതിലൊരു വാശി അടങ്ങിയിട്ടുണ്ട്. ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ പൊട്ടിത്തെറിക്കു വഴിവച്ച വിഎസ് വിരുദ്ധ പ്രമേയം പാസാക്കിയ സെക്രട്ടേറിയറ്റിൽ വീണ്ടും കടന്നുവന്നു കസേരയിട്ടിരിക്കുക അഭിമാനപ്രശ്നമായി അച്യുതാനന്ദൻ കരുതുന്നു.

ഏഴുപതിറ്റാണ്ടത്തെ  രാഷ്ട്രീയപ്രവർത്തനത്തിനുമേ‍ൽ ഒരു കറ സ്വന്തം പ്രസ്ഥാനം പുരട്ടി എന്ന പ്രയാസം അദ്ദേഹത്തിനുണ്ട്. അതു തനിക്കു പാർട്ടിവിരുദ്ധ മാനസികനിലയുണ്ട് എന്ന സെക്രട്ടേറിയറ്റ് പ്രമേയത്തിലെ ആക്ഷേപമാണ്. പിബി കമ്മിഷൻ അക്കാര്യം തിരുത്തണം, പ്രായശ്ചിത്തമായി അതേ സെക്രട്ടേറിയറ്റിലേക്കു തിരികെ ഉൾപ്പെടുത്താൻ നിർദേശിക്കണം. ആരോപിക്കപ്പെടുന്നതു സംഘടനാവിരുദ്ധ സമീപനമാണ്. പിബി തന്നെ അക്കാര്യത്തിൽ ഒരു ക്ലീൻ ചിറ്റ് നൽകിയാൽ സെക്രട്ടേറിയറ്റിലേക്കും ശേഷം പിബി ക്ഷണിതാവുപദത്തിലേക്കും വന്നാലോ എന്നൊരു പ്രതീക്ഷ.

അത് അനുവദിക്കില്ല എന്ന സന്ദേശം തന്നെയാണ് ‘ആ സ്ഥാനത്തെക്കുറിച്ചൊക്കെ ഞാൻ പറയാം’ എന്നു സെക്രട്ടേറിയറ്റ് അംഗത്വത്തെക്കുറിച്ച് അൽപം അവജ്ഞ കലർത്തിയുള്ള മറുപടിയിലൂടെ മുഖ്യമന്ത്രി നൽകിയത്. ഭരണപരിഷ്കാര കമ്മിഷനും സെക്രട്ടേറിയറ്റിലേക്കുള്ള തിരിച്ചുവരവും ‘പാക്കേജ്’ ആയി ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അങ്ങനെയല്ല എന്നു സ്ഥാപിക്കാനാണു കമ്മിഷൻ അധ്യക്ഷപദം വിഎസ് ഏറ്റെടുത്തു എന്നു പിണറായി വെളിപ്പെടുത്തിയത്. അതു മനസ്സിലാക്കിയാണു വിഎസ് തൊട്ടടുത്ത ദിവസം പൊട്ടിത്തെറിച്ചത്.

വിഎസിന് എതിരായ പരാതികളും വിഎസിന്റെ പരാതികളും പരിശോധിക്കാൻ നിയുക്തമായ കമ്മിഷനിൽ അദ്ദേഹത്തെ അനുകൂലിക്കുന്ന ഒരേ ഒരാൾ സീതാറാം യച്ചൂരിയാണ്. പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രൻപിള്ള, എ.കെ.പത്മനാഭൻ, ബി.വി.രാഘവലു എന്നിവരെല്ലാംതന്നെ ഇവിടെ പിണറായിയെയും ഡൽഹിയിൽ കാരാട്ടിനെയും പിന്തുണയ്ക്കുന്നവരാകുന്നു. സാഹചര്യം ഇതാണെങ്കിലും വിഎസിന്റെ ആവശ്യം സാക്ഷാത്കരിക്കാൻ ശ്രമിക്കും എന്ന വാഗ്ദാനം യച്ചൂരി നൽകുന്നു എന്നു വിഎസ് വിശ്വസ്തർ അവകാശപ്പെടുന്നു. പഴയ വിഎസ് പക്ഷം ഇന്ന് ഏതാണ്ട് ആ വിശാലവലയം മാത്രമാണ്. കരുത്തരായ പഴയ അനുയായികളും അവരുടെ നേതാവും തമ്മിൽ കാര്യമായ സമ്പർക്കംപോലുമില്ല.

ഭരണപരിഷ്കാര കമ്മിഷന്റെ ആസ്ഥാനം സെക്രട്ടേറിയറ്റിലോ പുറത്തോ എന്നതൊക്കെ ഭരണപരമായ കാര്യം എന്നതിൽ നിൽക്കുന്നു കോടിയേരി. രണ്ടു ‘സെക്രട്ടേറിയറ്റിലേക്കും’ വിഎസിനു സ്വാഗതമില്ല. ഈ രണ്ടു നേതാക്കൾക്കുമിടയിൽ വിള്ളലുകൾ കാര്യമായി വീണിട്ടില്ലെങ്കിൽ ഡൽഹിയിൽ അങ്ങനെയല്ല. പിബിയിൽ ഏതാണ്ട് ഒറ്റപ്പെട്ടു നിൽക്കുന്ന ജനറൽ സെക്രട്ടറിയും ശക്തമായ മറുചേരിയുടെ നായകനായി മുൻ ജനറൽ സെക്രട്ടറിയും എന്നതാണു സ്ഥിതി. അതിനിടയിൽ ആശ്വാസകരമായ ഒരു തീരുമാനം ഇവരെക്കൊണ്ടു യോജിപ്പോടെ എടുപ്പിക്കുക, അതും കേരള നേതൃത്വത്തെ വെറുപ്പിച്ചുകൊണ്ട് എടുപ്പിക്കുക എന്നതാണു വിഎസിനു മുന്നിലെ ക്ലേശകരമായ ദൗത്യം. 

Your Rating: