Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വികസനവും ആശ്വാസവും ഒരുമിച്ച്

by പിണറായി വിജയൻ (മുഖ്യമന്ത്രി)
pinarayi-vijayan

മനുഷ്യരെല്ലാം ഭേദചിന്തകളില്ലാതെ സമഭാവനയിൽ ഒരുമയോടെ കഴിഞ്ഞിരുന്ന കാലത്തിന്റെ ഓർമ പുതുക്കുന്ന ഓണവും സ്‌നേഹസാഹോദര്യങ്ങളുടെയും വിശിഷ്ടമായ ത്യാഗത്തിന്റെയും ഓർമകളുണർത്തുന്ന ബക്രീദും വീണ്ടും എത്തിച്ചേർന്നിരിക്കുകയാണ്. മലയാളികൾ സമൃദ്ധിയുടെ ആഘോഷത്തിനു തയാറെടുക്കുന്ന ഈ സന്ദർഭത്തിൽത്തന്നെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നൂറാം ദിവസത്തിലേക്കു കടക്കുന്നതും.

നാടിന്റെ വികസനവും ദുരിതമനുഭവിക്കുന്നവർക്കുള്ള ആശ്വാസവും ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോവുക എന്നതാണു സർക്കാരിന്റെ ഉദ്ദേശ്യം. ധനശേഷി ആർജിച്ചതിനുശേഷം വികസനം എന്നു കരുതിയിരുന്നാൽ കേരളം എല്ലാ രംഗങ്ങളിലും പിന്നോട്ടടിക്കപ്പെട്ടുപോകും. അതുകൊണ്ടാണ് ഒരുവശത്ത് അടിസ്ഥാനസൗകര്യ വികസനത്തിനും മൂലധന നിക്ഷേപത്തിനുമുള്ള കേരള ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് കൂടുതൽ അധികാരത്തോടെ രൂപീകരിച്ചതും മറുവശത്തു കടാശ്വാസ പദ്ധതികൾ പ്രഖ്യാപിച്ചതും. അഞ്ചു വർഷംകൊണ്ട് അൻപതിനായിരം കോടി രൂപയുടെവരെ വിഭവസമാഹരണം സാധ്യമാക്കാനുള്ള ഓർഡിനൻസ് ഇറക്കുകയും ക്ഷേമ പെൻഷനുകൾ വർധിപ്പിക്കുകയും ചെയ്തു.

ലോകത്തിലെതന്നെ ഏറ്റവും സുന്ദരമായ നമ്മുടെ നാട് ഏറ്റവും വൃത്തിയുള്ളതുകൂടി ആകേണ്ടതുണ്ട്. സമഗ്രമായ ശുചീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പുതിയ പദ്ധതി ആവിഷ്‌കരിക്കുകയാണ്. അഞ്ചു വർഷംകൊണ്ടു കേരളത്തെ മാലിന്യമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.

വരുന്ന കേരളപ്പിറവിദിനത്തിൽ 100 ശതമാനം വീടുകളിലും ശുചിമുറിയുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണ് ഉടനടിയുള്ള ലക്ഷ്യം. മുപ്പതിനായിരത്തിലധികം കുടുംബങ്ങൾക്കു ശുചിമുറി നിർമിച്ചു നൽകിക്കഴിഞ്ഞു. തെക്കേ ഇന്ത്യയിലെ ആദ്യ പരസ്യവിസർജനവിമുക്ത സംസ്ഥാനമായി മാറാൻപോവുകയാണു കേരളം. നവംബർ ഒന്നിന് ഇതു സാധ്യമായതായി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലെതന്നെ ഏറ്റവും വലിയ വിമാനത്താവളമാകാൻപോകുന്ന കണ്ണൂർ വിമാനത്താവളം 2017 ഏപ്രിലിൽ പ്രവർത്തനക്ഷമമാകും. കൊച്ചി മെട്രോയുടെ പ്രവർത്തനങ്ങൾ വേഗത്തിൽത്തന്നെ പുരോഗമിക്കുന്നു. 45 മീറ്റർ വീതിയിൽ രാജ്യാന്തര നിലവാരത്തിൽ ദേശീയപാത വികസനത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. സംസ്ഥാന – ജില്ലാ പാതകളുടെ പുതുക്കൽ, ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം, സ്‌മാർട് റോഡ് പദ്ധതി എന്നിവ കാലതാമസമില്ലാതെ നടപ്പാക്കും.

താരതമ്യേന ചെലവു കുറഞ്ഞതും മാലിന്യമുക്തവും അപകടസാധ്യത കുറഞ്ഞതുമായ ജലഗതാഗത മേഖലയുടെ വികസനംകൂടി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കൊച്ചി വാട്ടർ മെട്രോ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. എൽഎൻജി പൈപ്പ് ലൈൻ പദ്ധതി പൂർത്തിയാക്കി താപോർജാധിഷ്‌ഠിത വ്യവസായങ്ങൾ അഭിവൃദ്ധിപ്പെടുത്തും. അടുത്ത മാർച്ചോടുകൂടി കേരളത്തെ ഇന്ത്യയിലെ ആദ്യ സമ്പൂർണ വൈദ്യുതീകൃത സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള പ്രവർത്തനങ്ങൾ മുന്നേറുന്നു.

ആധുനികശാസ്‌ത്രം തുറന്നിട്ടു തന്ന സാധ്യതകളെ ഏറ്റെടുത്തു മുന്നോട്ടു പോകാൻ പുതുതലമുറയ്ക്ക് ആത്മവിശ്വാസമേകാനാണ് ആയിരത്തഞ്ഞൂറോളം സ്റ്റാർട്ടപ്പുകൾ തുടങ്ങുന്ന പദ്ധതി. ഐടി പാർക്കുകളുടെ കെട്ടിട വിസ്‌തൃതി നിലവിലുള്ളതിൽനിന്ന് ഒരുകോടി ചതുരശ്ര അടിയായി വർധിപ്പിക്കുകയാണ്. എല്ലാ ഐടി പാർക്കുകളെയും വികസിപ്പിക്കും. എഫ്‌എസിടിയിൽ പൂട്ടിക്കിടന്ന യൂറിയ പ്ലാന്റ് നവീകരിച്ചു തുറന്നു പ്രവർത്തിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചു. കേന്ദ്രം പൂട്ടാൻ തീരുമാനിച്ചിരുന്ന ഇൻസ്‌ട്രുമെന്റേഷൻ ലിമിറ്റഡിന്റെ പാലക്കാട് യൂണിറ്റിനെ രക്ഷപ്പെടുത്തി സംസ്ഥാനം ഏറ്റെടുത്തു. ഇതേപോലെ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിന്റെ കൊച്ചി യൂണിറ്റിന്റെ കാര്യത്തിലും നടപടിയെടുക്കും.

വിലക്കയറ്റം പിടിച്ചുനിർത്തേണ്ടതുണ്ട്. പൊതുവിതരണ ശൃംഖലയെ ശക്തിപ്പെടുത്താൻ 75 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി. അവശ്യവസ്‌തുക്കളുടെ വിലവർധന പിടിച്ചുനിർത്താൻ 150 കോടി രൂപയാണ് ഇക്കൊല്ലം ചെലവാക്കുന്നത്. മാവേലി സ്‌റ്റോറുകളിൽ അടുത്ത അഞ്ചു വർഷത്തേക്കു വില കൂട്ടുകയില്ലെന്ന് ആദ്യമന്ത്രിസഭാ യോഗത്തിൽത്തന്നെ തീരുമാനമെടുത്തിരുന്നു. ഓണം – ബക്രീദ് ന്യായവില ചന്തകൾ സംസ്ഥാനത്തുടനീളം ആരംഭിച്ചിട്ടുണ്ട്. സപ്ലൈകോയ്‌ക്ക് 80 കോടിയിലധികം രൂപ ഈ അവസരത്തിൽ നൽകി.

പരമ്പരാഗത മേഖലകളിൽ പണിയെടുക്കുന്ന നിർധന തൊഴിലാളികൾക്കു സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അടച്ചുപൂട്ടിയ കശുവണ്ടി ഫാക്‌ടറികൾ ചിങ്ങം ഒന്നിനുതന്നെ തുറന്ന്, പതിനെണ്ണായിരത്തോളം കശുവണ്ടിത്തൊഴിലാളികൾക്കു നൽകിയ വാഗ്‌ദാനം പാലിക്കാൻ സാധിച്ചു. വർഷംതോറും 1000 കോടി രൂപയ്‌ക്കു തത്തുല്യമായ തൊഴിൽ ദിനങ്ങൾ എൻആർഇജിഎയിലൂടെ നൽകാനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.

എല്ലാ ക്ഷേമ പെൻഷനുകളും 1000 രൂപയാക്കി കുടിശികയടക്കം വീടുകളിലെത്തിച്ചുതുടങ്ങി. അഞ്ചിനം ക്ഷേമ പെൻഷൻ പദ്ധതികളിലായി 37 ലക്ഷം പെൻഷൻകാർക്ക് 2016 ജൂൺമുതൽ വർധിപ്പിച്ച നിരക്കിൽ 3100 കോടി രൂപയാണ് ഓണത്തിനു മുമ്പായി വീടുകളിലെത്തിക്കുന്നത്. കടക്കെണിയിലായ മത്സ്യത്തൊഴിലാളികൾക്കു സമാശ്വാസമായി 50 കോടി രൂപ നൽകാനാണ് ഉദ്ദേശിക്കുന്നത്. 13,000 ഖാദി തൊഴിലാളികളുടെ മിനിമം വേജ് ഉയർത്തി ഖാദിഗ്രാമങ്ങൾ സ്ഥാപിക്കുന്ന നടപടികൾ ആരംഭിച്ചു. വിവിധ സർക്കാർ സ്ഥാപനങ്ങളിൽനിന്നു വായ്‌പയെടുത്തു കടക്കെണിയിലായവർക്കായി സമഗ്ര കടാശ്വാസ പദ്ധതി പ്രഖ്യാപിച്ചു.

നാലായിരത്തഞ്ഞൂറോളം പട്ടികജാതി കുടുംബങ്ങൾക്കു വീടു വയ്‌ക്കാനുള്ള സ്ഥലം വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. അഞ്ഞൂറു കുടുംബങ്ങൾക്കു ഭവനനിർമാണവും പതിനായിരം പട്ടികജാതിക്കാർക്കു വിവാഹ ധനസഹായവും സർക്കാർ ലക്ഷ്യമിടുന്നു. മാരകരോഗങ്ങളുള്ള പട്ടികജാതിക്കാരുടെ ചികിത്സയ്‌ക്കു പദ്ധതിയുണ്ട്. പട്ടികജാതി കോളനികളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 80 കോടിയിലധികം രൂപയുടെ പദ്ധതിയും നടപ്പാക്കുന്നു.

വർഗീയതയും സാമുദായിക സ്‌പർധയും വളർത്തുന്ന ഒരു നടപടിയും വച്ചുപൊറുപ്പിക്കില്ല. സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ അതീവഗൗരവത്തോടെ കാണുകയും കുറ്റവാളികളെ കാലതാമസമില്ലാതെ നിയമത്തിനു മുന്നിൽ എത്തിക്കുകയും ചെയ്യാൻ സാധിച്ചു. സ്‌ത്രീകൾക്കായി പ്രത്യേക വകുപ്പു രൂപീകരിക്കാൻ തീരുമാനമെടുത്തതും പ്രത്യേക കരുതലിന്റെ ഭാഗമായാണ്. ഏറെ നാളായി നിലനിൽക്കുന്ന ആവശ്യമാണ് പൊതു ഇടങ്ങളിൽ വൃത്തിയുള്ള ശുചിമുറികൾ ഒരുക്കുക എന്നത്. സ്‌ത്രീകളെക്കുറിച്ചുള്ള കരുതൽ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന ബോധ്യത്തോടെയുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.

അഴിമതിക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ടം പ്രഖ്യാപിച്ചുകൊണ്ടാണ് ഈ സർക്കാർ അധികാരത്തിൽ വന്നത്. പൊലീസിനും വിജിലൻസിനും ഭരണഘടനാനുസൃതമായ സർവസ്വാതന്ത്ര്യങ്ങളും പുനഃസ്ഥാപിച്ചു കൊടുത്തിട്ടുണ്ട്. കുറ്റാന്വേഷണരംഗത്തു നവസാങ്കേതിവിദ്യകൾ ഉപയോഗപ്പെടുത്തി ഇന്ത്യയിലെതന്നെ സുസജ്ജമായ പൊലീസ് സേനയായി കേരള പൊലീസിനെ മാറ്റാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചു. ഭരണപരിഷ്‌കാര കമ്മിഷൻ നിർദേശങ്ങൾ നടപ്പാക്കിയും ഇ–ഗവേണൻസ് ഫലപ്രദമാക്കിയും അഴിമതി നിർമാർജനത്തിനുള്ള ശ്രമങ്ങൾ തുടരും.

കയ്യേറിയ സർക്കാർഭൂമി തിരിച്ചു പിടിക്കുന്നതിനും കയ്യേറ്റം തടയുന്നതിനും നടപടികൾ സ്വീകരിക്കും. കാർഷിക പ്രതിസന്ധി നേരിടുന്ന വയനാട്ടിലെ കർഷകർക്ക് ആശ്വാസമേകിക്കൊണ്ട് അവരുടെ കടബാധ്യതകൾക്കു മൊറട്ടോറിയം പ്രഖ്യാപിച്ചു. വിഷമില്ലാത്ത പച്ചക്കറികൾ യഥേഷ്ടം ലഭിക്കുന്നതിനു ജനപങ്കാളിത്തത്തിലൂടെ ഉൽപാദനവർധനയ്ക്കുള്ള ശ്രമങ്ങൾ ആരംഭിച്ചു. തണ്ണീർത്തട സംരക്ഷണ നിയമം ശക്തമായി നടപ്പാക്കാനും പ്രകൃതിസമ്പത്തുകൾ വിറ്റുതുലയ്‌ക്കുന്ന രീതി അവസാനിപ്പിച്ചു കൃഷിയോഗ്യമായ തരിശുനിലങ്ങളിൽ നെൽക്കൃഷി ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. കർഷകരെ സഹായിക്കാനായി 385 കോടി രൂപ ചെലവിൽ നെല്ലു സംഭരിക്കും. നേരത്തേയുള്ള നെല്ലുസംഭരണ കുടിശിക 170 കോടി രൂപ സർക്കാർ കൊടുത്തു തീർത്തു.

റബർ കർഷകർ നേരിടുന്ന പ്രതിസന്ധികൾ തരണം ചെയ്യാൻ 500 കോടി രൂപ വിനിയോഗിക്കും. എല്ലാവിധ കാർഷികോൽപന്നങ്ങൾക്കും ന്യായവില ഉറപ്പാക്കുക, ന്യായവില ഇല്ലാത്തിടത്ത് ഇടപെടുക എന്നിവ സർക്കാർ നയത്തിന്റെ ഭാഗമാണ്. കലാ – കായിക – സാംസ്‌കാരിക മേഖലകളുടെ സമഗ്രവികസനത്തിന് എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങളും മൾട്ടിപർപ്പസ് ഇൻഡോർ സ്‌റ്റേഡിയങ്ങളും നിർമിക്കുന്നുണ്ട്. ശബരിമല മാസ്റ്റർപ്ലാൻ നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തി.

ഗൾഫ് നാടുകളിൽനിന്നു തൊഴിൽ നഷ്ടപ്പെട്ടു തിരികെ വരുന്നവരുടെ പുനരധിവാസം സർക്കാരിന്റെകൂടി ഉത്തരവാദിത്തമായി ഏറ്റെടുത്തിരിക്കുകയാണ്. മതനിരപേക്ഷവും അഴിമതിരഹിതവും വികസിതവുമായ നവകേരളത്തിന്റെ സൃഷ്ടിക്കായി നമുക്കു നമ്മെത്തന്നെ സമർപ്പിക്കാം. സമൃദ്ധിയുടെയും നിറവിന്റെയും ഓണം – ബക്രീദ് ആശംസകൾ.

Your Rating: