Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരക്ഷ മറക്കുന്ന റെയിൽവേ

by മുഖപ്രസംഗം

തിരുവനന്തപുരം – മംഗളൂരു എക്സ്പ്രസ് അങ്കമാലിക്കു സമീപം കറുകുറ്റിയിൽ പാളംതെറ്റിയപ്പോൾ അതിലുണ്ടായിരുന്ന ആയിരത്തിയഞ്ഞൂറോളം യാത്രക്കാർക്കു ജീവിതത്തിലേക്കു സുഗമമായി കാലൂന്നാൻ ഭൂമിയുണ്ടായിരുന്നതു നമ്മുടെ മഹാഭാഗ്യം. പാലത്തിലോ മറ്റോ ആണ് ഈ പാളംതെറ്റൽ ഉണ്ടായിരുന്നതെങ്കിൽ നമുക്ക് ഇപ്പോൾ സങ്കൽപിക്കാൻപോലുമാവാത്ത വലിയ ദുരന്തമാകുമായിരുന്നു അത്. രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമായ ഇന്ത്യൻ റെയിൽവേയുടെ സുരക്ഷാവീഴ്ച ഒരിക്കൽക്കൂടി അറിയിക്കുന്ന കറുകുറ്റി അപകടത്തിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം അപായ സിഗ്നൽ മറികടന്ന് ഓടിയ തിരുവനന്തപുരം – ചെന്നൈ സൂപ്പ‍ർ എക്സ്പ്രസ് ട്രെയിൻ അടിയന്തര നിർദേശത്തെ തുടർന്ന് ഓച്ചിറ സ്റ്റേഷനിൽ മൂന്നര മണിക്കൂറോളം പിടിച്ചിടേണ്ടിവന്നത്.

വൻ ദുരന്തങ്ങളിലേക്കു നീണ്ടതും ചിലപ്പോൾ ഭാഗ്യംകൊണ്ടു ദുരന്തം വഴിമാറിയതുമായ റെയിൽ അപകടങ്ങളുടെ പരമ്പരതന്നെ നാം കണ്ടുകഴിഞ്ഞു. പാളംതെറ്റുന്നതടക്കമുള്ള അപകടങ്ങളുടെ കാരണം എന്തായാലും സാങ്കേതിക സാധ്യതകളുടെ ഈ കാലത്തെങ്കിലും അതുണ്ടാകാതിരിക്കാനുള്ള ശ്രദ്ധയും മുൻനോട്ടവുമാണു റെയിൽവേയിൽനിന്നു യാത്രക്കാർ പ്രതീക്ഷിക്കുന്നത്. പല റെയിൽവേ മന്ത്രിമാരുടെയും ഭരണകാലത്തു റെയിൽവേ അടിസ്ഥാനസൗകര്യ മേഖലകളിലും സുരക്ഷാസംവിധാനങ്ങളിലും മുതൽമുടക്കാൻ തയാറാകാതിരുന്നതാണ് ഇപ്പോഴത്തെ അപകടങ്ങൾക്കു മുഖ്യകാരണമെന്നു പറയാം.

തിരുവനന്തപുരം ഡിവിഷനിൽ തിരുവനന്തപുരം മുതൽ വള്ളത്തോൾ നഗർ വരെയുള്ള റെയിൽ പാതയിൽ 202 വിള്ളലുണ്ടെന്ന എൻജിനീയറിങ് വിഭാഗത്തിന്റെ റിപ്പോർട്ട് പ്രസക്തമാകുന്നത് ഇവിടെയാണ്. ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും, പാലക്കാട് ഡിവിഷനിൽ 36 ഇടങ്ങളിൽ വിള്ളലുണ്ടെന്നു പറയുന്നു. കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളിൽ ജീവൻ കയ്യിൽപിടിച്ചു യാത്രചെയ്യേണ്ട സ്ഥിതിയാണെന്നു രേഖകൾ തെളിയിക്കുന്നു. കഴിഞ്ഞ കുറെ വർഷമായി പാളങ്ങൾ പരിപാലിക്കുന്നതിൽ കാര്യമായ വീഴ്ച വന്നിട്ടുണ്ടെന്നല്ലേ വിള്ളലുകളുടെ ഭീമമായ എണ്ണം വിളിച്ചുപറയുന്നത്? കറുകുറ്റിയിൽ അപകടം നടന്ന സ്ഥലത്തു വിള്ളലുണ്ടെന്നും പാളം മാറണമെന്നും മൂന്നു തവണ റിപ്പോർട്ട് ചെയ്തിട്ടു നടപടിയുണ്ടായില്ലെന്നതു റെയിൽവേയുടെ വീഴ്ചതന്നെയാണ്. പുതിയ പാളം തരാനില്ലെന്നും സമയക്ലിപ്തത ഉറപ്പാക്കാൻ വേഗനിയന്ത്രണം അനുവദിക്കില്ലെന്നുമുള്ള ന്യായം നിരത്തിയാണ് അറ്റകുറ്റപ്പണി തടഞ്ഞത്.

പാളത്തിൽ വിള്ളൽ കൂടുതലുണ്ടായിരിക്കുന്ന എറണാകുളം - ഷൊർണൂർ പാതയാണു കേരളത്തിൽ ഏറ്റവും കൂടുതൽ ട്രാഫിക് സാന്ദ്രതയുള്ള സെക്‌ഷൻ. ട്രാക്ക് വിനിയോഗശേഷിയുടെ 130% വരെ ഉപയോഗിക്കുന്ന സെക്‌ഷനാണിത്. ചരക്കുവണ്ടികളുടെയും യാത്രാ ട്രെയിനുകളുടെയും ബാഹുല്യം ഈ പാതയിലെ പാളങ്ങൾക്കു ബലക്ഷയം ഉണ്ടാക്കാൻ ഇടയാക്കുന്നു. വിനിയോഗശേഷി 100% കടക്കുമ്പോഴാണു പുതിയ പാതയെക്കുറിച്ചു റെയിൽവേ ചിന്തിക്കുന്നത്. എറണാകുളത്തിനും ഷൊർണൂരിനും ഇടയിൽ മൂന്നും നാലും പാതകളുടെ സർവേ പൂർത്തിയായെങ്കിലും തുടർനടപടികളുണ്ടായിട്ടില്ല. അടിയന്തരമായി പുതിയ പാതയുടെ നിർമാണം ആരംഭിക്കാനും നിലവിലുള്ള പാതകളിലെ തകരാറുകൾ പരിഹരിക്കാനുമുള്ള നടപടികളാണ് ആവശ്യം. ഇതിനു പുറമേയാണു കേരളത്തിലോടുന്ന കോച്ചുകളുടെ കാലപ്പഴക്കം. യാത്രാസുരക്ഷയ്ക്കു റെയിൽവേ നൽകുന്ന പരിഗണന പോരെന്ന് ഓരോ അപകടവും നമ്മെ ഓർമിപ്പിക്കുന്നു. പ്രശ്നത്തിനു ശാശ്വതപരിഹാരമാണു വേണ്ടത്. റെയിൽവേ അധികൃതർ അത് ഉറപ്പാക്കിയേതീരൂ.

Your Rating: