Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനുഷ്യജീവനു വില കൽപിക്കാത്തവർ !

by മരുന്ന്, മനസ്സാക്ഷിയില്ലാതെ - 3 ∙ തയാറാക്കിയത്: ജയൻ മേനോൻ, സന്തോഷ് ജോൺ തൂവൽ, ഗായത്രി ജയരാജ്, മിന്റു പി. ജേക്കബ്. സങ്കലനം: ജിജീഷ് കൂട്ടാലിട
hospital-cash-31

പണ്ടത്തെക്കാൾ ഏറെ മുന്നേറിയെങ്കിലും ഇപ്പോഴും അവശതകളും അവഗണനയും ചുമന്നു വലയുന്ന സർക്കാർ ആശുപത്രികൾ, ലാഭക്കൊതിയിൽ സകല മെഡിക്കൽ മൂല്യങ്ങളെയും ചവിട്ടിയരയ്ക്കുന്ന ഒരു വിഭാഗം സ്വകാര്യ ആശുപത്രികൾ, പൊടിവിദ്യയിലൂടെ എല്ലാ രോഗവും സുഖപ്പെടുത്തുമെന്ന് അവകാശപ്പെടുന്ന വ്യാജന്മാർ... ലോകത്തിലെ ഏറ്റവും മികച്ച ചികിൽസ ലഭിക്കുന്ന ഇടങ്ങളിലൊന്നെന്ന പൊൻതൂവലുള്ള കേരളത്തിലെ രോഗികൾ ഈ മൂന്നു കൂട്ടർക്കുമിടയിൽ നെട്ടോട്ടമോടുകയാണ്. 

നേരില്ലാത്ത ചികിൽസ

നീതിയുടെ മാർഗത്തിൽ നടക്കുന്ന, ഒരുപാടു പേർക്കു സഹായമേകുന്ന ഒരു സീനിയർ ഡോക്ടർ തന്റെ അനുഭവം വെളിപ്പെടുത്തുന്നു:  ‘‘ദീർഘനാളത്തെ സർക്കാർ ആശുപത്രി സേവനത്തിനുശേഷം വിരമിക്കുമ്പോൾ ആഡംബരങ്ങളൊന്നും കൂട്ടിനുണ്ടായ‌ിരുന്നില്ല. തുടർന്നു ജോലി ചെയ്തേ പറ്റുമായിരുന്നുള്ളൂ. സ്വന്തമായി ക്ലിനിക്കോ ആശുപത്രിയോ ഇല്ലാത്തതിനാൽ സ്വകാര്യ ആശുപത്രിയിലേക്കു പോയി. രോഗവിവരങ്ങൾ ഫയലിനു പുറമേ രോഗിക്കു കടലാസിൽ എഴുതി നൽകുന്നതും അത്യാവശ്യ മരുന്നുകൾ മാത്രം എഴുതുന്നതുമായിരുന്നു ആശുപത്രി മാനേജ്മെന്റുമായി ആദ്യപ്രശ്നം. വളരെ സീനിയറായതിനാൽ ടാർഗറ്റിനെക്കുറിച്ചു നേരിട്ടു സൂചിപ്പിച്ചില്ലെങ്കിലും അതും പരോക്ഷമായി ധരിപ്പിച്ചു. അവർ പ്രതീക്ഷിച്ച വഴിയേ പോകുന്നില്ലെന്നു കണ്ടപ്പോൾ ഡോക്ടർ ഇനി വരേണ്ടെന്ന സന്ദേശം പിന്നാലെയെത്തി. ഇങ്ങനെ അഞ്ച് ആശുപത്രികളിൽ നിന്നാണ് ദുരനുഭവം ഉണ്ടായത്’’.

ജീവിതം തുടരേണ്ടതിനാലും നിസ്സഹായാവസ്ഥയും കൊണ്ടു പേരു വെളിപ്പെടുത്തരുതെന്നു പറഞ്ഞ് ആ സീനിയർ ഡോക്ടർ തുടർന്നു: ‘‘വളരെ അടുപ്പമുള്ള യുവാവിനു ശ്വാസംമുട്ടൽ കൂടി ആശുപത്രിയിലെത്തിച്ചു. ന്യൂമോണിയയാണെന്നും മരണത്തിന്റെ വക്കിലാണെന്നും പറഞ്ഞ് ഉടൻ തന്നെ നെഞ്ചിൽ ട്യൂബൊക്കെയിട്ട് ഐസിയുവിലേക്കു മാറ്റി. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയപ്പോൾ രോഗിയെ കാണിക്കില്ല. മെഡിക്കൽ കോളജിലേക്കു മാറ്റാനാണ്, സ്വമേധയാ കൊണ്ടുപോകുകയാണെന്ന് എഴുതി ഒപ്പിട്ടു തരാം എന്നു പറഞ്ഞിട്ടും രക്ഷയില്ല. പരിചയത്തിലുള്ള ഡിവൈഎസ്പി ഇടപെട്ടാണ് മെഡിക്കൽ കോളജിലേക്കു മാറ്റിയത്. പിറ്റേന്നു കാണാൻ ചെല്ലുമ്പോൾ ട്യൂബുമില്ല ഒന്നുമില്ല, വരാന്തയിൽ ചിരിച്ചുകൊണ്ടു നിൽക്കുന്നു.

‘‘സ്പെഷ്യൽറ്റികൾ കൂടിയതോടെ രോഗിയെ പൂർണമായി പരിശോധിക്കുന്ന സംവിധാനം ഇല്ലാതായിരിക്കുന്നുവെന്നതിന്റെ ഉദാഹരണമാണിത്. ബന്ധുവിനു പനിയും പ്രമേഹവും കൂടി ആശുപത്രിയിലെത്തിച്ചപ്പോഴും ഉടനെ കയറ്റി, ഐസിയുവിൽ. വലിയ ബഹളമുണ്ടാക്കിയതിനു ശേഷമാണു മറ്റൊരിടത്തേക്കു മാറ്റാനായത്. പാവപ്പെട്ട കുടുംബത്തിൽ നിന്നുള്ള ഒരാൾക്കു നെഞ്ചുവേദനയുണ്ടായി. സ്വകാര്യ ആശുപത്രിയിൽ ആദ്യം ഇസിജി എടുത്തപ്പോൾ കുഴപ്പമില്ല. പിന്നെയും എടുപ്പിച്ചപ്പോൾ കുഴപ്പം! ആൻജിയോഗ്രാം ചെയ്യിച്ചു. മൂന്നു ബ്ലോക്ക്. ഉടൻ ആൻജിയോപ്ലാസ്റ്റി വേണം. കാശിനായി ഓടിപ്പായുന്ന അവരോട് തിരുവനന്തപുരത്തെ പ്രമുഖ സർക്കാർ ആശുപത്രിയിൽ പോകാൻ പറഞ്ഞു. പക്ഷേ, രോഗിയെ വിടുവിക്കാൻ ബലംപിടിക്കേണ്ടിവന്നു. തിരുവനന്തപുരത്തെത്തിയപ്പോൾ ഒരു ബ്ലോക്കുമില്ല. അയാൾക്കു ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലോ?’’

സേവന മനസ്ഥിതിയോടെ പ്രവർത്തിക്കുന്ന നല്ലവരായ ആശുപത്രി അധികൃതരും ഡോക്ടർമാരും ക്ഷമിക്കണമെന്ന അപേക്ഷയോടെ, ഞങ്ങൾ അഭിമുഖങ്ങളിൽ ശേഖരിച്ച മറ്റുചില അനുഭവങ്ങൾ കൂടി കുറിക്കട്ടെ...

ക്രൂരമനസ്സുകൾ

എറണാകുളം ജില്ലയിലെ ആശുപത്രി. ഹൃദയസംബന്ധമായ പ്രശ്നമാണ് എഴുപത്തിയഞ്ചു വയസ്സുകാരന്. ബൈപാസ് ശസ്ത്രക്രിയ വേണമെന്നു ഡോക്ടർമാർ പറയുന്നു. പ്രായവും മറ്റു രോഗങ്ങളും പരിഗണിച്ചു ബൈപാസ് വേണ്ടെന്നു മറ്റ് ആശുപത്രികളിലെ ചില സുഹൃത് ഡോക്ടർമാർ പറഞ്ഞപ്പോൾ കുടുംബം ഒന്നു ശങ്കിച്ചു. എന്നാൽ, മൾട്ടിസ്പെഷ്യൽറ്റിയിലെ ഡോക്ടർ അൽപവും ആശങ്ക കാട്ടിയില്ല. സർജറി വിജയകരമായി നടന്നെങ്കിലും പിന്നീടുണ്ടായ അണുബാധയിൽ രോഗിയുടെ ആരോഗ്യം ഉലഞ്ഞു. വെന്റിലേറ്ററിൽ ദിവസങ്ങളോളം കിടന്നു. ഒടുവിൽ മറ്റൊരു ആശുപത്രിയിലേക്കു മാറ്റട്ടെ എന്നു ചോദിച്ചപ്പോൾ ഡോക്ടർ വളരെ മോശമായാണു പെരുമാറിയതെന്നു കുടുംബം പറയുന്നു. ‘നിങ്ങൾ പൊളിറ്റിക്സ് കളിക്കുകയാണോ’ എന്ന ഡോക്ടറുടെ ആക്രോശത്തിൽ മകൻ തളർന്നുപോയി. മണിക്കൂറുകൾക്കകം, അവർ അറിയിച്ചു: അച്ഛൻ മരിച്ചു. 

മരിച്ചിട്ടും വെന്റിലേറ്ററിൽ

‘‘ചെന്നാലുടനെ പിടിച്ച് ഐസിയുവിലിടും. മരിച്ചാലും വെന്റിലേറ്ററിലിട്ടു വയ്ക്കും. നിങ്ങൾ തന്നെ എത്ര പ്രാവശ്യം എഴുതിയതാണ്. എന്നിട്ടു വല്ല പ്രയോജനവും ഉണ്ടായോ?’’ – ആ ചെറുപ്പക്കാരന്റെ ചോദ്യത്തിൽ കണ്ണീരുണ്ട്, നിസ്സഹായതയുണ്ട്. അയാളുടെ അമ്മ തെന്നിവീണതിനെ തുടർന്നാണു മൾട്ടിസ്പെഷ്യൽറ്റി ആശുപത്രിയിലെത്തിച്ചത്. ഉടൻ ഐസിയുവിലേക്കു മാറ്റി. വളരെ ക്രിട്ടിക്കലാണെന്നും വെന്റിലേറ്റർ കണക്ട് ചെയ്യുകയാണെന്നുമാണു പിന്നീടറിയിച്ചത്. കീശയ്ക്കു ബലം പോരെങ്കിലും അമ്മയെ ഓർത്തു സമ്മതിച്ചു.

ദിവസവും ആയിരങ്ങൾ ചെലവ്. തിരിച്ചുകിട്ടുമെന്നു പ്രതീക്ഷയുണ്ടെങ്കിൽ മാത്രം വെന്റിലേറ്ററിൽ കിടത്തിയാൽ മതിയെന്നു ഡോക്ടറോടു പറയേണ്ടി വന്നു. പൊട്ടിത്തെറിയായിരുന്നു പ്രതികരണം. അവസാനത്തെ കാശും തീർന്നപ്പോഴാണു പരിചയക്കാരി നഴ്സിനോട് എങ്ങനെയെങ്കിലും രക്ഷിക്കണമെന്നു പറഞ്ഞു കരഞ്ഞു. ‘‘ചേട്ടാ, പലരെയും ഇങ്ങനെ ചുമ്മാ ഇട്ടേക്കും. ഞങ്ങൾ ചിലപ്പോൾ കണക്‌ഷനൊക്കെ ഊരിക്കൊടുത്തു ‘സഹായിക്കാറു’ണ്ട്. ആരും അറിയരുതു കേട്ടോ.’’ കൊലപാതകമാണോ ദൈവമേ ചെയ്യുന്നത് എന്നോർത്തു ചങ്കുപൊട്ടിക്കരഞ്ഞുകൊണ്ടു മകൻ കാത്തുനിൽക്കുമ്പോൾ നഴ്സ് വന്നു പറഞ്ഞു: ‘‘എന്തോ കുഴപ്പമുണ്ട്. അമ്മ മരിച്ചു. നേരത്തേ മരിച്ചിട്ടുണ്ടെന്നു തോന്നുന്നു. പക്ഷേ, കണക്‌ഷനൊന്നും ഊരിയിട്ടില്ല. ബോഡി ലൈവായിരിക്കാനുള്ള ഇൻജക്‌ഷൻ കൊടുക്കുവാ. ഇത്രയും ഞാനോർത്തില്ല ചേട്ടാ.  ദൈവത്തെയോർത്ത് ഇക്കാര്യം ഞാൻ പറഞ്ഞെന്നു പറയല്ലേ. എന്റെ ജോലി തെറിപ്പിക്കല്ലേ...’’. കണ്ണീരുപോലും വറ്റിയ അവസ്ഥയിൽ അയാൾ അവിടെ ബഹളംവച്ചു, ഡോക്ടറുടെ കോളറിൽ കുത്തിപ്പിടിച്ചു. അതിനു പിന്നെ കേസായി. പക്ഷേ, അമ്മയുടെ കാര്യത്തിൽ അയാൾക്കു കേസ് കൊടുക്കാനായില്ല. തെളിവു വേണമെങ്കിൽ ആ നഴ്സ് തന്നെ മൊഴി നൽകണമല്ലോ. വിധവയായ അവർക്കു ജോലി തട്ടിയെറിയാനുള്ള കഴിവില്ലായിരുന്നു.

മരത്തിൽനിന്നു വീണയാളുടെ അനുഭവം പങ്കുവച്ചത് ഒരു ഡോക്ടറാണ്. ‘‘ഏഴുദിവസം വെന്റിലേറ്ററിൽ കിടത്തി. പരിചയത്തിലുള്ളയാളായതിനാൽ ബന്ധുക്കൾ കരഞ്ഞുകൊണ്ടു വന്നു. സ്വകാര്യ ആശുപത്രിയിൽ വിളിച്ചുചോദിച്ചപ്പോൾ അത്യാസന്ന നിലയിലാണെന്നാണ് അറിഞ്ഞത്. രണ്ടും കൽപിച്ചു റിസ്ക് എടുക്കാമെങ്കിൽ മെഡിക്കൽ കോളജിലേക്കു മാറ്റാമെന്നു പറഞ്ഞപ്പോൾ ബന്ധുക്കൾ സമ്മതിച്ചു. ഉടൻ നൂതനസജ്ജീകരണങ്ങളുള്ള ആംബുലൻസിൽ മെഡിക്കൽ കോളജിലേക്കു മാറ്റി. വെന്റിലേറ്ററിൽ കിടത്തിയിരുന്നതിനാൽ അവിടെയും പെട്ടെന്നു വെന്റിലേറ്ററിട്ടു. പരിചയത്തിലുള്ള വകുപ്പുമേധാവിയെ വിളിച്ചുവരുത്തി. രോഗിയെ പരിശോധിച്ച അവർ പുറത്തിറങ്ങിവന്നു വഴക്ക്, എന്തിനാണ് ആ പാവത്തിനെ വെന്റിലേറ്ററിൽ ഇട്ടതെന്നു ചോദിച്ച്. ഓക്സിജൻ നൽകി ഐസിയുവിൽ കിടത്തേണ്ട കാര്യമേ ഉള്ളൂ എന്നും അവർ വ്യക്തമാക്കി.’’

മറ്റൊരു രോഗിയുടെ സ്വകാര്യ സ്പെഷലിസ്റ്റ് ആശുപത്രിയിലെ അനുഭവം: കടുത്ത ശ്വാസംമുട്ടലുമായാണു തമിഴ്നാട്ടിലെ ഒരു പ്രധാന സ്വകാര്യ ആശുപത്രിയിലേക്കു ശസ്ത്രക്രിയയ്ക്കു ജോസഫിനെ (പേര് യഥാർഥമല്ല) കൊണ്ടുപോയത്. രണ്ടാഴ്ചയായി ഇതാണ് അവസ്ഥ. കേരളത്തിലെ ആശുപത്രിയിലെ റഫറൻസുമായി കോയമ്പത്തൂരിലെത്തുമ്പോൾ വൈകിട്ടു നാലുമണി. പിറ്റേന്നു രാവിലെ കാണാമെന്നു ഡോക്ടർ ഫോണിൽ പറഞ്ഞു. കാഷ്വൽറ്റിയിൽ പോയി അഡ്മിഷനെടുക്കാൻ നിർദേശിച്ചു.

രോഗിയെ ഉള്ളിലേക്കു കൊണ്ടുപോയി. അൽപസമയത്തിനുള്ളിൽ ഡോക്ടർ പുറത്തേക്കു വന്നു. മകനോടു പറഞ്ഞു: രോഗിയുടെ നില അതീവഗുരുതരമാണ്. ഉടൻ ഐസിയുവിലേക്കു മാറ്റുന്നു.

 ബന്ധുക്കൾ പരിഭ്രമിച്ചു. അവർ ശരിയെന്നു സമ്മതിച്ചു.

‘‘ഐസിയു വാടക ഒരു രാത്രി 45000– 50,000 രൂപ വരും’’

ബന്ധുക്കൾ ഞെട്ടി. രണ്ടാഴ്ചയായി രോഗി ഇതേ അവസ്ഥയിലാണെന്നും അടുത്ത ദിവസം ഡോക്ടറെ കാണാൻ തലേന്നേ അപ്പോയിന്റ്മെന്റ് എടുക്കാൻ വന്നതാണെന്നും വ്യക്തമാക്കി. 

‘‘അതല്ല, രോഗിയുടെ ഇപ്പോഴത്തെ ഇസിജിയും മറ്റും നോക്കിയിട്ടാണു ഞാൻ പറയുന്നത്’’ എന്നായി ഡോക്ടർ.

‘‘ഐസിയുവിൽ അത്രയും പണം കൊടുക്കാനുള്ള സ്ഥിതി ഞങ്ങൾക്കില്ല. ഡിസ്ചാർജ് ചെയ്തോളൂ. ലോഡ്ജിൽ താമസിച്ചു നാളെവന്നു ഡോക്ടറെ കണ്ടോളാം’’ എന്നു ബന്ധുക്കൾ പറഞ്ഞു.

ഞാനൊന്നു നോക്കട്ടെ എന്നു പറഞ്ഞ് ഡോക്ടർ അകത്തേക്ക്. അൽപസമയത്തിനുള്ളിൽ ‘‘ഇപ്പോഴത്തെ അവസ്ഥ പരിശോധിച്ചു. വലിയ കുഴപ്പമില്ല. ഇവിടെ സാധാരണ മുറിയെടുത്ത് അഡ്മിറ്റ് ചെയ്യാം.’’

1600 രൂപ മാത്രം വാടകയുള്ള മുറിയിൽ പ്രവേശനം നേടി. പിറ്റേന്നു ഡോക്ടറെ കണ്ടു. പിറ്റേദിവസം ശസ്ത്രക്രിയ. രോഗി ഇപ്പോഴും ജീവിച്ചിരിക്കുന്നു.

എന്തിനീ കൊള്ളലാഭം?

സർജിക്കൽ സാധനങ്ങളുടെ പേരിലും വൻ കൊള്ള നടക്കുന്നുണ്ട്. 10 മില്ലിലീറ്ററിന്റെ സിറിഞ്ച് ആശുപത്രി വാങ്ങുന്നത് ഒന്നിനു മൂന്നുരൂപയിൽ താഴെ വില കൊടുത്ത്. ഇതിന്റെ എംആർപി കാണിച്ചിരിക്കുന്നത് 18 മുതൽ 25 രൂപവരെ. ഏറ്റവും കൂടുതൽ ആവശ്യം വരുന്ന ഐവി സെറ്റിന്റെ കാര്യമോ. ആശുപത്രിക്കു കിട്ടുന്നതു പരമാവധി ഏഴുരൂപയ്ക്ക്. എംആർപി 100 രൂപയ്ക്കു മുകളിൽ. ശ്വാസംമുട്ടലുമായി ചെന്നാൽ അപ്പോൾതന്നെ ആശുപത്രിക്കാർ നെബുലൈസേഷനു കുറിക്കുമല്ലോ. ആ മാസ്ക് ജനങ്ങൾ വാങ്ങുന്നത് 350 രൂപയ്ക്കൊക്കെയാണ്. ആശുപത്രിക്കു കിട്ടുന്നത് 15– 20 രൂപയ്ക്ക്.

മാസ്ക്, ക്യാപ്, ഗൗൺ, തുണി, വൈപ് തുടങ്ങിയവയടങ്ങിയ സർജിക്കൽ കിറ്റിന്റെ എംആർപി 350 മുതൽ 600 രൂപ വരെ. 150–180 രൂപയ്ക്കു വാങ്ങുന്നതാണ് എത്രയോ ഇരട്ടി ലാഭത്തിനു ചില ആശുപത്രികൾ വിൽക്കുന്നത്. തിയറ്ററിലേക്കും പോസ്റ്റ് ഓപ്പറേറ്റീവിലേക്കും മറ്റുമായി വാങ്ങിപ്പിക്കുന്ന സാധനങ്ങൾ പലതും ഉപയോഗിക്കുന്നു പോലുമുണ്ടാകില്ല.

പേസ്മേക്കർ എവിടെ?

പത്തുവർഷത്തെ കാലാവധിയുള്ള പേസ്മേക്കറാണ് വയോധികയിൽ ഘടിപ്പിച്ചിരുന്നത്. രണ്ടു വർഷത്തിനുശേഷം ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അവർ അതേ ആശുപത്രിയിൽ ഐസിയുവിൽ മരിച്ചു.

മൃതദേഹം കുളിപ്പിക്കാനെടുത്തപ്പോഴാണ് മകളുടെ ശ്രദ്ധയിൽ അതുപെട്ടത്. പേസ്മേക്കർ ഘടിപ്പിച്ചിരുന്നിടത്ത് അൽപം രക്തം ഇറ്റിയിറങ്ങുന്നതു പോലെ. ഡോക്ടറായ അവർ വിശദമായി പരിശോധിച്ചപ്പോൾ കണ്ടെത്തി – ശരീരത്തിൽ പേസ്മേക്കർ ഇല്ല. ദഹിപ്പിക്കുകയോ വൈദ്യുത ശ്മശാനത്തിൽ സംസ്കരിക്കുകയോ ചെയ്യുകയാണെങ്കിൽ പേസ്മേക്കർ നീക്കുന്ന പതിവുണ്ട്. അതു ബന്ധുക്കളോടു പറഞ്ഞതിനുശേഷമേ ചെയ്യാറുള്ളൂ താനും. ആരെയും അറിയിക്കാതെ പേസ്മേക്കർ നീക്കിയതെന്തിന് എന്ന ചോദ്യവുമായി അവർ ആശുപത്രിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. 

കാൻസറിന്റെ മറവിലെ കൊള്ള

കാൻസറിനു ഫലപ്രദമായ ചികിൽസയുണ്ട്. പക്ഷേ, രോഗനിലയുടെ കാഠിന്യമനുസരിച്ചാണിത്. എന്നാൽ, ചില രോഗികൾ രക്ഷപ്പെടില്ലെന്നു നൂറു ശതമാനം ഉറപ്പുള്ള കേസുകളിലും ഈ യാഥാർഥ്യം മറച്ചുവച്ച് ചിലർ വിലപേശുന്നു. ആശുപത്രികളുടെയും മരുന്നു കമ്പനികളുടെയും സമ്മർദമാണു ചില ഡോക്ടർമാരെ ഈ പാതകത്തിനു പ്രേരിപ്പിക്കുന്നത്. കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ രോഗിയുടെ നശിച്ചുപോയ കോശങ്ങൾ വീണ്ടെടുക്കാനെന്ന പേരിൽ ചില അർബുദ ചികിൽസകർ മരുന്നു നിർദേശിക്കാറുണ്ട്. പ്രാഥമിക ഘട്ടത്തിൽ ചിലപ്പോൾ ആ മരുന്നു ഫലിച്ചേക്കാം എന്നതല്ലാതെ അവസാനഘട്ടത്തിൽ കാര്യമില്ല. എന്നിട്ടും, ഡോക്ടർമാർ ആ മരുന്നെഴുതും. 400 ഗ്രാം മരുന്നിനുവില 75,000 രൂപ. കാരുണ്യയിൽ 35,000 രൂപയ്ക്കു ലഭിക്കും. രോഗി മരിക്കുന്നതിനൊപ്പം വീട്ടുകാരെ മുഴുക്കടത്തിൽ മുക്കി കൊന്നശേഷമേ ഈ ചികിൽസ അവസാനിക്കാറുള്ളൂ.

ഈയിടെ നടന്ന ഒരു സംഭവം: സ്തനാർബുദം ബാധിച്ച ഒരു സ്ത്രീക്കു ചികിൽസയ്ക്കിടെ ആന്തരിക രക്തസ്രാവമുണ്ടായി. രോഗി രക്ഷപ്പെടില്ലെന്ന അവസ്ഥ. മലബാറിലെ പ്രശസ്തമായ സ്വകാര്യ ആശുപത്രി രോഗിയെ ചികിൽസിച്ചു ഭേദപ്പെടുത്താമെന്ന് ഉറപ്പുനൽകി. ആദ്യം വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു ശരീരത്തിൽ ജീവന്റെ തുടിപ്പു നിലനിർത്തി. വെന്റിലേറ്ററിന് വാടക 15,000 രൂപ, ഐസിയു ചാർജ് ദിവസം 25,000 രൂപ അടക്കം അഞ്ചുദിവസം കൊണ്ട് 17 ലക്ഷം രൂപ രോഗിയുടെ ബന്ധുക്കളിൽനിന്ന് ആശുപത്രിക്കാർ വാങ്ങി. ഒടുവിൽ ജീവനറ്റ ശരീരം വീട്ടുകാർക്കു വിട്ടുനൽകി.

Your Rating: