Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമോദത്തോടെ വസിക്കും കാലം, നാട്ടിലെല്ലാടത്തും ജൈവപ്പനി

azchakuripukal-image-11-09

പക്ഷിപ്പനി, പന്നിപ്പനി, കുരങ്ങുപനി, തക്കാളിപ്പനി തുടങ്ങിയ  പകർച്ചവ്യാധികളുടെ കാലമാണിത്. ഏറ്റവും ഒടുവിൽ മാൾട്ടപ്പനി എന്നൊരു വിദേശപ്പനിയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മുമ്പൊന്നും കേൾക്കാത്ത മറ്റൊരു പനിയാണ് ഇപ്പോൾ നാട്ടിലെമ്പാടും പടരുന്നത്. ഇതിനെ ജൈവപ്പനിയെന്നാണു ഡോക്ടർമാർ വിളിക്കുന്നത്. അതിൽ തന്നെ വെണ്ടയ്ക്കപ്പനി, പാവയ്ക്കപ്പനി, പയറുപനി തുടങ്ങിയ അവാന്തര വിഭാഗങ്ങളുമുണ്ട്. ഇതിനൊന്നുമുള്ള പ്രതിരോധ കുത്തിവയ്പുകളോ മരുന്നുകളോ ഇതുവരെ വികസിപ്പിച്ചെടുത്തിട്ടില്ല. ഓണക്കാലത്തു ജൈവപ്പനി പടർന്നു പിടിക്കുമെന്ന് ആരോഗ്യ പ്രവർത്തകർ നേരത്തേ നൽകിയ മുന്നറിയിപ്പ് ആരും ഗൗരവമായി എടുത്തിരുന്നില്ല. ഇപ്പോൾ ഓണം വന്നപ്പോൾ പരക്കെ പനിബാധയായി.

ഈയിടെയായി ചെല്ലുന്നിടത്തെല്ലാം സംഗതി അടിമുടി ജൈവമാണ്. അല്ലെങ്കിൽ നൂറ്റുക്കു നൂറു ശതമാനം നാടൻ. നാടൻ കോഴി, നാടൻ പോത്ത്, നാടൻ മത്തി... ചിലയിടങ്ങളിൽ നാടനും കഴിഞ്ഞു തനിനാടനാണു പ്രചാരത്തിൽ. തനിനാടൻ അപ്പൂപ്പനെയും അമ്മൂമ്മയെയും വരെ കിട്ടാനുണ്ട്.

മന്ത്രിമന്ദിരങ്ങളിലാണു ജൈവത്തിന്റെ അസുഖം കൂടുതൽ. പാവം സാധു പിണറായിയെയാണ് അസുഖം ആദ്യം ബാധിച്ചത്. തുല്യരിൽ പ്രഥമനെന്ന നിലയ്ക്ക് അതു തികച്ചും ന്യായം തന്നെ. ക്ലിഫ് ഹൗസിന്റെ മട്ടുപ്പാവിനെ തീർത്തും ജൈവമാക്കുന്നതിൽ അദ്ദേഹം വിജയിച്ചുവെന്നാണു വാർത്ത. മുഖ്യമന്ത്രിക്കു രോഗബാധ ഉണ്ടായാൽ സ്വാഭാവികമായും മറ്റു മന്ത്രിമാർക്കും രോഗം പിടിപെടാനുള്ള സാധ്യത ഏറെയാണ്.

മന്ത്രിമന്ദിരങ്ങൾ പലതും അടുത്തടുത്തായതിനാൽ പകർച്ചവ്യാധി പടർന്നു പിടിക്കുമെന്നു തീർച്ച. ഇല്ലെങ്കിൽ തന്നെ ബുധനാഴ്ചതോറും ചേരുന്ന മന്ത്രിസഭാ യോഗം രോഗം പടരാൻ കാരണമാകും. ഇതെല്ലാം മുന്നിൽ കണ്ടാണു പാ:സാ: പിണറായി കാബിനറ്റ് ബ്രീഫിങ് വേണ്ടെന്നു വച്ചത്. ആഴ്ചതോറും കാബിനറ്റ് ബ്രീഫിങ് നടത്തിയാൽ രോഗം മാധ്യമ പ്രവർത്തകരെ ബാധിക്കും. മാധ്യമ പ്രവർത്തകർക്കു രോഗം ബാധിച്ചാൽ അതു കേരളത്തിലെ മൊത്തം ജനങ്ങൾക്കും പകരുമെന്നു തീർച്ച. അപ്പോൾ പിന്നെ ശൈലജ ടീച്ചർ‍ ആഞ്ഞുപിടിച്ചാലും രോഗത്തെ തടയാനാവില്ല.

കാബിനറ്റ് ബ്രീഫിങ് വേണ്ടെന്നു വച്ചതു പത്രക്കാരോടുള്ള വിരോധം കൊണ്ടല്ല, അവരുടെ ആരോഗ്യത്തിലുള്ള കരുതൽ കൊണ്ടാണ്. എന്നുവച്ചു മുഖ്യമന്ത്രി പത്രക്കാരെ കാണാതിരിക്കുന്നുമില്ല. ഡൽഹിയിലാണ് അദ്ദേഹം പത്രക്കാരെ കാണുന്നത്. അവിടെയാകുമ്പോൾ ജൈവപ്പനി പകർന്നാലും മലയാളികൾക്കു ഭീഷണിയാവില്ല. മന്ത്രിമന്ദിരങ്ങളിൽ നിന്നു രാജ്ഭവനിലേക്കും പാർട്ടി ഓഫിസുകളിലേക്കും ജൈവപ്പനി പടർന്നു പിടിക്കുന്നുണ്ട്. എംഎൻ സ്മാരകത്തെ പനി ആസകലാൽപ്പാടെ കീഴ്പ്പെടുത്തിക്കഴിഞ്ഞു. അവിടത്തെ വിളവെടുപ്പിൽ കിട്ടിയ പച്ചക്കറികൾ മാത്രമുണ്ടെങ്കിൽ കേരളത്തിന് ഓണമുണ്ണുകയും ബാക്കി കയറ്റുമതി ചെയ്യുകയും ചെയ്യാമെന്നാണു കേൾക്കുന്നത്.

എകെജി സെന്ററിൽ മാധ്യമ പ്രവർത്തകരെ പൂർണമായി ജാം ചെയ്തതിനാൽ അവിടത്തെ വിവരങ്ങൾ കൃത്യമായി ലഭ്യമല്ല. അതിനു മുമ്പു തന്നെ ഇന്ദിരാഭവനിൽ ജൈവപ്പനി പടർന്നിരുന്നു. അവിടെ നാലായിരത്തിൽ ചില്വാനം രൂപ മുടക്കിയപ്പോൾ കിട്ടിയതു നാലു വെണ്ടയ്ക്ക, പത്തു പാവയ്ക്ക, ഏഴു കോവയ്ക്ക എന്നിവയാണ്. സംഗതി സമ്പൂർണ നഷ്ടമാണെന്നു മണലൂർ ഗാന്ധിയെ ഓർമിപ്പിച്ച ഇന്ദിരാഭവൻ സെക്രട്ടറിക്കു കിട്ടിയ മറുപടി വിചിത്രമായിരുന്നു: സംഗതി നഷ്ടമാണെന്നു തോന്നിയേക്കാം. എന്നാൽ ജൈവപ്പനി ബാധിച്ചാൽ നമ്മൾ ചെലവാക്കുന്ന ഓരോ ചില്ലിയും ആഗോളവൽക്കരണത്തിനും ഹെക്സ്റ്റ്, ബെയേഴ്സ്, മൊൺസാന്റോ തുടങ്ങിയ ബഹുരാഷ്ട്ര കുത്തകകൾക്കും എതിരായ പോരാട്ടത്തിനാണു ചെലവാക്കുന്നതെന്നു മറക്കരുത്. കേട്ടപാതി, കേൾക്കാത്ത പാതി തലപെരുത്തു പോയ ഓഫിസ് സെക്രട്ടറി അന്ന് ഇന്ദിരാഭവൻ വിട്ടിറങ്ങിയതാണ്. ഇതുവരെ കക്ഷിയെ ജീവനോടെയോ അല്ലാതെയോ കണ്ടുകിട്ടിയിട്ടില്ല. ‌

മാഷ്മ്മാരോടാ കളി...

സ്കൂളുകളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ക്ലാസ് എടുത്താൽ ആകാശം ഇടിഞ്ഞു വീഴുമെന്നാണു ചില മാഷ്മ്മാർ പറയുന്നത്. വെറുതെ പറയുകയല്ല, കെഇആറിലെയും കെഎസ്ആറിലെയും ചട്ടങ്ങൾ ഉദ്ധരിച്ചു യുഡിഎഫ് മാഷ്മ്മാർ വിരട്ടിയതോടെ ആരുടെ മുന്നിലും കൂസാത്ത പിണറായി സഖാവു പോലും വിരണ്ടു പോയി. പിണറായി സഖാവിനു ടിടിസിയുണ്ടോ, രവീന്ദ്രൻ മന്ത്രിക്കു ബിഎഡ് ഉണ്ടോ, ശൈലജ ടീച്ചർ പ്രീ പ്രൈമറി ടിടിസി പാസായിട്ടുണ്ടോ എന്നൊക്കെയാണു യുഡിഎഫ് മാഷ്മ്മാർ ഉന്നയിച്ച സംശയങ്ങൾ.

മാഷ്മ്മാർക്ക് ഇങ്ങനെ ചില കുഴപ്പങ്ങൾ ഉണ്ട്. രണ്ടും രണ്ടും നാലാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവർ പറയും, പൈതഗോറസിന്റെ തിയറി പ്രകാരം അതു മൂന്നും അഞ്ചും ആകാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ലെന്ന്. പൈതഗോറസ് തിയറി ഉദ്ധരിച്ച് അതിനു മറുപടി പറഞ്ഞാൽ അവർ പറയും ഉദ്ദേശിച്ചതു യൂക്ലിഡിന്റെ തിയറിയാണെന്ന്. മാഷ്മ്മാരോടു തർക്കിച്ചു ജയിക്കാൻ ഒരുവിധക്കാരൊന്നും വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല.പാ:സാ: പിണറായി മാഷ്മ്മാരുടെ മുന്നിൽ വിരണ്ടു പോയെന്നാണു തോന്നുന്നത്. സംശയങ്ങളിൽ ചില്ലറ ശരികൾ ഉണ്ടെന്നു വന്നതോടെ ക്ലാസ് സന്ദേശമായി. ക്ലാസും സന്ദേശവും തമ്മിലുള്ള വ്യത്യാസം എന്താണെന്നൊന്നും ചോദിക്കരുത്.

പാ.സാ. പിണറായി മാഷ് ക്ലാസ് എടുക്കുകയാണെങ്കിൽ അദ്ദേഹം ഹാജർ പട്ടികയുമായി വരണം. വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്നു പേർ വിളിക്കണം. അപ്പോൾ വിഎസ് സഖാവ് എഴുന്നേറ്റു നിന്നു ‘ഹാജർ സാർ’ എന്നു പറയണം. അങ്ങനെ അകാരാദി ക്രമത്തിൽ പേർ വിളിച്ചു മുന്നേറുമ്പോൾ ബേബി സഖാവ് അടക്കമുള്ളവർ എഴുന്നേറ്റു നിൽക്കുകയും ഹാജർ ഉറപ്പു വരുത്തുകയും ചെയ്യണമെന്നാണു യുഡിഎഫ് മാഷ്മ്മാർ പറയുന്നത്. ഏതായാലും അത്തരം ഏടാകൂടത്തിനൊന്നും പിണറായി മാഷ് വക നൽകാത്തത് എന്തുകൊണ്ടും നന്നായി. എന്നാലും ക്ലാസും സന്ദേശവും തമ്മിലുള്ള വ്യത്യാസം ഇപ്പോഴും ആർക്കും അത്രയ്ക്കങ്ങു ഗോളം തിരിഞ്ഞിട്ടില്ല.

പോരാട്ടവീര്യം കുറഞ്ഞാൽ പോകാം ന്യൂയോർക്കിലേക്ക്

കമ്യൂണിസം കണ്ടുപിടിച്ചതു കനയ്യ കുമാറാണെന്നാണ് എസ്എഫ്ഐക്കാരും ഡിഫിക്കാരുമെല്ലാം പ്രചരിപ്പിച്ചിരുന്നത്. കനയ്യ കുമാരനു ഫാഷിസത്തെ ഫർലോങ് ദൂരത്തിൽ കണ്ടാലും തിരിച്ചറിയാം. എന്നാൽ, പാവം പ്രകാശ് കാരാട്ട് സഖാവിന് അതിനുള്ള കഴിവില്ല താനും. രണ്ടു പേരും പഠിച്ചതു ജെഎൻയുവിൽ ആണെന്നതു വേറെകാര്യം. കാരാട്ട് സഖാവിന്റെ കാലത്തു ഫാഷിസത്തെ പരിശോധനയിലൂടെ കണ്ടെത്താൻ കഴിയുന്ന ലാബ് ജെഎൻയുവിൽ സജ്ജമാക്കിയിരുന്നില്ല.

കാരാട്ട് സഖാവിനു പോരാട്ടവീര്യം പോരെന്നാണു കനയ്യ കുമാരന്റെ പക്ഷം. അദ്ദേഹത്തിനു ന്യൂയോർക്കിൽ പോയി വിശ്രമിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കാൻ എഐഎസ്എഫ് തയാറാണത്രെ. പണ്ടൊക്കെ എസ്എഫുകാരും വൈഎഫുകാരുമെല്ലാം നമ്മൾ തമ്പാനൂരിലും വല്യങ്ങാടിയിലും പോയി വരുന്നതു പോലെ പ്രാഗിലും ബുഡാപെസ്റ്റിലും പോയി വരുന്ന ഒരു കാലമുണ്ടായിരുന്നു. സംശയമുള്ളവർ ബിനോയ് സഖാവിനോടു ചോദിച്ചാൽ മതി. എന്നാൽ എന്തുകൊണ്ടാണെന്നറിയില്ല, ഇപ്പോൾ അതിതീവ്ര വിപ്ലവകാരികൾ പോകുന്നതു ലോസ് ആഞ്ചലസിലും ലാസ് വേഗാസിലുമെല്ലാമാണ്. അവിടെ നിന്നുള്ള ചിത്രങ്ങൾ ഫെയ്സ്ബുക്കിലും വാട്സാപ്പിലുമെല്ലാം പോസ്റ്റ് ചെയ്യാൻ അവർക്ക് ഒരു മടിയുമില്ല. സംശയമുള്ളവർ ബുഡാപെസ്റ്റിലും പ്രാഗിലുമെല്ലാം ജീവിതത്തിന്റെ മുക്കാലേ മുണ്ടാണിയും ചെലവഴിച്ച ഒരു അതിതീവ്ര വിപ്ലവകാരിയുടെ സമീപകാല ഫെയ്സ്ബുക് പോസ്റ്റുകൾ കാണണം.

അതുകൊണ്ടാണു കനയ്യ കുമാരൻ കാരാട്ട് സഖാവിനോടു ന്യൂയോർക്കിൽ പോയി വിശ്രമിക്കാൻ പറഞ്ഞാൽ അതിനുള്ള സർവ ഏർപ്പാടുകളും ചെയ്യാൻ അദ്ദേഹത്തിനു കഴിയുമെന്നതിൽ ആർക്കും സംശയമില്ലാത്തത്. ഏതായാലും ഇനിയെങ്കിലും കനയ്യ കുമാരന്റെ ആസാദി മന്ത്രം ഏറ്റുപിടിക്കാൻ എസ്എഫ്ഐക്കാരും ഡിഫിക്കാരും ഉണ്ടാവില്ലെന്നു പ്രതീക്ഷിക്കാം. പുതിയ സെക്രട്ടറിയുടെ ലൈൻ പ്രകാരമാണെങ്കിൽ കാരാട്ട് സഖാവിനെ ന്യൂയോർക്കിലേക്കല്ല, സൈബീരിയയിലേക്കോ അന്റാർട്ടിക്കയിലേക്കോ നാടുകടത്താനും അവർക്കു വിരോധമുണ്ടാവില്ല. 

സ്റ്റോപ് പ്രസ്: ഇടതു മുന്നണിയുടെ ശ്രീകോവിലിനു മുന്നിൽ നിൽക്കാൻ പോലും കെ.എം. മാണിയെ അനുവദിക്കരുതെന്നു കെ.രാജൻ എംഎൽഎ. 

സിപിഐക്കാരും തീണ്ടലും തൊടീലുമെല്ലാം ആചരിക്കാൻ തുടങ്ങിയോ?

Your Rating: