Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒക്ടോബറിലെ ചില ജന്മദിനചിന്തകൾ

മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു നടപടിയുടെ അർഥതലങ്ങൾ അൻപത്തിരണ്ടാം ജന്മദിനം ഇന്നലെ ആഘോഷിച്ച കേരള കോൺഗ്രസുകളിൽ ഇതിനകം ചർച്ചയായിക്കഴിഞ്ഞു. നിയമസഭാതിരഞ്ഞെടുപ്പിൽ എൽഡിഎഫ് നാലു സീറ്റു കൊടുത്ത ഏക കേരള കോൺഗ്രസ് വിഭാഗമായ ജനാധിപത്യ കേരള കോൺഗ്രസിന്റെ സംസ്ഥാനസമ്മേളനത്തിൽ നിന്നു വിട്ടുനിന്നുകൊണ്ട് പിണറായി പറയാതെ പറഞ്ഞുവച്ചത് മറ്റൊന്നുമല്ല; കേരള കോൺഗ്രസുകൾക്കു തന്നെ സംസ്ഥാനരാഷ്ട്രീയത്തിൽ പ്രസക്തി കുറയുന്നോ എന്ന ചോദ്യം. മുഖ്യമന്ത്രി തിരഞ്ഞെടുത്ത സമയമാണ് അതിനു കാരണം. സ്കറിയാ തോമസിന്റെ ദുർബലമായ കേരള കോൺഗ്രസ് അകത്തും പിള്ള ഗ്രൂപ്പ്, ജനാധിപത്യ കേരള കോൺഗ്രസ് എന്നീ കഷണങ്ങൾ പുറത്തും എന്നതു ഭരണമുന്നണിയിലെ സ്ഥിതി.

അനൂപ് ജേക്കബ്, എംഎൽഎ ആണ് എന്നതാണ് യുഡിഎഫിൽ ജേക്കബ് ഗ്രൂപ്പിനുള്ള സാംഗത്യം. ഈ അരനൂറ്റാണ്ടിൽ കേരള കോൺഗ്രസിന്റെ തായ്‌വേരായി നിന്ന കെ.എം. മാണി ഇന്നു യുഡിഎഫിന്റെ ഭാഗമല്ല. ഇരുമുന്നണികൾക്കും ആദ്യമായി കേരള കോൺഗ്രസ് അനിവാര്യരല്ലാതായി മാറിയിരിക്കുന്ന ഈ ദശാസന്ധിയെ തരണം ചെയ്യുക എന്നതു പാർട്ടിയുടെ, അല്ലെങ്കിൽ പാർട്ടികളുടെ നിലനിൽപ്പുമായി ബന്ധപ്പെട്ട കാര്യമാണ്. പ്രതിസന്ധികൾക്കും പിളർപ്പുകൾക്കും നടുവിൽ പ്രസ്ഥാനത്തിന്റെ പ്രതാപം കാത്ത മാണി ആരോപണശരശയ്യയിലും. നേതാവിനെ തകർത്താൽ ആ പ്രസ്ഥാനത്തെ തകർക്കാം എന്നതു രണ്ടാംനിര നേതൃത്വത്തെ വളർത്തിയെടുക്കുന്നതിൽ ഒരു താൽപര്യവും കാണിക്കാത്ത ഇവരെ കശക്കാൻ പറ്റിയ തന്ത്രവുമാണ്.

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ എല്ലാ കേരള കോൺഗ്രസുകളും കൂടി നേടിയത് വെറും 5.87% വോട്ടാണ്. 1964ൽ കേരളത്തിലെ ‘ഒക്ടോബർ വിപ്ലവത്തി’ലൂടെ ജന്മം കൊണ്ടശേഷം 1965ലെ കന്നിപ്പോരാട്ടത്തിൽ 23 സീറ്റും 12.58% വോട്ടും നേടി കോൺഗ്രസിനും സിപിഎമ്മിനും തൊട്ടുപിന്നിൽ തലയുയർത്തി നിന്ന പാർട്ടി, യുഡിഎഫ്– എൽഡിഎഫ് മുന്നണികൾ രൂപംകൊണ്ടശേഷമുള്ള ആദ്യത്തെ രണ്ടു തിരഞ്ഞെടുപ്പുകളിലും 10, 11% വീതം വോട്ടു പിളർന്നിട്ടും നേടിയവർ–; വിശ്വസിച്ചു കൂടെ നിന്നവർക്കുവേണ്ടി ഏതറ്റംവരെയും പോരാടും എന്നതായിരുന്നു അതിന്റെ ശക്തി. ചുരുളിയിലും കീരിത്തോടും അവർ കുടിയിറക്കപ്പെടുന്ന ജനതയുടെ കാവലാളായി നിന്നു, ഇടുക്കിയിൽ പട്ടയം നിഷേധിക്കപ്പെട്ടപ്പോൾ സ്വന്തം കരുണാകരൻ സർക്കാരിനെതിരെ നിരാഹാരം കിടന്നു, നാളികേര വിലയിടിവിനെതിരെ അതേ കരുണാകരൻ വിലക്കിയിട്ടും കൂസാതെ മാണി ട്രെയിൻ തടഞ്ഞു.

അങ്ങനെ വൈകാരിക രാഷ്ട്രീയത്തിന്റെ വിത്തിറക്കി ആ മണ്ണിൽ നൂറുമേനി വിളയിച്ച പാർട്ടിക്ക്, ശേഷം എന്താണു സംഭവിച്ചത്? അധികാരരാഷ്ട്രീയത്തിന്റെ ഫലഭൂയിഷ്ഠതയിലേക്കു ശ്രദ്ധ പതിഞ്ഞതോടെ അധ്വാനവർഗത്തിനും നേതൃത്വത്തിനുമിടയിൽ വിള്ളൽ വീണുവോ? ആ സംശയാലുക്കളെയും തിരുത്താൻ അടുത്തിടെ അവസരം കിട്ടിയതാണ്. റബർ വിലയിടിവിനെതിരെ ‍‍ഡൽഹിയിൽ കേരള കോൺഗ്രസിന്റെ പാർലമെന്റ് മാർച്ച് നടക്കുന്ന അതേദിനം ഇടിത്തീയായി ഇറങ്ങിയ കസ്തൂരി രംഗൻ വിജ്ഞാപനത്തിന്റെ പേരിൽ യുപിഎയോടു സുല്ലിട്ട്, യുഡിഎഫ് മന്ത്രിസഭയിൽ നിന്ന് ഇറങ്ങിവരാൻ മാണി തീരുമാനിച്ചിരുന്നുവെങ്കിലോ?

അതു പാർട്ടിക്ക് വീണ്ടെടുക്കുമായിരുന്ന അടിത്തറയെക്കുറിച്ചുള്ള പരിശോധന അവിടെ നിൽക്കട്ടെ, ഇന്നത്തെ വിവാദകോലാഹലങ്ങളിൽ വീണുപോകാതെ, ഒരുപക്ഷേ സംസ്ഥാനരാഷ്ട്രീയത്തിൽ തിളക്കത്തോടെ നിൽക്കുമായിരുന്നില്ലേ കേരള കോൺഗ്രസ്?
കോട്ടയത്തു ജന്മദിനം ആഘോഷിക്കുമ്പോൾ വൈഎംസിഎ ജംക്‌ഷനിലെ പി.ടി. ചാക്കോയുടെ പ്രതിമയുടെ താഴെ എഴുതിവച്ചിരിക്കുന്ന ചാക്കോയുടെ ഒരു ആപ്തവാക്യം മനസ്സിലേറ്റേണ്ടത് ഈ സന്നിഗ്ധഘട്ടത്തിൽ ആവശ്യമായി മാറുന്നു. ‘അഴിമതി ഈ രാജ്യത്തിനു ശാപമാണ്. ജനാധിപത്യത്തിനെതിരെയുള്ള വെല്ലുവിളിയും അതു തന്നെയാണ്’.

ചാക്കോ പറഞ്ഞാൽ അതു പ്രചോദനമുദ്രാവാക്യമായി മാറേണ്ടതാണ് എങ്കിൽ മാണി എന്നല്ല, ആർ. ബാലകൃഷ്ണപിള്ള തൊട്ട് അനൂപ് ജേക്കബ് വരെയുള്ളവർ ആക്ഷേപങ്ങൾക്കും അന്വേഷണങ്ങൾക്കും വിധേയരായി. പാർട്ടി അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്കു മടങ്ങിപ്പോകണം എന്നാവശ്യപ്പെട്ട് എൻഡിഎയിലുള്ള പി.സി. തോമസിന്റെ കേരള കോൺഗ്രസ് ഇന്നലെ കൊച്ചിയിൽ നടത്തിയ പുനഃപ്രതിജ്ഞ ഈ സാഹചര്യത്തിൽ അർഥവത്തായ ഇടപെടലാണ്. എൻഡിഎ ദേശീയസമിതിയിൽ കേരളത്തിൽ നിന്നുള്ള ഏക അംഗം ഈ കേരള കോൺഗ്രസുകാരനാണ് എന്നത് ഒരു ആശ്വാസവാർത്തയുമാകാം. ക്രൈസ്തവ അധിനിവേശമാണല്ലോ കേരളത്തിലെ വളർച്ചയ്ക്കു ബിജെപി കേന്ദ്രനേതൃത്വം കണ്ടിരിക്കുന്ന ഒറ്റമൂലി.

കാലം നന്നല്ലെങ്കിലും പിളർപ്പുകൾ പക്ഷേ, അവസാനിക്കുമെന്നു കരുതേണ്ട. ടി.എസ്. ജോണിന്റെ നിര്യാണത്തോടെ കേരള കോൺഗ്രസ്(സെക്കുലർ) കൈപ്പിടിയിലായിട്ടും അതിനെ ഉപേക്ഷിച്ച് ‘ജനപക്ഷം’ എന്ന പുതിയ പാർട്ടി പി.സി. ജോർജ് രൂപീകരിക്കാൻ പോകുന്നു.
കേരള കോൺഗ്രസ് എന്ന പേരു തന്നെ തന്റെ പാർട്ടിക്ക് ഇനി വേണ്ടേ, വേണ്ട എന്നു പതിവു ശൈലിയിൽ ജോർജ് പരിഹസിക്കുന്നു. പേരു മാറ്റിയതുകൊണ്ട് ജോർജ് പക്ഷേ കേരള കോൺഗ്രസുകാരനല്ലാതാവില്ല. അത് ആ പാർട്ടി കേരളരാഷ്ട്രീയത്തിൽ പശിമയോടെ ഇപ്പോഴും ഒട്ടിനിൽക്കുന്നു എന്നതുകൊണ്ടാണ്. അതിനെ ഈ മണ്ണിൽ നിന്നു പറിച്ചെറിയുക എളുപ്പമല്ല. പക്ഷേ സ്വയം ഒരു വീണ്ടെടുപ്പ് അവശ്യമാണ്. കാലത്തിന്റെ ചുവരെഴുത്ത് അവർ കാണാതെ പോകരുത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.