Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളുടെ ഭാവി പന്താടരുത്

by മുഖപ്രസംഗം

മെഡിക്കൽ പ്രവേശനത്തിനുവേണ്ടി നമ്മുടെ കുട്ടികൾ തുടർകുരുക്കുകൾ നേരിടേണ്ടിവരുന്നതു ദുർവിധിതന്നെ. താങ്ങാനാവാത്ത സമ്മർദഭാരവുമായി പ്രവേശനപരീക്ഷ നന്നായി എഴുതി വിജയിച്ച കേരളത്തിലെ കുട്ടികൾ മെഡിക്കൽ കോഴ്സുകൾക്കു ചേരാൻ പെടുന്ന പാട് മറ്റെവിടെയെങ്കിലും ഉണ്ടാവുമോ? ദേശീയ പൊതു പരീക്ഷയുമായി (നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്– നീറ്റ്) ബന്ധപ്പെട്ട സങ്കീർണപ്രശ്നങ്ങളുടെ കുരുക്കഴിച്ചു പലരും പ്രവേശനവാതിലിൽ എത്തിയപ്പോഴാണ് സ്വാശ്രയ മെഡിക്കൽ, ഡെന്റൽ പ്രവേശനം സംബന്ധിച്ച ആശയക്കുഴപ്പം രാക്ഷസാകാരംപൂണ്ടു വഴിമുടക്കിനിൽക്കുന്നത്.

സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളജുകളിലെ മാനേജ്മെന്റിന്റെ ഉൾപ്പെടെ എല്ലാ സീറ്റിലെയും പ്രവേശനം ഏറ്റെടുത്ത സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണു പ്രശ്നം പുതിയ വഴിത്തിരിവിലേക്കു കടന്നത്. എന്നാൽ, അഖിലേന്ത്യാടിസ്ഥാനത്തിലുള്ള ‘നീറ്റ്’ പ്രവേശന പരീക്ഷാ ലിസ്റ്റിലെ റാങ്ക് അടിസ്ഥാനത്തിൽ, സുതാര്യത ഉറപ്പാക്കി മാനേജ്മെന്റുകൾ പ്രവേശനം നടത്തണമെന്നു കോടതി നിർദേശിക്കുകയുണ്ടായി. എല്ലാ സീറ്റിലും പ്രവേശനം ഏറ്റെടുത്ത സർക്കാരിന്റെ നടപടി ചോദ്യംചെയ്തു കേരള ക്രിസ്ത്യൻ പ്രഫഷനൽ കോളജ് മാനേജ്മെന്റ് ഫെഡറേഷനും ഏതാനും സ്വാശ്രയ കോളജുകളും സമർപ്പിച്ച ഹർജി പരിഗണിച്ചായിരുന്നു ജസ്റ്റിസ് കെ.സുരേന്ദ്രമോഹൻ, ജസ്റ്റിസ് മേരി ജോസഫ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവുണ്ടായത്.

ഹൈക്കോടതി വിധി സർക്കാരിനു തിരിച്ചടിയായി. എങ്കിലും, വിധിയിൽ അവ്യക്തതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. മാനേജ്മെന്റുകളുമായി പ്രശ്നത്തിനു പോകാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം പ്രവേശനത്തിൽ മെറിറ്റ് പാലിക്കണമെന്ന് മാത്രമാണു സർക്കാർ നിലപാടെന്നും പറയുന്നു. ഈ വർഷത്തെ പ്രവേശന നടപടികൾ എങ്ങനെ വേണമെന്ന കാര്യത്തിൽ സ്വാശ്രയ മെഡിക്കൽ, ഡെന്റൽ മാനേജ്മെന്റ് പ്രതിനിധികളുമായി ഇന്നു മന്ത്രി കെ.കെ.ശൈലജ നടത്തുന്ന ചർച്ചയിലാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രതീക്ഷ.

യോഗങ്ങൾക്കും ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കുമൊക്കെയപ്പുറത്ത്, ഉന്നത വിദ്യാഭ്യാസം സ്വപ്നം കണ്ട ഒട്ടേറെ വിദ്യാർഥികളുടെ മാനസിക സംഘർഷം കാണാതെ പോകരുത്. മെഡിക്കൽ പ്രവേശനത്തിന്റെ അനിശ്ചിതാവസ്ഥ യഥാർഥത്തിൽ ഉറക്കംകെടുത്തുന്നത് അവരെയാണ്. പല വർഷങ്ങളിലും പരീക്ഷയുടെയും പ്രവേശനത്തിന്റെയും സമയമാകുമ്പോൾ മാനേജ്മെന്റുകളും സർക്കാരും തമ്മിലുള്ള പൊരുത്തമില്ലായ്മ മറനീക്കി പുറത്തുവരുന്നത് അത്യധികം നിർഭാഗ്യകരംതന്നെ. ഈ വർഷം ഏതു രീതിയിൽ പ്രവേശനം നടക്കുമെന്നോ ഫീസ് എന്തായിരിക്കുമെന്നോ ഉള്ള കാര്യത്തിൽ വ്യക്തതയില്ലാതെ വിദ്യാർഥികളും രക്ഷിതാക്കളും ഇപ്പോഴും വലയുന്നു.

കേരളത്തിൽ മെഡിക്കൽ പ്രവേശനം കാത്തിരുന്ന് ഒടുവിൽ ഒരിടത്തും പ്രവേശനം ലഭിക്കാതെവരുമോ എന്ന ആശങ്കയും അവരെ അലട്ടുന്നുണ്ട്. വൻതുക ഫീസ് നൽകാനില്ലെന്ന വിഷമമാണു സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും ഇടത്തരക്കാരെയും ബുദ്ധിമുട്ടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധി വന്നതോടെ മാനേജ്മെന്റുകളുടെ അവകാശത്തിന്റെ കാര്യത്തിൽ കുറെയൊക്കെ വ്യക്തത വന്നെങ്കിലും വിദ്യാർഥികളുടെ കാര്യം സങ്കീർണമായി തുടരുകയാണ്.

ഹൈക്കോടതി വിധിയെത്തുടർന്ന് മാനേജ്മെന്റുകളുമായി ചർച്ച നടത്താമെന്നു സർക്കാർ തീരുമാനിച്ചത് ഈ വർഷത്തെ പ്രവേശന നടപടികൾ അനിശ്ചിതമായി നീണ്ടുപോകുന്നത് ഒഴിവാക്കാനാണെന്നു മന്ത്രി ശൈലജ പറഞ്ഞതു നല്ലതുതന്നെ. ആയിരക്കണക്കിനു വിദ്യാർഥികളുടെ ഭാവിയാണു പന്താടുന്നതെന്ന കാര്യം ഇരു കൂട്ടരുടെയും ഓർമയിലുണ്ടാവുകയും വേണം.

Your Rating: