Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വാശ്രയ വിദ്യാഭ്യാസം പ്രശ്നമുക്തമാകണം

oommen-chandy-1

ഉന്നതവിദ്യാഭ്യാസ രംഗത്തു സ്വാശ്രയകോളജുകൾ ആരംഭിക്കുന്നതിന് അനുമതി നൽകാനുള്ള എ.കെ. ആന്റണി സർക്കാരിന്റെ തീരുമാനം ഉന്നത പ്രഫഷനൽ വിദ്യാഭ്യാസ രംഗത്തു വൻമാറ്റത്തിനാണു വഴി തുറന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ പ്രഫഷനൽ കോളജുകൾ സർക്കാർ തലത്തിലോ എയ്ഡഡ് മേഖലയിലോ ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. തന്മൂലം പതിനായിരക്കണക്കിനു വിദ്യാർഥികൾ ഇതര സംസ്ഥാനങ്ങളിലേക്കു പോകേണ്ടിവന്ന സാഹചര്യമാണു വഴിമാറിച്ചിന്തിക്കാൻ ആന്റണി സർക്കാരിനെ പ്രേരിപ്പിച്ചത്.

2001ൽ അഞ്ചു സർക്കാർ മെഡിക്കൽ കോളജുകളും 12 എൻജിനീയറിങ് കോളജുകളും മാത്രമുണ്ടായിരുന്ന കേരളത്തിൽ 2016 ആയപ്പോൾ ഇതിനു പുറമേ 24 മെഡിക്കൽ കോളജുകളും 119 എൻജിനീയറിങ് കോളജുകളും 19 ഡെന്റൽ കോളജുകളും 14 ആയുർവേദ കോളജുകളും ഒട്ടേറെ മാനേജ്മെന്റ് പഠന സ്ഥാപനങ്ങളും സർക്കാർ ഒരു പൈസ പോലും മുടക്കാതെ ഉണ്ടായി.

രണ്ടു സ്വാശ്രയ കോളജ് സമം ഒരു ഗവൺമെന്റ് കോളജ് എന്നതാണ് ആന്റണി സർക്കാർ ലക്ഷ്യമിട്ടത്. സ്വാശ്രയ കോളജിൽ 50 ശതമാനം സീറ്റിൽ മെറിറ്റ് ക്വോട്ട, അതിൽ സർക്കാർ ഫീസ്, ബാക്കി സീറ്റിൽ നിശ്ചിത യോഗ്യതയുള്ളവർക്ക്, കോളജ് നടത്തിക്കൊണ്ടുപോകാൻ ആവശ്യമായ നിയന്ത്രിത ഫീസ് ഘടന എന്നിങ്ങനെയാണ് അന്നു വിഭാവനം ചെയ്തിരുന്നത്. ഇതിനാവശ്യമായ കരാറിനു വിധേയമായാണു സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചത്. എന്നാൽ, ന്യൂനപക്ഷാവകാശം സംബന്ധിച്ചു ഭരണഘടനാ വ്യവസ്ഥകളും രണ്ടു കേസുകളിലെ സുപ്രീം കോടതി വിധിയും മൂലം ക്രോസ് സബ്സിഡി പാടില്ല എന്നു വന്നതോടെ പല പ്രയാസങ്ങളുമുണ്ടായി. അതേസമയം, 50 ശതമാനം സീറ്റിൽ സർക്കാർ മെറിറ്റ് എന്ന ആവശ്യം പരക്കെ അംഗീകരിക്കപ്പെട്ടു.

എൽഡിഎഫ് 2006ൽ അധികാരത്തിൽ വന്നപ്പോൾ സ്വീകരിച്ച നടപടികൾ ഫലത്തിൽ സ്വാശ്രയ മാനേജ്‌മെന്റുകൾക്കു സഹായമായി. സ്വാശ്രയ മാനേജ്‌മെന്റുകളെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവന്നു. അതിലെ നിയമ–പ്രായോഗിക പ്രയാസങ്ങൾ പ്രതിപക്ഷം സഭയിലും നേരിട്ടും വ്യക്തമാക്കിയതാണ്. നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളോട് (സാമൂഹിക പ്രതിബദ്ധതയോടെ സ്വാശ്രയ കോളജുകൾ) പ്രതിപക്ഷത്തിനും യോജിപ്പ് ഉണ്ടായിരുന്നതുകൊണ്ടു നിയമം ഐകകണ്‌ഠ്യേന പാസാക്കി. തുടർന്നു കോടതികളിൽ നിയമപോരാട്ടം നടന്നതിനൊപ്പം സ്വാശ്രയ കോളജുകളിൽ വലിയ പ്രതിസന്ധിയും ഉണ്ടായി.

2006–2011ലെ എൽഡിഎഫ് ഗവൺമെന്റ് സർക്കാർ മെറിറ്റ് സീറ്റിലെ ഫീസ് 95,000 രൂപ വർധിപ്പിച്ച് 1.38 ലക്ഷം രൂപയാക്കി. 2011–16ലെ യുഡിഎഫ് ഗവൺമെന്റ് ആദ്യത്തെ വർഷം ഫീസ് വർധന നൽകിയില്ല. അടുത്ത നാലു വർഷം നാമമാത്രമായ വർധന മാത്രമാണ് അനുവദിച്ചത്. രണ്ടാം വർഷം 12,000 രൂപ, മൂന്നാം വർഷം 15,000 രൂപ, നാലും അഞ്ചും വർഷങ്ങളിൽ 10,000 രൂപ വീതം ഫീസ് വർധിപ്പിച്ചു. അതായത് യുഡിഎഫിന്റെ അഞ്ചു വർഷം കൊണ്ട് ഗവൺമെന്റ് മെറിറ്റ് സീറ്റിന്റെ സ്വാശ്രയ കോളജുകളിലെ ഫീസ് വർധന 47,000 രൂപ,  ഇപ്പോൾ എൽഡിഎഫ് സർക്കാരാകട്ടെ, 100 ദിവസത്തിനുള്ളിൽ തന്നെ മെറിറ്റ് സീറ്റിൽ അനുവദിച്ചത് 65,000 രൂപ ഫീസ് വർധന. മാനേജ്‌മെന്റുകൾ പോലും ഇത്ര വലിയ വർധന പ്രതീക്ഷിച്ചില്ല. ബിഡിഎസിന് ഇതിനെക്കാൾ വലിയ ചൂഷണമാണു നടന്നത്. ഗവൺമെന്റ് മെറിറ്റിൽ 1.2 ലക്ഷം ആയിരുന്നത് 90,000 രൂപ വർധിപ്പിച്ച് 2.1 ലക്ഷം രൂപയാക്കി.

പരിയാരം സഹകരണ മെഡിക്കൽ കോളജിന്റെ ഭരണസമിതി സിപിഎമ്മിന്റെ നേതൃത്വത്തിലുള്ളതാണ്. യുഡിഎഫിന്റെ അഞ്ചു വർഷവും പരിയാരത്തെ ഫീസ് മറ്റു സ്വാശ്രയ കോളജുകളിലെക്കാൾ കുറഞ്ഞ ഫീസായിരുന്നു. പുതിയ തീരുമാനത്തിൽ എല്ലാ സ്വാശ്രയ കോളജുകളിലും എംബിബിഎസിന് 65,000 രൂപ വർധിപ്പിച്ചപ്പോൾ പരിയാരത്തു വർധിപ്പിച്ചത് ഒരു ലക്ഷമാണ്. 

പുതിയ സർക്കാർ വന്ന് അധികം വൈകാതെ സ്വാശ്രയ കോളജ് സംബന്ധിച്ച പല തീരുമാനങ്ങളും എടുക്കേണ്ടി വന്നു. ആരെയും വിശ്വാസത്തിലെടുക്കാതെ, കാര്യങ്ങൾ വിശദമായി പഠിക്കാതെ മാനേജ്‌മെന്റുമായി ചർച്ച നടത്തിയവർ മാനേജ്‌മെന്റിന്റെ ആവശ്യം മാത്രമാണു പരിഗണിച്ചത്. ഇതിനു മുഖ്യമന്ത്രി പറഞ്ഞ ന്യായം ക്യാപ്പിറ്റേഷൻ ഫീസ് ഇനി ഉണ്ടാവില്ല എന്നാണ്. ഇപ്പോൾ നടക്കുന്ന പ്രവേശനത്തിനു ചില കോളജുകൾ തലവരിപ്പണം, ബാങ്ക് ഗാരന്റി, റീഫണ്ടബിൾ ഡിപ്പോസിറ്റ് എന്ന പല പേരുകളിലായി ലക്ഷങ്ങൾ നിർബന്ധിത പിരിവു നടത്തുന്നതായി ജയിംസ് കമ്മിറ്റി മുൻപാകെ വന്നിട്ടുള്ള പരാതികൾ മുഖ്യമന്ത്രിയുടെ വാദഗതികളുടെ പൊള്ളത്തരം വെളിവാക്കുന്നു.

ഇത്രയും വലിയ ഫീസ് വർധനയെ ന്യായീകരിച്ച ആരോഗ്യവകുപ്പു മന്ത്രി പറഞ്ഞതു കൂടുതൽ കോളജുകൾ ഗവൺമെന്റുമായി കരാർ ഒപ്പിട്ടതിനെ തുടർന്നു സ്വാശ്രയ കോളജുകളിലെ സർക്കാർ മെറിറ്റ് സീറ്റുകളുടെ എണ്ണം വർധിപ്പിച്ചു എന്നാണ്. മാനേജ്‌മെന്റുകളുടെ ആവശ്യങ്ങൾ എല്ലാം അംഗീകരിച്ചതിനെത്തുടർന്നു കൂടുതൽ കോളജുകൾ എഗ്രിമെന്റ് ഒപ്പിട്ടു എന്നതു ശരിയാണ്. എന്നാൽ, ഗവൺമെന്റിന്റെ വാർഷിക ഫീസായ 25,000 രൂപയ്‌ക്കു പഠിക്കാൻ 250 വിദ്യാർഥികൾക്കുള്ള അവസരം നിഷേധിച്ച ഗവൺമെന്റാണിത്. തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളജിൽ 100 സീറ്റും പാരിപ്പള്ളി ഇഎസ്ഐ മെഡിക്കൽ കോളജിൽ 100 സീറ്റും കഴിഞ്ഞ രണ്ടു വർഷമായുള്ള ഇടുക്കി മെഡിക്കൽ കോളജിലെ 50 സീറ്റും അങ്ങനെ 250 ഗവൺമെന്റ് മെഡിക്കൽ സീറ്റുകൾ നഷ്‌ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഈ ഗവൺമെന്റിന് ഒഴിഞ്ഞു മാറാൻ സാധിക്കില്ല.

എല്ലാ സീറ്റുകളും ഏറ്റെടുത്ത ഗവൺമെന്റ് ഉത്തരവിനു കോടതിയിൽ നിന്നു തിരിച്ചടി കിട്ടിയപ്പോൾ അപ്പീൽ പോലും പോകാതെ കീഴടങ്ങി. ഒപ്പു വയ്‌ക്കാത്ത കോളജുകളിലെ പ്രവേശനത്തിൽ ഗവൺമെന്റ് കേവലം മാപ്പുസാക്ഷിയായി മാറി. യുഡിഎഫിന്റെ അഞ്ചു വർഷവും സ്വാശ്രയ കോളജ് ഫീസിന്റെ പേരിൽ അക്രമസമരങ്ങൾ നടത്തിയവരാണ് എസ്എഫ്ഐയും ഡിവൈഎഫ്ഐയും. ഇപ്പോഴത്തെ വൻ വർധനയ്ക്കെതിരെ അവർ ശബ്‌ദിക്കുന്നില്ല.

സ്വാശ്രയ മേഖലയിൽ ഓരോ അധ്യയന വർഷവും പ്രശ്‌നമുണ്ടാക്കുന്ന രീതി അവസാനിക്കണം. നീറ്റ് മെറിറ്റിൽ നിന്നും അടുത്ത വർഷം മുതൽ പ്രവേശനം നിർബന്ധിതമാകുന്നതോടെ പ്രവേശനം സംബന്ധിച്ച പല പരാതികൾക്കും പരിഹാരമാകും. സാധാരണക്കാർക്കു സ്വാശ്രയ കോളജുകൾ അപ്രാപ്യമാകുന്ന സ്ഥിതി ഉണ്ടാകാതെയിരിക്കാൻ സർക്കാർ ശ്രദ്ധിക്കുകകൂടി വേണം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.