Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാരിസ് കരാറിലെ ഇന്ത്യൻ ആശങ്കകൾ

കാലാവസ്ഥാ വ്യതിയാന നിയന്ത്രണത്തിനുള്ള പാരിസ് ഉടമ്പടി ഈ ഗാന്ധിജയന്തിദിനത്തിൽ ഇന്ത്യയിൽ പ്രാബല്യത്തിൽ വരുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം കാലത്തിനും കാലാവസ്ഥയ്ക്കും വേണ്ടിയുള്ള നമ്മുടെ െഎക്യദാർഢ്യപ്രഖ്യാപനംതന്നെയാകുന്നു. ലോകരാജ്യങ്ങൾ ഭൂമിക്കായി കൈകോർക്കുമ്പോൾ, കാലാവസ്ഥാ വ്യതിയാനത്തിനിടയാക്കുന്ന വാതകങ്ങളുടെ ഉൽപാദനവും ബഹിർഗമനവും കുറച്ച് അന്തരീക്ഷ ഊഷ്മാവിലെ വർധന കുറയ്ക്കാൻ ഇന്ത്യയും ബാധ്യസ്ഥമാവുകയാണ്. ഈ വലിയ ദൗത്യത്തിലെ പങ്കാളിത്തം പക്ഷേ ഇന്ത്യയെപ്പോലൊരു വികസ്വര രാജ്യത്തിന്റെ വികസനാവകാശം എത്രമാത്രം അംഗീകരിച്ചുകൊണ്ടാണെന്ന ചോദ്യം ഇതിനിടയിൽ ഉയരുന്നുണ്ട്.

കഴിഞ്ഞവർഷം ഡിസംബറിൽ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ പാരിസിൽ നടന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ രൂപപ്പെട്ട, 191 രാജ്യങ്ങൾ അംഗീകരിച്ച കരാറിൽ ഇന്ത്യ ഒപ്പിട്ടത് ഇക്കഴിഞ്ഞ ഏപ്രിലിലാണ്. ലോകത്തെ ആകെയുള്ള കാർബൺ ബഹിർഗമനത്തിന്റെ 55 ശതമാനത്തിനെങ്കിലും കാരണക്കാരായ 55 രാജ്യങ്ങൾ കരാർ ഔദ്യോഗികമായി അംഗീകരിക്കുന്നതോടെയാണ് ഇതു രാജ്യാന്തര നിയമമാവുന്നത്. കരാർ നിലവിൽ പ്രാവർത്തികമാക്കിയ രാജ്യങ്ങളെല്ലാം കൂടിയാണു കാലാവസ്ഥാ വ്യതിയാനത്തിനിടയാക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ 50 ശതമാനത്തോളവും ഉൽപാദിപ്പിക്കുന്നത്. ഇന്ത്യ ഉൽപാദിപ്പിക്കുന്നതാവട്ടെ 4.1 ശതമാനവും. ഇന്ത്യയുടെ പങ്കാളിത്തത്തിലൂടെ പാരിസ് ഉടമ്പടി ഈവർഷംതന്നെ യാഥാർഥ്യമാകാനുള്ള സാഹചര്യമാണൊരുങ്ങുന്നത്.

ഇത്തരം വാതകങ്ങൾ പുറത്തുവിടുന്നതിൽ ഒന്നും രണ്ടും സ്ഥാനത്തു നിൽക്കുന്ന ചൈനയ്ക്കും യുഎസിനും പിന്നാലെ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയും കരാർനിർവഹണത്തിലേക്കു കടക്കുന്നതു രാജ്യാന്തരതലത്തിൽ കാലാവസ്ഥാവ്യതിയാന നിയന്ത്രണ ശ്രമങ്ങൾക്കു കരുത്തുപകരുമെങ്കിലും ഇത് ഇന്ത്യയ്ക്കു താരതമ്യേന വലിയ ബാധ്യതയാവില്ലേ വരുത്തിവയ്ക്കുക എന്ന ആശങ്കയുണ്ട്. ഒരു ഇന്ത്യക്കാരന്റെ പ്രതിശീർഷ ഹരിതഗൃഹവാതക ഉൽപാദനത്തിന്റെ 12 ഇരട്ടിയാണ് അമേരിക്കക്കാരന്റേത്. ഊർജത്തിനുവേണ്ടി ഫോസിൽ (കൽക്കരിയും എണ്ണയും പോലുള്ള ചരിത്രാതീതകാലത്തെ ജൈവാവശിഷ്‌ടങ്ങൾ) ഇന്ധനങ്ങളെ 75 ശതമാനത്തിലേറെ ആശ്രയിക്കുന്ന രാജ്യങ്ങളാണു ചൈനയും ഇന്ത്യയും മറ്റും. ഫോസിൽ ഇന്ധന നിയന്ത്രണങ്ങൾ വികസ്വര രാജ്യങ്ങളുടെ വികസനത്തെ ബാധിച്ചുകൂടാ. അന്തരീക്ഷമലിനീകരണത്തിന്റെ മുഖ്യകേന്ദ്രങ്ങൾ വികസിതരാജ്യങ്ങളാണെന്നും ഇതോടൊപ്പം ഓർമിക്കാം.

ലോകത്തോടൊപ്പം കേരളവും ആഗോളതാപനത്തിന്റെ ദുരന്തങ്ങളെ അഭിമുഖീകരിക്കാൻ തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തിൽ, കരാറിന്റെ ഗുണഫലങ്ങൾ കാണാതെപോകരുത്. കൊല്ലത്തെ മൺറോത്തുരുത്തിൽ ഒന്നരപ്പതിറ്റാണ്ടിനിടെ ഒന്നേകാൽ മീറ്ററിലധികം ജലനിരപ്പ് ഉയർന്നതു നമ്മുടെ കൺമുന്നിലാണ്. ആഗോള താപനത്തിന്റെ ഫലമായി സമുദ്രനിരപ്പു കൂടുതൽ ഉയരുന്ന സ്ഥലങ്ങളിലൊന്നു തീരപ്രദേശങ്ങൾ കൂടുതലുള്ള കേരളമാണെന്ന തിരിച്ചറിവും നടുക്കുന്നതല്ലേ? ഇന്ത്യാ മഹാസമുദ്രത്തിലെ മാല ദ്വീപ് പോലെയുള്ള പ്രദേശങ്ങൾ പൂർണമായും കടലിനടിയിലാകാനുള്ള സാധ്യതയും മുന്നിലുണ്ട്.

ഫോസിൽ ഇന്ധനങ്ങളിലൂടെയല്ലാതെ 40 % വൈദ്യുതി 2030 ആവുമ്പോഴേക്കും ഉൽപാദിപ്പിക്കാമെന്നാണു കരാർവേളയിൽ ഇന്ത്യ മുന്നോട്ടുവച്ച നിർദേശം. കാർബൺ പുറത്തുവിടുന്ന അളവ് 2005 ലെ നിലയിൽനിന്നു 35 % കുറയ്ക്കാമെന്നും നാം വാഗ്ദാനം നൽകിയിട്ടുണ്ട്. കാറ്റിൽനിന്നുള്ള വൈദ്യുതി, സൗരോർജം, ബാറ്ററികളുടെ ഉപയോഗം തുടങ്ങിയവയിലൂടെ ഇതു സാധിക്കുകയാണു ലക്ഷ്യം. കരാർ നിർവഹണത്തിനായി നമ്മുടെ വനമേഖലയും വർധിപ്പിക്കേണ്ടതായുണ്ട്. പരിസ്ഥിതി സംബന്ധിച്ച കൂടുതൽ ഉത്തരവാദിത്തങ്ങൾ ഇന്ത്യയ്ക്ക് ഏറ്റെടുക്കേണ്ടതായും വരും.

ഇന്ത്യയെപ്പോലൊരു വികസ്വരരാജ്യത്തിനു ഗതാഗതമടക്കമുള്ള വിവിധ രംഗങ്ങളിൽ ബദൽ ഊർജമാർഗങ്ങളിലേക്കുള്ള വഴിമാറ്റത്തിനുവേണ്ട അധികബാധ്യത കുറയ്ക്കാൻ നിർലോഭസഹായം ആവശ്യമാണുതാനും. കരാറിന്റെ ഭാഗമായുള്ള ‘ഗ്രീൻ ക്ലൈമറ്റ് ഫണ്ട്’ എത്രത്തോളം നമുക്കു ലഭ്യമാകുമെന്ന ചോദ്യവും ബാക്കിവരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.