Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാറ്റത്തോടു മുഖം തിരിക്കാനാവില്ല

bjp-sammelanam

നാളെ മുതൽ 25 വരെ കോഴിക്കോട്ടു നടക്കുന്ന ബിജെപി ദേശീയ കൗൺസിൽ യോഗം ചരിത്രസംഭവമാകുമെന്ന കാര്യത്തിൽ സംശയമില്ല. ഇങ്ങിനെയൊരു സമ്മേളനം ഇതിനു മുൻപു കേരളത്തിൽ നടന്നിട്ടില്ല. ബിജെപിക്കു വലിയ ദൗത്യം കേരളത്തിൽ നിർവഹിക്കാനുണ്ട്. പ്രതിയോഗികൾ തീർത്ത പത്മവ്യൂഹങ്ങളെ തകർത്തെറിയാനുള്ള കരുത്ത് ബിജെപി ദേശീയ സമ്മേളനം നൽകുമെന്ന കാര്യത്തിൽ സംശയമില്ല. കോഴിക്കോട്ടു ചർച്ച ചെയ്യുന്നത് ഏതെങ്കിലും കക്ഷികളെ ഇല്ലായ്മ ചെയ്യുന്ന കാര്യമായിരിക്കില്ല. ബിജെപിയുടെ ലക്ഷ്യവും നയവും പരിപാടികളും ഇഴ കീറി പരിശോധിക്കും. ബിജെപിക്കു ലഭിച്ച അവസരം എങ്ങിനെ ജനങ്ങൾക്കായി പരമാവധി പ്രയോജനപ്പെടുത്താൻ കഴിയും എന്നതിനെക്കുറിച്ചാകും ചർച്ച.

സമൂഹത്തിന്റെ അടിത്തട്ടിൽ ഇന്നും ഉടുതുണിക്കു മറുതുണിയില്ലാത്തവരായി കഴിയുന്നവരെ കൈപിടിച്ചുയർത്താൻ എങ്ങനെ സാധിക്കും, ആഹാരത്തിനു വകയില്ലാത്ത ജനങ്ങളില്ലാത്ത ഭാരതം സൃഷ്ടിക്കുന്നതെങ്ങനെ, എങ്ങനെ എല്ലാവർക്കും ഭൂമിയും വീടും ലഭ്യമാക്കും, വെള്ളവും വെളിച്ചവുമില്ലാത്ത ഗ്രാമങ്ങളെ എങ്ങിനെ സമുദ്ധരിക്കും, വ്യവസായവും തൊഴിലും വിദ്യാഭ്യാസവും സാർവത്രികമാക്കുന്നതെങ്ങനെ? എന്നെല്ലാമാകും ചർച്ച. ഇതിനെല്ലാം പരിഹാരം കാണാനുള്ള തത്വസംഹിത ബിജെപിക്കുണ്ട്. അതാണ് ഏകാത്മമാനവ ദർശനം.

മാനവരാശിയെ ഏറ്റവും സ്വാധീനിച്ച പ്രത്യയശാസ്ത്രങ്ങൾ ക്യാപ്പിറ്റലിസവും കമ്മ്യൂണിസവുമാണെന്നു ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ 21ാം നൂറ്റാണ്ടാവുമ്പോഴേക്കും ഈ രണ്ട് ഇസങ്ങളും പരാജയപ്പെടുകയോ കാലഹരണപ്പെടുകയോ ചെയ്തിരിക്കുന്നു. മനുഷ്യനു ഭൗതിക വളർച്ചകൊണ്ടു മാത്രം പൂർണനാകാനാവില്ല എന്ന സത്യത്തിലേക്കാണ് ‘ഇസങ്ങളുടെ പരാജയം’ വിരൽ ചൂണ്ടുന്നത്. ഇന്നത്തെ ആശയക്കുഴപ്പങ്ങളുടെ കുഴഞ്ഞുമറിഞ്ഞ ചുറ്റുപാടിൽ ഭാരതീയതയിലൂന്നിയ ഏകാത്മ മാനവദർശനം പ്രത്യയശാസ്ത്രരംഗത്തു ‘മൂന്നാം വഴി’യായി മാറുകയാണ്. ഗാന്ധിജിയുടെ സ്വപ്‌നഭാരതവും ദീനദയാൽ ഉപാധ്യായ മുന്നോട്ടുവെച്ച ഏകാത്മമാനവ ദർശനവും സമാനതകളുള്ളതാണ്. ദീനദയാൽ ഉപാധ്യായ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഈ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും.

കേരള രാഷ്ട്രീയം അതിവേഗം ബിജെപിക്ക് അനുകൂലമായി മാറുന്നു. ആറു പതിറ്റാണ്ടായി കേരളം മാറിമാറി പരീക്ഷിച്ച രാഷ്ട്രീയം തികഞ്ഞ പരാജയമായിരുന്നു. ഏറ്റവും ഒടുവിലത്തെ വിധിയെഴുത്തും നിരാശയാണു ജനങ്ങൾക്കു നൽകിയത്. എല്ലാം ശരിയാക്കാൻ അധികാരത്തിലെത്തിയവർ ഒന്നും ശരിയാക്കാൻ ശേഷിയില്ലാത്തവരാണെന്നു ഹ്രസ്വകാലംകൊണ്ടു തെളിയിച്ചു. അഴിമതിയും അരാജകത്വവുമാണ് യുഡിഎഫ് സംഭാവനയെങ്കിൽ അക്രമവും കൊള്ളരുതായ്മയുമാണ് ഇടതുമുന്നണിക്ക്. ഒരേ കള്ളനാണയത്തിന്റെ ഇരുവശങ്ങളാണു മുന്നണികൾ രണ്ടും. ഇതു തിരിച്ചറിഞ്ഞ ജനങ്ങൾ ബിജെപിയെ സ്വാഗതം ചെയ്യാൻ ഒരുങ്ങിക്കഴിഞ്ഞു. കേരളത്തിൽ കാലങ്ങളായി ജനങ്ങളെ കബളിപ്പിക്കുകയും വികസനം മുരടിപ്പിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ്, കോൺഗ്രസ് മുന്നണികളെ തൂത്തെറിയണം. അതിനുള്ള ശക്തവും സംഘടിതവുമായ പ്രവർത്തനം ബിജെപി തുടങ്ങിക്കഴിഞ്ഞു. അതിന്റെ പ്രതിഫലനം നാടാകെയുണ്ട്. ഇതു മനസ്സിലാക്കിയവർ ബിജെപിയേയും ദേശീയ പ്രസ്ഥാനങ്ങളെയും നേരിടാൻ ജനാധിപത്യമാർഗമല്ല സ്വീകരിക്കുന്നത്. ബിജെപിയെ എതിർക്കാൻ കെൽപുള്ള ആശയമോ ആദർശമോ അവർക്കില്ല.

ഇടതു ദുർഭരണത്തിനെതിരെ പ്രതികരിക്കേണ്ട കോൺഗ്രസ് ഗ്രൂപ്പുവഴക്കിൽ തകരുന്നു. പ്രതിപക്ഷമെന്ന നിലയിൽ കോൺഗ്രസ് സമ്പൂർണ്ണ പരാജയമായി മാറി. തിരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ശേഷം കോൺഗ്രസെന്ന പാർട്ടി ജീവിച്ചിരിപ്പുണ്ടോയെന്നു ജനങ്ങൾക്കു സംശയമുണ്ട്. ഇടതുഭരണമാകട്ടെ ജനവിരുദ്ധ നയങ്ങൾ നടപ്പിലാക്കി ജനങ്ങളിൽ നിന്ന് അകലുന്നു. നാടെങ്ങും അക്രമം നടക്കുന്നു. ജനങ്ങൾ ഇടതുപക്ഷ സർക്കാരിനെ വെറുത്തു തുടങ്ങി. കേരളത്തിനാവശ്യം സമൂല രാഷ്ട്രീയ മാറ്റമാണ്. അധികാര രാഷ്ട്രീയത്തിന്റെ സമവാക്യങ്ങൾ തിരുത്താൻ നവരാഷ്ട്രീയം. ദേശീയ കൗൺസിൽ സമ്മേളനത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നത് അതാണ്.

നൂറു ദിവസം തികയ്ക്കുന്ന ഇടതു സർക്കാർ തികഞ്ഞ പരാജയമാണെന്ന് ഇതിനകം തെളിയിച്ചു. എല്ലാ കാര്യങ്ങളിലും നിഷേധാത്മക നിലപാടാണു സർക്കാറിനുള്ളത്. നൂറു ദിവസങ്ങൾക്കുള്ളിൽ റജിസ്റ്റർ ചെയ്ത 300 അക്രമ കേസുകളിൽ ആയിരത്തോളം സിപിഎമ്മുകാർ പ്രതികളാണ്. അക്രമം മാത്രമാണു സിപിഎമ്മിന്റെ മുഖമുദ്ര. ഭരണനിർവഹണത്തിൽ കനത്ത പരാജയമാണെന്നു തെളിയിച്ച ഇടതു സർക്കാർ സംസ്ഥാനത്ത് വികസന മുരടിപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്.

വിദ്യാഭ്യാസ വ്യവസായ കാർഷിക ആരോഗ്യ രംഗങ്ങളിലെല്ലാം പരാജയം പ്രകടം. അനാവശ്യ വിവാദങ്ങളുണ്ടാക്കി ഭരണവീഴ്ചകൾ മറയ്ക്കാൻ വിഫലശ്രമം നടത്തുന്നു. പ്രത്യയ ശാസ്ത്രം ഉപേക്ഷിച്ചു സിപിഎം നാൽക്കവലയിൽ നട്ടം തിരിയുന്നു. ഒരേസമയം ശ്രീകൃഷ്ണ ജയന്തിയും ചട്ടമ്പിസ്വാമി ജയന്തിയും ആഘോഷിക്കുകയും നിലവിളക്കും പ്രാർഥനയും വേണ്ടെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നത് അതിന്റെ ഒന്നാന്തരം തെളിവാണ്. മതവും ഭക്തിയും വിശ്വാസവും വേണ്ടെന്നു പറയുന്നവർ ഹൈന്ദവാചാര ആഘോഷങ്ങളെ എതിർക്കുന്നത് എന്തിനു വേണ്ടി? നിലവിളക്കിനെതിരെ മന്ത്രി ജി. സുധാകരൻ രംഗത്തുവന്നു. ഓണത്തിനു സർക്കാർ ഓഫിസുകളിൽ പൂക്കളം ഒരുക്കേണ്ടെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനമാണു നിലവിളക്കു വേണ്ടെന്നു പറയാൻ സുധാകരനു ധൈര്യം നൽകിയത്.

ദേശീയ കൗൺസിലിലെ വിഷയങ്ങൾ ചർച്ചയാകുമ്പോൾ കേരളത്തിലെ ജനങ്ങളിൽ ബിജെപിയെക്കുറിച്ചു പ്രതിയോഗികൾ കെട്ടിപ്പൊക്കിയ നുണക്കൊട്ടാരം തകർന്നടിയുമെന്ന കാര്യത്തിൽ സംശയമില്ല. അപ്പോൾ പ്രതിയോഗികളായ രാഷ്ട്രീയപാർട്ടികളുടെ കൊടി വലിച്ചെറിഞ്ഞു ബിജെപിയോടൊപ്പം ജനങ്ങൾ അണിനിരന്നാൽ അൽഭുതപ്പെടാനില്ല. ബിജെപി ഇന്നത്തെ പാർട്ടിയാണ്; നാളത്തെ പാർട്ടിയും. ജനകീയ ഐക്യവും ദേശത്തിന്റെ സുരക്ഷയും ഭീഷണി നേരിടുമ്പോൾ ശക്തമായ ഭരണനേതൃത്വം അനിവാര്യമാണ്. ഇന്ന് അതുണ്ട്. അതിനെ ശക്തിപ്പെടുത്താനുള്ള അനിവാര്യമായ സന്ദർഭമാണിത്.

(ബിജെപി സംസ്ഥാന പ്രസിഡന്റാണു ലേഖകൻ)

Your Rating: