Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കൽ പ്രവേശനം ഇങ്ങനെയായിക്കൂടാ

സ്വാശ്രയ മെഡിക്കൽ കോളജ് പ്രവേശനത്തിനായി ഏറ്റവുമൊടുവിൽ വെള്ളിയാഴ്ച നടന്ന സ്പോട് അലോട്മെന്റിനെപ്പറ്റി ഒട്ടേറെ പരാതികളാണു പുറത്തുവന്നിരിക്കുന്നത്. രക്ഷിതാക്കളുടെ ആധിയും കുട്ടികളുടെ ഭാവിയും മറന്നുള്ള ഇത്തരം കാര്യങ്ങൾ സാക്ഷരകേരളത്തിന്റെ മുഴുവൻ നാണക്കേടായി വിലയിരുത്തപ്പെടേണ്ടതുണ്ട്.

മുഖ്യമായും, സർക്കാരുമായി കരാറിലെത്താത്ത മൂന്നു സ്വാശ്രയ കോളജുകളിലേക്കുള്ള പ്രവേശനത്തിനായിരുന്നു തിരുവനന്തപുരത്തു സ്പോട് അഡ്മിഷൻ നടന്നത്. സാമാന്യം സമ്പത്തുള്ളവർക്കു പോലും താങ്ങാൻ കഴിയാത്ത ഫീസ് നിരക്കു കേട്ട് പ്രവേശനം വേണ്ടെന്നു വച്ച് എത്രയോ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നിരാശരായി മടങ്ങേണ്ടിവന്നുവെന്ന യാഥാർഥ്യത്തോടൊപ്പം, മാനേജ്മെന്റുകളുമായി നേരത്തേ രഹസ്യ ധാരണയിലെത്തിയ പലരും പിൻവാതിലിൽ സീറ്റുറപ്പാക്കി എന്ന ആരോപണവും കൂടി ചേർന്നതാണ് ഈ പ്രവേശനപ്രഹസനത്തിന്റെ ബാക്കിപത്രം.

കോടതി നിർദേശമനുസരിച്ചുള്ള സ്പോട് അഡ്മിഷനുമായി സഹകരിക്കാൻ പാലക്കാട് കരുണ, കണ്ണൂർ മെഡിക്കൽ കോളജുകൾ തയാറായില്ലെന്ന് ഹൈക്കോടതിക്കു റിപ്പോർട്ട് നൽകാൻ ഒരുങ്ങുകയാണെന്ന് പ്രവേശന പരീക്ഷാ കമ്മിഷണർ ബി.എസ്.മാവോജി അറിയിച്ചിട്ടുണ്ട്. രാജ്യത്തൊട്ടാകെ മെഡിക്കൽ, ഡെന്റൽ പ്രവേശനം പൂർത്തിയായ സാഹചര്യത്തിൽ ഈ കോളജുകളുടെ കാര്യത്തിൽ ഇനി തീരുമാനം എടുക്കേണ്ടതു ഹൈക്കോടതിയാണ്.

ഈ കോളജുകളിലേക്കു പുതിയതായി പ്രവേശനം തേടിയെത്തിയ വിദ്യാർഥികളും രക്ഷിതാക്കളുമാണു വെള്ളിയാഴ്ച അർധരാത്രി കഴിഞ്ഞും കാത്തിരുന്നശേഷം നിരാശരായി മടങ്ങിയത്. അന്ന് സ്പോട് അഡ്മിഷൻ നടന്ന, കോഴിക്കോട് മുക്കത്തിനടുത്ത കെഎംസിടി മെഡിക്കൽ കോളജിലെ 150 സീറ്റും പ്രവേശന പരീക്ഷാ കമ്മിഷണർ അപേക്ഷ സ്വീകരിച്ചു നേരിട്ടു നികത്തി.

കെഎംസിടി കോളജിൽ മുഴുവൻ എൻആർഐ സീറ്റിലും വിദ്യാർഥികളെ ലഭിക്കാത്തതിനാൽ കുറെയെണ്ണം മാനേജ്മെന്റ് സീറ്റിന്റെ ഫീസ് ഈടാക്കി നികത്തുകയായിരുന്നു. മുക്കാൽ കോടി രൂപയെങ്കിലും കയ്യിലില്ലെങ്കിൽ ഡോക്ടറാകുക എന്ന സ്വപ്നം മാറ്റിവയ്ക്കൂ എന്ന വ്യക്തമായ സന്ദേശം നൽകുന്നതായിരുന്നു വെള്ളിയാഴ്ചത്തെ സ്പോട് അലോട്മെന്റ്. സ്പോട് അഡ്മിഷനിൽ കനത്ത ഫീസും ഡിപ്പോസിറ്റും ബാങ്ക് ഗാരന്റിയും ആവശ്യപ്പെട്ടതുമൂലം നീറ്റ് റാങ്ക് പട്ടികയിൽ മുന്നിലുള്ള തങ്ങളുടെ മക്കൾക്കു പ്രവേശനം നേടാൻ സാധിക്കാത്തതിന്റെ വേദനയിലാണ് ഒരു വിഭാഗം മാതാപിതാക്കൾ.

കരാറിലേർപ്പെട്ട പല കോളജുകളുടെയും തലവരിപ്പണം കേട്ടാണു വിദ്യാർഥികൾ നടുങ്ങിയതെങ്കിൽ കരാറിലേർപ്പെടാത്ത കോളജുകളുടെ ഒൗദ്യോഗിക ഫീസിന്റെ കണക്കാണ് വെള്ളിയാഴ്ച വിദ്യാർഥികളെയും രക്ഷിതാക്കളെയും അമ്പരപ്പിച്ചത്. അതേസമയം, ഉയർന്ന ഫീസിന്റെയും ഡിപ്പോസിറ്റിന്റെയും ബാങ്ക് ഗാരന്റിയുടെയും കാര്യം നേരത്തേ തന്നെ തങ്ങൾ വിജ്ഞാപനം ചെയ്തിരുന്നതാണെന്നും അതു പരിശോധിക്കാതെ എത്തിയവരാണു പരാതിപ്പെടുന്നതെന്നും പ്രവേശന പരീക്ഷാ കമ്മിഷണർ പറയുന്നു.

വിവിധ സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെന്റുകൾക്കെതിരെ ജസ്റ്റിസ് ജെ.എം. ജയിംസ് കമ്മിറ്റിക്ക് ഇതിനകം ആയിരത്തി അഞ്ഞൂറിലേറെ പരാതികളാണു ലഭിച്ചിട്ടുള്ളത്. മാനേജ്മെന്റുകൾ ആവശ്യപ്പെട്ടതനുസരിച്ചുള്ള ഫീസ് നിരക്ക് ഹൈക്കോടതി അംഗീകരിച്ചു കൊടുത്തതു പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളുടെ എംബിബിഎസ് മോഹത്തിൽ നിഴൽവീഴ്ത്തിയെന്ന സങ്കടം പലർക്കുമുണ്ട്. കോടതി പറഞ്ഞ എല്ലാ നടപടിക്രമങ്ങൾക്കും വിധേയരായിക്കൊണ്ടു തന്നെ പ്രവേശനം അട്ടിമറിക്കാൻ മാനേജ്മെന്റുകൾക്കു കഴിഞ്ഞുവെന്ന യാഥാർഥ്യം ഞെട്ടിക്കുന്നതാണ്.

തിരുവനന്തപുരത്തു സ്പോട് അഡ്മിഷൻ വേദിക്കരികെ ഇടനിലക്കാരുടെ വിളയാട്ടമായിരുന്നെന്ന ‘മനോരമ ന്യൂസ്’ വെളിപ്പെടുത്തൽ ഇതോടു ചേർത്തുവായിക്കുകയും വേണം. സ്പോട് അഡ്മിഷനുമായി ബന്ധപ്പെട്ടുണ്ടായ നിർഭാഗ്യസംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്തി ഇനിയൊരിക്കലുമിത് ആവർത്തിക്കില്ലെന്നു സർക്കാർ ഉറപ്പുവരുത്തണം. ഷാപ്പ് ലേലമല്ല മെഡിക്കൽ പ്രവേശനമെന്ന തിരിച്ചറിവോടെയുള്ള നടപടികളാണു കേരളം പ്രതീക്ഷിക്കുന്നത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.