Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാദച്ചാറ്റലിൽ മുങ്ങാതെ...

by സുജിത് നായർ
Pinarayi Vijayan

നൂറു ദിവസത്തെ കാൻവാസിൽ വിരിഞ്ഞത് അതിസുന്ദര ചിത്രമെന്നു മുഖ്യമന്ത്രിയും കാൻവാസ് തന്നെ കീറിത്തുടങ്ങിയെന്നു പ്രതിപക്ഷവും. യാഥാർഥ്യം ഇതിനു രണ്ടിനും ഇടയിൽ. കാര്യങ്ങൾ പഠിച്ചു സൂക്ഷ്മതയോടെ നീങ്ങിത്തുടങ്ങുന്ന സർക്കാർ എന്ന പ്രതീതി ഒരു വശത്തുണ്ട്. വിവാദച്ചാറ്റലിൽ മുഖം ഒന്നു വിളറുകയും ചെയ്തു. 

യുഡിഎഫ് കാലത്തെപ്പോലെ എല്ലാം കേന്ദ്രീകരിക്കുന്നതു മുഖ്യമന്ത്രിയിൽ. ഉമ്മൻ ചാണ്ടി കൂടുതൽ ജനാധിപത്യപരത പ്രദർശിപ്പിച്ചു; പിണറായി വിജയൻ ഏകാധിപതിയെപ്പോലെയും. പുറത്തു നിന്നു നോക്കിയാൽ മറ്റു മന്ത്രിമാർക്കു പ്രസക്തി കുറവ്. എൽഡിഎഫിന്റെതന്നെ സർക്കാരിനെ വി.എസ്.അച്യുതാനന്ദൻ നയിച്ചതിൽനിന്നു വ്യത്യസ്തമാണീ ചിത്രം. വിഎസ് തിളങ്ങുന്ന മുദ്രാവാക്യംപോലെയായിരുന്നു. മന്ത്രിമാർക്കു കൂടുതൽ പ്രസക്തി. ഇവിടെ കടിഞ്ഞാൺ പൂർണമായും പിണറായിയിൽ.

അതിന്റെ ദോഷവും മെച്ചവുംതന്നെ സർക്കാരിന്റെ മുഖമുദ്ര. മുല്ലപ്പെരിയാറിൽ മുഖ്യമന്ത്രി പാളിയപ്പോൾ സർക്കാർതന്നെ ഒന്നുലഞ്ഞു. ശേഷം അദ്ദേഹം സ്വയം മയപ്പെടുത്തിയും മാറ്റിയും പഴയ നില വീണ്ടെടുത്തു. എം.കെ.ദാമോദരന്റെയും ഗീത ഗോപിനാഥിന്റെയും നിയമനങ്ങൾ വിവാദമായപ്പോഴും കേന്ദ്രബിന്ദുവായതു മറ്റാരുമല്ല. ഏറ്റവും വിശ്വസ്തനായ നിയമജ്ഞനെ ഉപദേഷ്ടാവായി നിയമിച്ചപ്പോൾ ശേഷം എന്തു സമീപനം അദ്ദേഹം സ്വീകരിക്കണം എന്നു നിഷ്കർഷിക്കപ്പെട്ടില്ല. ഗീതയുടെ കാര്യത്തിൽ അവരുടെ അതുവരെയുള്ള സമീപനവും കണക്കിലെടുത്തില്ല. വിവാദങ്ങളും ആക്ഷേപങ്ങളും പിണറായിയെ കുലുക്കിയുമില്ല. പൊളിറ്റ്ബ്യൂറോയും അനിഷ്ടം പ്രകടിപ്പിച്ച നിയമനം പിണറായി അദ്ദേഹത്തിന്റേതായ ശൈലിയിൽ കൈകാര്യം ചെയ്തു തരണംചെയ്തു.

ഇനി വിവാദങ്ങളിൽ മുങ്ങരുതെന്ന വ്യഗ്രതയാണ് ക്ഷേമപെൻഷൻതൊട്ട് കശുവണ്ടി ഫാക്ടറികളുടെ തുറക്കൽവരെ നടപടികൾ തിടുക്കത്തിലാക്കിയതിൽ പിന്നീടു പ്രതിഫലിച്ചത്. തെരുവുനായ്ക്കളുടെ വിഹാരവും സ്വാശ്രയ മാനേജ്മെന്റ് പ്രവേശനം എന്ന ഊരാക്കുടുക്കുമാണു നൂറാംദിന ആഘോഷവേളയിലെ വെല്ലുവിളികൾ. രണ്ടും മറികടക്കാനാകുമെന്ന ആത്മവിശ്വാസം ചൊവ്വാഴ്ച എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി പ്രകടിപ്പിച്ചു. എല്ലാവർക്കും വീട്, ഹരിതകേരളം, വിശപ്പില്ലാത്ത കേരളം തുടങ്ങി പ്രകടനപത്രികയോടു ചേർന്നു നിൽക്കുന്ന പദ്ധതികൾ അവിടെ വിവരിക്കുന്ന മുഖ്യമന്ത്രിയെയാണ് എൽഡിഎഫ് നേതൃത്വം കണ്ടത്. നാലേമുക്കാൽ ലക്ഷം പേർക്കു വീട് എന്ന ആശയത്തിലെ പ്രായോഗിക പ്രശ്നങ്ങൾ വിഎസ് ശ്രദ്ധയിൽപെടുത്തിയപ്പോൾ, ആ സംശയങ്ങൾക്കും അദ്ദേഹം നിവാരണം വരുത്തി. നൂറു ദിവസമായിട്ടും തനിക്കു വീടോ ഓഫിസോ ആയില്ലെന്ന് എന്തായാലും വിഎസ് അവിടെ പരാതിപ്പെട്ടില്ല. മൂന്നുമാസംമുതൽ ഒരുവർഷംവരെ കാലയളവിൽ ഓരോ വകുപ്പിലും ചെയ്യാവുന്നവയുടെ പട്ടിക മന്ത്രിമാർ എൽഡിഎഫിനു സമർപ്പിച്ചു മുന്നോട്ടു നീക്കാനാണു നിർദേശം. അലങ്കോലപ്പെട്ടു കിടന്ന വീട് ചിട്ടയോടെ ക്രമീകരിക്കാനാണു തങ്ങളുടെ ശ്രമം എന്നാണ് അവകാശവാദം. കടമ സർക്കാർ ജീവനക്കാരും നിർവഹിക്കണമെന്നു വ്യക്തമാക്കപ്പെട്ടു. പൂക്കളം കുറഞ്ഞാലും നല്ലോണം ഒരുക്കുക എന്നതാണു വരുംദിനങ്ങളിലെ വെല്ലുവിളി.

സംഘപരിവാറിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവും കേന്ദ്രസർക്കാരിനോടു സൗഹൃദ മനോഭാവവുമാണ് അക്കാര്യത്തിലെ നയം. സാമ്പത്തിക ഞെരുക്കത്തിനിടെ കേന്ദ്രസഹായമില്ലാതെ സംസ്ഥാന സർക്കാരുകൾക്കു നീങ്ങാനാകില്ല. ഉദാരവൽക്കരണ നയങ്ങളെ ഇടതുപക്ഷത്തിന്റേതായ ബദൽ നയരൂപകൽപനയിലൂടെ നേരിടുക എന്നതാണു സിപിഎം ഉയർത്തുന്ന മുദ്രാവാക്യമെങ്കിൽ അങ്ങനെയൊന്ന് ഇനിയും സംഭവിച്ചിട്ടില്ല. ഗൾഫ് നാടുകളിൽനിന്നുള്ള മടങ്ങിവരവിന്റെ പ്രതിസന്ധികൂടി കണക്കിലെടുത്തുള്ള സാമ്പത്തികതന്ത്രം സർക്കാരിന് ആസൂത്രണം ചെയ്യേണ്ടിവരും.

നൂറു ദിവസംകൊണ്ടുതന്നെ തനിനിറം സർക്കാർ തെളിയിച്ചു എന്ന വിലയിരുത്തലിലാണു പ്രതിപക്ഷം. പൊലീസ് നടപടികളും ബജറ്റിലെ നികുതി പ്രഖ്യാപനങ്ങളുമാണ് അവർ ആയുധമാക്കുന്നത്. ബിജെപി പ്രതിപക്ഷമായി ഉയരാൻ ശ്രമിക്കുന്നതും കെ.എം.മാണി മുന്നണിവിട്ടതോടെയുള്ള അതിജീവന ആവശ്യങ്ങളും സമരങ്ങളുമായി ഇറങ്ങാൻ യുഡിഎഫിനു പ്രേരണയുമാണ്. സിപിഎം – സിപിഐ തർക്കം മുളപൊട്ടിയതു പ്രതിപക്ഷത്തിന് ഇന്ധനവുമേകുന്നു. പ്രാദേശികഭിന്നത എന്നാണു കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടതെങ്കിലും ഒരു സിപിഎം എംഎൽഎയ്ക്കെതിരെ ലേഖനം പ്രത്യക്ഷപ്പെട്ടതു സിപിഐയുടെ മുഖപത്രത്തിലാണ്. വിവാദ നിയമനങ്ങൾതൊട്ടു മാധ്യമങ്ങളോടു മുഖ്യമന്ത്രിക്കുള്ള അകൽച്ചവരെ വിഷയങ്ങളിൽ സിപിഐ നേതൃത്വത്തിനു ഭിന്നാഭിപ്രായമുണ്ട്. തൊട്ടാൽ പൊട്ടുന്ന തന്റെ ശൈലിയിൽ മാറ്റം വരുത്താത്ത പിണറായി ഇനി കണക്കിലെടുക്കേണ്ട പ്രധാന കാര്യവും അതാകും.

Your Rating: