Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിനു വേണ്ടത് സാന്ത്വന സ്പർശം

കശ്മീർ സന്ദർശിച്ച സർവകക്ഷി പ്രതിനിധി സംഘം എടുത്തുപറയത്തക്ക നേട്ടമൊന്നും അവകാശപ്പെടാനില്ലാതെയാണ് മടങ്ങിയിരിക്കുന്നത്. ഏതാണ്ട് രണ്ടു മാസമായി ആ സംസ്ഥാനത്തു നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്കു പരിഹാരം കാണാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ ശ്രമങ്ങൾ ഇതോടെ തുടങ്ങിയിടത്തുതന്നെ തിരിച്ചെത്തിനിൽക്കുന്നു എന്നതാണ് ഇതിന്റെ നിരാശാജനകമായ ഫലം.

കശ്മീർ താഴ്‌വരയിലെ പുതിയ പ്രതിസന്ധിക്കു രാഷ്ട്രീയപരിഹാരം കാണാനുള്ള കേന്ദ്രഗവൺമെന്റിന്റെ ആദ്യത്തെ കാര്യമായ ശ്രമമായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഈ സന്ദർശനം. രാജ്നാഥ് സിങ് നേരത്തേ രണ്ടുതവണ നടത്തിയ ശ്രീനഗർ സന്ദർശനമാണ് അതിനു വഴിയൊരുക്കിയത്. വിഘടനവാദികളായ ഹുറിയത് നേതാക്കളുമായി ചർച്ചയില്ലെന്ന നിലപാടിൽ ഗവൺമെന്റ് ആദ്യം ഉറച്ചുനിന്നുവെങ്കിലും അവരുമായി സർവകക്ഷി പ്രതിനിധിസംഘം സംവദിക്കുന്നതിനുള്ള വാതിലുകൾ തീർത്തും അടച്ചിട്ടിരുന്നില്ല. സംഘത്തിലെ ചില അംഗങ്ങൾ സ്വന്തം നിലയിൽ ചില ഹുറിയത് നേതാക്കളെ കാണാൻ ആദ്യദിവസം തന്നെ ശ്രമം നടത്തിയത് അതിന്റെ അടിസ്ഥാനത്തിലാണ്. എ‌ന്നാൽ അതു പരാജയത്തിലാണു കലാശിച്ചത്. തടങ്കലി‌ൽ കഴിയുന്ന സയ്യിദ് അലി ഗീലാനി, മീർവായിസ് ഉമർ ഫാറൂഖ്, യാസിൻ മാലിക്ക്, ഷബീർ ഷാ എ‌ന്നിവർ അവരെ കാണാൻപോലും കൂട്ടാക്കിയില്ല. ജമ്മു–കശ്മീർ പ്രശ്നത്തെ സംബന്ധിച്ച ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിൽ ഒരുമാറ്റവും ഇല്ലാത്ത സ്ഥിതിക്ക് ഇത്തരം ചർച്ചകൾ കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന വാദമാണ് ഈ ഹുറിയത് നേതാക്കൾ ഉന്നയിക്കുന്നത്. അവരുടെ നിലപാടിനെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കഠിനമായി വിമർശിച്ചിട്ടുണ്ട്.

തീവ്രവാദിസംഘടനയായ ഹിസ്ബുൽ മുജാഹിദീന്റെ കമാൻഡർ ബുർഹാൻ വാനി എന്ന യുവാവ് ജൂലൈ എട്ടിനു സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതോടെയാണ് കശ്മീർ താഴ്‌വരയിലെ പുതിയ കുഴപ്പങ്ങളുടെ തുടക്കം. നേരത്തേ ചില മാസങ്ങളായി താരതമ്യേന ശാന്തമായിരുന്ന കശ്മീർ താഴ്‍വര അതോടെ ഇളകിമറിയുകയായിരുന്നു. അക്രമങ്ങളിലും അതിനെതിരായ പൊലീസ്–പട്ടാള നടപടികളിലുമായി എഴുപതിലേറെ പേർ കൊ‌ല്ലപ്പെടുകയും ഒട്ടേറെ പേർക്കു ഗുരുതരമായ പരുക്കേൽക്കുകയും ചെയ്തു. സായുധസേനകൾ പെല്ലറ്റ് തിരകൾ ഉപയോഗിച്ചുനടത്തിയ വെടിവയ്പുകളിൽ കണ്ണു നഷ്ടപ്പെട്ടവരും ഏറെയാണ്. അക്രമം നടത്തിയവരിലും മരിച്ചവരിലും പരുക്കേറ്റവരിലും ഒട്ടേറെ പേർ ചെറുപ്പക്കാരാണെന്നത് പ്രശ്നത്തിന്റെ അത്യന്തം വേദനാജനകമായ മറ്റൊരുവശത്തേക്കു വിരൽചൂണ്ടുന്നു. കലാപം അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി നിശാനിയമം ഏർപ്പെടുത്തിയതും ജനങ്ങളെ വലച്ചു. 51 ദിവസത്തിനു ശേഷം നിശാനിയമം പല സ്ഥലങ്ങളിലും പിൻവലിച്ചുവെങ്കിലും സംഘർഷാവസ്ഥയ്ക്കു കാര്യമായ അയവുവന്നിട്ടില്ല. അക്രമങ്ങൾ വീണ്ടും പൊ‌ട്ടിപ്പുറപ്പെട്ടതിനെതുടർന്നു ചില സ്ഥലങ്ങളിൽ നിശാനിയമം പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

കശ്മീരിൽ ഇത്തവണ കുഴപ്പങ്ങൾ തുടങ്ങിയപ്പോൾതന്നെ പ്രശ്നം അർഹിക്കുന്ന ഗൗരവത്തോടെ കണക്കിലെടുക്കാൻ കേന്ദ്ര ഗവൺമെന്റ് തയാറായില്ലെന്നു പരക്കെ ആക്ഷേപമുണ്ട്. ജീവഹാനിയിൽ ദുഃഖം പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ആദ്യമായി സംസാരിച്ചത് ഒന്നര മാസത്തിനുശേഷമാണ്. നിയമസമാധാന പ്രശ്നമായി കൈകാര്യം ചെയ്യുന്നതോടൊപ്പം ബന്ധപ്പെട്ട എല്ലാവർക്കും പങ്കാളിത്തമുള്ള രാഷ്ട്രീയ സംവാദവുമാകാം എന്ന തീരുമാനമുണ്ടായത് ഈയിടെയും. കേ‌ന്ദ്രഗവൺമെന്റിനു നേത‍‍ൃത്വം നൽകുന്ന ബിജെപിയുടെ സഹായത്തോടെയാണ് ജമ്മു–കശ്മീരിൽ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഭരിക്കുന്നതെന്ന വസ്തുതയും പരിഗണിക്കപ്പെട്ടില്ല. ബുർഹാൻ വാനിയുടെ മരണത്തെതുടർന്നുണ്ടായ കുഴപ്പങ്ങളുടെ നേരെ കേന്ദ്ര ഗവൺമെന്റ് തുടക്കത്തിൽ സ്വീകരിച്ച സമീപനം കശ്മീരിലെ ജനങ്ങൾക്കിടയിൽ മെഹബൂബയുടെ വിശ്വാസ്യതയ്ക്ക് ഇടിവുതട്ടാനും കാരണമായി.

ഈ സ്ഥിതിവിശേഷത്തിൽ നിന്നു പരമാവധി മുതലെടുക്കാനാണ് പാക്കിസ്ഥാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നരേന്ദ്ര മോദിയും പാ‌ക്ക് പ്രധാനമന്ത്രി നവാസ് ഷരീഫും തമ്മിൽ ഉടലെടുത്ത വ്യക്തിപരമായ സൗഹൃദം ഇരുരാജ്യങ്ങൾക്കുമിടയിൽ ബന്ധം ശക്തിപ്പെടുത്താൻ ഉപകരിക്കുമെന്ന പ്രതീക്ഷകളെല്ലാം ഇതിനകം ആവിയായിപ്പോയിക്കഴിഞ്ഞു. കശ്മീർ കാര്യത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്താനുള്ള ദൗത്യവുമായി 22 രാജ്യങ്ങളിലേക്കു പ്രത്യേക പ്രതിനിധികളെ അയയ്ക്കാനാണ് ഷരീഫിന്റെ ഏറ്റവും പുതിയ തീരുമാനം. കശ്മീരിലെ സ്ഥിതിഗതികൾ ശാന്തമാക്കാനും കശ്മീരികളുടെ ന്യായമായ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താനും ഇനിയും വൈകിക്കൂടാ എന്നാണ് ഇതെല്ലാം നമ്മെ ഓർമിപ്പിക്കുന്നത്.

Your Rating: