Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കപ്പ്, ഇനി പൊളിറ്റിക്സ്

keraleeyam-image-29

‘ദൈവം പ്രത്യക്ഷപ്പെട്ടു ചോദിക്കുകയാണ്, നിന്റെ മുന്നിൽ രണ്ടു ജീവനുകൾ ഉണ്ട്. ഒരു പട്ടിയും ഒരു കുട്ടിയും. ഒന്നു തിരഞ്ഞെടുക്കാം എന്നു പറഞ്ഞാൽ ?’

ഫെയ്സ്ബുക്കിലെ ഈ ചോദ്യം നടൻ ജയസൂര്യയുടേത്. കേരളത്തിൽ എങ്ങും മുഴങ്ങുന്ന സംശയമായതുകൊണ്ടാകാം, മുഖ്യമന്ത്രി പിണറായി വിജയൻ മുൻപെന്ന പോലെ ജയസൂര്യയ്ക്കു മാത്രമായി ഒരു മറുപടിക്കു മുതിർന്നില്ല. ഈയിടെ പിണറായി സൗഹൃദത്തോടെ സംവദിച്ചതും കോടിയേരി ബാലകൃഷ്ണൻ കാർക്കശ്യത്തോടെ പ്രതികരിച്ചതും രണ്ടു ചലച്ചിത്രനടൻമാരോടാണ്. പൊട്ടിപ്പൊളിഞ്ഞ റോഡിനെപ്പറ്റി പരിതപിച്ച ജയസൂര്യയെ പിണറായി ആശ്വസിപ്പിച്ചപ്പോൾ കൊലപാതക രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച ശ്രീനിവാസന് അതേ നാണയത്തിൽ കോടിയേരി മറുപടി നൽകി.

രാഷ്ട്രീയം അതിവേഗം രാഷ്ട്രീയക്കാരുടേതു മാത്രമല്ലാതായി കേരളത്തിൽ മാറുകയാണ്. കലാ–സാഹിത്യരംഗത്തുള്ളവർ, പ്രത്യേകിച്ചു ചലച്ചിത്രതാരങ്ങൾ സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ കൃത്യമായി ഇടപെടുകയും അഭിപ്രായം അവകാശമാണ് എന്നു സ്വയം കരുതുകയും ചെയ്യുന്നു. വ്യവസ്ഥാപിത രാഷ്ട്രീയശൈലിയോടു വളർന്നുവരുന്ന അകൽച്ചയും സോഷ്യൽ മീഡിയയുടെ സാന്നിധ്യവും ആ ദൗത്യം അനായാസമാക്കുന്നു.

മലയാള സിനിമയ്ക്ക് ഒരു കാലത്തും ഇല്ലാത്ത പ്രാതിനിധ്യം ഇന്നു നിയമസഭയിലും പാർലമെന്റിലുമുണ്ട്. ചിരിയും ചിന്തയുമായി ഇന്നസന്റ് ലോക്സഭയിലും, വെള്ളിത്തിരയിലെ കരുത്തു പൊതുജീവിതശൈലിയിലും സ്ഫുരിപ്പിച്ചു സുരേഷ് ഗോപി രാജ്യസഭയിലുമുണ്ട്. ഏതു റോളും വഴങ്ങും എന്നത് ഒന്നുകൂടി ഉറപ്പിച്ചു മുകേഷും ഗണേഷും നിയമസഭയിൽ കയ്യകലത്തിരിക്കുന്നു. വടക്കാഞ്ചേരി സീറ്റിനു പകരമായാണു കെപിഎസി ലളിതയെ തേടി സംഗീത നാടക അക്കാദമി അധ്യക്ഷപദവിയെത്തിയത്. മമ്മൂട്ടി, കമൽ, ബി. ഉണ്ണിക്കൃഷ്ണൻ, പി. ശ്രീകുമാർ, ആഷിഖ് അബു തുടങ്ങിയവരെല്ലാം ഇടതുപക്ഷമാണു ശരി എന്ന് അഭിമാനത്തോടെ വാദിക്കുന്നവരാണ്. ഒരു പദവിയും കാംക്ഷിക്കാത്ത ഒരു കോൺഗ്രസുകാരനുണ്ട് എങ്കിൽ അതു സലീംകുമാറാകും. സിദ്ദീഖ് ഏതു സമയത്തും ഖദറിട്ടു തുടങ്ങാം. മോഹൻലാലും ദിലീപും മഞ്ജു വാരിയരുമൊക്കെ സാമൂഹികമായ ഇടപെടലുകളുമായി സജീവം.

കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി ‘അമ്മ’യുടെ പ്രസിഡന്റായ ഇന്നസന്റ് അല്ലാതെ മറ്റാരാണ് ഈ പാത വെട്ടിത്തുറക്കേണ്ടത്! ‘മദിരാശി’യിൽ നിന്നു മലയാളസിനിമ ഈ മണ്ണിലേക്കു മടങ്ങിയതു തന്നെ മാറ്റത്തിന്റെ പ്രധാന കാരണമായി ഇന്നസന്റ് വിലയിരുത്തുന്നു. ‘‘സിനിമാക്കാർ സിനിമാക്കാരുടെ കാര്യം നോക്കിയാൽ മതി എന്നു വാദിക്കുന്നവരുടെ എണ്ണം കുറഞ്ഞു. മുകേഷ് കൂടി ജയിച്ചതോടെ ആളു കൂടുന്നതു വോട്ടു ചെയ്യാനല്ല എന്നു പറയാനും ആരും മടിക്കും.’’

എല്ലാത്തിനും ഇന്നസന്റ് സരസമായി നന്ദി പറയുന്നതു വിടപറഞ്ഞുപോയ ഇളയമ്മയോടാണ്. ‘‘മകനുമായി വന്ന ഇളയമ്മ പറഞ്ഞു, ഇവനെക്കൊണ്ട് ഒരു വകയ്ക്കും കൊള്ളില്ല. ഇനി സിനിമ മാത്രമേ ഉള്ളൂ രക്ഷ!’’. ശേഷം വന്ന ‘ചാലക്കുടി ഓഫർ’ രണ്ടുവട്ടം ആലോചിച്ചില്ല. ‘‘ഇങ്ങനെ ഒരു മാറ്റം ഉണ്ടായപ്പോഴാണ് ഇതൊക്കെ വേണം എന്നു മനസ്സിലായത്. ഇന്നസന്റാണു ചെയ്തത് എന്നൊക്കെ കേൾക്കുമ്പോൾ കിട്ടുന്ന തൃപ്തി ഒന്നു വേറെ. പടം കുറഞ്ഞതുകൊണ്ടു രാഷ്ട്രീയത്തിൽ നോക്കിക്കളയാം എന്നു കരുതി സഹായാഭ്യർഥനയുമായി പലരും വരുന്നുണ്ട്. ആത്മാർഥതയോടെയാണെങ്കിൽ ഏതു നിമിഷവും ഇറങ്ങണം. ‘ഔട്ട്’ ആകുന്നവരുടെ ലാക്ക് ജനം മനസ്സിലാക്കും’’.

ഇന്നസന്റിനെപ്പോലെ മുകേഷും പറയുന്നത് ഈ രംഗത്ത് അഭിനയിക്കാൻ നോക്കരുത് എന്നാണ്. പ്രതിബദ്ധതയും അടുപ്പവും ജനങ്ങൾക്കു ബോധ്യപ്പെടണം. അറിയാത്തതു ചോദിക്കാനുള്ള എളിമ വേണം. വെറുതേ തടിതപ്പാൻ നോക്കരുത്. അഭിനയം തുടർന്നാൽ വോട്ടു കിട്ടില്ല എന്നു കരുതുന്നതിന്റെ അടുത്ത നിമിഷം കേൾക്കുന്നതു തിയറ്ററിൽ കണ്ടില്ലെങ്കിൽ വോട്ടു ചെയ്യില്ല എന്ന കമന്റാകും. പല തരക്കാരെ കണ്ട് ദേഷ്യവും ചൂടുമൊക്കെ കുറഞ്ഞുവെന്നും മുകേഷിന്റെ സാക്ഷ്യം.

‘‘സിനിമയിലെ 90% പേരും രാഷ്ട്രീയത്തിനു തയാറാണ്. പക്ഷേ, വന്നു വിളിക്കണം!’’ – മുകേഷ് പറഞ്ഞു. ‘ഇതു മുകേഷ് എംഎൽഎ ആണ്’ എന്ന ശബ്ദം കേൾക്കുമ്പോൾ കിട്ടുന്ന ‘ഇപ്പോൾ റെഡിയാക്കാം’ എന്ന മറുപടിക്കു മുകേഷിലെ നടൻ മുകേഷിലെ ജനപ്രതിനിധിയെ നിശ്ശബ്ദം നമിക്കുന്നു.

സന്നദ്ധരായവരെ ഇനിയും സ്വാഗതം ചെയ്യുമെന്നു പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രാമു കാര്യാട്ടിനു സീറ്റ് നൽകിയതു മുതൽ ഓർമിപ്പിച്ചു. ശ്രീനിവാസന്റെ രോഷം കണ്ടപ്പോൾ അങ്ങനെയും അഭിപ്രായമുണ്ടല്ലോ എന്നാണു കോടിയേരിക്കു തോന്നിയത്. പ്രതികരിക്കുക വഴി സ്വാഭിപ്രായത്തിനുള്ള ഒരവസരവും ലഭിച്ചു. ജനസേവനത്തെ ബാധിക്കാത്ത തരത്തിൽ അഭിനയം തുടരാനും പാർട്ടി നോമിനികൾക്ക് അനുവാദമുണ്ട്.

എംപിയെയും എംഎൽഎയെയും ഇനി ഒരുമിച്ചു ഭരിക്കാനുള്ള ഭാഗ്യം വന്നുപെട്ടിരിക്കുന്നതു സത്യൻ അന്തിക്കാടിനാണ്. പുതിയ ചിത്രത്തിൽ താനും മുകേഷും അഭിനയിക്കുന്നു എന്നു കരുതി രാഷ്ട്രീയക്കാരോടുള്ള വിദ്വേഷം വല്ലതും സെറ്റിൽ തീർക്കാനാണു ഭാവമെങ്കിൽ ‘ആ വേല നടക്കില്ല സത്യാ’ എന്ന് ഇന്നസന്റ് മുൻകൂറായി പറഞ്ഞുകഴിഞ്ഞു! 

Your Rating: